19 March Tuesday

ശബരിമല ബസ്‌ ചാർജ്‌ കൊള്ളയടിയോ? : സംഘപരിവാർ പ്രചരണം സത്യമോ?

വെബ് ഡെസ്‌ക്‌Updated: Friday Nov 18, 2022

കൊച്ചി> ഹൈന്ദവ വിശ്വാസികളുടെ വിശുദ്ധമായ മണ്ഡലമാസ വൃതാരംഭത്തോടെ ശബരിമലയുമായി ബന്ധപ്പെട്ടുള്ള നുണ പ്രചരണങ്ങൾ സംഘപരിവാർ സൈബർ ടീം പൂർവ്വാധികം ശക്തിയോടെ പുനരാരംഭിച്ചു. മുൻ കാലങ്ങളിലേത് പോലെ ഇത്തവണയും കെഎസ്ആർടിസിയുടെ പേരിലാണ് നുണ പ്രചരണങ്ങളുടെ തുടക്കം. "തൃശൂർ മുതൽ ഗുരുവായൂർ വരെ 30 കിലോമീറ്റർ ബസ്സ്‌ ചാർജ്ജ് 25 രൂപ; നിലക്കൽ മുതൽ പമ്പ വരെ 18 കിലോമീറ്റർ ബസ്സ്‌ ചാർജ്ജ് 100 രൂപ" എന്ന തലക്കെട്ടോടെയാണ് ഇത്തവണ വ്യാജവാർത്തകൾ പ്രചരിക്കുന്നത്. ഹൈന്ദവരെ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ സർക്കാർ കൊള്ളയടിക്കുകയാണെന്നും ഈ പകൽകൊള്ള നടത്തിയിട്ടെങ്കിലും കെഎസ്ആർടിസി രക്ഷപ്പെട്ട് കണ്ടാൽ മതിയായിരുന്നെന്നും പരിഹാസ രൂപേണ പലരും കമന്റിൽ കുറ്റപ്പെടുത്തുന്നുണ്ട്.

എന്താണ്‌ യാഥാർത്ഥ്യം? പി കെ കണ്ണൻ എഴുതുന്നു.

വൃശ്ചികമാസം ഒന്നാം തിയ്യതിയായ ഇന്നലെ (നവംബർ 17) രാവിലെ മുതലാണ് സംഘപരിവാർ സൈബർ ടീം  ഈ വ്യാജവാർത്ത നവമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു തുടങ്ങിയത്. കഴിഞ്ഞ കുറേ വർഷങ്ങളായി ശബരിമല സീസണുകളിലെല്ലാം സംഘപരിവാറിന്റെ സൈബർ ടീം കെഎസ്ആർടിസിയെക്കുറിച്ച് സമാനമായ രീതിയിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. വർഗ്ഗീയത പ്രചരിപ്പിച്ച് നേട്ടം കൊയ്യുക എന്ന ലക്ഷ്യത്തോടെ ശബരിമല ബസ് സർവ്വീസുമായി ബന്ധപ്പെട്ട് പടച്ചിറക്കിയ നുണകളെ സോഷ്യൽ മീഡിയ തെളിവ് സഹിതം പൊളിച്ചടക്കിയിട്ടും ഇപ്പോഴും അതേ മാതൃകയിൽ വ്യാപകമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ്.

2022 മെയ് മാസത്തിലാണ് സംസ്ഥാനത്ത് അവസാനമായി ബസ് ചാർജ്ജ് വർദ്ധിപ്പിച്ചത്. അടിക്കടിയുള്ള ഡീസൽ വില വർദ്ധനവിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ അടക്കമുള്ളവയുടെ നിരക്കുകൾ പുനർ നിർണ്ണയിച്ചു കൊണ്ട് ഉത്തരവിറക്കിയത്. ഇതു പ്രകാരം മുഴുവൻ റൂട്ടുകളിലെയും നിരക്കുകൾ കെഎസ്ആർടിസിയും വർദ്ധിപ്പിച്ചിരുന്നു. എല്ലാ സർവ്വീസുകൾക്കും ഈ വർദ്ധനവ് ബാധകമായിരുന്നുവെങ്കിലും മാരാമൺ കൺവെൻഷൻ, ശബരിമല മണ്ഡലപൂജ, ആലുവ ശിവരാത്രി, ഓച്ചിറ ഉത്സവം തുടങ്ങി 53 ഉത്സവ സീസണുകൾക്ക് വേണ്ടി ഷെഡ്യൂൾ ചെയ്ത സ്പെഷ്യൽ സർവീസ് ബസ്സുകളിൽ അവയുടെ ഷെഡ്യൂൾ ആരംഭിക്കുമ്പോൾ മാത്രമാണ് നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വരുന്നത്.

