04 March Monday

നിങ്ങൾ തൊട്ടടുത്തു നിൽക്കുന്ന സ്ത്രീയുടെയെങ്കിലും മനസ്സ് അറിയൂ: സജിത മഠത്തില്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2017

കൊച്ചി >ജനനം മുതല്‍ നേരിടേണ്ടിവരുന്ന പീഡനങ്ങളോടുള്ള തുറന്ന പ്രതികരണമായി പടര്‍ന്ന #Metoo  സോഷ്യല്‍ മീഡിയ പ്രചാരണത്തിന് നേരെയും അശ്ലീലാക്രമണം. #Metoo  ക്യാമ്പൈനില്‍ അണിനിരന്ന സ്ത്രീകളുടെ സോഷ്യല്‍ മീഡിയ പ്രോഫൈലുകള്‍ക്കുതാഴെ തെറിയും അധിക്ഷേപവും വിളമ്പി ചില 'പുരുഷ കേസരി'കള്‍ തൃപ്തിയടഞ്ഞു. ചിലര്‍ കുട്ടികളായിരിക്കെ സ്ത്രീകള്‍ തങ്ങളെ പീഡിപ്പിച്ചെന്ന 'അനുഭവ സാക്ഷ്യം' നിരത്തി മരണം വരെ സ്ത്രീ നേരിടുന്ന പീഡാനുഭവങ്ങളെ നിസ്സാരമാക്കാന്‍ നോക്കി. തുറന്നു പറഞ്ഞ സ്ത്രീകള്‍ ശരിയല്ലാത്തതിനാലാണ് പീഡനം നേരിടേണ്ടി വന്നതെന്നായിരുന്നു മറ്റ് ചിലരുടെ കണ്ടെത്തല്‍. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സ്ത്രീകളുടെ തുറന്നുപറച്ചിലുകള്‍ ആഭാസ തലക്കെട്ടുകളില്‍ ആഘോഷമാക്കി.

#Metoo  ക്യാമ്പൈനില്‍ സജീവമായി പങ്കെടുത്ത നടി സജിത മഠത്തിലിനും ഈ അനുഭവം നേരിട്ടു. ഈ മനോ വൈകൃതങ്ങള്‍ക്ക് മറുപടിയായി സജിത ഫേസ് ബുക്കില്‍ എഴുതിയതിങ്ങനെ:

 

നന്ദി എന്റെ പുരുഷ സുഹൃത്തുക്കൾക്ക് .

അവരിൽ വലിയൊരു പങ്കു പേരും #Metoo വിലൂടെ ഞങ്ങൾ പറയാൻ ഉദ്ദേശിച്ച വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി. ആൺ കുട്ടികളുടെ ജീവിതത്തിലും ചെറുപ്പകാലത്ത് സമാനമായ കഥകളുണ്ടെന്ന് നമ്മെ അറിയിച്ചു. അതെ കുട്ടികൾക്കു മേലുള്ള അതിക്രമങ്ങളിൽ ആൺ പെൺ വിത്യാസമില്ല. സ്ത്രീകളുടെ ജീവിതത്തിലത് മരണം വരെ പിന്തുടരുന്നു എന്നു മാത്രം.

അതെ ഇത് തുറന്നു പറച്ചിലിന്റെ കാലമാണ് ലോകത്തെല്ലാമുള്ള സ്ത്രീകൾക്ക് , ഒരു സ്ത്രീക്ക് ഇത്തരം ഒരു ചെറിയ കാര്യം പോലും ഭർത്താവിനോടു പോലും തുറന്നു പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പേടി കൊണ്ടല്ല .. ആ ഓർമ്മകളിൽ പോലും അവളുടെ ഉള്ളു വിറക്കും. അപമാനം കൊണ്ട് ചുരുങ്ങും . സ്വയം അടക്കി മാറാരോഗങ്ങൾ തന്നെ വരുത്തിവെക്കും. ഇവിടെ വന്ന് നല്ല സ്ത്രീകൾ

ഇതൊന്നും പറയില്ല എന്നു പറയുന്നവരോട് ഒരു കാര്യം മാത്രം പറയട്ടെ .. നിങ്ങൾ തൊട്ടടുത്തു നിൽക്കുന്ന സ്ത്രീയുടെ മനസ്സ് ഇന്നുവരെ യഥാർത്ഥത്തിൽ അറിയാൻ ശ്രമിച്ചിട്ടുണ്ടാവില്ല. ഇത്തരം ഒരു അനുഭവം ഇല്ലാത്ത ഒരു സ്ത്രീ പോലും കേരളത്തിലുണ്ടായില്ല.

സ്ത്രീ ലൈംഗിക അക്രമങ്ങളിലൂടെ കടന്നു പോയി എന്നു പറയുമ്പോൾ അത് മറ്റൊരു കമ്പി' കഥകളായി തോന്നുന്നുവെങ്കിൽ നിങ്ങളിൽ ഞാൻ ഇടവഴിയിൽ പതിഞ്ഞു നിന്ന് ആക്രമിക്കുന്ന, ലേഡീസ് ഹോസ്റ്റലിന്റ മുമ്പിലെ അരണ്ട വെളിച്ചത്തിൽ ഞങ്ങൾക്ക് മുമ്പിൽ തന്റെ നഗ്നത പ്രദർശിപ്പിക്കുന്ന പുരുഷനെ കാണുന്നു. ഒരു അപരിചിതനായ വഷളൻ ... ഇതാ ഇവളുടെ പാവാട നീക്കിയേ മുലയിൽ പിടിച്ചേ എന്നു തലക്കെട്ട് ഇട്ട് വായന വർദ്ധിപ്പിക്കുന്ന മാധ്യമങ്ങളും പുതിയ കാലത്തെ ഈ വർഗ്ഗത്തെ തന്നെയാണ് ഓർമ്മപ്പെടുത്തുന്നത്. അവരും ഈ വിഷയത്തിൽ സ്ത്രീക്ക് ഒപ്പം നിൽക്കുന്നില്ല.

