22 September Friday

ഷംനാദ് ബഷീർ - ഒരു മാന്ത്രികന്റെ ഓർമയ്ക്ക്...ദീപക് രാജു എഴുതുന്നു

ദീപക് രാജുUpdated: Monday Aug 12, 2019

ദീപക് രാജു

ദീപക് രാജു

ഇംഗ്ളീഷ് സംസാരിക്കാത്ത സാമൂഹ്യ പശ്ചാത്തലത്തിലുള്ള കുട്ടികൾക്കായി വലിയ സംഭാവനകൾ നൽകിയ ഒരു മനുഷ്യനെക്കുറിച്ചുള്ള ഓർമ്മകൾ ഇംഗ്ലീഷ് മാധ്യമങ്ങളിൽ മാത്രം നിറയുന്നത് ശരിയല്ല എന്ന തോന്നലിൽനിന്നാണ് അദ്ദേഹത്തെ മലയാളികൾക്ക് പരിചയപ്പെടുത്താൻ ഈ കുറിപ്പ് എഴുതുന്നത്...അടുത്തിടെ അന്തരിച്ച ഷംനാദ് ബഷീറിനെ പറ്റി ദീപക് രാജു എഴുതുന്നു.

ഒരു കരിങ്കൽ ക്വാറി. അവിടെ ചുറ്റിക കൊണ്ട് കല്ല് പൊട്ടിക്കുന്ന ഒരു സ്ത്രീ നാല് കരിങ്കല്ല് ചേർത്തുവച്ച് പുല്ലുമേഞ്ഞ ഒരു “വീട്ടിൽ” താമസിക്കുന്നു. ആ സ്ത്രീയുടെ മകൾ മത്സരപ്പരീക്ഷ എഴുതി, സുപ്രീം കോടതി ജഡ്ജിമാരുടെയും മന്ത്രിമാരുടെയും ബിസിനസുകാരുടെയും ഒക്കെ മക്കൾ പഠിക്കുന്ന ഒരു നിയമ സർവകലാശാലയിൽ അഡ്മിഷൻ നേടുന്നു. അവിടെനിന്ന് പഠിച്ച നിയമം ഉപയോഗിച്ച് തന്റെ ക്വാറിയിൽ കുറെപ്പേർക്ക് നീതിവാങ്ങിക്കൊടുക്കുന്നു. കഥകേട്ടുവന്ന മാധ്യമങ്ങളോട് അവൾ പറയുന്നു, ഒരിക്കൽ ഞാനീ നാടിന്റെ പ്രധാനമന്ത്രിയാകും.

സിനിമാക്കഥയാണെന്ന് തോന്നിയോ? അല്ല. യഥാർത്ഥ ജീവിതത്തിൽ ഇതുപോലുള്ള മാജിക്കുകൾ കാണിച്ച മനുഷ്യനാണ് കഴിഞ്ഞ ദിവസം നാൽപത്തിമൂന്നാം വയസിൽ ഒരപകടത്തിൽ അന്തരിച്ച ഷംനാദ് ബഷീർ.

മലയാള മാധ്യമങ്ങളിൽ ചിലത് അദ്ദേഹത്തിൻ്റെ മരണം റിപ്പോർട്ട് ചെയ്തിരുന്നു. ക്യാൻസർ മരുന്നുകൾ ചുരുങ്ങിയ വിലയിൽ ഇന്ത്യയിൽ ലഭ്യമാക്കാൻ നിയമപോരാട്ടം നടത്തിയ ബൗദ്ധിക സ്വത്തവകാശ വിദഗ്ധൻ എന്ന നിലയിലാണ് അദ്ദേഹത്തെ ആ റിപ്പോർട്ടുകൾ മലയാളിക്ക് പരിചയപ്പെടുത്തിയത്. അദ്ദേഹം അതായിരുന്നു, പക്ഷേ അത് മാത്രമായിരുന്നില്ല. സമൂഹത്തിന്റെ അരികുകളിൽ നിൽക്കുന്നവരെക്കൂടി ഉൾക്കൊള്ളുന്ന രീതിയിൽ ലോകത്തെ മാറ്റിമറിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഒരു പോരാളിയായിരുന്നു അദ്ദേഹം. അതിന് ചിലപ്പോൾ ബൗദ്ധിക സ്വത്തവകാശ നിയമം ഉപയോഗിച്ചു, ചിലപ്പോൾ സ്വന്തം വ്യക്തിപ്രഭാവവും സംഘടനാ പാടവവും. പിന്നെ കയ്യിൽ കിട്ടിയതൊക്കെ.

