29 March Friday

'ഇഞ്ഞീം ബേണം ഇഞ്ഞീം ബേണം എന്ന് പരിഹസിക്കാനിറങ്ങും മുമ്പ് ഇഷ്യു സെറ്റിൽ ചെയ്യ് ചെങ്ങായിമാരേ'

വെബ് ഡെസ്‌ക്‌Updated: Monday Apr 2, 2018

റഫീക്ക് ഇബ്രാഹിം

റഫീക്ക് ഇബ്രാഹിം

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയില്‍ അഭിനയിച്ച സാമുവൽ എബ്വിയോള റോബിൻസണ് അര്‍ഹമായ പ്രതിഫലം നിഷേധിച്ചതായി ഉയര്‍ന്ന വിവാദത്തെപറ്റി റഫീക്ക് ഇബ്രാഹിം എഴുതുന്നു

സാമുവൽ എബ്വിയോള റോബിൻസണ് എന്നല്ല, ഈ ലോകത്ത് പണിയെടുക്കുന്ന ഏത് മനുഷ്യനും, താൻ ചെയ്ത പണിക്ക് ആനുപാതികമായ കൂലി തനിക്ക് ലഭിച്ചില്ല എന്ന് ബോധ്യം വന്നാൽ കൂട്ടിച്ചോദിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. അതിന് തൊഴിലുമായി ബന്ധപ്പെട്ട് തൊഴിലാളി ഏർപ്പെട്ട കരാർ ഒരു തടസ്സമേയല്ല.ഇത് നല്ല തമാശ..! ഏത് തൊഴിൽ മേഖലയിലും തൊഴിൽ ദാതാവും തൊഴിലാളിയും തമ്മിൽ ലിഖിതമോ അലിഖിതമോ ആയ കരാറിലേർപ്പെടുന്നുണ്ട്. പണിമുടക്കില്ലെന്നോ, ഇത്ര കാലം പണിയെടുക്കാമെന്നോ, കൂലി നിശ്ചിത കാലഘട്ടത്തിൽ നിശ്ചിത അനുപാതത്തിൽ അനുവദിച്ചാൽ മതിയെന്നോ തൊഴിൽ സ്വഭാവമനുസരിച്ച് കരാറുണ്ട്. അത് അലംഘനീയമാണ് എന്ന് കരുതിത്തുടങ്ങിയാൽ പിന്നെ തൊഴിലാളി രാഷ്ട്രീയമെന്തിനാണ്.തൊഴിലാളിയെ സംബന്ധിച്ചിടത്തോളം തനിക്ക് തൊഴിൽ ലഭിക്കുന്ന മേഖല പൂട്ടിപ്പോകാതെ നോക്കിക്കൊണ്ട് അർഹമെന്ന് തോന്നുന്ന കൂലിക്കായി വാദിക്കേണ്ട ഒരു സന്ദിഗ്ധ രാഷ്ട്രീയമുണ്ട്.അതാണ് തൊഴിലാളി രാഷ്ട്രീയത്തിന്റെ ചരിത്രപരമായ പ്രസക്തി.ഈ നെഗോസിയേഷനിലാണ് ഡയലറ്റിക്സ് വർക് ചെയ്യുന്നത്. സാമുവൽ റോബിൻസണും ചെയ്തത് ഇത്തരമൊരു നെഗോസിയേഷനാണ്. സിനിമക്കെതിരായ ഒരു കാംപയിനായി ഇത് മാറരുതെന്നും, സിനിമയുടെ ഉപഭോക്താക്കളെ നേരിട്ട് വെറുപ്പിക്കരുതെന്നുമുള്ള സൂക്ഷ്മ നിലപാട് റോബിൻസൺന്റെ ഓരോ പോസ്റ്റിലുമുണ്ട്.അയാളുന്നയിക്കുന്ന കൂലി സമ്മർദ്ദത്തെ അനുഭാവ പൂർവ്വം പരിഗണിക്കുന്നില്ല എന്ന് മാത്രമല്ല അവഗണിക്കുകയുമാണ് ഹാപ്പി ഹവേഴ്‌സ് ചെയ്യുന്നതെങ്കിൽ ആ പഴയ സമരരീതി രാഷ്ട്രീയമായി മുൻപോട്ട് വെക്കുകയേ പൊളിറ്റിക്കൽ സൊസൈറ്റി എന്ന നിലയിൽ നമുക്ക് മുമ്പിലുള്ള ഏക പോംവഴി.

