26 April Friday

ഏച്ചിക്കാനത്തിന്റെ നെഞ്ചത്ത്, അല്ലെങ്കില്‍ നെറ്റ്ദേശീയതയുടെ പുറത്ത്

എം ജെ ശ്രീചിത്രന്‍Updated: Friday Feb 17, 2017
അപ്പൊഴാകെമൊത്തംടോട്ടല്‍ പറഞ്ഞുവന്നതെന്തെന്നാല്‍, എച്ചിക്കാനം അയാള്‍ക്കറിയാവുന്ന
കാര്യങ്ങള്‍ വല്ലതും പറഞ്ഞാല്‍ കേള്‍ക്കാം. അറിയാത്ത കാര്യങ്ങളില്‍ ബുദ്ധി വിളമ്പുന്ന പൊതുകേരളസാംസ്കാരിക പ്രവര്‍ത്തകരുടെ പരിപാടി കാണിക്കുമ്പോള്‍ ചിരിച്ചുതള്ളാം. അതല്ലാതെ സോഷ്യല്‍ മീഡിയ ഞങ്ങടെ ചങ്കാണ് മുത്താണ് എന്നൊക്കെ തുള്ളല്‍പ്പനി പിടിക്കേണ്ട കാര്യം നിലവിലില്ല എം ജെ ശ്രീചിത്രന്‍ എഴുതുന്നു

സന്തോഷ് ഏച്ചിക്കാനത്തിന്റെ സോഷ്യല്‍ മീഡിയക്കെതിരായ പരാമര്‍ശത്തെപ്പറ്റിയുള്ള സര്‍പ്പം തുള്ളല്‍, പൂരപ്പാട്ട്, മേനോക്കിനാടകം തുടങ്ങിയ സോഷ്യല്‍ മീഡിയാ കലാരൂപങ്ങളുടെ കാറ്റും പൊടിയും ഏതാണ്ടടങ്ങി എന്നു കരുതുന്നു. ആ നിലക്ക് ചിലതു പറയട്ടെ:

1) സോഷ്യല്‍ മീഡിയക്കെതിരെ ആരെങ്കിലും പറഞ്ഞാലുടനേ ചോര നമുക്കു ഞെരമ്പുകളില്‍ തിളയ്ക്കുന്നത് നെറ്റുദേശത്തിന്റെ പേരിലുള്ള നവദേശീയതാബോധം ആണ്. നേര്‍ദേശത്തിന്റെ ദേശീയതാബോധം ഉല്‍പ്പാദിപ്പിക്കപ്പെടുന്നതിനു രാഷ്ടീയകാരണങ്ങളുള്ള പോലെത്തന്നെ നെറ്റുദേശത്തിന്റെ ദേശീയതാബോധം നിര്‍മ്മിക്കപ്പെടുന്നതിനും രാഷ്ടീയകാരണങ്ങളുണ്ട്. വിപണി തരുന്ന നിശ്ചിത വെര്‍ച്വല്‍ സ്ഥലരാശി ഒരു പ്രത്യേകദേശമാണെന്നും ഞങ്ങളീ ദേശത്തിന്റെ ഉടയോരോ കാവല്‍ക്കാരോ ആണെന്നും ഉള്ള ബോധമാണ് ഈ നെറ്റുലകദേശീയതയെ നിര്‍മ്മിച്ചെടുക്കുന്നത്. സോഷ്യല്‍ മീഡിയയെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ എന്ന ഹിസ്റ്റീരിയയൊന്നും ഇക്കാര്യത്തില്‍ ആവശ്യമേയില്ല.

2) ശരിയാണ്, എച്ചിക്കാനം പറഞ്ഞത് അര്‍ത്ഥശൂന്യമാണ്. താനുള്‍പ്പെടാത്ത ഏതു ലോകവും അതിദരിദ്രമെന്നും അപരിഷ്കൃതമെന്നും തോന്നുന്ന ദരിദ്രമനുഷ്യബോധം മാത്രമാണത്. പക്ഷേ അതിനര്‍ത്ഥം സോഷ്യല്‍ മീഡിയയ്ക്ക് സ്തുതിഗീതരചനകള്‍ ആവശ്യമുണ്ട് എന്നല്ല. ശാസ്ത്രനിന്ദയുടെയും ശാസ്ത്രവന്ദനത്തിന്റെയും കാര്യം പോലെയാണത്. നിങ്ങള്‍ സയന്‍സിനെ നിന്ദിച്ചതുകൊണ്ട് സയന്‍സിനൊന്നുമില്ല, അതുപോലെതന്നെ തൊഴുതതുകൊണ്ടും പ്രത്യേകിച്ച് ഒന്നുമില്ല. ചില ചരിത്രമുഹൂര്‍ത്തങ്ങളെ മുന്‍നിര്‍ത്തി ‘സയന്‍സിന്നു തൊഴുന്നു ഞാന്‍’ എന്ന് സഹോദരന്‍ അയ്യപ്പനേപ്പോലെ പാടാം, മറ്റു ചില ചരിത്രമുഹൂര്‍ത്തങ്ങളെ മുന്‍നിര്‍ത്തി ‘ന്തൂട്ട് കോപ്പാണ് സയന്‍സ്’ എന്ന് കാന്തപുരത്തെപ്പോലെ പുച്ഛിക്കാം. രണ്ടും സയന്‍സിന്ന് കണക്കാണ്. സോഷ്യല്‍ മീഡിയ നിങ്ങള്‍ ഉത്തരം താങ്ങുന്നതുകൊണ്ട് നില്‍ക്കുകയോ മറ്റാരെങ്കിലും കഴുക്കോലു വലിച്ചതുകൊണ്ട് താഴെ വീഴുകയോ ചെയ്യാന്‍ പോകുന്നില്ല.

