24 April Wednesday

"കഴിഞ്ഞ കൊല്ലം നമ്മൾ കണ്ടെത്തിയ 'പ്രതി' ഡാം ആയിരുന്നു; കാലാവസ്ഥ വ്യതിയാനത്തിന്റെ ലോകത്ത് ഒരിടവും സുരക്ഷിതമല്ല തന്നെ'

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

കഴിഞ്ഞ കൊല്ലം പ്രളയത്തിന്‌ നാം കണ്ടെത്തിയ പ്രതി ഡാം ആയിരുന്നു. ഇക്കൊല്ലം പശ്‌ചിമ ഘട്ടവും ഗാഡ്‌ഗിൽ റിപ്പോർട്ടിലേക്കുമെല്ലാമാണ്‌ ചർച്ചകൾ പോകുന്നത്‌. ഇത്തവണ മഴ കനത്തപ്പോൾത്തന്നെ കണ്ട്രോൾ റൂം ഡ്യൂട്ടിക്കിടെ ചില ഉദ്യോഗസ്ഥരിൽ നിന്ന് കേട്ടത് മുൻകരുതലിന്റെ ഭാഗമായി വിവിധയിടങ്ങളിൽ നിന്ന് ഒഴിപ്പിക്കാൻ ശ്രമിച്ച ജനങ്ങളിൽ നിന്ന് കേട്ട മറുപടി 'ഡാം തുറന്നിട്ടൊന്നുമില്ലല്ലോ.. പിന്നെന്ത് ദുരന്തം!' എന്ന രീതിയിലായിരുന്നത്രെ. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ ഹസാർഡ്‌ അനലിസ്‌റ്റായ ഫഹദ്‌ മർസൂക്ക്‌ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ്‌.

രണ്ടാം പ്രളയാനന്തര ചർച്ചകൾ സജീവമാവുകയാണല്ലോ... നമ്മളായിട്ട് മാറിനിൽക്കുന്നില്ല..

ഏതെങ്കിലും ഒരു 'പ്രതിയെ' കണ്ടെത്തി അതിന്റെ മേൽ കുറ്റം ചാർത്തി നമ്മളെല്ലാരും രക്ഷപ്പെടുന്ന പൊതുപരിപാടി തന്നെയാവും ഇതിന്റെയും ഒടുക്കം എന്ന എന്റെ മുൻവിധി മറച്ചു വെക്കുന്നില്ല...

കഴിഞ്ഞ കൊല്ലം നമ്മൾ കണ്ടെത്തിയ 'പ്രതി' ഡാം ആയിരുന്നു. ദുരന്തമെന്നാൽ ഡാം തുറക്കലാണെന്ന കണ്ടെത്തലായിരുന്നു ഏറ്റവും സാധാരണക്കാരായ മനുഷ്യരുൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരിലേക്ക് വളരെ ആഴത്തിൽ വേരൂന്നിയത്. കണ്ട്രോൾ റൂം ഡ്യൂട്ടിക്കിടെ ചില ഉദ്യോഗസ്ഥരിൽ നിന്ന് കേട്ടത് മുൻകരുതലിന്റെ ഭാഗമായി വിവിധയിടങ്ങളിൽ നിന്ന് ഒഴിപ്പിക്കാൻ ശ്രമിച്ച ജനങ്ങളിൽ നിന്ന് കേട്ട മറുപടി 'ഡാം തുറന്നിട്ടൊന്നുമില്ലല്ലോ.. പിന്നെന്ത് ദുരന്തം!' എന്ന രീതിയിലായിരുന്നത്രെ. അതായത് കേരളത്തിലെ പാവം മനുഷ്യരുടെ മനസ്സുകളിൽ പ്രകൃതി ദുരന്തത്തിന്റെ നിർവചനം തന്നെ ഡാം തുറക്കലാണ് എന്നാക്കി മാറ്റാൻ പലവിധ പ്രചാരണങ്ങൾക്ക് കഴിഞ്ഞു എന്നുള്ളതാണ്. കുറേയാളുകൾക്ക് ഇത്തവണ ആ അഭിപ്രായത്തിൽ മാറ്റം വന്നിട്ടുണ്ടാകുമെന്ന് വിചാരിക്കുന്നു. ബാക്കിയുള്ളവർക്ക് ഹൈക്കോടതിയിലെ കേസിന്റെ വിധി വരുന്നതോടെ മാറുമെന്ന് പ്രതീക്ഷിക്കാം.. ഏതായാലും ഞാനിപ്പോ അതിന്റെ പിന്നാലെ പോകാൻ ഉദ്ദേശിക്കുന്നില്ല...

