29 March Friday

"കാഞ്ഞങ്ങാടുകാർക്ക്‌ അന്നും ഒറ്റ കണ്ടീഷനേ ഉണ്ടായിരുന്നുള്ളൂ'; 1995ലെ സർവ്വകലാശാലാ കലോത്സവ ഓർമ്മ

വെബ് ഡെസ്‌ക്‌Updated: Friday Nov 29, 2019

രാജാ ഹരിപ്രസാദ്‌

രാജാ ഹരിപ്രസാദ്‌

അറുപതാമത് സ്കൂൾ കലോത്സവത്തിന് വിവിധ ജില്ലകളിൽ നിന്നെത്തിയ കുട്ടികളുടെ അന്തിയുറക്കം ആ പ്രദേശത്തെ വീടുകളിൽ ആണ്. മുന്നൂറോളം കുടുംബങ്ങൾ ആണ് കാഞ്ഞാങ്ങാട്‌ നഗരസഭാ ചെയർമാൻ വി വി രമേശന്റെ ആഹ്വാനപ്രകാരം കലോത്സവത്തിന് എത്തുന്ന കുട്ടികൾക്കും കൂടെ എത്തിയവർക്കുമായി സ്വന്തം വീട് തുറന്ന് കൊടുത്തിരിക്കുന്നത്. കാഞ്ഞങ്ങാട്‌വച്ച്‌ നടന്ന 1995 ലെ കോഴിക്കോട് സർവ്വകലാശാലാ ഇന്റർസോൺ കലോത്സവത്തിലെ ഓർമ്മ പങ്കുവയ്‌ക്കുകയാണ്‌ രാജാ ഹരിപ്രസാദ്‌.

കാഞ്ഞങ്ങാട്ട് കലോത്സവത്തിൽ പങ്കെടുക്കാനെത്തുന്നവർക്ക് താമസസൗകര്യമൊരുക്കി കാത്തിരിക്കുന്ന മുന്നൂറോളം കുടുംബങ്ങളെക്കുറിച്ചുള്ള വാർത്ത വായിച്ചപ്പോൾ ഓർമ്മ വന്നത്....

1995 ൽ കോഴിക്കോട് സർവ്വകലാശാലാ ഇന്റർസോൺ കലോത്സവം കാഞ്ഞങ്ങാട്ടായിരുന്നു... കാസർകോട് ജില്ലയിൽ ആദ്യമായും അവസാനമായും നടന്ന കലോത്സവം... രാഘവനും സാബു ഏബ്രഹാമുമായിരുന്നു അന്ന് കാസർകോട്ടെ SFI ഭാരവാഹികൾ.... കോഴിക്കോട് സർവ്വകലാശാലയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച കലോത്സവങ്ങളിലൊന്നായിരുന്നു അത്.....

കാഞ്ഞങ്ങാട്ട് കലോത്സവം നടത്താൻ തീരുമാനിച്ചപ്പോൾ ഞങ്ങൾക്കെല്ലാം(കാസർകോട്ടുകാർക്കും) ഒരു പാട് ആശങ്കകളുണ്ടായിരുന്നു... കാഞ്ഞങ്ങാടിന്റെ പരിമിതികളായിരുന്നു പ്രശ്നം...

ആ ആശങ്കകളെല്ലാം മാറിയത് അക്കൊല്ലത്തെ ഫോട്ടോഗ്രാഫി ക്യാമ്പിൽ വച്ചാണ്... സർവ്വകലാശാലാ യൂണിയന്റെ ഫോട്ടോഗ്രാഫി ക്യാമ്പു നടത്താൻ അന്നു ഞങ്ങൾ തെരഞ്ഞെടുത്തത് കാസർകോഡിന്റെയും കണ്ണൂരിന്റെയും അതിർത്തിക്കടുത്തുള്ള ഇടയിലക്കാട് എന്ന ദ്വീപായിരുന്നു...

അവിടെ ക്യാമ്പിന്റെ സംഘാടക സമിതി വിളിച്ചു... തൃശ്ശൂർ മുതൽ വടക്കോട്ടുള്ള ജില്ലകളിലെ വിവിധ കോളേജുകളിൽ നിന്നു വരുന്ന 60 കുട്ടികളാണ് പങ്കെടുക്കാൻ പോകുന്നത്... ആ ദ്വീപിലോ അതിനടുത്തോ ലോഡ്ജുകളൊന്നുമില്ല... പയ്യന്നൂരോ നീലേശ്വരത്തോ കാഞ്ഞങ്ങാട്ടോ അവരെ താമസിപ്പിച്ച് രാവിലെ വണ്ടിയിൽ കൊണ്ടുവരണം..