3) ഇക്കാര്യത്തില്‍ കണ്ട ഏറ്റവും നല്ല നിരീക്ഷണങ്ങളൊന്നില്‍ വി എം ദേവദാസ് പറഞ്ഞ രണ്ട് കാര്യങ്ങള്‍ പ്രസക്തമാണ്.

എ) ഒന്നാമത് നമ്മുടെ സോഷ്യല്‍ മീഡിയാലോകത്തെ നിര്‍ണ്ണയിക്കുന്നത് പ്രധാനമായും രണ്ടു ഘടകങ്ങളാണ്. ഒന്ന് നിങ്ങള്‍ ഉപയോഗിക്കുന്ന നവമാദ്ധ്യമസ്ഥലത്തിന്റെ ഉടമ/ഉടമകളും രണ്ട് ഉപയോഗിക്കുന്ന നിങ്ങളും . നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റും ഫോളോവര്‍ ലിസ്റ്റും നിങ്ങളുടെ ലൈക്കുകളും ഷെയറുകളും കമന്റുകളും എല്ലാം ചേര്‍ന്നാണ് നിങ്ങളുടെ ടൈം ലൈന്‍ നിശ്ചയിക്കപ്പെടുന്നത്. ഇവയിലൊന്നും ഉള്‍പ്പെടാത്ത സങ്കേതികനൂലാമാലകള്‍ വേറെയുമുണ്ട്. ബൂസ്റ്റ് ചെയ്യപ്പെടുന്ന സന്ദേശങ്ങളും വെബ്ബ് പരസ്യങ്ങളും നിങ്ങള്‍ ഇടക്കിടെ പോയി “ നിങ്ങളെ പ്രേമിക്കുന്ന സില്‍മാനടി ആര്” എന്നും “നിങ്ങള്‍ തൊണ്ണൂറുവയസ്സായാല്‍ എത്രയ്ക്ക് ബോറായിരിയ്ക്കും” എന്നും കണ്ടെത്തുന്ന ആപ്പുകള്‍ ചോര്‍ത്തുന്ന നിങ്ങളുടെ വിവരങ്ങള്‍ അടക്കം അനേകം കാര്യങ്ങളും എല്ലാം ചേര്‍ന്ന് നിര്‍ണ്ണയിക്കപ്പെടുന്നതാണ് നിങ്ങളുടെ നവമാദ്ധ്യമദേശം. പൊതുഗണത്തിനുള്ളിലെ ഉപഗണം. അതിനു പുറത്ത് ഒരു അജ്ഞാതപാന്‍ജിയ എപ്പോഴും നിലവിലുണ്ട്. അതിനെ കാണാത്ത നമ്മുടെ ഉപദേശീയതയിലാണ് എല്ലാ വെട്ടും കുത്തും. അതിനു പുറത്തേക്കുള്ള തുറവികള്‍ താരതമ്യേന അകത്തേക്ക് അടഞ്ഞ വാതിലുകളിലും കുറവാണ്. ഹാഷ് ടാഗ് പോലെ ചില അപൂര്‍വ്വം ഫീച്ചേഴ്സ് ഒഴിച്ചാല്‍. ബ്ലോഗിങ്ങ് കാലത്തില്‍ ( ഹാ, ഇനിയതിലും നൊസ്റ്റാള്‍ജിയയാവാം) ന്യൂസ് ഫീഡുകളും അഗ്രഗേറ്ററുകകളും വഴി പല പൊതുതിരഞ്ഞെടുപ്പുസ്ഥലങ്ങള്‍ ഉണ്ടായിരുന്നു. ഫേസ്ബുക്കിന്റെ രാക്ഷസീയകാര്‍ണിവല്‍ പ്രപഞ്ചം അത്തരം സ്ഥലങ്ങള്‍ക്കുള്ള സാദ്ധ്യത പോലും നല്‍കുന്നില്ല.