ഇത്തവണ എല്ലാ ചർച്ചകളും ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ ചുറ്റിപ്പറ്റിയാണെന്ന് തോന്നുന്നു. നല്ലത് തന്നെ.. പശ്ചിമഘട്ടവും പരിസ്ഥിതിയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് പൊതുസമൂഹത്തിന്റെ ശ്രദ്ധയെത്താൻ അതുപകരിക്കട്ടെ. സാധിക്കുന്ന നിർദ്ദേശങ്ങളൊക്കെ പരമാവധി നടപ്പിലാകട്ടെ.

എന്നാൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയം അതർഹിക്കുന്ന ഗൗരവത്തോടെ ഈ രണ്ട് ഘട്ടങ്ങളിലും ചർച്ച ചെയ്യപ്പെടുന്നില്ല.. യഥാർത്ഥത്തിൽ ഈ രണ്ട് ഘട്ടങ്ങളിലും ഏറ്റവും ഉയർന്നു കേൾക്കേണ്ട വാക്ക് കാലാവസ്ഥ വ്യതിയാനത്തിന്റേതാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നയാളാണ് ഞാൻ. അതിന് തെളിവായി നിരത്താൻ ശാസ്ത്രീയ പഠനങ്ങളുടെ രേഖകളൊന്നും ഇപ്പൊ എന്റെ കയ്യിലില്ല. ഗൗരവമേറിയ പഠനങ്ങൾ ഇത് സംബന്ധിച്ച് നടക്കേണ്ടിയിരിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി അതിതീവ്ര സ്വഭാവത്തിലുള്ള പ്രകൃതി ക്ഷോഭങ്ങൾ ലോകമാകെ വ്യാപിക്കുകയാണ്. നിർഭാഗ്യവശാൽ നമ്മളതിന്റെ ഒരു പ്രധാന ഇരകളിലൊന്നായി മാറിയിരിക്കുന്നു. ഓഗസ്റ്റ് മാസം തുടർച്ചയായി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദങ്ങൾ രൂപം കൊള്ളുന്നു. അവ തീവ്രത കൈവരിക്കുന്നു. മൺസൂൺ സീസണിൽ ആയിട്ട് പോലും അറബിക്കടലിൽ സൈക്ലോൺ രൂപം കൊള്ളുന്നു. താപനിലയിൽ അസാധാരണമായ ഉയർച്ച താഴ്ചകളുണ്ടാകുന്നു. കേരളം പോലൊരു സംസ്ഥാനത്ത് ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ വർധിക്കുകയും ആളുകൾ മരണപ്പെടുകയും ചെയ്യുന്ന അവസ്ഥ വരുന്നു. ഇങ്ങനെ നിരവധിയായ Extreme weather events ആണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മുടെ ചുറ്റിലും.. ഇതൊരു ട്രെൻഡ് ആയി ആവർത്തിക്കുമോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് ഉറപ്പിച്ചു പറയാൻ കഴിയാത്ത അനിശ്ചിതത്വത്തിലാണ് നമ്മളിപ്പോൾ..

