23 April Tuesday

ഓക്സിജനും കിടക്കകളും കിട്ടാതെ മരിക്കുന്നവരുടെ മരണ സർട്ടിഫിക്കറ്റിലും കൂടെ വേണ്ടേ ആ ചിത്രം ?... സന്തോഷ്‌ പാലി എഴുതുന്നു

സന്തോഷ്‌ പാലിUpdated: Saturday May 29, 2021

സന്തോഷ്‌ പാലി

സന്തോഷ്‌ പാലി

"എത്ര ക്രൂരമായ ഗവെർണൻസ്  തമാശ അല്ലെ ?  വാക്സിന്‍ എവിടെ തികയാൻ ? ഐ സി എമ്മറും ഭാരത് ബയോ ടെക്കും ചേർന്ന് കോ വാക്സിൻ നിർമിച്ചുവെങ്കിലും സമയത്തിനു  ഓർഡർ കൊടുത്തില്ല  . പകരം മറ്റു രാജ്യങ്ങളിലേക്ക് കയറ്റിയയച്ചു വീമ്പു കാണിച്ചു . നമ്മുടെ ആവശ്യത്തിന് , എന്തിനു അത്യാവശ്യത്തിനു പോലും സാധനമില്ല. ലോകത്തിലെ അഞ്ചാം സാമ്പത്തിക ശക്തിക്ക് കസാഖിസ്ഥാനിൽ  നിന്നും വാക്‌സിൻ വാങ്ങേണ്ട അവസ്ഥ.''- പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ സന്തോഷ്‌ പാലി എഴുതുന്നു

 
രോട് പറയാൻ... ആര് കേൾക്കാൻ ! അങ്ങനെ തന്നെയാണ് ഞാൻ എഴുതി തുടങ്ങുന്നത് !
ഒരാഴ്ചയിലധികമായി മകന്റെ കമ്പ്യൂട്ടർ സ്‌ക്രീനിൽ തലമുണ്ഡനം ചെയ്ത അവന്റെ സുഹൃത്തിന്റെ മുഖം നിറഞ്ഞു നിൽക്കുന്നു. ചിലപ്പോഴൊക്കെ ആ സ്‌ക്രീനിൽ അഞ്ചു വയസ്സ് മാത്രമുള്ള ആ സുഹൃത്തിന്റെ അനിയത്തി കളിപ്പാട്ടങ്ങളുമായി കളിക്കുന്നതും കാണാം. അവന്റെ പേര്  'ഹാർദ് ' എന്നാണ്.
 
ഖത്തറിൽ മകന്റെ സ്കൂളിലെ ഉറ്റ ചങ്ങാതിയായിരുന്നു. ഒരു മാസത്തിനു മുൻപാണ് അവനും കുടുംബവും നാട്ടിലേക്ക് തിരിച്ചത്. കോവിഡ് അവന്റെ  അച്ഛന്റെ ജീവൻ അപഹരിച്ചതിനു ശേഷം അവൻ ഗുജറാത്തിൽ അവന്റെ  മുറിയ്ക്കുള്ളിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല ! ചിതാഭസ്മ നിമജ്ജന ദിനം അവൻ ഉറക്കെയുറക്കെ കരയുന്നതു സ്‌ക്രീനിലൂടെ എനിക്ക് കാണാമായിരുന്നു. അവൻ ഇപ്പോഴും സംസാരിക്കുന്നതു എന്റെ മകനോട് മാത്രമാണ്. വെറുതെ കാമറ ഓൺ ചെയ്തിട്ടിരിക്കും. ആരോ അവന്റെ കൂടെയുണ്ടെന്ന തോന്നലുളവാക്കാൻ...!
 