അതുകൊണ്ടുതന്നെ നമ്മുടെ ഇടം നമുക്കിടം തന്നവരുടേയും അവരുടെ താല്പര്യങ്ങളുടെയും നാം വട്ടം കറങ്ങിയും ചവിട്ടുനാടകം കളിച്ചും കൊത്തിപ്പെറുക്കിയും ചവിട്ടിപ്പുറത്താക്കിയും ഉണ്ടാക്കിയതിന്റെയും ആകെത്തുകയായ പരിമിതലോകമാണ്.

ബി) ഇതൊരു പരാദജ്ഞാനലോകമാണ്. മറ്റുള്ള സ്ഥലങ്ങളില്‍ നിന്ന്, കാലത്തില്‍ നിന്ന് – ഉരുവപ്പെടുന്ന അറിവുകളുടെ ഒരു പരാദകേന്ദ്രമായാണ് ഇന്നും ഏറെക്കുറെ സോഷ്യല്‍മീഡിയ പ്രവര്‍ത്തിക്കുന്നത്. മറ്റിടങ്ങളുടെ പ്രതികരണലോകം. അതിലപ്പുറത്തേക്ക് സ്വതന്ത്രാസ്തിത്വമുള്ള മൗലികചിന്താലോകം ക്രമേണ തുറന്നുവന്നേക്കാം. ഇവിടെയുണ്ടാകുന്ന സംഭവങ്ങള്‍ നേരുലകം ഏറ്റുപിടിക്കുന്നതിന്റെ ക്ഷണികത കൊണ്ട് മാത്രം അതു സംഭവിക്കുകയില്ല. മൈക്രോ ലെവല്‍ ഇന്റലക്ച്വല്‍സിന്റെ പ്രവര്‍ത്തനമണ്ഡലമായി മാറാന്‍ ഇനിയും സമയമെടുക്കും.

4) എങ്ങനെ, എവിടെ, എത്രനേരം, എന്തുചെയ്ത് സോഷ്യല്‍ മീഡിയ സമയത്തെ ചിലവഴിക്കണം എന്നത് വൈയക്തികമായ തീരുമാനമാണ്. ഉദാഹരണത്തിന്റെ എന്റെ കാര്യമെടുത്താല്‍, കുറച്ചുകാലം മുന്‍പുവരെ ഫേസ് ബുക്കില്‍ എന്നെക്കൊണ്ടാവും വിധം ഞാനൊരു ജംബോ റഷ്യന്‍ സര്‍ക്കസ് തന്നെ നടത്തിയിരുന്നു. ഓരോ ദിവസം അപ്ഡേറ്റ് ചെയ്യപ്പെടുന്ന മിക്കവാറും എല്ലാ സുഹൃത്തുക്കളുടേയും സ്റ്റാറ്റസുകളിലൂടെ കടന്നുപോയി, പറ്റുന്നിടത്തെല്ലാം അഭിപ്രായം കുറിച്ച്, ദിവസവും രണ്ടു വീതം നാലുനേരം പോസ്റ്റിട്ട് അതില്‍ വരുന്ന സകലര്‍ക്കും മറുപടിയെഴുതി… അങ്ങനെ നടന്നിരുന്ന പൂരക്കളി എന്റേതായ കാരണങ്ങള്‍ കൊണ്ടാണ് ഞാനവസാനിപ്പിച്ചത്. അതുകൊണ്ട് എനിക്ക് വിലയുണ്ടെന്നു ഞാന്‍ കരുതുന്ന ചില പ്രവര്‍ത്തനങ്ങള്‍ / എഴുത്തുകള്‍ എന്നിവയിലൂടെ കടന്നുപോകാനായി. ഇവിടെയുള്ള ഇടപാടുകള്‍ സ്വന്തം വാളില്‍ മാത്രമായി പരിമിതപ്പെടുത്തി. അതില്‍ തന്നെ സംഘികളോട് മറുപടി പറയുക, പുരപ്പുറത്ത് കല്ലിട്ട് കുനിഞ്ഞുനില്‍ക്കുക തുടങ്ങിയ സുകുമാരകലകള്‍ ഒരേപോലെയാണെന്ന് കണ്ട് ഒഴിവാക്കി. അതോടെ എന്റെ ടൈം ലൈനിന്റെ സ്വഭാവവും മാറി. ശ്രദ്ധാര്‍ഹമായ പലതും സുഹൃത്തുക്കള്‍ കണ്ണില്‍പെടുത്തുമ്പോള്‍ മാത്രം കാണുന്ന അവസ്ഥയായി. പലപ്പോഴും ഒരാഴ്ച്ച മാറിനിന്ന് ഇവിടെ കയറിയാല്‍ കുചേലന്‍ മടങ്ങിവന്ന മട്ടാണ്, എല്ലാം മാറിമറഞ്ഞുകാണും. ഇന്നലത്തെ പാതിരി ഇന്നു ഹിംസ്രജീവിയും ഇന്നലത്തെ അനാര്‍ക്കി ഇന്നത്തെ വിപ്ലവകാരിയും ആയിക്കാണും. അപ്പോള്‍ എനിക്കിത്രയേ ചെയ്യാനുള്ളൂ – വല്ലതും പറയാനുള്ളത് സ്വന്തം ടൈം ലൈനില്‍ കുറിച്ച് വിരമിക്കുക. ഇത് ശീലിച്ചെടുത്തു. ഇതാണ് ശരിയെന്നല്ല പറഞ്ഞുവന്നത്, ഇതിങ്ങനെയൊരു വഴി. ഇങ്ങനെ സ്വന്തം സാഹഹര്യങ്ങള്‍ക്കനുസരിച്ച് അനേകം വഴികള്‍ ഇടപെടാന്‍ സാദ്ധ്യമാവുന്ന ഒരിടമാണ് സോഷ്യല്‍ മീഡിയ. അതുകൊണ്ടുതന്നെ പൊതുഗണങ്ങള്‍ രൂപീകരിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല.