വിഷയത്തിൽ തൊഴിൽ വകുപ്പ് ഇടപെടണം.

സിനിമയിൽ പുതുമുഖനടീ നടൻമാർക്കും, സാങ്കേതിക,പ്രീപ്രൊഡക്ഷൻ പ്രവർത്തകർക്കും പ്രത്യേകിച്ച് കൂലിയൊന്നും ലഭിക്കാറില്ലത്രേ. അവർക്ക് അവസരമാണ് കൂലിയെന്നാണ് വെപ്പ്.കീഴ്വഴക്കം, പൊതുനിയമം എന്നൊക്കെയാണീ പരിപാടിയുടെ ഓമനപ്പേരുകൾ എന്ന് പറയുന്നത് കേട്ട്.ഒരു കാരണവശാലും അനുവദിച്ചു കൊടുത്തു കൂടാത്ത തൊഴിലവകാശ ലംഘനമാണിത്.സിനിമയിലേക്ക് എന്റർ ചെയ്യണം എന്നാഗ്രഹിക്കുന്നവരെ സംബന്ധിച്ച് തങ്ങളുടെ കൂലിയെക്കുറിച്ച് സംസാരിക്കാൻ അവർക്ക് ബുദ്ധിമുട്ടുണ്ടാവും.കിട്ടിയ അവസരം തന്നെ ഭാഗ്യമെന്നേ അവർ കരുതു.അതിൽ പക്ഷേ പൊളിറ്റിക്സിന് ഇടപെടാം. നിസഹായാവസ്ഥ ചൂഷണം ചെയ്യൽ തന്നെയാണ് ഇവിടെയും. അപ്രന്റീസെന്നോ ട്രെയിനി എന്നോ ഉള്ള അർത്ഥത്തിൽ കൂലി സ്കിൽഡ് ലേബറെക്കാൾ കുറയാം. പക്ഷേ അതിന് കൃത്യമായ വ്യവസ്ഥ ഉണ്ടാക്കിയെ പറ്റൂ. മേൽത്തട്ടും കീഴ്ത്തട്ടും തമ്മിലുള്ള യാതൊരു നീതീകരണവുമില്ലാത്ത അന്തരവും ചുരുക്കണം.

സംഘടിത തൊഴിൽ പ്രസ്ഥാനങ്ങൾ ഇടപെടണം

കഷ്ടകാലത്തിന് ഈ സിനിമയുടെ സംരംഭകർ ഷൈജു ഖാലിദും സമീർ താഹിറുമാണ്. അവര് ടോമിച്ചൻ മുളകുപാടമല്ല എന്നറിയാം, പക്ഷേ കെട്ടുതാലി വിറ്റാണ് സിനിമ പിടിച്ചത് തുടങ്ങിയ കണ്ണീർക്കഥകൾക്കൊന്നും ഒരു പ്രസക്തിയുമില്ല. സംരഭകൻ ഈസ് സംരഭകൻ. റിസ്കെടുക്കേണ്ടത് അവരുടെ സ്വന്തം ഉത്തരവാദിത്തമാണ്. തൊഴിലാളിക്ക് ആ റിസ്ക് വീതിച്ചു നൽകലൊന്നും നടക്കൂല. സിനിമ എന്നല്ല ഒരു സംരഭകത്വവും മുതലും ലാഭവും തിരിച്ചു കിട്ടുമെന്ന പൂർണ ബോധ്യത്തിലൊന്നുമല്ല ആരംഭിക്കുക.ഫിഫ്റ്റി ഫിഫ്റ്റിയാണ് ചാൻസ്.ആ രണ്ടാമത്തെ ഫിഫ്റ്റി റിസ്കിനാണ് ലാഭം.സിനിമയുടെ ലാഭവിഹിതം വന്നിട്ട് ആലോചിക്കാം എന്നു പറയുന്നതൊക്കെ ബേസിക് പൊളിറ്റിക്സ് ഇല്ലാത്ത ഉഡായിപ്പാണ്.

