19 April Friday

'ശതം സമര്‍പ്പയാമിയുമായി ഇറങ്ങുന്ന മണ്ടന്മാരായ സംഘ് അണികളേ, മുന്‍പ് പിരിച്ച 100 കോടി എവിടെ പോയി'; മുന്‍ ആര്‍എസ്എസ് നേതാവ് ചോദിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

കൊച്ചി > ശബരിമലയുടെ പേരില്‍ സംസ്ഥാനത്തുടനീളം അക്രമം നടത്തിയതിന് നിയമനടപടി നേരിടുന്നവരെ സഹായിക്കാന്‍ സംഘപരിവാര്‍ ശതം സമര്‍പ്പയാമിയുമായി ഇറങ്ങുമ്പോള്‍ 2 വര്‍ഷം മുന്‍പ് പിരിച്ച ഭീമമായ തുകയുടെ കണക്കുകള്‍ ചര്‍ച്ചയാകുന്നു. മുന്‍ ആര്‍എസ്എസ് നേതാവും സംഘപരിവാര്‍ സംഘടനയായ ക്രീഡാഭാരതിയുടെ സംസ്ഥാനസമിതിയംഗവുമായിരുന്ന കെ വി രാജഗോപാലാണ് സംഘപരിവാരിന്റെ തട്ടിപ്പ് പുറത്തുവിട്ടത്. 'മണ്ടന്മാരായ സംഘ് അണികളേ, ശതം സമര്‍പ്പയാമിക്ക് തയ്യാറാകുന്ന നിങ്ങളുടെ ശ്രദ്ധയ്ക്ക്' എന്ന മുഖവുരയോടെ രാജഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

രാജഗോപാല്‍ ക്രീഡാഭാരതിയുടെ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായിരിക്കെ 2016 ല്‍ കണ്ണൂരില്‍ ബിജെപിക്കാര്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല എന്ന വ്യാജപ്രചരണവുമായി രാജ്യമാകെ 100 കോടിരൂപ ലക്ഷമിട്ട് പണപ്പിരിവ് നടത്തുകയുണ്ടായി. 2016 നവംബര്‍ 3ന് തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാനസമിതിയോഗത്തിലാണ് പിരിവ് സംബന്ധിച്ച് തീരുമാനമെടുത്തത്. ആഹ്വാനപ്രകാരം 100 കോടിരൂപയ്ക്ക് മുകളില്‍ തുക ലഭിച്ചു.

എന്നാല്‍ ഈ കോടികളുടെ പിരിവിന് ശേഷം കണക്ക് അവതരിപ്പിക്കാന്‍ ഒരിക്കല്‍ പോലും കമ്മിറ്റി വിളിച്ചു ചേര്‍ക്കുകയോ ഓഡിറ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് രാജഗോപാല്‍ പറയുന്നു. പണപ്പിരിവിലൂടെ നേതാക്കന്മാര്‍ പല ബിസിനസുകളിലും പാര്‍ടണര്‍മാരാകുകയാണ് ചെയ്‌തത്. വയനാട്ടിലും തമിഴ്‌നാട്ടിലുമായി നിരവധി സ്വത്തുക്കള്‍ ഇക്കൂട്ടര്‍ സ്വന്തമാക്കി. 

അണികലെ ചൂഷണം ചെയ്യുന്നതിനായി മാത്രമാണ് സംഘപരിവാര്‍ അക്രമപരമ്പരകള്‍ അഴിച്ചുവിടുന്നതൈന്നും രാജഗോപാല്‍ വെളിപ്പെടുത്തുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബോംബ് നിര്‍മ്മിക്കുമ്പോള്‍ അടക്കം വികലാംഗരായ ബിജെപി പ്രവര്‍ത്തകരെ വെച്ച് ഡല്‍ഹിയില്‍ ഒരു സത്യാഗ്രഹം നടത്തിയിരുന്നു. അതേ മാസം തന്നെ പല സംസ്ഥാനങ്ങളിലും പണപ്പിരിവ് നടത്തി. എന്നാല്‍ പിരിച്ചെടുത്ത് സമ്പാദിച്ച കോടികളില്‍ നിന്ന് ഒരുരൂപ പോയും അക്രമത്തില്‍ ഇരയായവര്‍ക്ക് നല്‍കിയില്ല. 

സംഘപരിവാറില്‍ ജനാധിപത്യ സംവിധാനമില്ലാത്തതിനാല്‍ പിരിക്കുന്ന തുകയുടെ കണക്കുകള്‍ അവതരിപ്പിക്കേണ്ടതില്ല എന്നും രാജഗോപാല്‍ പറയുന്നു. കലാപങ്ങളും മഹായാഗങ്ങളുമാണ് ഇപ്പോള്‍ പണപ്പിരിവിനുള്ള വേദിയാക്കുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് ശതം സമര്‍പ്പയാമി. ഇത്തരം തട്ടിപ്പുകള്‍ മനസിലായതോടെയാണ് 35 വര്‍ഷത്തെ സംഘപരിവാര്‍ ബന്ധം താനും ഭാര്യയും ഉപേക്ഷിച്ചതെന്നും, ഇപ്പോഴത്തെ അണികള്‍ പഴയ പിരിവിന്റെ കണക്കുകള്‍ എവിടെയെന്ന് ചോദിച്ചു നോക്കണമെന്നും രാജഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കെ വി രാജഗോപാലിന്റെ ഫേസ്‌‌‌‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
 