5) ഇവിടെ നടക്കുന്ന പൊതുപ്രവര്‍ത്തനങ്ങളെ എങ്ങനെ കാണണം എന്നതും തെരഞ്ഞെടുപ്പാണ്. എന്നെ സംബന്ധിച്ചിടത്തോളം പൊതുസമൂഹത്തില്‍ ചെയ്യുന്നവയുടെ തന്നെ അനുബന്ധമാണ് സോഷ്യല്‍ മീഡിയയും. എന്നാല്‍ ഈ ഇടം അടിസ്ഥാനപരമായും ആത്യന്തികമായും ഇതിന്റെ ഉടമകളുടെ താല്പര്യങ്ങളെയാണ് സംരക്ഷിക്കുന്നത് എന്നും എത്ര തലകുത്തി മറിഞ്ഞാലും ഫേസ് ബുക്ക് പോലൊരു ഇടത്തില്‍ അതേ സാദ്ധ്യമാവൂ എന്നും ബോദ്ധ്യമുണ്ട്. അതുകൊണ്ടുതന്നെ കൗണ്ടര്‍ ഹെജിമണിക്കായ ജ്ഞാനവ്യവഹാരങ്ങള്‍ക്കൊപ്പം നില്‍ക്കുകയും പ്രവര്‍ത്തിക്കയും ചെയ്യുക എന്ന രാഷ്ടീയബോദ്ധ്യമാണ് ഇവിടെ പുലര്‍ത്താറുള്ളത്. അതിന് മനുഷ്യര്‍ പട്ടിണി കിടക്കുകയും ആത്മഹത്യ ചെയ്യുകയും കൊല്ലപ്പെടുകയും ചെയ്യുന്ന നേരുലകത്തോട് തന്നെയാണ് ബന്ധം. ആ അനുബന്ധ അസ്തിത്വത്തില്‍ അപ്പുറമുള്ള കേവലസമരപ്രഖ്യാപനങ്ങള്‍ക്ക് പ്രാധാന്യമൊന്നും കാണാറില്ല. എന്നാല്‍ കൗണ്ടര്‍ ഹെജിമണിക്കായ ചിന്തകള്‍ സ്വാഭാവികമായ സമരപ്രക്രിയയായി രൂപപ്പെടുമ്പോള്‍ അതിനൊപ്പം നിന്നിട്ടുമുണ്ട്. ഉദാഹരണം – ചുംബനസമരം.

അപ്പൊഴാകെമൊത്തംടോട്ടല്‍ പറഞ്ഞുവന്നതെന്തെന്നാല്‍, എച്ചിക്കാനം അയാള്‍ക്കറിയാവുന്ന കാര്യങ്ങള്‍ വല്ലതും പറഞ്ഞാല്‍ കേള്‍ക്കാം. അറിയാത്ത കാര്യങ്ങളില്‍ ബുദ്ധി വിളമ്പുന്ന പൊതുകേരളസാംസ്കാരികപ്രവര്‍ത്തകരുടെ പരിപാടി കാണിക്കുമ്പോള്‍ ചിരിച്ചുതള്ളാം. അതല്ലാതെ സോഷ്യല്‍ മീഡിയ ഞങ്ങടെ ചങ്കാണ് മുത്താണ് എന്നൊക്കെ തുള്ളല്‍പ്പനി പിടിക്കേണ്ട കാര്യം നിലവിലില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top