15 April Monday

ബാലഗോപാലിനെ വ്യക്തിപരമായി അറിയില്ല.. പക്ഷെ എന്റെ സ്കൂളിൽ മൂന്നുനേരം ഭക്ഷണം വിളമ്പുമ്പോൾ ഞാൻ അദ്ദേഹത്തെ ഓർക്കും, ചില നന്മകളോർത്തും നമ്മുടെ കണ്ണ് നിറയില്ലേ... സരീഷ‌് കുറ്റ്യാടി എഴുതുന്നു...

വെബ് ഡെസ്‌ക്‌Updated: Wednesday Mar 20, 2019

സരീഷ‌് കുറ്റ്യാടി

സരീഷ‌് കുറ്റ്യാടി

എനിക്ക് ശ്രീ.കെ. എൻ ബാലഗോപാലിനെ വ്യക്തിപരമായി അറിയില്ല. ഇക്കുറി അദ്ദേഹം കൊല്ലത്തു നിന്ന് ജയിക്കുമോ എന്നും അറിയില്ല. എന്നാൽ വീടുകളിലെ പോലെത്തന്നെ നല്ല രുചിയിലും നിലവാരത്തിലും എന്റെ സ്കൂളിൽ മൂന്നുനേരവും ഭക്ഷണം വിളമ്പുമ്പോൾ ഞാൻ ബാലഗോപാൽ സാറിനെ ഓർക്കും. ഒരു മലയാളി എന്ന നിലക്ക് അഹങ്കരിക്കും. ചില നന്മകളോർത്തും നമ്മളുടെ കണ്ണ് നിറയില്ലേ? ആരുടെ കാലിൽ തറിക്കുന്ന മുള്ളുമെന്നാത്മാവിലാണ് വന്ന് പതിക്കുക എന്നോ മറ്റോ ഒരു കവിതയുണ്ടല്ലോ മലയാളത്തിൽ. ആ ഗുണമുള്ള, ബാലഗോപാലിനെ പോലുള്ളവരുടെ സവിശേഷമായ സാന്നിധ്യം നമ്മളുടെ ലോക്സഭയിൽ ഉണ്ടാവുന്നത് കേവലം കൊല്ലത്തുകാരുടെ ആവശ്യം മാത്രമല്ലെന്ന് എനിക്കുറപ്പുണ്ട്... സരീഷ‌് കുറ്റ്യാടി എഴുതുന്നു....

സൗത്ത് ഗാരോ ഹില്ലിന് കൊല്ലത്തെ തെരഞ്ഞെടുപ്പിൽ എന്ത് കാര്യം?..

ഇന്റർനെറ്റ് സൗകര്യങ്ങളൊന്നും ഇല്ലാത്ത മേഘാലയയിലെ ഒരു ഉൾനാടൻ പ്രദേശമാണ് ഞാൻ ജോലി ചെയ്യുന്ന നവോദയ വിദ്യാലയം സ്ഥിതി ചെയ്യുന്ന സൗത്ത് ഗാരോ ഹിൽസ്. നോർത്ത് ഈസ്റ്റ് ഇന്ത്യയിലെ ഏറ്റവും അവികസിതമായ ജില്ലകളിൽ ഒന്നാണ് ഇപ്പറഞ്ഞ ഗാരോ ഹിൽ പ്രദേശം . സ്വന്തം തലസ്ഥാനമായ ഷില്ലോങ്ങിലേക്ക് പോകാൻ പോലും നേരിട്ട് റോഡില്ലാത്തത്‌ കൊണ്ട് അയൽ സംസ്ഥാനമായ ആസാമിലൂടെയുള്ള റോഡിനെ ആശ്രയിക്കുന്നവരാണ് ഇന്നാട്ടുകാർ . 5 ജില്ലകൾക്കായി ഒരു ലോകസഭാമണ്ഡലമാണ് ഇവിടെയുള്ളത്. തുറ എന്ന പേരിൽ. ഇപ്രാവശ്യം ഇവിടെയും വളരെ ശക്തമായ മത്സരം ഉണ്ടാകുമെന്നാണ് പ്രതീഷിക്കുന്നത്. മേഘാലയയിലെ മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയും മൻമോഹൻ സിംഗിന്റെ രണ്ടാം യു.പി.എ സർക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്ന അഗത സാങ്മയും തമ്മിലുള്ള തുറയിലെ ഇക്കൊല്ലത്തെ മത്സരം കടുക്കും എന്നാണ് എന്റെ സഹപ്രവർത്തകരൊക്കെ പറയുന്നത്.

