26 April Friday

പ്രവാസലോകത്തിലെ ദുരന്തക്കാഴ്‌ചകൾ... സാം പൈനുംമൂട് എഴുതുന്നു

സാം പൈനുംമൂട്Updated: Sunday Aug 8, 2021

സാം പൈനുംമൂട്

സാം പൈനുംമൂട്

എൻ്റെ സിറിയക്കാരൻ സുഹൃത്ത് മുഈൻ ഗസള്ള പറയുന്നത് കേട്ടാലും: സുഹൃത്തെ ,  ജോലി നഷ്ടപ്പെട്ടാലും നിയമങ്ങൾ കർശനമാക്കിയാലും നിനക്ക് ഇന്ത്യ എന്ന ഒരു മതേതര രാജ്യമുണ്ട് . കേരളം എന്ന ഒരു പ്രവാസി സൗഹൃദ സംസ്ഥാനമുണ്ട്. അവിടെ നിനക്ക് ഒരു വീടുണ്ട്. നിൻ്റെ ബന്ധുമിത്രങ്ങൾ ഉണ്ട്. എനിക്കോ?. സാം പൈനുമൂട്‌ എഴുതുന്നു:

പ്രവാസ ലോകത്തെ ദുരന്ത കാഴ്‌ചകൾ നിരവധിയാണ് കോവിഡ് കാലത്ത്. മരണ വാർത്തകൾ കേൾക്കാത്ത ദിനങ്ങളില്ല.  കോവിഡാണ് മുഖ്യ കാരണം. ആത്മഹത്യാ വാർത്തകളും നിത്യസംഭവമായി മാറുന്നു. ആത്മമിത്രങ്ങൾ, ബന്ധുമിത്രങ്ങൾ, സംഘടനാ സാരഥികൾ, സംഘാംഗങ്ങൾ, അയൽക്കാർ , യുവതി - യുവാക്കൾ... മരണപ്പെട്ടവരുടെ പട്ടിക നീളുകയാണ്.

പ്രവാസ ലോകത്തും തൊഴിൽ നഷ്‌ട‌പ്പെടുന്നവരുടെ എണ്ണവും നാൾക്കുനാൾ വർദ്ധിക്കുന്നു. തൊഴിൽ  ഉണ്ടായിട്ടും വേതനം ലഭിക്കാത്തവരുടെ എണ്ണവും പെരുകുന്നു. കർശനമാക്കുന്ന സ്വദേശിവൽക്കരണവും
വിട്ടുവീഴ്ചയ്ക്കില്ലാത്ത നിയമങ്ങളും പ്രവാസത്തിലെ  തൊഴിൽ സാധ്യതകൾക്ക് കരിനിഴൽ വീഴ്ത്തുന്നു.
ഇനി എന്ത് എന്ന ചോദ്യം പ്രസക്തമാകുന്നു. നിദ്രാവിഹീനങ്ങളായ രാവുകൾ. എന്തിന് എഴുന്നേൽക്കണം എന്ന ചിന്തയും? ആത്മഹത്യയുടെ പൊരുൾ എന്ത് എന്നതിന് പാഴൂർപടിവരെ പോകേണ്ടതില്ലായെന്നു സാരം . പിന്നെയോ, കുടുംബഭാരവും അതുയർത്തുന്ന മാനസിക സംഘർഷവുമാണ് പ്രധാന കാരണം. ഊഷ്‌മളമായ ബന്ധങ്ങൾ സൂക്ഷിക്കുന്നവരാണ് പ്രവാസികൾ.