മലയാളത്തിലെ നവസിനിമ (ന്യൂവേവ് എന്ന അർത്ഥത്തിലൊന്നുമല്ല. അമ്മാതിരിയൊരു ഭാവുകത്വ വിച്ഛേദമൊന്നും പരിമിതമായ സിനിമാക്കാഴ്ച്ചകൾ വെച്ച് നമ്മൾ കണ്ടിട്ടില്ല. കൊച്ചി ബെയ്സ്ഡ് സൗഹൃദക്കൂട്ടായ്മാ സിനിമകൾ എന്ന അർത്ഥത്തിൽ പ്രയോഗിച്ചതാണ്) പൂട്ടിപ്പോവരുത് എന്ന് വ്യക്തിപരമായി ആഗ്രഹമുണ്ട്.ഒരു കൗണ്ടർ ഏയ്സ്തെറ്റിക്സ് അവർ കൊണ്ടു വരുന്നുണ്ട്. അതിനാൽ തന്നെ ഈ തൊഴിൽ പ്രശ്നം തൊഴിലാളിയുമായി സംസാരിച്ച് ഇരു കൂട്ടർക്കും തൃപ്തികരമായ രീതിയിൽ സെറ്റില് ചെയ്യാൻ അവർ ശ്രദ്ധിക്കേണ്ടതുണ്ട്. അതിന് പകരം പതിനാറ് തികയാത്ത പാൽക്കാരൻ പയ്യനെ ആരോ ചട്ടുകമാക്കുകയാണ് എന്നൊക്കെ എയറിൽ നിന്ന് അടിച്ചു വിട്ട് കയിച്ചിലാകാമെന്ന് കരുതരുത്.

സാമുവൽ റോബിൻസൻ എത്ര മാത്രം പൊളിറ്റിക്കലാണെന്ന് അയാളുടെ ഓരോ പോസ്റ്റ് വായിച്ചാലും മനസിലാവും. അതിന്റെ പത്തിലൊരംശം ഇപ്പുറത്ത് നിൽക്കുന്നവർക്കുമാകാം. അദ്ദേഹമൊരു പൊളിറ്റിക്കലായ സ്കിൽഡ് ലേബറാണ്. ആ ബഹുമാനം കൊടുത്ത് സംസാരിക്കണം. പയ്യനേ......

വാൽക്കഷണം: മുസ്ലിം ജീവിത പരിസരങ്ങളിലെ നന്മയുടെ ആഖ്യാനമെന്ന ഇവരുടെ സിനിമാരാഷ്ട്രീയം തിരിച്ചടിക്കാൻ പോവുകയാണ്. ദേശീയ മാധ്യമങ്ങളിൽ 'മലപ്പുറം വംശവെറിയുടെ തലസ്ഥാനമോ..?' എന്ന ടൈറ്റിലിൽ അവതാരകരലറുന്ന ചർച്ച നാളെ മുതൽ വന്ന് തുടങ്ങിയില്ലേൽ എന്നെ ഇങ്ങനെ ഇങ്ങനെ വിളിച്ചോ. ഹൈലി ലോഡഡാണ് ചെങ്ങായിമാരേ ഇഷ്യു.സെറ്റിൽ ചെയ്ത് തീർക്ക് പ്ലീസ്.

ഇഞ്ഞീം ബേണം ഇഞ്ഞീം ബേണം എന്ന് പരിഹസിക്കാനിറങ്ങിയിരിക്കുന്നു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top