26 April Friday

കെഎസ്ആര്‍ടിസിയുടെ ശിവരാത്രി സര്‍വീസ് സാധാരണയിലും കുറഞ്ഞ നിരക്കില്‍; ഹിന്ദുക്കളെ പിഴിയുന്നു എന്ന സംഘപരിവാര്‍ പ്രചരണം പച്ചക്കള്ളം: കണ്ണന്‍ പികെ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 5, 2019

ശിവരാത്രിദിനത്തില്‍ ഹിന്ദു വിശ്വാസികളില്‍ നിന്നും കെഎസ്ആര്‍ടിസി അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന വ്യാജ വാര്‍ത്തയുമായി സംഘപരിവാര്‍.  ശബരിമലയിലെ മണ്ഡലകാല സമയത്തും ഇത്തരത്തില്‍ കെഎസ്ആര്‍ടിസി ഹിന്ദുക്കളെ കൊള്ളയടിക്കുന്നുവെന്ന തരത്തില്‍ ആര്‍എസ്എസ് പ്രചരിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും അത്തരം കള്ളത്തരങ്ങള്‍ പ്രചരിപ്പിച്ച് വര്‍ഗീയമുതലെടുപ്പ് തുടരുന്നത്. അമിത ചാര്‍ജ്  ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണെന്നും പ്രചരണമുണ്ട്.

അതേസമയം, ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം യഥാര്‍ത്ഥത്തില്‍ യാത്രക്കാരില്‍ നിന്ന് ഈടാക്കേണ്ടിയിരുന്ന 41 രൂപയില്‍ നിന്നും ഒരു രൂപ കുറച്ചു കൊണ്ട് 40 രൂപ നിരക്കിലായിരുന്നു കെ എസ് ആര്‍ ടി സി സര്‍വ്വീസ് നടത്തിയിരുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

ഹജ്ജിന് പോകുന്നവര്‍ക്ക് മലപ്പുറത്ത് നിന്നും നെടുമ്പാശേരിയിലേക്ക് അനുവദിച്ച കെ എസ് ആര്‍ ടി സി ബസ്സിലെ ടിക്കറ്റ് നിരക്ക് 350 രൂപയാണെന്ന വസ്തുത മറച്ച് വെച്ചുകൊണ്ടാണ് 'ഹജ്ജ് യാത്രികര്‍ക്ക് സൗജന്യ യാത്ര' എന്ന തലക്കെട്ടോടെ നവമാധ്യമങ്ങളിലൂടെ  സംഘപരിവാര്‍ നേരത്തെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നത്.


ഫേസ്‌ബുക്ക്
പോസ്റ്റിന്റെ പൂര്‍ണ രൂപം;

മറ്റൊരു മതവിഭാഗങ്ങളുടെയും ആഘോഷങ്ങള്‍ക്ക് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാതെ ഹിന്ദുക്കളുടെ ആഘോഷമായ ശിവരാത്രിക്ക് മാത്രമായി കെ എസ് ആര്‍ ടി സി 30 ശതമാനം ചാര്‍ജ്ജ് വര്‍ദ്ധനവ് നടപ്പിലാക്കിയെന്ന രീതിയില്‍ ഒരു വ്യാജവാര്‍ത്ത നവമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനായി ഹിന്ദുവിശ്വാസികളെ സര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്നും ഈ പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ക്ക് മാത്രമായി ചാര്‍ജ്ജ് വര്‍ദ്ധനവ് നടപ്പിലാക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തണമെന്നും ഈ പോസ്റ്റിലൂടെ ആവശ്യപ്പെടുന്നുണ്ട്.

ശിവരാത്രി ദിവസമായ ഇന്നലെ മുതല്‍ സംഘപരിവാര്‍ സൈബര്‍ ടീം വ്യാപകമായാണ് ഈ വ്യാജവാര്‍ത്ത നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ശബരിമല സീസണിലും സമാനമായ രീതിയില്‍ കെ എസ് ആര്‍ ടി സി യെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 'ഹജ്ജിന് പോകുന്ന മുസ്ലീമുകള്‍ക്ക് എയര്‍പോര്‍ട്ട് വരെ കെ എസ് ആര്‍ ടി സിയില്‍ സൗജന്യയാത്ര അനുവദിക്കുന്ന കമ്യുണിസ്റ്റ് സര്‍ക്കാര്‍ ഹിന്ദുക്കളായ ശബരിമല തീര്‍ഥാടകരില്‍ നിന്ന് നിലക്കല്‍ മുതല്‍ പമ്പ വരെയുള്ള യാത്രക്ക് 100 രൂപ ടിക്കറ്റിന് ഈടാക്കുന്നു' എന്നായിരുന്നു അന്ന് സംഘപരിവാറിന്റെ സൈബര്‍ ടീം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഹിന്ദുമത വിശ്വാസികളുടെ മനസില്‍ വര്‍ഗീയത വളര്‍ത്തി അത് വോട്ടാക്കി മാറ്റാമെന്ന ഗൂഢലക്ഷ്യമാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിന് പിന്നിലുള്ളത്.

 ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ പോലുള്ള തീവ്ര വര്‍ഗീയ ഫേസ്ബുക്ക് കൂട്ടായ്മകള്‍ വഴിയാണ് സംഘപരിവാര്‍ ഇതുപോലുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.എന്നാല്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം യഥാര്‍ത്ഥത്തില്‍ യാത്രക്കാരില്‍ നിന്ന് ഈടാക്കേണ്ടിയിരുന്ന 41 രൂപയില്‍ നിന്നും ഒരു രൂപ കുറച്ചു കൊണ്ട് 40 രൂപ നിരക്കിലായിരുന്നു കെ എസ് ആര്‍ ടി സി സര്‍വ്വീസ് നടത്തിയിരുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. ഹജ്ജിന് പോകുന്നവര്‍ക്ക് മലപ്പുറത്ത് നിന്നും നെടുമ്പാശേരിയിലേക്ക് അനുവദിച്ച കെ എസ് ആര്‍ ടി സി ബസിലെ ടിക്കറ്റ് നിരക്ക് 350 രൂപയാണെന്ന വസ്തുത മറച്ച് വെച്ചുകൊണ്ടാണ് 'ഹജ്ജ് യാത്രികര്‍ക്ക് സൗജന്യ യാത്ര' എന്ന തലക്കെട്ടോടെ നവമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നത് .

www.mediaonetv.in/…/13004-KSRTC-launches-special-ai…

ശബരിമല തീര്‍ഥാടകരെ തെറ്റിദ്ധരിപ്പിക്കുവാന്‍ ലക്ഷ്യമിട്ട് സംഘപരിവാര്‍ പടച്ചു വിട്ട ഗീബല്‍സിയന്‍ നുണകളെ പ്രബുദ്ധരായ മലയാളി സമൂഹം തെളിവു സഹിതം പൊളിച്ചടക്കിയിരുന്നു. അന്ന് ആ വിഷയവുമായി ബന്ധപ്പെട്ട എന്റെ ഫേസ്ബുക്ക് പോസ്റ്റ് ഒട്ടുമിക്ക പത്രങ്ങളും വാര്‍ത്താ പ്രാധാന്യത്തോട് കൂടി പ്രസിദ്ധീകരിച്ചിരുന്നു.

m.facebook.com/story.php

www.deshabhimani.com/…/news-kerala-18-09-2018/751963

ശബരിമല ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ട് തങ്ങള്‍ പടച്ചിറക്കിയ നുണകളെ സോഷ്യല്‍ മീഡിയ തെളിവ് സഹിതം പൊളിച്ചടക്കിയിട്ടും അതേ മാതൃകയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. അടുത്ത് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹൈന്ദവ വികാരം വളര്‍ത്തി ഹിന്ദുക്കളുടെ വോട്ട് തങ്ങള്‍ക്കനുകൂലമാക്കാനുള്ള സംഘപരിവാര്‍ നേതൃത്വത്തിന്റെ ഗൂഢാലോചനയാണ് ഹിന്ദു ഹെല്‍പ്പ് ലൈന്‍ പോലുള്ള ഗീബല്‍സിയന്‍ പേജുകളെ ഉപയോഗപ്പെടുത്തി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നിലുള്ളത്.

www.facebook.com/942661782418776/posts/2356554944362779/

2018 ഫെബ്രുവരിയിലാണ് കെ എസ് ആര്‍ ടി സി അവസാനമായി ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചത്. 'കക്കൂസ് നിര്‍മ്മാണ പദ്ധതിക്ക്' വേണ്ടി ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഡീസല്‍ വില അടിക്കടി വര്‍ദ്ധിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് റിട്ട: ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ എസ് ആര്‍ ടി സി യുടെ നിരക്കുകള്‍ പുനര്‍ നിര്‍ണ്ണയിച്ചു കൊണ്ട് ഉത്തരവിറക്കിയത്.