ശബരിമല മണ്ഡലപൂജ കാലത്ത് കെഎസ്ആർടിസി നടത്തുന്ന സ്‌പെഷ്യൽ സർവീസിന് മാത്രമല്ല ഈ വർദ്ധനവ്. ഭീമാ പള്ളി ഉറൂസ്, എടത്വാ പള്ളി പെരുന്നാൾ, മഞ്ഞണിക്കര പള്ളി പെരുന്നാൾ, മാരാമൺ കൺവെൻഷൻ, തൃശൂർ പൂരം, ഗുരുവായൂർ ഏകാദശി, ആലുവ ശിവരാത്രി, ഓച്ചിറ ഉത്സവം തുടങ്ങി 53 ഉത്സവങ്ങൾക്ക് കെഎസ്ആർടിസി നിലവിലുള്ള നിരക്കിന്റെ 30 ശതമാനം അധികം വാങ്ങിയാണ് സർവ്വീസ് നടത്തുന്നത്. ആലപ്പുഴയിലെ പ്രശസ്തമായ നെഹ്റു ട്രോഫി വളളംകളിയോടനുബന്ധിച്ച് കെഎസ്ആർടിസി നടത്തുന്ന സ്‌പെഷ്യൽ സർവീസിനും നിലവിലുള്ള നിരക്കിന്റെ 30 ശതമാനം അധികമാണ് യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്. അതായത് ഹിന്ദുക്കളുടെയോ മറ്റു മതസ്ഥരുടെയോ ആഘോഷങ്ങൾക്കുള്ള സ്പെഷ്യൽ സർവ്വീസുകളിൽ മാത്രമല്ല, പൊതു ആഘോഷങ്ങൾക്ക് വേണ്ടിയുള്ള സ്പെഷ്യൽ സർവ്വീസിലും 30 ശതമാനം ചാർജ്ജ് വർദ്ധനവ് നിലവിലുണ്ടെന്നർത്ഥം. കേരളാ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ വെബ്‌സൈറ്റിൽ ഈ സർവീസുകളുടെ വിവരങ്ങൾ ലഭ്യമാണ്.

നിലക്കൽ കെഎസ്ആർടിസി സ്റ്റേഷൻ മുതൽ പമ്പ ത്രിവേണി വരെ 22.1 കിലോമീറ്ററാണുള്ളത്. ആദ്യത്തെ രണ്ടര കിലോമീറ്ററിന് 13 രൂപയാണ് മിനിമം ചാർജ്ജ് ഈടാക്കുന്നത്. നിലക്കൽ മുതൽ പമ്പ വരെ ഒമ്പത് ഫെയർ സ്റ്റേജുകളാണ് നിലവിലുള്ളത്. ഫെയർ സ്റ്റേജുകൾക്ക് കിലോമീറ്ററിന് ഒരു രൂപയാണ് കെഎസ്ആർടിസി ഈടാക്കാറുള്ളത്. ഒമ്പത് ഫെയർ സ്റ്റേജുകൾക്ക് ആകെ വരുന്ന 22 .1 കിലോമീറ്ററിൽ നിന്ന് മിനിമം ചാർജ്ജ് ഈടാക്കുന്ന ആദ്യത്തെ രണ്ടര കിലോമീറ്റർ ദൂരം കുറച്ചുള്ള (22.1 - 2.5 = 19.6 ) ദൂരത്തിനാണ് കിലോമീറ്ററിന് ഒരു രൂപ എന്ന നിരക്കിൽ ( 19.6 ഃ 1.0 = 19.6 രൂപ) ചാർജ്ജ് ഈടാക്കുന്നത്. ഇതടക്കം 32.6 രൂപയാണ് വരുന്നത്. ഈ 32.6 രൂപയുടെ 25 ശതമാനം ഗാട്ട് റോഡ് ഫെയർ ചാർജ്ജ് (ഏ.ഛ 37/2020) ആയി ഈടാക്കുന്നുണ്ട്. അതായത് 8.15 രൂപ. 13 രൂപ (മിനിമം ചാർജ്ജ്) + 19.6 രൂപ (ഫെയർ ചാർജ്ജ്) + 8.15 രൂപ (ഗാട്ട് റോഡ് ഫെയർ ചാർജ്ജ് ) = 40.75 രൂപയാണ് ആകെ ഫെയർ. ഈ തുകയുടെ 30 ശതമാനം തുകയാണ് ഫെസ്റ്റിവൽ ഫെയർ ആയി ഈടാക്കുന്നത്. അതായത് 40.75 ഃ 30 % = 12.225 രൂപ. ഇത് കൂടാതെ സെസ് ഇനത്തിൽ 3 രൂപയും ഈടാക്കുന്നുണ്ട്.