ഇംഗ്ളീഷ് സംസാരിക്കാത്ത സാമൂഹ്യ പശ്ചാത്തലത്തിലുള്ള കുട്ടികൾക്കായി വലിയ സംഭാവനകൾ നൽകിയ ഒരു മനുഷ്യനെക്കുറിച്ചുള്ള ഓർമ്മകൾ ഇംഗ്ലീഷ് മാധ്യമങ്ങളിൽ മാത്രം നിറയുന്നത് ശരിയല്ല എന്ന തോന്നലിൽനിന്നാണ് അദ്ദേഹത്തെ മലയാളികൾക്ക് പരിചയപ്പെടുത്താൻ ഈ കുറിപ്പ് എഴുതുന്നത്.

1. IDIA എന്ന ഐഡിയ

എഞ്ചിനീയറിങ്ങിന് ഐ.ഐ.ടി.കൾ എന്ന പോലെ നിയമ വിദ്യാഭ്യാസത്തിന് ഇന്ത്യയിൽ പത്തോളം നാഷണൽ ലോ യൂണിവേഴ്സിറ്റികൾ ഉണ്ട്. താരതമ്യേന മികവ് പുലർത്തുന്ന ഈ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് നല്ല തൊഴിൽ സാധ്യതകളുമുണ്ട്. ഇവയിൽ ഞാൻ പഠിച്ച കൊൽക്കത്തയിലെ NUJS ഇലാണ് ഓക്സ്ഫോർഡിൽ പി.എച്ച്.ഡി കഴിഞ്ഞ് മടങ്ങിയ ഷംനാദ് ബഷീർ പ്രൊഫസർ ആയി ജോലിക്ക് കയറിയത്. മുപ്പത്തി രണ്ടാം വയസിൽ പ്രൊഫസർ സ്ഥാനത്ത് വന്ന അദ്ദേഹം ഒരു പക്ഷേ ഇന്ത്യയിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫസർ ആയിരുന്നിരിക്കും.

ബാംഗ്ലൂർ നാഷണൽ ലോ സ്‌കൂളിൽ നടത്തിയ ഒരു സർവേ പ്രകാരം പതിനഞ്ച് ശതമാനം വിദ്യാർത്ഥികൾ മാസം മൂന്നുലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ള കുടുംബങ്ങളിൽനിന്നാണ് വരുന്നത്. അൻപത് ശതമാനം പേർ മാസം ഒരു ലക്ഷം രൂപയിൽ കൂടുതൽ ഉള്ള കുടുംബങ്ങളിൽനിന്ന്. അതായത്, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ കഷ്ടപ്പെടുന്ന സാധാരണക്കാരന്റെയോ പാവപ്പെട്ടവന്റെയോ കുട്ടികൾ ഈ സ്ഥാപനങ്ങളിൽ എത്തുന്നില്ല. ഉയർന്ന ഫീസ്, ഈ സ്ഥാപനങ്ങളെക്കുറിച്ചുള്ള അവബോധം കുറവായത്, ഇംഗ്ലീഷിലുള്ള മത്സരപ്പരീക്ഷ, ഇവയൊക്കെ കാരണങ്ങളായിരുന്നു.