ഞങ്ങളീ പ്രശ്നങ്ങളെല്ലാം സംഘാടക സമിതി യോഗത്തിൽ അവതരിപ്പിച്ചു... പെട്ടെന്നാണു പരിഹാരം വന്നത്.... ആ നാട്ടിലെ ഒരു മുതിർന്ന സാമൂഹ്യ പ്രവർത്തകൻ എഴുന്നേറ്റു നിന്നു പറഞ്ഞു... "ഞങ്ങളീ പ്രശ്നം നേരത്തേ തന്നെ ആലോചിച്ചിരുന്നു.. അറുപതു കുട്ടികളല്ലേ?... ഇവിടെ മുപ്പതു വീടുകളുണ്ട്.. രണ്ടു പേരെ വീതം ഓരോ വീട്ടിലും താമസിപ്പിക്കാം.. പക്ഷേ, ഒരു കണ്ടീഷനുണ്ട്.. "അദ്ദേഹം അർദ്ധോക്തിയിൽ നിർത്തി...

ഞാനും സാബുവും രാഘവനും ആശങ്കാകുലരായി...ചങ്ങായി തുടർന്നു..."ആ കുട്ടികൾ ഞങ്ങളുടെ വീട്ടിലെത്തുന്ന അതിഥികളാണ്... അവർക്കുള്ള രാത്രിഭക്ഷണം ഞങ്ങൾ കൊടുക്കും...."

രാത്രി കുട്ടികൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം സർവ്വകലാശാലാ യൂണിയന്റെ ഫണ്ടിൽ നിന്നു തന്നെ കൊടുക്കാനുള്ള പരിപാടിയെല്ലാം തയ്യാറാക്കി അതിനുള്ള ആൾക്കാരെയും ഏർപ്പാടു ചെയ്തിട്ടായിരുന്നു ഞങ്ങൾ വരുന്നത്.... അവസാനം കാര്യങ്ങൾ കോംപ്ലിമെന്റ്സാക്കി - വീട്ടിൽ താമസിക്കുന്ന കുട്ടികൾക്കുള്ള പ്രഭാതഭക്ഷണം അതതു വീട്ടുകാർ കൊടുക്കുമെന്ന അവരുടെ വാശിക്കു മുമ്പിൽ ഞങ്ങൾ വഴങ്ങി.......

ക്യാമ്പു തുടങ്ങി... 60 പേരുണ്ടാകുമെന്ന് പറഞ്ഞ ക്യാമ്പിൽ 56 പേരേ എത്തിയുള്ളൂ... അതിഥികളെക്കിട്ടാത്ത രണ്ടു വീട്ടുകാർ പരാതിയുമായെത്തി.. പരാതി പരിഹരിക്കുന്നതിനായി ഞാനും ദിനേശനും ഓരോ വീട്ടിൽ താമസിക്കാൻ തീരുമാനിച്ചു....

രാവിലത്തെ ഭക്ഷണം വിഭവ സമൃദ്ധവും സ്നേഹസമ്പന്നവുമായിരുന്നു... അപ്പം,മുട്ടക്കറി, ഇഡ്ഡലി,പുട്ട്, കടലക്കറി,പൊറോട്ട,മീൻകറി, മസാലദോശ,ഉഴുന്നുവട..... അൻസാരികളായി വിവിധതരം പഴങ്ങൾ..... അന്നാ ക്യാമ്പിൽ പങ്കെടുത്ത എല്ലാരും എന്നോടു പറഞ്ഞത് ഇത്ര സമൃദ്ധമായ ഒരു പ്രഭാതഭക്ഷണം ഞാനെന്റെ ജീവിതത്തിൽ കഴിച്ചിട്ടില്ല എന്നായിരുന്നു....

രണ്ടാം ദിവസം വൈകുന്നേരം ക്യാമ്പു പിരിച്ചുവിടുന്നതിനു മുമ്പായി സമാപനസമ്മേളനം നടക്കുന്നു...തങ്ങളുടെ വീട്ടിൽ ഒരു ദിവസത്തെ അതിഥികളായി താമസിച്ച കുട്ടികളെ കെട്ടിപ്പിടിച്ച് "ഇനിയെന്നു കാണും?" എന്നു ചോദിച്ചു കൊണ്ട് ഇടയിലക്കാട്ടെ പല അമ്മമാരും വിതുമ്പി.....

അന്നു രാത്രി ഞാൻ സാബുവിനോടും രാഘവനോടും ചോദിച്ചു...

ഇത്തരം മനുഷ്യരുള്ളപ്പോൾ നിങ്ങളെന്തിനാണു മാഷന്മാരേ പേടിക്കുന്നത്?..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top