മലയാളം പത്രം പോയിട്ട് പച്ചമലയാളത്തിൽ രണ്ട് വർത്താനം പറയാൻ ഞാനല്ലാതെ മറ്റൊരു മലയാളി പോലും ഈ പ്രദേശത്തൊന്നും ഇല്ല. ഫോണിന് റേഞ്ച് ആണേൽ വല്ല ആണ്ടിനും സംക്രാന്തിക്കും നോക്കിയാലും മതി. പറഞ്ഞു വന്നത് സംഗതി ഇങ്ങനെ ഒക്കെ ആയോണ്ട് നാട്ടിലെ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ ഒന്നും വലുതായി അറിഞ്ഞിട്ടേ ഇല്ല. ഇന്നിപ്പോ പ്രിന്റർ കാട്രിഡ്ജ്,അത്യാവശ്യം ചില മരുന്നുകൾ ഒക്കെ വാങ്ങാൻ ആയി ഏതാണ്ട് പത്തുനാനൂറു കിലോമീറ്റർ ഞങ്ങടെ ദേശീയ വാഹനമായ ടാറ്റ സുമോയിലും ഓട്ടോറിക്ഷയിലും ഒക്കെ ആയി സഞ്ചരിച്ച് ഗുവാഹത്തിയിൽ വന്നപ്പോഴാണ് കേരളത്തിലെ സ്ഥാനാർഥികളുടെ ലിസ്റ്റ് കണ്ടത്. രണ്ട് പ്രധാന മുന്നണികളിലും മികച്ച സ്ഥാനാർത്ഥികളുണ്ട്. കൂട്ടത്തിൽ ഒരു നവോദയ സ്കൂൾ അധ്യാപകൻ എന്ന നിലയിൽ എന്നെ ഏറ്റവും അധികം സന്തോഷിപ്പിച്ചത് കൊല്ലത്തു നിന്നുള്ള ശ്രീ. കെ എൻ ബാലഗോപാലിന്റെ സ്ഥാനാർഥിത്വമാണ്.


 