എത്രയെത്ര കുഞ്ഞുങ്ങൾക്കാണ് അച്ഛനെയും അമ്മയെയുമൊക്കെ നഷ്ടപ്പെട്ടത്. മക്കളെ നഷ്ടപ്പെട്ടവർ , കൂടപ്പിറപ്പുകളെയും, ബന്ധുക്കളെയും നഷ്ടപ്പെട്ടവർ ...ഉത്തരേന്ത്യൻ ശ്മാശാനങ്ങളിൽ മൃതദേഹങ്ങളുമായി വരിയിൽ നിലിക്കുന്നവർ. ഇന്ത്യയെന്ന നൈജീരിയൻ ഗംഗയിൽ ഒഴുകി നടക്കുന്ന ശരീരങ്ങൾ . കിടക്കകളില്ലാത്ത ആശുപത്രികൾ ,കിടപ്പാടങ്ങൾ അന്യമായിപ്പോയവർ...!  ആവശ്യത്തിന് വാക്സിനുകളില്ലാതെ മരണ വ്യാപാരങ്ങൾക്കു ആക്കം കൂട്ടുന്ന നിസ്സംഗതയ്ക്ക് മുന്നിൽ നിശബ്ദമാക്കപ്പെടുന്ന നിലവിളികൾ !
ദിനം പ്രതി മരിക്കുന്ന നാലായിരത്തി അഞ്ഞൂറോളം ആളുകളിൽ നമുക്ക് ചുറ്റും മാത്രം എത്രയധികം ആളുകൾ ?
 
ഭരണത്തിലേറി ഏഴു വർഷങ്ങൾ കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിൽ അമ്പേ പരാജയപ്പെട്ടു തെറ്റുകളെ തിരുത്താതെ തീവ്ര ദേശീയതയെ ആഘോഷിച്ചു  കുത്തഴിഞ്ഞ പുസ്തകം പോലെ ഒരു രാഷ്ട്രം
തളർന്നു പോകുന്ന കാഴ്‌ച.. രാഷ്ട്രാധിപൻ കരയുകയാണ്.
 
മിനിമം ഗവണ്മെന്റ് മാക്സിമം ഗവെർണൻസ്.... ഭരണത്തിലേറുമ്പോൾ അതായിരുന്നു ആപ്തവാക്യം.
ഔട്ട് ലുക്ക് മാസിക കവർ പേജിൽ ഒരു ചിത്രം നൽകി 'കേന്ദ്ര ഗവൺമെന്റിനെ കാണാനില്ല '. കണ്ടു കിട്ടുന്നവർ ഇന്ത്യയിലെ ജനങ്ങളെ അറിയിക്കുക. പരാജയപ്പെട്ട ഒരു സ്റ്റേറ്റിന്റെ അതിദാരുണാവസ്ഥയുടെ ദൃശ്യാവിഷ്‌കാരം.
കോവിഡിന്റെ രണ്ടാം തരംഗം മുൻകൂട്ടി അറിയാൻ കഴിഞ്ഞില്ല ! ആവശ്യം വേണ്ട വാക്സിനുകൾ ഓർഡർ ചെയ്യാൻ കഴിഞ്ഞില്ല.  രാജ്യത്തിന്റെ അത്യാസന്ന നിലയിൽ പ്രതിച്ഛായ വർധിപ്പിക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം .
മഹാഭാരത യുദ്ധവുമായുള്ള തുലനം , മൻ കി ബാത് , കൈയ്യടിക്കൽ , പാത്രം കൊട്ടൽ, വിളക്ക് കൊളുത്തൽ !
 
ഫെബ്രുവരിയിൽ ആദ്യ തരംഗം കുറഞ്ഞു . നവംബറിൽ തന്നെ രണ്ടാം തരംഗം ഉണ്ടാകുമെന്നു ലോകം മുഴുവൻ റിപ്പോർട്ട് ചെയ്തു.  
എല്ലാവരും മുൻകൈ എടുത്തു. നമ്മളോ ? ലോകത്തിന്റെ ഔഷധ ശാലയാണ് നമ്മളെന്നും വീമ്പു പറഞ്ഞു നടന്നു .
അറിയണോ നമ്മൾ കൊടുത്ത പ്രീ  ഓർഡർ ? വെറും നൂറ്റി പത്തു മില്യൺ മാത്രം . ജനസംഖ്യയുടെ ചെറിയൊരു ശതമാനം മാത്രമായിരുന്നു അത് .
അമേരിക്ക : 1 . 2 ബില്യൺ , (40.4 ശതമാനം മുഴുവനായും വാക്‌സിനേഷൻ കഴിഞ്ഞു )
യൂറോപ്യൻ യൂണിയൻ : 1 .36 ബില്യൺ . യു.കെ : 500 മില്യൺ (36 .1 ശതമാനം വാക്‌സിനേഷൻ കഴിഞ്ഞു ) ജനസംഖ്യയെ താരതമ്യം ചെയ്യേണ്ടതില്ല . വലിയൊരു  യജ്ഞമാണ് എല്ലാം സമ്മതിക്കുന്നു . 
പക്ഷെ വാക്സിൻ എവിടെ ? 
എന്തിനു ബ്രസീൽ പോലും നൽകിയ ഓർഡർ കേൾക്കണോ? 230 മില്യൺ. (10 .2 ശതമാനം കഴിഞ്ഞു )
 