ഈ പ്രശ്നത്തിന് ഒരു പരിഹാരമായാണ് ഷംനാദ് ബഷീർ Increasing Diversity by Increasing Access (IDIA) എന്ന സംരഭം തുടങ്ങിയത്. നാഷണൽ ലോ യൂണിവേഴ്സിറ്റികളിൽ പഠിച്ചിരുന്ന ഒരുകൂട്ടം വിദ്യാർത്ഥികളെയും സുഹൃത്തുക്കളെയും കൂട്ടി അദ്ദേഹം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ഏറ്റവും ചെറിയ ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്തു. പലതും കറണ്ട് പോലുമില്ലാത്ത, കരിമ്പിൻ തോട്ടങ്ങൾക്ക് നടുക്ക് കുട്ടികളും അധ്യാപകനും മരത്തിന് ചുറ്റും നിലത്തിരിക്കുന്ന ഉത്തരേന്ത്യൻ ഗ്രാമീണ സ്‌കൂളുകൾ. അവിടെ അദ്ദേഹവും അദ്ദേഹത്തിൻ്റെ വിദ്യാർത്ഥികളും നിയമ വിദ്യാഭ്യാസത്തെക്കുറിച്ചും അതിൻ്റെ സാധ്യതകളെക്കുറിച്ചും കുട്ടികളോട് അവർക്ക് മനസിലാകുന്ന ഭാഷയിൽ സംസാരിച്ചു. കൂട്ടത്തിലെ മിടുക്കന്മാരെയും മിടുക്കികളെയും കണ്ടെത്തി അവരുടെ മാതാപിതാക്കളോട് അവരെ തുടർന്ന് പഠിപ്പിക്കാൻ വാദിച്ചു.

അങ്ങനെ കിട്ടിയ മിടുക്കന്മാരെയും മിടുക്കിമാരെയും എല്ലാ ചിലവും വഹിച്ച് ഏതെങ്കിലും ഒരു നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ കൊണ്ടുവന്ന് ഒന്നോ രണ്ടോ വർഷം താമസിപ്പിച്ച് ഇംഗ്ലീഷ് പഠിപ്പിച്ചു; മത്സരപ്പരീക്ഷയ്ക്ക് തയാറെടുപ്പിച്ചു. പലരും അദ്ദേഹത്തിൻ്റെ വീട്ടിൽത്തന്നെ താമസമാക്കി. ആദ്യ വർഷം മുതലിങ്ങോട്ട് എല്ലാ വർഷവും അദ്ദേഹത്തിൻ്റെ കുട്ടികളിൽ അഞ്ചിനും പത്തിനും ഇടയിൽ മിടുക്കന്മാരും മിടുക്കികളും ഈ മത്സരപ്പരീക്ഷ ജയിച്ച് അഡ്മിഷൻ നേടി.

കുട്ടികൾ അഡ്മിഷൻ നേടുന്നതോടെ സ്വന്തം ജോലി കഴിഞ്ഞു എന്ന് വിചാരിക്കുന്ന ആളല്ലായിരുന്നു ഷംനാദ് ബഷീർ. അഡ്മിഷൻ നേടുന്ന ഓരോ കുട്ടിക്കും ഫീസും ജീവിതച്ചിലവുകളും കണ്ടെത്താൻ ഓരോ വർഷവും അദ്ദേഹം ഓടിനടന്നു. അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളും മറ്റ് സഹൃദയരും കയ്യയച്ച് സംഭാവനകൾ നൽകി. തികയാതെ വന്നപ്പോഴൊക്കെ അദ്ദേഹം സുഹൃത്തുക്കളെ വീണ്ടും വീണ്ടും ഇമെയിലിൽ ബുദ്ധിമുട്ടിച്ചു.