എന്തുകൊണ്ടാണ് ഒരു നവോദയ അദ്ധ്യാപകന് ശ്രീ.ബാലഗോപാൽ പ്രിയപ്പെട്ട സ്ഥാനാർത്ഥിയാകുന്നത്?. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ്. കെ എൻ ബാലഗോപാലൻ രാജ്യസഭാ MP ആയിരുന്ന കാലത്ത് ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ നവോദയ വിദ്യാലയംത്തിൽ അദ്ദേഹം എം. പി ഫണ്ട് ഉപയോഗിച്ച് ഒരു കെട്ടിടം അനുവദിച്ചു. അതിന്റെ ഉദ്‌ഘാടനദിവസം അവിടത്തെ കുട്ടികളുമായി സംവദിച്ചപ്പോൾ കെട്ടിടത്തേക്കാൾ വലിയ പരാതി കുട്ടികൾക്ക് മെസ്സിൽ നല്ല ഭക്ഷണം കിട്ടുന്നില്ല എന്നതിനെ പറ്റിയായിരുന്നു. ബാലഗോപാൽ സാർ ആ പരാതി വെറുതേ കേട്ട് ഒഴിവാക്കി വിട്ടില്ല. അന്വേഷിച്ചപ്പോൾ ഒരു കുട്ടിക്ക് വെറും 40 രൂപയാണ് ഒരു ദിവസം അനുവദിക്കുന്ന മെസ്സ് ചിലവ്. എന്താവാനാണ്‌?പിന്നീട് രാജ്യസഭയിൽ നിരന്തരമായി ഈ വിഷയം അദ്ദേഹം അവതരിപ്പിക്കുകയും വിഷയം മറ്റ് എംപി മാരുടെ കൂടെ സഹായത്തോടെ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും സാധിച്ചു.1986 ഇൽ രാജീവ് ഗാന്ധി സർക്കാർ ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ പാവപ്പെട്ട കുടുംബത്തിലെ മിടുക്കരായ വിദ്യാർത്ഥികൾക് ഏറ്റവും നിലവാരത്തിലുള്ള വിദ്യാഭ്യസം നൽകുന്നതിന് വേണ്ടിയാണ് നവോദയ സ്‌കൂളുകൾ സ്ഥാപിച്ചത്. പക്ഷെ പിന്നീട് നവോദയ സ്കൂളുകൾക്ക് വേണ്ടത്ര ശ്രദ്ധ പൊതുവെ ആരും നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ വിദ്യാലയങ്ങളുടെ വികസനം വേണ്ടത്ര കാര്യക്ഷമമായി നടന്നിരുന്നില്ല .ഒരു രാജ്യസഭാ എംപി എന്ന നിലയിൽ കെ എൻ ബാലഗോപാൽന്റെ ഇടപെടലുകൾക്ക് വലിയ ഫലമാണ് ഉണ്ടായത്. വർഷങ്ങളോളും വർദ്ധിപ്പിക്കാതിരുന്ന നവോദയ വിദ്യാലയങ്ങൾക്കുള്ള ഗ്രാന്റ് സർക്കാർ വർധിപ്പിച്ചു. പ്രതിദിന മെസ്സ് അലവൻസ് ഗണ്യമായി വർധിച്ചു. അതിന്റെ ഫലം ലഭിച്ചത് കൊല്ലം നവോദയയിലെ വിദ്യാർത്ഥികൾക്കു മാത്രമായിരുന്നില്ല, കൊല്ലത്തുനിന്ന് ഏകദേശം മൂവായിരം കിലോമീറ്റർ ദൂരത്തുള്ള ഞാൻ ജോലിചെയ്യുന്ന മേഘാലയയിലെ ഈ കുഞ്ഞുങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ 590 നവോദയ സ്കൂളിലെയും പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ്. ഒരു റസിഡൻഷ്യൽ സ്കൂൾ ആയതിനാൽ 500 പരം വിദ്യാർഥികൾക്ക് വീടുപോലെയാണ് ക്യാംപസ്. രക്ഷിതാക്കളെപ്പോലെഅവർക്ക് ഞങ്ങളും. എനിക്ക് ശ്രീ.കെ. എൻ ബാലഗോപാലിനെ വ്യക്തിപരമായി അറിയില്ല. ഇക്കുറി അദ്ദേഹം കൊല്ലത്തു നിന്ന് ജയിക്കുമോ എന്നും അറിയില്ല. എന്നാൽ വീടുകളിലെ പോലെത്തന്നെ നല്ല രുചിയിലും നിലവാരത്തിലും എന്റെ സ്കൂളിൽ മൂന്നുനേരവും ഭക്ഷണം വിളമ്പുമ്പോൾ ഞാൻ ബാലഗോപാൽ സാറിനെ ഓർക്കും. ഒരു മലയാളി എന്ന നിലക്ക് അഹങ്കരിക്കും. ചില നന്മകളോർത്തും നമ്മളുടെ കണ്ണ് നിറയില്ലേ? ആരുടെ കാലിൽ തറിക്കുന്ന മുള്ളുമെന്നാത്മാവിലാണ് വന്ന് പതിക്കുക എന്നോ മറ്റോ ഒരു കവിതയുണ്ടല്ലോ മലയാളത്തിൽ. ആ ഗുണമുള്ള, ബാലഗോപാലിനെ പോലുള്ളവരുടെ സവിശേഷമായ സാന്നിധ്യം നമ്മളുടെ ലോക്സഭയിൽ ഉണ്ടാവുന്നത് കേവലം കൊല്ലത്തുകാരുടെ ആവശ്യം മാത്രമല്ലെന്ന് എനിക്കുറപ്പുണ്ട്. അത്രക്ക് പ്രാർത്ഥനകൾ ഈ വിദൂരദേശത്തു നിന്ന് പോലും അദ്ദേഹത്തിന് ഒപ്പമുണ്ട്. ഈ കുട്ടികൾക്ക് വേണ്ടി ഞാൻ കൂടി ആശംസകൾ പങ്കുവെക്കുന്നു..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top