നല്ല ബന്‌ധങ്ങൾക്കു വേണ്ടത് പരസ്പര വിശ്വാസമാണ്. ബന്ധങ്ങൾക്ക് വിള്ളലുകൾ വീഴുന്ന നേർകാഴ്‌ച‌കൾ നിത്യസംഭവങ്ങളായി മാറുന്നു കോവിഡ് ലോകത്ത്. വിശ്വാസമില്ലാത്ത ബന്ധങ്ങൾ ബന്ധനങ്ങളായി മാറുന്ന കാഴ്ചകളും വാർത്തകളും  പലഭവനങ്ങളുടെയും സമാധാനം നഷ്ടപ്പെടുത്തുന്നു. വിഷാദ രോഗങ്ങൾ വ്യാപകമാണ് എവിടെയും. ജോലിയും സമ്പത്തും സൗകര്യങ്ങളും ഉള്ളപ്പോൾ കൂടെ നിൽക്കാൻ എല്ലാവരും കാണും.  എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ ആശ്വാസ വചനങ്ങൾ നൽകാൻ പോലും തയ്യാറാകാൻ പലരും മടിക്കുന്നു. അത് ബന്ധനങ്ങളായി മാറും എന്ന ചിന്തയാണ് ഉറ്റ ചങ്ങാതിമാരിലും രക്തബന്ങ്ങളിൽ പോലും!  താങ്ങാനാവാത്ത സാമ്പത്തികഭാരം കാരണം പലരും പ്രവാസ ജീവിതം ഉപേക്ഷിക്കുന്നു. സ്വന്തം കൂടപിറപ്പുകളോടും ആത്മമിത്രങ്ങളോടു പോലും യാത്രാമൊഴി ചൊല്ലാതെ. യാത്ര അയപ്പുകൾ സ്വീകരിക്കാതെ? എന്തിനധികം പതിറ്റാണ്ടുകൾ പണിയെടുത്ത കമ്പനികളിൽ അറിയിക്കാതെ മാതൃ രാജ്യത്തേക്ക് ചേക്കേറിയവരുടെ എണ്ണവും കുറവല്ല! ഈ ദുരിതകാലത്ത് പ്രവാസ ലോകത്തു നിന്നും കേരളത്തിലെത്തിയവരുടെ എണ്ണം പതിനാല് ലക്ഷത്തിലിധികം. അതിൽ പത്തു ലക്ഷം പ്രവാസികളും നിരാലംബരും നിരാശ്രയരുമായി ജീവിതം തള്ളിനീക്കാൻ വിധിക്കപ്പെട്ടവരാകുന്നു. ജോലിയും വിസാകാലാവധി ഉള്ളവരും മടങ്ങി വരാനാകാതെ വിഷമിക്കുന്ന കാഴ്ചകൾ  വേറെയും. സെൻ്റർ ഫോർ ഇന്ത്യൻ മൈഗ്രൻ്റസ് സ്റ്റഡീസ് (സിഐഎംഎസ്) നടത്തിയ പഠനംശരിയാണെങ്കിൽ 1180 കോടി രൂപയാണ് കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട് പ്രവാസ ലോകത്തുനിന്നും കേരളത്തിലെത്തിയവരുടെ ശബളവും ആനുകുല്യങ്ങളും.

അതിജീവനം അസാധ്യമാകുമോ? കേന്ദ്ര - കേരള ഗവൺമെൻ്റ്കളുടെ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയമാണിത്. മടങ്ങി പോയ പ്രവാസി തൊഴിലാളികളുടെ പരിരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിനു കഴിയണം. എൻ്റെ സിറിയക്കാരൻ സുഹൃത്ത് മുഈൻ ഗസള്ള പറയുന്നത് കേട്ടാലും: സുഹൃത്തെ ,  ജോലി നഷ്ടപ്പെട്ടാലും നിയമങ്ങൾ കർശനമാക്കിയാലും നിനക്ക് ഇന്ത്യ എന്ന ഒരു മതേതര രാജ്യമുണ്ട് . കേരളം എന്ന ഒരു പ്രവാസി സൗഹൃദ സംസ്ഥാനമുണ്ട്. അവിടെ നിനക്ക് ഒരു വീടുണ്ട്. നിൻ്റെ ബന്ധുമിത്രങ്ങൾ ഉണ്ട്. എനിക്കോ? ഇവിടെ ജനിച്ചു വളർന്ന എനിക്ക് പോകാൻ ഇടമില്ല അറുപതു വയസ്സു കഴിഞ്ഞാൽ? എൻ്റെ രാജ്യത്തിൻ്റെ സ്ഥിതി
പ്രതീക്ഷ നൽകുന്നില്ല. അയൽ രാജ്യങ്ങളായ ഈജിപ്റ്റ് അടക്കം  സിറിയൻ വംശജരെ സ്വീകരിക്കില്ല. ഞാൻ എങ്ങോട്ടു പോകും? മുഈൻ എന്ന സിറിയൻ പൗരൻ്റെ സങ്കടം വംശീയമായി ചിന്തിക്കുന്ന എല്ലാ മനുഷ്യരുടേയും കണ്ണുതുറപ്പിക്കണ്ട സമകാലിക യാഥാർത്ഥ്യമാണ്.

