28 March Thursday

നുണയും വിഷവും വിതറിയ നാളുകള്‍; പ്രളയകാലത്തെ സംഘപരിവാര്‍ ഇടപെടലുകള്‍ ഇങ്ങനെ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018

കൊച്ചി > കേരളം പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ചപ്പോള്‍ ജനങ്ങളാകെ ഒറ്റക്കെട്ടായി നിന്ന് അതിജീവനത്തിനുള്ള പ്രയത്‌നത്തിലാണ്. എന്നാല്‍ മഴക്കെടുതിയുടെ തുടക്കം മുതല്‍ വിദ്വേഷപ്രചരണത്തിനും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനുമായിരുന്നു സംഘപരിവാര്‍ പ്രാധാന്യം നല്‍കിയത്. പ്രളയകാലത്ത് സംഘപരിവാര്‍ നടത്തിയ നുണപ്രചരണങ്ങളെയും തെളിവുസഹിതം തുറന്നുകാണിക്കുകയാണ് 'രാവണ ചരിതം' എന്ന ബ്‌ളോഗ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതിനെതിരെയായിരുന്നു ആര്‍എസ്എസും ബിജെപിയും ആദ്യംരംഗത്തെത്തിയത്. ബിജെപിയെ എതിര്‍ക്കുന്ന സംസ്ഥാന്തതിന് ഒരു പൈസപോലും നല്‍കരുതെന്ന് ദേശീയതലത്തിലാകെ പ്രചരണം നടത്തി. ദുരിതബാധിതരെല്ലാം മരിക്കേണ്ടവരാണെന്നു വരെ ബിജെപിയുടെ ഓണ്‍ലൈന്‍ ക്രിമിനല്‍ സംഘം വിഷംചീറ്റി പ്രചരിപ്പിച്ചു.



രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സൈന്യത്തെയും സംസ്ഥാനസര്‍ക്കാരിനെയും ചേര്‍ത്തായിരുന്നു മറ്റൊരു നുണപ്രചരണം. രക്ഷാപ്രവര്‍ത്തനം സൈന്യത്തിന് വിട്ടുനല്‍കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അധ്യക്‌നടക്കം രംഗത്തെത്തിയിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ മുഴുവന്‍ ചുമതലയും സൈന്യം ഏറ്റെടുക്കുന്ന പതിവില്ലെന്നും മറിച്ചുള്ള ആവശ്യങ്ങള്‍ക്ക് അര്‍ത്ഥമില്ലെന്നും കരസേനാ മേജര്‍ ജനറല്‍ സഞ്ജീവ് നരൈന്‍ വ്യക്തമാക്കിയിരുന്നതാണ്. ഒരിടത്തും സൈന്യം ഒറ്റക്ക് ഡിസാസ്റ്റര്‍ ഓപ്പറേഷന്റെ ചുമതല ഒറ്റയ്‌ക്ക് നടത്തിയിട്ടില്ലെന്നും സിവില്‍ ഭരണ സംവിധാനത്തെ സഹായിക്കുക എന്നതാണ് സൈന്യത്തിന്റെ ചുമതലയെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരുമായി യോജിച്ചുള്ള പ്രവര്‍ത്തനം ഫലവത്താണെന്ന് സൈന്യം തന്നെ വ്യക്തമാക്കുമ്പോഴായിരുന്നു സംഘപരിവാറിന്റെ കല്ലുവെച്ച നുണപ്രചരണം.



കേന്ദ്രത്തില്‍ നിന്ന് അര്‍ഹമായ സഹായം ചോദിച്ചതിനെതിരെയും വിദ്വേഷപ്രചരണം നടത്തി. ടിജി മോഹന്‍ദാസ് അടക്കമുള്ള ആര്‍എസ്എസ് വക്താക്കളായിരുന്നു പ്രചരണത്തിന് മുന്‍കൈ എടുത്തത്. ദുരിതത്തിന്റെ വ്യാപ്തി പെരുപ്പിച്ച് കാട്ടി കേന്ദ്രഫണ്ട് അടിച്ചുമാറ്റാനുള്ള മൂന്നാംകിട തന്ത്രമാണ് ഇവിടെ നടക്കുന്നതെന്നായിരുന്നു ടിജി മോഹന്‍ദാസിന്റെ പ്രചരണം. അവസാനം കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിനെ ആര്‍എസ്എസ് പ്രവര്‍ത്തകനാക്കിയും കേരളത്തിന് 700 കോടിരൂപയുടെ ധനസഹായം നല്‍കുമെന്നറിയച്ച യുഎഇ ഭരണകൂടത്തിനെതിരെയും സംഘപരിവാര്‍ പ്രചരണം കൊഴുപ്പിക്കുകയാണ്.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top