അതായത് 13 രൂപ (മിനിമം ചാർജ്ജ്) + 19.6 രൂപ (ഫെയർ ചാർജ്ജ്) + 8.15 രൂപ (ഗാട്ട് റോഡ് ഫെയർ ചാർജ്ജ് ) + 12.225 രൂപ (ഫെസ്റ്റിവൽ ഫെയർ) + 3 രൂപ (സെസ്) =  55.975 രൂപയാണ് യഥാർത്ഥത്തിൽ യാത്രക്കാരിൽ നിന്ന് ഈടാക്കേണ്ടിയിരുന്നത്. എന്നാൽ ഈ നിരക്കിൽ നിന്ന് ആറു രൂപയോളം കുറച്ചു കൊണ്ടാണ് 50 രൂപ നിരക്കിൽ കെഎസ്ആർടിസി നിലവിൽ സർവ്വീസ് നടത്തുന്നത്.

പലപ്പോഴും മണിക്കൂറുകളോളം നീളുന്ന ഗതാഗത കുരുക്ക് അനുഭവപ്പെടാറുള്ള, ചെങ്കുത്തായ കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞ നിലക്കൽ മുതൽ പമ്പ വരെയുള്ള മലയോര പാതയിലൂടെ സ്പെഷ്യൽ സർവീസ് നടത്താൻ കെഎസ്ആർടിസിക്ക് വരുന്ന ചെലവുകളെക്കുറിച്ച് മനസ്സിലാക്കാതെയല്ല സംഘപരിവാർ സൈബർ ടീം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്. നിലക്കൽ മുതൽ പമ്പ വരെയുള്ള യാത്രക്ക് നോൺ എസി ബസ്സുകൾക്ക് 50 രൂപയും എസി ബസ്സുകൾക്ക് 80 രൂപയുമാണ് ഈടാക്കുന്നതെന്ന് കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചാൽ മനസ്സിലാകും.

പച്ചക്കള്ളവും വ്യാജവാർത്തകളും വ്യാപകമായി പടച്ചു വിട്ട് ആസൂത്രിതമായി നടപ്പിലാക്കിയ കലാപങ്ങൾ കൊണ്ട് മാത്രം രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയ പ്രസ്ഥാനമാണ് സംഘപരിവാർ. എന്നും വ്യാജ വാർത്തകളാണ്  സംഘപരിവാർ പ്രചരണങ്ങൾക്കുപയോഗിക്കാറുള്ളത്. ഒരു നുണ നൂറു തവണ ആവർത്തിച്ചാൽ‍ അത് സത്യമാണെന്ന് ജനങ്ങൾ‍ വിശ്വസിക്കുമെന്നായിരുന്നു ഹിറ്റ്ലറുടെ പ്രചരണ മന്ത്രിയായിരുന്ന ജോസഫ് ഗീബൽസിന്റെ സിദ്ധാന്തം. ഫാസിസത്തിന്റെ ഇന്ത്യൻ പ്രതിരൂപമായ സംഘപരിവാറും ഇതേ ചിന്താധാര തന്നെയാണ് പിന്തുടരുന്നത്. ഒരു നുണ നൂറാവർത്തി പറഞ്ഞ് സത്യമാക്കുന്ന ഗീബൽസിയൻ രീതിയാണ് ഈ വിഷയത്തിലും സംഘപരിവാർ സ്വീകരിച്ചു പോരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top