 (G.O.(P) No.4/2018/TRANS dated 26-02-2018) 2018 ഫെബ്രുവരിക്ക് ശേഷം എല്ലാ റൂട്ടുകളിലെയും നിരക്കുകള്‍ കെ എസ് ആര്‍ ടി സി വര്‍ദ്ധിപ്പിച്ചിരുന്നു. എല്ലാ സര്‍വ്വീസുകള്‍ക്കും ഈ വര്‍ദ്ധനവ് ബാധകമായിരുന്നുവെങ്കിലും മാരാമണ്‍ കണ്‍വെന്‍ഷന്‍, ശബരിമല മകരവിളക്ക്, ആലുവ ശിവരാത്രി, ഓച്ചിറ ഉത്സവം തുടങ്ങി 53 ഉത്സവ സീസണുകള്‍ക്ക് വേണ്ടി ഷെഡ്യൂള്‍ ചെയ്ത സ്‌പെഷ്യല്‍ സര്‍വീസ് ബസ്സുകളില്‍ അവയുടെ ഷെഡ്യൂള്‍ ആരംഭിക്കുമ്പോള്‍ മാത്രമാണ് നിരക്ക് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുന്നത്.

 അതുകൊണ്ട് മാത്രമാണ് ആലുവ ശിവരാത്രി ദിനത്തില്‍ കെ എസ് ആര്‍ ടി സി നടത്തുന്ന സ്പെഷ്യല്‍ സര്‍വീസിന്റെ ടിക്കറ്റിലുണ്ടായ വര്‍ദ്ധനവ് 2019 ലെ ശിവരാത്രി സ്‌പെഷ്യല്‍ സര്‍വീസിന് നടപ്പിലാക്കിയതും.

ആലുവ ശിവരാത്രിയോടനുബന്ധിച്ച് കെ എസ് ആര്‍ ടി സി നടത്തുന്ന സ്പെഷ്യല്‍ സര്‍വീസിന് മാത്രമല്ല ഈ വര്‍ദ്ധനവ്. ഭീമാ പള്ളി ഉറൂസ്, എടത്വാ പള്ളി പെരുന്നാള്‍, മഞ്ഞണിക്കര പള്ളി പെരുന്നാള്‍, മാരാമണ്‍ കണ്‍വെന്‍ഷന്‍, തൃശൂര്‍ പൂരം, ഗുരുവായൂര്‍ ഏകാദശി, ശബരിമല മകരവിളക്ക്, ഓച്ചിറ ഉത്സവം തുടങ്ങി 53 ഉത്സവങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി നിലവിലുള്ള നിരക്കിന്റെ 30 ശതമാനം അധികം വാങ്ങി സര്‍വ്വീസ് നടത്താറുണ്ട്.

 ആലപ്പുഴയിലെ നെഹ്‌റു ട്രോഫി വളളംകളിയോടാനുബന്ധിച്ച് കെ എസ് ആര്‍ ടി സി നടത്തുന്ന സ്പെഷ്യല്‍ സര്‍വീസിനും നിലവിലുള്ള നിരക്കിന്റെ 30 ശതമാനം അധികമാണ് യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്. അതായത് ഹിന്ദുക്കളുടെയോ മറ്റു മതസ്ഥരുടെയോ ആഘോഷങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ സര്‍വ്വീസുകളില്‍ മാത്രമല്ല, പൊതു ആഘോഷങ്ങള്‍ക്കായുള്ള സ്‌പെഷ്യല്‍ സര്‍വ്വീസിലും 30 ശതമാനം ചാര്‍ജ്ജ് വര്‍ദ്ധനവ് നിലവിലുണ്ടെന്നര്‍ത്ഥം.

കേരളാ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്സൈറ്റില്‍ ഈ സര്‍വീസുകളുടെ വിവരങ്ങള്‍ ലഭ്യമാണ്.

(https://mvd.kerala.gov.in/.../notif.../state/2018/not_4_2018.pdf)

പച്ചക്കള്ളവും വ്യാജവാര്‍ത്തകളും പടച്ചു വിട്ട് ആസൂത്രിതമായി നടപ്പിലാക്കിയ കലാപങ്ങള്‍ കൊണ്ട് മാത്രം രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയ പ്രസ്ഥാനമാണ് സംഘപരിവാര്‍. എന്നും വ്യാജ വാര്‍ത്തകളാണ് സംഘപരിവാര്‍ പ്രചാരണങ്ങള്‍ക്കുപയോഗിക്കാറുള്ളത്. ഒരു നുണ നൂറു തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാണെന്ന് ജനങ്ങള്‍ വിശ്വസിക്കുമെന്നായിരുന്നു ഹിറ്റ്‌ലറുടെ പ്രചരണ മന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സിന്റെ സിദ്ധാന്തം. ഫാസിസത്തിന്റെ ഇന്ത്യന്‍ പ്രതിരൂപമായ സംഘപരിവാറും ഇതേ ചിന്താധാര തന്നെയാണ് പിന്തുടരുന്നത്. ഒരു നുണ നൂറാവര്‍ത്തി പറഞ്ഞ് സത്യമാക്കുന്ന ഗീബല്‍സിയന്‍ രീതിയാണ് ഈ വിഷയത്തിലും സംഘപരിവാര്‍ സ്വീകരിച്ചു പോരുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top