എത്ര ക്രൂരമായ ഗവെർണൻസ്  തമാശ അല്ലെ ?  എവിടെ തികയാൻ ? ഐ സി എമ്മറും ഭാരത് ബയോ ടെക്കും ചേർന്ന് കോ വാക്സിൻ നിർമിച്ചുവെങ്കിലും സമയത്തിനു  ഓർഡർ കൊടുത്തില്ല  . പകരം മറ്റു രാജ്യങ്ങളിലേക്ക് കയറ്റിയയച്ചു വീമ്പു കാണിച്ചു . നമ്മുടെ ആവശ്യത്തിന് എന്തിനു അത്യാവശ്യത്തിനു പോലും സാധനമില്ല. ലോകത്തിലെ അഞ്ചാം സാമ്പത്തിക ശക്തിക്ക് കസാഖിസ്ഥാനിൽ  നിന്നും വാക്‌സിൻ വാങ്ങേണ്ട അവസ്ഥ.
 
ലോകം മുഴുവൻ ഫലപ്രദമായി ഉപയോഗിക്കുന്ന ഫൈസർ കമ്പനിയെ പരിഹസിച്ചു പറഞ്ഞയച്ചു .ജനുവരിയിൽ അപേക്ഷ നൽകിയ അവരെ ശീതീകരണത്തിന്റെ കാരണവും പറഞ്ഞു തിരിച്ചയച്ചു  ആളുകൾ മരിക്കുമ്പോഴും ദുരഭിമാനവും ദേശീയതയും വിട്ടു കളിയില്ല . ഇപ്പോൾ വിദേശ കാര്യമന്ത്രി അമേരിക്കയിൽ പോയി അവരോടു കെഞ്ചുന്ന അവസ്ഥയിലാണ്. സിറം ഇൻസ്റ്റിറ്റ്യൂട്ട്  അവരുടെ റിസ്കിൽ സ്റ്റോക്ക് ചെയ്തു വെച്ചെങ്കിലും നടപടിയായില്ല. കോവിഷീൽഡിന് ധാരണ പ്രകാരം മുഴുവനായും ഇന്ത്യക്കു വേണ്ടി ഉത്പാദിപ്പിക്കാനുമാകില്ല .  വാക്‌സിനേഷന്റെ ദേശീയ തലത്തിലുള്ള ഇപ്പോഴത്തെ സ്റ്റാറ്റസ് അറിയണോ ?
ഒരു ഡോസ് എടുത്തവർ വെറും 11 ശതമാനം . രണ്ടു ഡോസ് എടുത്തവർ 3  ശതമാനം മാത്രം.

ജനതയുടെ അവകാശമായ വാക്‌സിൻ നാല്പത്തഞ്ചു വയസ്സിനു മുകളിലുള്ളവർക്കും , മുൻനിര പോരാളികൾക്കുമായി ഒതുക്കുകയും , പോളിസി പ്രകാരം പതിനെട്ടു മുതൽ നാല്പത്തഞ്ചു വയസ്സ് വരെ കൊടുക്കാനുള്ളവർക്കു ഈ വൈകിയ വേളയിൽ സംസ്ഥാന സർക്കാരുകൾ വഹിക്കണം എന്നും പറയുന്നു. എന്നാലോ സംസ്ഥാന സർക്കാരിന് മുൻ നിര കമ്പനികളിൽ നിന്ന്  നേരിട്ട് ഇറക്കുമതി ചെയ്യാനോ വാങ്ങാനോ അവർ സമ്മതിക്കുന്നുമില്ല . ഇനി അഥവാ വാങ്ങിയാൽ തന്നെ വാക്‌സിനേറ്റ ചെയ്തവരുടെ സർട്ടിഫിക്കറ്റിൽ അദ്ദേഹത്തിന്റെ  പുഞ്ചിരിക്കുന്ന പടവും ഉണ്ടാകും. എന്തൊരു ഇരട്ടത്താപ്പുള്ള പ്രതിച്ഛായ തന്ത്രമാണിത് ? ഓക്സിജൻ കിട്ടാതെ മരിക്കുന്നവരുടെ, സമയത്തിനു വാക്‌സിനേഷൻ ലഭിക്കാതെ, വെന്റിലേറ്റർ ഇല്ലാതെ   കിടക്കകൾ കിട്ടാതെ മരിക്കുന്നവരുടെ മരണ സർട്ടിഫിക്കറ്റിലും കൂടെ വേണ്ടതല്ലേ ആ ചിത്രം ? ലേശം ... ഉളുപ്പ് ? 
 