ഈ വർഷത്തെ കാര്യമെടുത്താൽ മൺസൂൺ തുടങ്ങിയത് തന്നെ വൈകി ആയിരുന്നെന്നു മാത്രമല്ല അപ്രതീക്ഷിതമായി അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപം കൊള്ളുകയും അത് വടക്കോട്ട് പോവുകയും ചെയ്തു. പിന്നീട് ജൂണിലും ജൂലായിലും ഓരോ പീക്ക് (peak) വീതമുണ്ടായി. ആകെ മഴ പെയ്തത് ആ ദിവസങ്ങളിൽ മാത്രമായിരുന്നു. ഓഗസ്റ്റ് 1 വരെ കേരളത്തിൽ ആകെ ലഭിച്ചത് സാധാരണ മഴയെക്കാൾ (long period average) 30 ശതമാനത്തിലധികം കുറവായിരുന്നു. ഏറ്റവുമധികം മഴ കിട്ടാറുള്ളയിടങ്ങളിലൊന്നായ വയനാട് 50% ലധികം മഴ കുറവായിരുന്നു. അവിടേക്കാണ് 4 ദിവസം കൊണ്ട്‌ ഒരു സീസണിലേക്കുള്ള മൊത്തം മഴയും പെയ്തിറങ്ങുന്ന തരത്തിലുള്ള അതിതീവ്ര മഴയെത്തുന്നത്. ഇപ്പോഴും ആകെ മഴ നോക്കിയാൽ സാധാരണ മഴയാണ് കേരളത്തിലുണ്ടായിട്ടുള്ളത്. ഇനിയുള്ള ദിവസങ്ങളിലും ആവശ്യത്തിനുള്ള മഴ പെയ്യാതിരിക്കുകയും നോർത്ത് ഈസ്റ്റ് മൺസൂൺ അഥവാ നമ്മുടെ തുലാവർഷം ദുർബലമാവുകയും ചെയ്താൽ രൂക്ഷമായ കുടിവെള്ളക്ഷാമമുൾപ്പെടെ വരൾച്ചാ സമാനമായ സ്ഥിതിയുണ്ടാകും.

കാലാവസ്ഥ വ്യതിയാനം ഒരു ആഗോള പ്രതിസന്ധിയാണ്. അതിന്റെ മുഖ്യപ്രതികൾ ഒരുപക്ഷെ നമ്മളല്ലെന്നതും വസ്തുതയാണ്. പക്ഷെ വികസന പാതയിൽ കുതിക്കാനൊരുങ്ങുന്ന ഒരു സമൂഹമെന്ന നിലക്കും ഇരകളെന്ന നിലക്കും മറ്റുള്ളവരുടെ മേൽ കുറ്റം തള്ളിയിട്ടു മാത്രം നമുക്ക് മാറി നിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഒറ്റമൂലിയൊന്നും നിർദേശിക്കാൻ എന്റെ കയ്യിലില്ല. ഈ മേഖലകളിലൊന്നും ആധികാരികമായി പറയാനുള്ള വിവരവുമില്ല. എന്നാലും ഒരുപാട് കാര്യങ്ങൾ സംവദിക്കാനുണ്ട്. കാലാവസ്ഥ വ്യതിയാനത്തിലേക്കുള്ള നമ്മളോരോരുത്തരുടേയും സംഭാവനകളെ കുറിച്ച് നമ്മുടെ സമൂഹത്തിലും ഗൗരവമായ ചർച്ചകൾ ഉയർന്നു വരേണ്ട സമയമാണിതെന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ.

ഒരൊറ്റ അപേക്ഷയാണ് എന്നെ വായിക്കുന്നവർക്ക് മുന്നിലേക്ക് വെക്കാനുള്ളത്. കുറ്റാന്വേഷണം തുടങ്ങേണ്ടത് നമ്മളിൽനിന്നാണ്. ആരെയെങ്കിലും മേൽ കുറ്റം ചാർത്തി രക്ഷപ്പെടാമെന്നാണ് വിചാരിക്കുന്നതെങ്കിൽ അത് താൽക്കാലിക ആശ്വാസം മാത്രം തന്നേക്കുമെന്നേയുള്ളൂ. അത് കൊണ്ട്‌ ചർച്ചകൾ വിശാലമാകട്ടെ. ആലോചനകൾ ക്രിയാത്മകമാകട്ടെ...

കൃത്യമൊരു മാസം മുന്നേ നാട് ചർച്ച ചെയ്തത് ചെല്ലാനത്ത് പുലിമൂട്ടും കടൽഭിത്തിയും നിർമ്മിക്കാത്തതിനെ കുറിച്ചായിരുന്നെങ്കിൽ ഇന്ന് നമ്മൾ പാറപൊട്ടിക്കുന്നതിനെതിരെയാണ് ചർച്ച ചെയ്യുന്നത്. വീതികൂടിയ റോഡിനോട് ചേർന്നുള്ള വലിയ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ കായലിലേക്ക് നോക്കിയിരുന്നു പരിസ്ഥിതി സംരക്ഷണാഹ്വാനം നടത്തിയത് കൊണ്ട്‌ കാര്യമൊന്നുമില്ലെന്ന് തന്നെ. കാലാവസ്ഥ വ്യതിയാനത്തിന്റെ ലോകത്ത് ഒരിടവും സുരക്ഷിതമല്ല തന്നെ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top