പാവപ്പെട്ട, ഇംഗ്ലീഷ് സംസാരിക്കാത്ത പശ്ചാത്തലത്തിൽനിന്ന് വരുന്ന കുട്ടികൾക്ക് പണക്കാരുടെയും, വെസ്റ്റേൺ മ്യൂസിക്ക് കേൾക്കുന്നവരുടെയും, ബ്രാൻഡഡ് വസ്ത്രം ധരിക്കുന്നവരുടെയും ലോകം അൽപം പേടിപ്പിക്കുന്നതാണ്. മിഡിൽ ക്‌ളാസ് പശ്ചാത്തലത്തിൽനിന്ന് വന്നിട്ടും, അത്യാവശ്യം ഇംഗ്ലീഷ് പറഞ്ഞിട്ടും, ആക്സന്റിന്റെയും വസ്ത്രധാരണത്തിന്റെയും ഗ്രാമീണനായതിന്റെയും ഒക്കെ പേരിൽ ഞാൻ ആ ലോകത്ത് അത്യാവശ്യം പരിഹാസങ്ങൾ കേട്ടിരുന്നു. ഇവിടെയും തൻ്റെ കുട്ടികളെ ഉൾക്കൊള്ളുന്ന രീതിയിൽ ഈ യൂണിവേഴ്സിറ്റികളെ മാറ്റാൻ ഷംനാദ് ബഷീർ ഇറങ്ങിത്തിരിച്ചു. ഓരോ കുട്ടിക്കും കോളേജിന് അകത്തും പുറത്തും എന്ത് സഹായത്തിനും മെന്റർമാരെ നൽകി. അതിലുപരി വ്യത്യാസങ്ങളെ പരിഹസിക്കുന്നതല്ല, ആഘോഷിക്കുന്നതാണ് "കൂൾ" എന്നൊരു പൊതുബോധം വളർത്താൻ പറ്റുന്നതെല്ലാം ചെയ്തു. തൻ്റെ കുട്ടികൾ ഈ കോളേജുകളിൽ പഠിക്കണമെന്ന് മാത്രമല്ല, ആ അഞ്ച് വർഷങ്ങൾ അവർ ആഘോഷമാക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധം ഉണ്ടായിരുന്നു.

അദ്ദേഹത്തിൻ്റെ കുട്ടികൾ നാഷണൽ ലോ യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ നേടിത്തുടങ്ങിയ കാലത്ത്, അവർ പഠനം കഴിഞ്ഞ് കുറച്ച് വർഷം സ്വന്തം നാടുകളിലേക്ക് തിരിച്ചു പോയി അവിടുത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്നൊരു വ്യവസ്ഥ വച്ചാലോ എന്ന് ഞാൻ ചോദിച്ചു. അദ്ദേഹം ശക്തമായി വിയോജിച്ചു. സ്വന്തം ജോലി തിരഞ്ഞെടുക്കാൻ മറ്റെല്ലാ കുട്ടികൾക്കും ഉള്ള സ്വാതന്ത്ര്യം അവർക്കും വേണം എന്നതായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്. എന്നിട്ടും, ആരുടേയും നിർബന്ധമില്ലാതെ അദ്ദേഹത്തിൻ്റെ കുട്ടികൾ സാമൂഹ്യ പ്രസക്തമായ പല കേസുകളിലും മുന്നിട്ടിറങ്ങി. ക്വാറി ജീവനക്കാർക്ക് ശമ്പളം വാങ്ങിക്കൊടുക്കാൻ, കപ്പലിൽ കാണാതായവർക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാൻ, കൊൽക്കത്തയിൽ ചേരി പൊളിക്കുന്നതിനെതിരെ ഹൈക്കോടതിയിൽനിന്ന് അടിയന്തിര ഉത്തരവ് നേടാനും ആ ഉത്തരവുമായി ബുൾഡോസറിന് മുന്നിൽകയറിനിന്ന് തല്ലു കൊള്ളാൻ, എല്ലാം അദ്ദേഹത്തിൻ്റെ കുട്ടികൾ ഉണ്ടായിരുന്നു. പലരും പഠനം കഴിഞ്ഞ് നല്ല ജോലികൾ നേടി. IDIA പഠിപ്പിച്ച കുട്ടികളിൽ പലരും ഇന്ന് IDIA യുടെ നടത്തിപ്പുകാരാണ്.