യുദ്ധവും , പകർച്ചവ്യാധിയും പോലെ ഗൗരവതരമായ    നാലായിരത്തി അഞ്ഞൂറോളം ആളുകൾ ദിനവും മരിക്കുന്ന ഈ യുദ്ധ സമാനമായ  അവസ്ഥ പരിഹരിക്കാൻ മുൻകൈ എടുക്കേണ്ടത് യൂണിയൻ ഗവൺമെന്റല്ലേ ? അല്ലാതെ കേന്ദ്ര ഗവർമെന്റ് ചെറിയ വിലകൊടുത്തു വാങ്ങുന്ന വാക്സിൻ സംസ്ഥാന ഗവൺമെന്റ് അതിലും കൂടുതൽ കാശ് കൊടുത്ത് വാങ്ങിപ്പിക്കുന്നതൊക്കെ അതും ഈ സമയത്ത്... ? പ്രൈസിങ് പോളിസി എന്നതൊക്കെ ഇത്തിരി വകതിരിവോടെ വേണ്ടേ ?
 
ഇനി മറ്റൊരു കാര്യമറിയാമോ മരണ സർട്ടിഫിക്കറ്റുകളിൽ കോവിഡ് മൂലമല്ല പലരും മരിക്കുന്നത്. ഹൃദയ സ്തംഭനം , ന്യുമോണിയ തുടങ്ങിയ പകരക്കാരെ തയ്യാറാക്കി വെച്ചിരിക്കുന്നു. അതായത് അവരാരും സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം മരിച്ചവരല്ല. കോവിഡ് ഒരു മഹാമാരിയാണെന്നും അത് ലോകം മുഴുവൻ നാശം വിതച്ചിട്ടുണ്ടെന്നും ഇന്ത്യയും ഒരു അപവാദമല്ല എന്നൊക്കെ പറഞ്ഞു സമാധാനിച്ചിരുന്ന നമ്മൾക്ക് മുന്നിൽ ഇപ്പോൾ ഇന്ത്യ മാത്രമാണ് 'ഒരപവാദം ' എന്ന നിലയ്ക്ക് കാര്യങ്ങൾ എത്തിയത് എങ്ങനെയാണ് ?

നമുക്ക് കണക്കുകൾ കൊണ്ട് സംസാരിക്കാം . അവിടെ സ്പർദ്ധയുടെയോ രാഷ്ട്രീയ വൈരത്തിന്റെയോ
ആവശ്യമില്ലല്ലോ ? മൂന്നര ലക്ഷത്തിലധികം ആളുകൾ മരിച്ചു കഴിഞ്ഞു. ഇനിയും മരിക്കാൻ സമ്മതിക്കണോ ?
ഒരു ജനതയുടെ ഭരണാധിപൻ ആ അന്തരീക്ഷത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കുമെന്ന ഒരു സധൈര്യ സന്ദേശം നൽകി എല്ലാവരും വാക്‌സിനേഷൻ നടത്തി സുരക്ഷിതരായി മരണ നിരക്ക് കുറയ്‌ക്കേണ്ടതാണെന്നും , ഹെഡ് ഇമ്മ്യുണിറ്റി കൂട്ടേണ്ടതാണെന്നുമുള്ള ആഹ്വാനമല്ലേ നടത്തേണ്ടിയിരുന്നത് ? അല്ലാതെ ദുർബലതയുടെ ശരീര ഭാഷയുമായി കരയുകയാണോ ചെയ്യേണ്ടിയിരുന്നത് ?
 
ഇവിടെയാണ് ലോക മാധ്യമങ്ങളടക്കം ഇന്ത്യയുടെ ദൗർബല്യത്തെയും കേന്ദ്ര സർക്കാരിനെയും കുറിച്ചെഴുതുന്നത്.
ഒരു കാലത്തു അൻപത്തിരണ്ടിഞ്ചു നെഞ്ചിന്റെ വലുപ്പമെഴുതിയ അതെ മാധ്യമങ്ങൾ തന്നെ!  ഏഴു വർഷം കൊണ്ട് നേടിയ പൊളിറ്റിക്കൽ ക്യാപ്പിറ്റലിന്റെ അപദാനങ്ങൾ ഇനി അവർക്കു പാടാനാവില്ലല്ലോ !
 