മണ്ടന്മാരായ സംഘ് അണികളെ,ശതം സമര്‍പ്പയാമിക്കു തയ്യാറാവുന്ന നിങ്ങളുടെ ശ്രദ്ധക്ക്,

2016 നവംബര്‍ 3നു ഇത് പോലെ പണം പിരിച്ചെടുക്കാന്‍ ഉണ്ടാക്കിയ ഒരു സമിതി തിരുവനന്തപുരത്തു ഉണ്ടായിരുന്നു.അതില്‍ പങ്കെടുത്ത ഫോട്ടോ ആണ് താഴെ കൊടുത്തിരിക്കുന്നു .അന്ന് പരിവാര്‍ സംഘടനയായ ക്രീഡഭാരതിയുടെ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ആയതിനാല്‍ ഈ കണ്‍വെന്‍ഷനില്‍ ഞാനും ഒരംഗം ആയിരുന്നു. അന്ന് കണ്ണൂരിലെ മാര്‍ക്കിസ്‌റ് അക്രമത്തില്‍ ബിജെപിക്കാര്‍ക്കു ജീവിക്കാന്‍ കഴിയുന്നില്ല എന്ന വ്യാജ പ്രചരണം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടത്താനും അത് വഴി കണ്ണൂര്‍ ജില്ലയിലെ സംഘര്‍ഷ മേഖാലയിലെ ബിജെപികാര്‍ക്ക് കൊടുക്കാന്‍ വേണ്ടി 100 കോടി ലക്ഷ്യമിട്ടു പണപ്പിരിവ് നടത്താന്‍ ഈ കണ്‍വെന്‍ഷനില്‍ ആഹ്വാനം ഉണ്ടായി.....

അങ്ങിനെ ലോകം മുഴുവന്‍ ഇന്ത്യന്‍ പണക്കാരില്‍ നിന്നും മറ്റുമായി 100കോടിക്കു മേല്‍ പണം RSS bjp നേതാക്കള്‍ പിരിച്ചെടുത്തിട്ടുണ്ട്.....അതിനു വേണ്ടി മാത്രമായിരുന്നു ജനരക്ഷയാത്രകള്‍ സം ഘടിപ്പിച്ചത്.ഈ തട്ടിപ്പിലൂടെ കുറച്ചു നേതാക്കള്‍ പല ബിസ്സിനെസ്സിലും പാര്‍ട്ണര്‍മാര്‍ ആയതായിട്ടാണ് മനസ്സിലായത്......വയനാട്ടിലും തമിഴ്‌നാട്ടിലുമായി നിരവധി സ്വത്തുക്കള്‍ ഇക്കൂട്ടര്‍ സ്വന്തമാക്കി എന്നു പറയ പെടുന്നു.....പല അക്രമങ്ങളും കണ്ണൂരില്‍ സംഘപരിവാര്‍ നേതാക്കള്‍ ആസൂത്രണം ചെയ്യുന്നതാണെന്നു ഈ കണ്‌വെന്‍ഷനിലൂടെ മനസ്സിലായി.

ഈ കോടികളുടെ പിരിവിന് ശേഷം കണക്ക് അവതരിപ്പിക്കാന്‍ ഒരിക്കല്‍ പോലും ഈ കമ്മിറ്റി വിളിച്ചു ചേര്‍ക്കുകയോ ഓഡിറ്റ് ചെയ്യുകയോ ചെയ്‌തിട്ടില്ല.

സംഘ പരിവാര്‍ കേരളത്തില്‍ അണികളെ ചുഷണം ചെയ്യാന്‍ വേണ്ടി മാത്രമാണ് അക്രമപരമ്പരകള്‍ അഴിച്ചു വിടുന്നത്.....കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബോംബ് നിര്‍മ്മിക്കുമ്പോള്‍ അടക്കം വികലാന്‍ഗരായ ബിജെപി പ്രവര്‍ത്തകരെ വെച്ച് ഡല്‍ഹിയില്‍ ഒരു സത്യാഗ്രഹം നടത്തിയിരുന്നു....അതെ മാസം തന്നെ പല സ്റ്റേറ്റുകളിലും പണപ്പിരിവ് നടത്തി കോടികള്‍ സമ്പാദിച്ച ഇവര്‍ ഒരു രൂ പ പോലും അക്രമത്തിനു ഇരയായവര്‍ക്കു കൊടുത്തില്ല.

കലാപങ്ങളും മഹായാഗങ്ങളും ആണ് ഇക്കൂട്ടര്‍ക്ക് ഇപ്പോള്‍ പണപ്പിരിവിനുള്ള വേദിയാകുന്നത് .ജനാധിപത്യ സംവിധാനം ഇല്ലാത്തതിനാല്‍ കണക്കു അവതരിപ്പിക്കേണ്ടി വരില്ല....ഇതിന്റെ ഒരു തുടര്‍ച്ചയാണ് ശതം സമര്‍പ്പയാമി പോലുള്ള തട്ടിപ്പുകള്‍......

ഇത് മനസ്സിലായപ്പോള്‍ ആണ് 35 വര്‍ഷത്തെ സംഘപരിവാര്‍ ബന്ധം ഞാനും ഭാര്യയും വിട്ടത്...അന്ന് സ്റ്റേജില്‍ ഉണ്ടായിരുന്ന ck ജാനു മുതല്‍ പലരും ഈ മാഫിയ ബന്ധം വിട്ടേറിഞ്ഞിട്ടുണ്ട്.......അത് കൊണ്ട് അണികളെ പഴയ പിരിവിന്റെ കണക്കുകള്‍ എവിടെ എന്നു നിങ്ങള്‍ ഒന്ന് ചോദിച്ചു നോക്കണം....അപ്പോള്‍ നിങ്ങള്‍ക്ക് അറിയാം ഈ തട്ടിപ്പുകള്‍......

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top