നല്ല കാര്യമാണെങ്കിലും, എതിർപ്പുകൾ ഇല്ലാതെയല്ല ഷംനാദ് ബഷീർ ഐഡിയ തുടങ്ങിയത്. ഗ്രാമങ്ങളിൽനിന്ന് കുട്ടികളെ കൊണ്ടുവന്നാൽ കോളേജുകളുടെ "ബ്രാൻഡ്" ഇടിയും എന്നൊരു വാദം ഉണ്ടായിരുന്നു. മറുവശത്ത്, വലിയ വിപ്ലവങ്ങളിൽ മാത്രം വിശ്വാസമുണ്ടായിരുന്നു പലർക്കും ഈ വിപ്ലവത്തിന് വലിപ്പം പോര എന്നൊരു അഭിപ്രായം ഉണ്ടായിരുന്നു. എതിർപ്പുകൾക്കിടയിൽ പുഞ്ചിരിച്ചുകൊണ്ട്, പല എതിരാളികളെയും തൻ്റെ സുഹൃത്തുക്കളാക്കിക്കൊണ്ട് ഷംനാദ് ബഷീർ മുന്നോട്ട് പോയി. അതുകൊണ്ട്, തുടർ വിദ്യാഭ്യാസം പോലും സംശയമായിരുന്ന കുറെ കുട്ടികൾ ഇന്ന് ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ പഠിക്കുന്നു.

2. ബൗദ്ധിക സ്വത്തവകാശ വിദഗ്ധൻ

ബൗദ്ധിക സ്വത്തവകാശ നിയമ രംഗത്ത് ഇന്ത്യയിൽ ഏറ്റവും പ്രഗത്ഭനായ നിയമജ്ഞനായിരുന്നു ഷംനാദ് ബഷീർ. അന്താരാഷ്‌ട്ര തലത്തിലും, ഈ രംഗത്ത് വളരെയേറെ അറിയപ്പെട്ട വ്യക്തിത്വമായിരുന്നു പ്രൊഫസർ ബഷീർ.

ഒരു സംഗതി കണ്ടുപിടിക്കുന്ന ആൾക്ക് ആ കണ്ടുപിടുത്തതിൽ എന്തുമാത്രം അവകാശങ്ങൾ വേണം എന്ന് നിർവചിക്കുന്ന നിയമങ്ങളാണ് ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ. ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങൾക്കുള്ള പേറ്റന്റുകളും സാഹിത്യ സൃഷ്ടികൾക്കുള്ള കോപ്പി റൈറ്റും ഒക്കെ ഈ നിയമങ്ങളുടെ പരിധിയിൽ വരുന്നു.

ബൗദ്ധിക സ്വത്തവകാശം എപ്പോഴും ആശയപരമായ വലിയ വിയോജിപ്പുകൾ ഉള്ള ഒരു മേഖലയാണ്. കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കാനായി ബൗദ്ധിക സ്വത്തവകാശം വളരെ ശക്തമായി സംരക്ഷിക്കണം എന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ, കണ്ടുപിടുത്തങ്ങളുടെ ഗുണം സമൂഹത്തിന് കിട്ടാനായി ബൗദ്ധിക സ്വത്തവകാശങ്ങളുടെ സംരക്ഷണം ഒഴിവാക്കുകയോ ദുർബലപ്പെടുത്തുകയോ ചെയ്യണം എന്ന് മറുകൂട്ടർ വാദിക്കുന്നു. ഈ വിവാദത്തിൽ ഒരു മദ്ധ്യപാത തെളിക്കാൻ ശ്രമിച്ച വ്യക്തിയായിരുന്നു ഷംനാദ് ബഷീർ. അതേക്കുറിച്ച് ചോദിച്ച സുപ്രീം കോടതി ജഡ്ജിയോട്, ഞാനൊരു ബുദ്ധമത വിശ്വാസിയാണ്, അതുകൊണ്ട് മധ്യപാതയാണ് താത്പര്യം എന്ന് അദ്ദേഹം തമാശ പറഞ്ഞിരുന്നു.