നിരാശാജനകമായ ആ പ്രകടനത്തെ അദ്ദേഹത്തിന്റെ സ്തുതിപാഠകർക്കു പോലും സമ്മതിക്കാനാവില്ല .
അതെ ഇന്ത്യയിൽ ഒരു സർക്കാരില്ല എന്നും .. ഭരണ യന്ത്രം ചലിക്കേണ്ട അവശ്യ സന്ദർഭത്തിൽ സാരഥിയുടെ തിരോധാനം പോലെ.  തിരഞ്ഞെടുപ്പിനിടയിൽ അങ്ങ് ബംഗാളിൽ നടത്തിയ മാരത്തോൺ സന്ദർശനങ്ങൾക്കിടയിൽ
കൈവിട്ടു പോയ ഒരു വലിയ ജനതയുടെ പ്രതീക്ഷകളെ ആരാണിനി തിരികെ കൊണ്ട് വരുന്നത് ?

ആദ്യ ഘട്ടത്തിലെ തീവ്രമായ ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ കണ്ടപ്പോൾ തോന്നി വലിയ തയ്യാറെടുപ്പുകൾക്കാണെന്ന്.. അല്ലെന്നു മനസ്സിലാകുന്നത് ഈ കുറിപ്പെഴുതുന്നതിനിടയിൽ ഓരോ മിനിട്ടിലും 'ഔദ്യോഗികമായി' മരിക്കുന്ന ആളുകളുടെ സ്പന്ദന രാഹിത്യത്തെ ഞങ്ങളുടെ സ്പന്ദനമായി ഏറ്റെടുക്കുമ്പോഴാണ്.
 
പ്ലാനിംഗ് ഇല്ലായ്മയുടെ ദുരന്തമുഖമെത്തുമ്പോൾ സംസ്ഥാന സർക്കാരിന്റെ ചുമലുകളിൽ ഏൽപ്പിക്കുന്ന ഈ കൈകഴുകൽ എന്ത് കൊണ്ടും കോവിഡ് പ്രോട്ടോകോളിൽ ആവശ്യം വേണ്ട പ്രക്രിയ തന്നെ.
 
ചില ദേശീയ നേതാക്കളും മന്ത്രിമാരും വരെ വാക്സിനേഷന് പകരം പരമ്പരാഗത ചികിത്സയെ പ്രൊമോട്ട് ചെയ്തു. ചിലയിടങ്ങളിൽ പശുവിന്റെ ചാണകവും മൂത്രവും കോവിഡിനെ പ്രതിരോധിക്കാൻ ശ്രമിച്ചു.  ചാണകത്തിനു കോവിഡിനെ ചെറുക്കാനാവില്ല എന്നെഴുതിയ മണിപ്പൂരിലെ കിഷോർ ചന്ദ്ര വൻഗ്വേ എന്ന പത്ര പ്രവർത്തകനെ ദേശീയ സുരക്ഷാ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. ഫ്രീഡം ഹോസ് എഴുതി : ഇന്ത്യയിൽ  പാർഷ്യൽ ഡെമോക്രസി എന്നും ഇലക്ടറൽ ഓട്ടോക്രസി എന്നും . അതെ ലോകത്തിനു മുന്നിൽ മാധ്യമ സ്വാതന്ത്ര്യത്തിന്റെ ഇൻഡക്സിൽ ഇന്ത്യ നൂറ്റി നാല്പത്തിരണ്ടാമതാണ് ! അതെ  ആരും ശബ്ദമുണ്ടാക്കരുത് ! ഒന്നും പുറത്തറിയരുത്.
 
ഒരു സർക്കാർ വിരുദ്ധ പോസ്റ്റ് മാത്രമായി ഇതിനെ കാണുന്നവരുണ്ടാകും ! അങ്ങനെയെങ്കിൽ മുകളിലെ വരിയോട് കൂടി തന്നെ എനിക്കിതു നിർത്താമായിരുന്നു. മറിച്ച് രാഷ്ട്രം അഭിമുഖീകരിക്കുന്ന ഈ കെടുകാര്യസ്ഥതയെ ഇനിയെങ്കിലും നേരിടേണ്ടതെങ്ങനെ എന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നുണ്ട്.
 