"എവിൻ " എന്ന ഒരു വയസ്സുകാരിയുടെ സങ്കടകരമായ അവസ്ഥയും മറ്റൊരു  സങ്കടകരമായ യാഥാർത്യമാണ്.
എവിൻ എന്ന പിഞ്ചുകുഞ്ഞിനെ അതിൻ്റെ അഛൻ നേരത്തെ ഉപേക്ഷിച്ചു. അമ്മയെ കോവിഡ് എന്ന മാരക രോഗവും കാലയവനികക്കുള്ളിൽ അയച്ചു. അങ്ങനെ കുവൈറ്റ് പ്രവാസികൾക്ക് നൊമ്പരമായി
എവിൻ എന്ന ഒരു വയസ്സുകാരി !  താങ്ങും തണലുമായ അമ്മയെ കോവിഡ് കൊണ്ടുപോയതോടെ ഒറ്റക്കായിപോയ ഒരു വയസ്സുകാരി നൊമ്പരമായി മാറി. എവിൻ്റെ ജനനത്തിന് നാലുമാസം മുമ്പുതന്നെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞ് അച്ചൻ സ്വരാജ്യമായ ഫിലിപ്പെൻസിലക്ക് പോയി.  2021 മേയ് മാസം ഒരു വയസ്സു തികഞ്ഞ എവിൻ്റെ മാതാവ് മേരി ക്രിസിനെ (38) കോവിഡ് കവർന്നെടുക്കുകയും ചെയ്തു. കോവിഡ് ബാധിച്ച് മരണപ്പെട്ടതിനാൽ കുവൈറ്റിൽ തന്നെ മേരിയുടെ അന്ത്യകർമ്മങ്ങളും നടന്നു. മേരിയുടെ സുഹൃത്ത് ജാസി ഒലീബയാണ് നിലവിൽ
കുഞ്ഞിൻ്റെ സംരക്ഷണം ചുമതല. മേരിയെ അറു വർഷമായി അറിയാമെന്നും തൻ്റെ അയൽക്കാരിയായിരുന്നുവെന്നും ഒലിബയിൽനിന്നും അറിയാൻ കഴിഞ്ഞു.

എവിൻ ജനിക്കുന്നതിന്  നാലുമാസം മുമ്പ് അച്ചൻ പ്രവാസം ഉപക്ഷിച്ച് കുവൈറ്റിൽ നിന്നുപോയി.  ടെലിഫോൺ നംബരും ബ്ലോക്ക് ചെയ്‌തു. 2021 ജൂൺ മാസം അവസാനമായിരുന്നു മേരിയെ കോവിഡ് എന്ന മാരക രോഗം ബാധിച്ചത്. ജൂലൈ മാസം മരിക്കുകയും ചെയ്‌തു.  ഫിലിപ്പിയൻസ് എംബസിയുമായി ബന്ധപ്പെട്ട് കുഞ്ഞിനെ അവളുടെ മുത്തശ്ശിയെ ഏൽപിക്കാനുള്ള തുടർ നടപടികൾ തുടരുന്നു. അമ്മയെ അന്വേഷിക്കുന്ന എവിൻ്റെ മുന്നിൽ മറുപടിയില്ലാതെ ഒലീബ ! നൊമ്പരക്കാഴ്ചകളുടെ വേലിയേറ്റമാണ് പ്രവാസ ലോകത്ത്. ഹൃദയാഘാതം മൂലം മരിച്ചവർ. ചികിത്സ അവസാനിച്ചതിനു ശേഷവും ആശുപത്രിവിടാൻ നിർവ്വാഹമില്ലാത്തവർ. സ്തംഭനാവസ്ഥയിലാണ് പ്രവാസ ജീവിതം. നാൽപതു വർഷം പ്രവാസം ജീവിതം നയിച്ചിട്ടും ഇനിയും ഇരുട്ടിൽ തപ്പുന്ന പ്രവാസികളുടെ എണ്ണവും കുറവല്ല.കിട്ടിയ വേതനം എല്ലാം കുടുംബ സംരക്ഷണത്തിനായി വിനയോഗിച്ചു.