എന്നാൽ ആർജ്ജവമുള്ള കുറെ ആൺ സുഹുത്തുക്കൾ എനിക്കുണ്ടെന്ന് ഈ അവസരം എന്നെ ബോദ്ധ്യപ്പെടുത്തി. അവർ ഏറെ ഗൗരവത്തോടെ ഈ സ്ത്രീ തുറന്നു പറച്ചിലുകളെ കണ്ടു, ചേർന്നു നിന്നു.. നന്ദി ഏറെ നന്ദി

 

ഈ വിഷയത്തില്‍ സജിത ആദ്യം എഴുതിയതിവിടെ

എന്റെ പിഴ

എനിക്കും ആ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് ലോകത്തെല്ലായിടത്തുമുള്ള സ്ത്രീകൾക്കൊപ്പം പറയുക എന്ന ഒരു കാര്യം മാത്രമെ ഞാൻ #Metoo കാമ്പയിനിങ്ങിൽ പങ്കെടുക്കുമ്പോൾ ഉദ്ദേശിച്ചിരുന്നുള്ളൂ. എന്റെ സുഹുത്ത് ഏലിയാമ്മ വിജയന്റെ പോസ്റ്റ് അതേപടി ഞാൻ എന്റെ പേജിലും ചേർത്തു. പിന്നീട് ഒട്ടനവധി സ്തീകൾ അതേ പോസ്റ്റ് ഷെയർ ചെയ്തു. ഓൺലൈൻ മാധ്യമങ്ങൾ പതിവുപോലെ കൂടുതൽ എരിവുകയറ്റി വാർത്തകൾ ചമഞ്ഞു. ഇപ്പോൾ എന്റെ പോസ്റ്റിെന്റ കമന്റുകളിൽ വലിയ പങ്കും "വീണ്ടും വീണ്ടും പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ മോശക്കാരി ആയതു കൊണ്ടു മാത്രമാണ്, നീ ആളെ പറയടി "തുടങ്ങിയ ആക്രോശങ്ങളാണ്
"എന്തു പറ്റി "എന്ന സ്നേഹാന്വേഷണങ്ങൾ വെറെയും 'എന്റെ സുഹുത്തുക്കളെ ഏലിയാമ്മ വിജയന്റെ പോസ്റ്റിനോട് ഞാൻ യോജിക്കുന്നതിനാലാണ് ഞാൻ അത് പോസ്റ്റിയത്. 
ക്ഷമിക്കണം
എന്റെ പിഴ
ഡാൻസ് ക്ലാസ്സ് വിട്ടു വരുമ്പോൾ തുണി പൊക്കി കാണിച്ചവനെ കണ്ടു പിടിച്ച് പേരൊന്നു ചോദിക്കണം
എന്റെ പിഴ
ബസ്സിൽ സീറ്റിന്റെ ഇടയിലൂടെ കൈ ഇട്ട് മുലക്കു പിടിച്ചവനെ മുഖത്തടിച്ചതിനിടയിൽ അവൻ ഓടിപ്പോയത് എന്റെ കുഴപ്പം തന്നെ .
എന്റെ പിഴ
ട്യൂഷ്യൻ പഠിപ്പിച്ച മാഷ് പത്തു വയസ്സുകാരിയുടെ പാവാടക്കിടയിലൂടെ കൈയിട്ടുവാൻ ശ്രമിച്ചപ്പോൾ പേടിച്ചരണ്ടു കരയാതെ പോലീസ് സ്റ്റേഷനിൽ പോവേണ്ടതായിരുന്നു.
എന്റെ പിഴ
ഒരിക്കലും പ്രതീക്ഷിക്കാത്ത എന്റെ കൂട്ടുകാരൻ വാട്ട്സപ്പിലൂടെ എഴുതിയ അശ്ലീല വാക്കുകൾക്ക് 
എന്റെ പിഴ
തൊട്ടടുത്ത ബന്ധു കുളിമുറിക്കുള്ളിലേക്ക് തള്ളിയിട്ട് അമർത്താൻ ശ്രമിച്ചപ്പോൾ പേടിച്ച് ഓടിയതിന്
എന്റെ പിഴ
ദില്ലിയിലെ തിരക്കൊഴിഞ്ഞ റോഡിൽ പകൽ നടന്നു പോയ എന്നെ 'മദ്യപിച്ച ആൺകൂട്ടം കയറി പിടിച്ചതും ഞാൻ ഓടി രക്ഷപ്പെട്ടതിനും
എന്റെ പിഴ
ഇപ്പോൾ അവൾക്കൊപ്പം നിൽക്കുന്നതിന് നിങ്ങൾ ചൊരിയുന്ന ഈ തെറിക്കും ഭീഷണിക്കും
എന്റെ പിഴ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top