എ )കേന്ദ്ര ഗവൺമെന്റ് തന്നെ വാക്‌സിനേഷൻ സംഭരിക്കുന്നതിന്റെ  മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുക്കണം.
വാക്‌സിൻ സംഭരണം ധ്രുതഗതിയിലാക്കണം.സമീപഭാവിയിൽ എത്തുന്ന കൂടുതൽ ലോട്ട് ജൂൺ ആദ്യവാരത്തിൽ അപ്പോളോ ഗ്രൂപ്പ്   റഷ്യയിൽ നിന്നെത്തിക്കുന്ന  സ്പുട്നിക്കിന്റേതാണ് (1195 രൂപ സ്വകാര്യ മേഖല ).സെറം ഇൻസ്റ്റിറ്റിയൂട്ടിന്റെ കോവിഷിൽഡും,
 ഭാരത് ബയോട്ടിക്കിന്റെ  കോവാക്സിനും ആവശ്യാനുസരണം മൂന്നാം തരംഗം വരേയ്ക്കും മുന്നിൽ കണ്ടു കൊണ്ട്  ധ്രുതഗതിയിൽ അരക്കിപ്പിടിച്ചു ഓർഡർ ചെയ്യാതെ സുലഭമായി  ലഭ്യമാക്കാനുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള തീരുമാനങ്ങൾ എടുക്കണം.
 
ബി )വാക്‌സിനേഷനുള്ള ബഡ്ജറ്റ് അലോക്കേഷൻ കൂട്ടണം . അലൊക്കേറ്റ് ചെയ്ത ബഡ്ജറ്റിലുള്ള  മൊത്തം 350000 കോടി സംസ്ഥാനങ്ങൾക്ക് ലോണായും ഗ്രാന്റായുമൊക്കെ  അനുവദിക്കുകയും സംസ്ഥാന വിഹിതമായുമാണ് പ്രൊജക്റ്റ് ചെയ്തിരിക്കുന്നത്. കേന്ദ്രത്തിന്റെ പ്രൊവിഷൻ പൂജ്യമാണ്. GST യും പെട്രോളിന്റെ ടാക്സുമൊക്കെയായി കേന്ദ്ര ഗവർമെന്റ്  ഉണ്ടാക്കിയ കാശിൽ വാക്‌സിന് വേണ്ടി നൽകാൻ ഒന്നുമില്ല. ജിഡിപിയുടെ അഞ്ചു ശതമാനം പോലും    ‘മരുന്നിനു പോലും ‘തികയില്ല എന്ന പ്രയോഗത്തെ അന്വർത്ഥമാക്കുന്നതാണ്
 
സി) ഡാറ്റകൾ സുതാര്യമാക്കണം . സർക്കാരിന്റെ സ്തുതിപാഠകരെ നിയമിച്ചു കള്ളക്കണക്കുകൾ കാണിക്കരുത് . മരണകാരണവും സംഖ്യകളും കൃത്യമായി തന്നെ കാണിക്കണം. സത്യസന്ധരായ ഉദ്യോഗസ്ഥരെ നിയമിക്കണം . മരണ സർട്ടിഫിക്കറ്റിൽ സത്യമെഴുതണം .
 
ഡി) ഒരു രാജ്യത്തും കാണാത്ത വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ ഭരണാധികാരിയുടെ പടമുള്ള പ്രതിച്ഛായ നന്നാക്കൽ എന്ന പരിഹാസാത്മക പ്രക്രിയ ഒഴിവാക്കണം. അങ്ങനെയൊന്നില്ല ഇപ്പോൾ എന്ന സാമാന്യ ബോധം ഉണ്ടാകണം.
 
ഇ)വാക്‌സിൻ എടുക്കാൻ കടുത്ത  വിമുഖത കാണിക്കുന്ന പ്രദേശങ്ങളിലെ  ആളുകളെ ആകർഷിക്കുന്ന എന്തെങ്കിലുമൊക്കെ സമ്മാനങ്ങൾ നൽകുക. കൂടുതൽ ആളുകളെ ആകർഷിക്കുക. അമേരിക്കയിലെ ചിലയിടങ്ങളിൽ ഈ മാർഗം അവലംബിക്കുണ്ട്.
 