കുടുംബവീട് പുതുക്കി പണിഞ്ഞു. സഹോദരിമാരുടെ വിവാഹം നടത്തി. സഹോദരന്മാർക്ക് വസന്ധാരണത്തിന്
വഴിയൊരുക്കി. മാതാപിതാക്കളുടെ സംരക്ഷണവും ഉറപ്പാക്കി. മക്കളെ പഠിപ്പിച്ചു. വീടിനെയും നാടിനെയും
കരുതി.  വീടിനെയും ഗ്രാമവാസികളെയും സന്തോഷിപ്പിക്കാൻ തന്നാലാവുന്നതെല്ലാം ചെയ്‌തു. "തിരികെ ഞാൻ വരുമെന്ന വാർത്തയുമായി " സ്‌പനങ്ങൾ നിറച്ച പെട്ടിയുമായി പ്രവാസം നാലു പതിറ്റാണ്ടുകൾ പിന്നിട്ടത് ഒരു സ്വപ്നം പോലെ പല പ്രവാസികൾക്കും ! ഗൾഫിൽ നിയമം കർശനമാക്കിയതോടെ ജോലിയിൽ നിന്നുമുള്ള പിരിച്ചുവിടൽ വ്യാപകമായിരിക്കുന്നു പ്രവാസ ലോകത്തിൽ. ഞെട്ടലിൻ്റെ അവസ്ഥയിലാണ് പല പ്രവാസി സുഹൃത്തുക്കളും. ചിലരാകട്ടെ മറ്റൊരു പ്രവാസത്തിനായി  ഇതര രാജ്യങ്ങള അഭയം പ്രാപിക്കുന്ന കാഴ്ചകളും സമകാലിക യാഥാർത്ഥ്യമാകുന്നു. വാർദ്ധക്യസഹചമായ രോഗങ്ങൾക്ക് അടിമകളാണ് പലരും.

ഈ ദുരന്തകാലത്ത് പ്രവാസികൾ കേട്ട ഏറ്റവും സ്വാഗതാർഹമായ വാർത്തയാണ് കോവിഡ് ബാധിച്ച് മരിച്ചവർക്കുള്ള ഇന്ത്യൻ എംബസിയുടെ ധനസഹായം. കുവൈറ്റിൽ കോവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ  കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായമാണ് ഇന്ത്യൻ എംബസി പ്രഖ്യാപിച്ചിരിക്കുന്നത്.
കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്ന പലരുടേയും വേർപാടിൽ  കഷ്ടപ്പെടുന്നകുടുംബംഗങ്ങൾക്ക് താൽക്കാലിക ആശ്വാസമാണ് ഈ വാഗ്‌ദാനം. മനുഷ്യത്വപരമായ തീരുമാനമെടുത്ത ഇന്ത്യൻ എംബസിയും അതിനു നേതൃത്വം നൽകുന്ന സ്ഥാനപതി ബഹു. സിബി ജോർജും അഭിനന്ദനം അർഹിക്കുന്നു. കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും മിച്ച ക്രയ ശക്തിയില്ലാത്ത ഏതാണ്ട് 300 കുടുംബാഗങ്ങളെങ്കിലും ഈ വാഗ്ദാനത്തിൻ്റെ ഗുണഭോക്താക്കളാകും എന്ന് കരുതാം. ഇന്ത്യൻ എംബസിയുടെ മാതൃകാപരമായ നിലപാട് ചരിത്ര സംഭവമായി കാലം വിലയിരുത്തും!.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top