എങ്കിലും, സമൂഹത്തിലെ ദുർബലവിഭാഗങ്ങൾക്ക് കണ്ടുപിടുത്തങ്ങളുടെ ഗുണങ്ങൾ ലഭ്യമാക്കുക എന്നത് തന്നെയായിരുന്നു അദ്ദേഹത്തിൻ്റെ ലക്ഷ്യം. ക്യാൻസർ മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുള്ള അദ്ദേഹത്തിൻ്റെ നിയമപോരാട്ടം പ്രശസ്തമാണ്. അതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ് അന്ധർക്ക് പുസ്തകങ്ങൾ ലഭ്യമാക്കാൻ ബ്രെയിൽ ലിപിയിൽ പ്രസിദ്ധീകരിക്കുന്നതിന് കോപ്പി റൈറ്റ് നിയമങ്ങൾ എതിരുനിൽക്കാതിരിക്കാനായി അദ്ദേഹം നടത്തിയ പോരാട്ടം. സ്വന്തം വിസിറ്റിങ് കാർഡിലും എല്ലാ വിവരങ്ങളും ബ്രെയിൽ ലിപിയിൽ കൂടി ഉൾപ്പെടുത്തണം എന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. അടുത്ത കാലത്ത്, ഡൽഹി യൂണിവേഴ്സിറ്റി വിദേശത്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ഫോട്ടോകോപ്പി എടുത്ത് വിദ്യാർത്ഥികൾക്ക് നൽകുന്നതിനെതിരെ വിദേശ പ്രസാധകർ കേസ് നടത്തിയപ്പോൾ ഡൽഹി യൂണിവേഴ്സിറ്റിയുടെയും വിദ്യാർത്ഥികളുടെയും ഭാഗത്ത് നിന്ന് നിയമം വ്യാഖ്യാനിക്കാനും അദ്ദേഹം മുൻനിരയിൽ ഉണ്ടായിരുന്നു.

3. സുഹൃത്തും വഴികാട്ടിയും

ഷംനാദ് ബഷീറിന്റെ അകാല വിയോഗം അദ്ദേഹത്തിൻ്റെ വിദ്യാർത്ഥികളെ കണ്ണീരിലാഴ്ത്തി എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയല്ല. വാർത്ത അറിഞ്ഞത് മുതൽ വർഷങ്ങളായി സംസാരിച്ചിട്ടില്ലാത്ത സുഹൃത്തുക്കൾ പരസ്പരം വിളിക്കുന്നു. ഹൗറയിലെ ഗുണ്ടകളോട് കൊണ്ടും കൊടുത്തും വളർന്ന രാമാനുജ് ഉൾപ്പടെയുള്ളവർ പൊട്ടിക്കരയുന്നു. ഒരു അധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള ബന്ധമായിരുന്നില്ല അദ്ദേഹത്തിന് ഞങ്ങളോട് ഉണ്ടായിരുന്നത്.

ഉള്ളത് പറഞ്ഞാൽ, ഞാൻ കോളേജിൽ ഉണ്ടായിരുന്ന കാലത്ത് ഷംനാദ് ബഷീർ അവിടെ ഉണ്ടായിരുന്നെങ്കിലും എന്നെ ഒരു ക്ലാസ് പോലും പഠിപ്പിച്ചിട്ടില്ല. മാത്രമല്ല, ക്‌ളാസ് കട്ട് ചെയ്യാൻ തോന്നുന്ന സന്ദർഭങ്ങളിൽ അറ്റൻഡൻസ് കിട്ടാൻ "ഷംനാദ് സാർ വിളിക്കുന്നു" എന്ന വാചകം ഞാൻ ഒരുപാട് തവണ ഉപയോഗിച്ചിട്ടും ഉണ്ട്. എങ്കിലും അദ്ദേഹം എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. ഐഡിയയിലും മറ്റും ഒന്നിച്ച് പ്രവർത്തിച്ച് ഞങ്ങൾ അടുത്ത സുഹൃത്തുക്കളാകുകയും ചെയ്തു.