എഫ്)  വാക്‌സിനേഷൻ മേഖലയിലെ ഡിജിറ്റൽ ഡിവൈഡ് എന്ന വ്യത്യാസം പൂർണമായും ഇല്ലാതാക്കുക. ഗ്രാമങ്ങളിലും മറ്റും ഓൺ ലൈൻ ലൂടെ രജിസ്റ്റർ ചെയ്യാനറിയാത്തവരുണ്ട്. ഏറ്റവുമധികം ഇന്റർനെറ്റ് പെനെട്രേഷൻ ഉള്ള കേരളത്തിൽ തന്നെ ഈ പ്രശ്നം വ്യാപകമാണ്. ഈ കാലത്തു അക്ഷയ സെന്ററിൽ പോയി വരി നിൽക്കാനൊന്നും ആളുകൾ തയ്യാറാവില്ല. പകരം മറ്റു വാക്‌സിനുകൾക്കു അവലംബിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രം, സബ്‌സെന്റർ  എന്നീ രീതികളിലേക്കോ . മെഗാ വാക്‌സിൻ സെന്ററുകളിലേക്കുള്ള വാക് ഇൻ സൗകര്യമോ സൃഷ്ട്ടിക്കുക.
 
ജി )തരംഗങ്ങളെ മുൻകൂട്ടി കണ്ടു കൊണ്ടുള്ള പൊതുകാര്യ നയം /സെനാരിയോ ബിൽഡിംഗ്  (ഉദാഹരണം ഓഗസ്റ്റിൽ മുൻകൂട്ടി കാണാൻ കഴിയാതെ പോയത് ) രൂപീകരിക്കേണ്ടതാണ്.
 
എഫ് ) ഹെർഡ്‌ ഇമ്മ്യുണിറ്റി കൂട്ടുകയും , മരണ നിരക്ക് കുറയ്ക്കുകയും ചെയ്യുക .അഗ്രസീവ്‌ ആയ വാക്‌സിനേഷൻ മാത്രമാണ് ആശ്രയം. ഗവേര്ണൻസ് ന്റെ ഒരു കളക്ടീവ് എഫർട്ടും പറ്റാവുന്നത്ര ഫോഴ്സ് ഉം ഇതിനു വേണ്ടി ഉപയോഗിക്കുക ഇപ്പോഴത്തെ മുൻഗണന അതാണ് . അല്ലാതെ അതിവൈകാരികതയും ദേശീയതയും , ദേശ സുരക്ഷയും എന്നൊക്കെ പറഞ്ഞു ആളുകളുടെ കണ്ണിൽ ഈ കാലത്തു വെറുതെ  പൊടിയിടാതിരിക്കുക.
 
കോവിഡ് രണ്ടാം തരംഗം മുൻകൂട്ടി കാണുന്നതിലും , വലിയൊരു ജനതതിയെ സമയബന്ധിതമായി വാക്‌സിനെറ്റ് ചെയ്യിക്കുന്നതിലും , വാക്സിനുകൾ വാങ്ങുന്നതിലും , കരുതുന്നതിലും   പൂർണമായും പരാജിതമായ ഒരു ഫെഡറൽ സംവിധാനത്തിന്റെ നയ രൂപീകരണങ്ങളുടെ സൈന്യാധിപന്റെ  തെറ്റുകളെ ന്യായീകരിച്ചോളൂ  ,തെറ്റുകൾ ചൂണ്ടികാണിക്കുന്നവരുടെ അച്ഛനും അമ്മയ്ക്കും വിളിച്ചു സംപൂജ്യരാവുന്ന ആ ശുഷ്‌കാന്തി  തുടർന്നോളൂ .
പക്ഷെ സത്യത്തിന്റെ മുഖം അതിവികൃതമാണ് ! 
 
എന്തിനെഴുതുന്നു എന്ന ചോദ്യമുണ്ടാകുമല്ലേ ? ഇന്നലെകളുടെ സ്കൂൾ മൈതാനങ്ങളിൽ നട്ടപ്പൊരിവെയിലത്തു ഒരുപാട് കുട്ടികൾക്ക് ചൊല്ലിക്കേൾപ്പിച്ച ഒരു പ്രാർത്ഥനയുണ്ട് ! അതിങ്ങനെ ഇടയ്ക്കിടക്ക് ഗദ്ഗദമായി തൊണ്ടയിലുടക്കുന്നു …
 
“ഇന്ത്യ എന്റെ രാജ്യമാണ് “ !

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top