കോളേജ് കഴിഞ്ഞ് ഞാൻ ബോംബെയിലും ഡൽഹിയിലും ജനീവയിലും ജോലി ചെയ്തിരുന്നപ്പോൾ അദ്ദേഹം സന്ദർശിക്കാൻ വന്നതും, ഓരോ വലിയ കാൽവയ്പ്പിനും മുൻപ് ഉപദേശങ്ങൾ തന്നതും, ചളി തമാശകൾ പരസ്പരം പങ്കുവച്ച് ചിരിച്ചതും ഒക്കെ ഞാൻ ഓർക്കുന്നു. ആരോഗ്യം വളരെ മോശമായിരുന്നെങ്കിലും, എൻ്റെ കല്യാണത്തിന് അദ്ദേഹം നെടുങ്കണ്ടത്ത് വന്നിരുന്നു. കല്യാണത്തിന്റെ തലേ രാത്രി ഉറക്കമിളച്ചിരുന്ന് നെടുങ്കണ്ടം മുതൽ ജനീവ വരെയുള്ള എൻ്റെ യാത്രയെക്കുറിച്ചും ഐഡിയയ്ക്ക് ഞാനും രുക്മിണിയും ചെയ്ത സഹായങ്ങളെക്കുറിച്ചുമൊക്കെ ഉറക്കമിളച്ചിരുന്ന്, അൽപം അതിശയോക്തിയും അതിലേറെ സ്നേഹവും കലർത്തി, ഒരു ലേഖനം എഴുതിയിരുന്നു. സമയത്തിന് കാര്യങ്ങൾ ചെയാത്തതിന് നെടുംകണ്ടത്തെ ഹോട്ടൽ സ്റ്റാഫിനെ രുക്മിണി വഴക്ക് പറഞ്ഞപ്പോൾ, ക്രിസ്മസ് ഒക്കെയല്ലേ അവരും പോയി രണ്ടെണ്ണം അടിക്കട്ടെ എന്ന് പറഞ്ഞ് അവരുടെ രക്ഷയ്ക്ക് വന്നതും അദ്ദേഹമാണ്.

കഴിഞ്ഞ മാസം, ഒരു കേസിലെ ഹിയറിങ് കഴിഞ്ഞ് ഞാൻ അദ്ദേഹത്തിന് മെസേജ് അയച്ചു. മറുപടി, "so proud of you". നമ്മൾ മലയാളികൾക്ക്, ഒരാളെ പ്രശംസിക്കാൻ അധികം വാക്കുകൾ ഇല്ല എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ, ആ കുളത്തൂപ്പുഴക്കാരൻ ആ കുറവ് ഇംഗ്ലീഷിൽ പരിഹരിച്ചിരുന്നു. അദ്ദേഹം അവസാനമായി എന്നോട് പറഞ്ഞത് എന്നെക്കുറിച്ച് അഭിമാനമുണ്ട് എന്നാണ് എന്നത് ഞാനെന്നും ഓർക്കും. അദ്ദേഹം പോയതിൽപ്പിന്നെ ആ മെസേജ് ഞാൻ ഒരു നൂറു തവണ വായിച്ചിട്ടുണ്ട്.

(ലേഖകൻ ജനീവയിൽ അന്താരാഷ്ട്ര നിയമം പ്രാക്ടീസ് ചെയ്യുന്നു).
Read more: http://cms.deshabhimani.com/articles/kulbhushan-jadhav-deepak-raju/811533
(ലേഖകൻ ജനീവയിൽ അന്താരാഷ്ട്ര നിയമം പ്രാക്ടീസ് ചെയ്യുന്നു).
Read more: http://cms.deshabhimani.com/articles/kulbhushan-jadhav-deepak-raju/811533
(ലേഖകൻ ജനീവയിൽ അന്താരാഷ്ട്ര നിയമം പ്രാക്ടീസ് ചെയ്യുന്നു).
Read more: http://cms.deshabhimani.com/articles/kulbhushan-jadhav-deepak-raju/811533

(ലേഖകൻ ജനീവയിൽ അന്താരാഷ്ട്ര നിയമം പ്രാക്ടീസ് ചെയ്യുന്നു).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top