09 May Thursday

ദളിത്‌ സംഘടനകൾ ആഹ്വാനം ചെയ്‌തിരിക്കുന്ന ഹർത്താലിന്‌ ഐക്യദാർഢ്യവുമായി സജി ചെറിയാൻ

വെബ് ഡെസ്‌ക്‌Updated: Monday Apr 9, 2018

ചെങ്ങന്നൂർ > പട്ടിക ജാതി പട്ടികവർഗ നിയമം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്‌ ദളിത്‌ സംഘടനകൾ ആഹ്വാനം ചെയ്‌തിരിക്കുന്ന ഹർത്താലിനെ പിന്തുണച്ച്‌ സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയും ചെങ്ങന്നൂരിലെ എൽഡിഎഫ്‌ സ്ഥാനാർഥിയുമായ സജി ചെറിയാൻ. പട്ടികജാതിപട്ടികവർഗ ക്ഷേമത്തിനായും ആ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾക്കെതിരെയും നിലപാടെടുക്കുന്ന പുരോഗമനവാദികള്‍ക്കെല്ലാം ഹർത്താൽ മുന്നോട്ടു വയ്‌ക്കുന്ന മുദ്രാവാക്യത്തോട് ഐക്യപ്പെടാനാകുമെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിൽ പറഞ്ഞു.

സജി ചെറിയാന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌:


തിങ്കളാഴ്ച കേരളത്തിൽ ആഹ്വാനം ചെയ്തിരിക്കുന്ന ദളിത് ഹർത്താലിന് എന്റെ ഐക്യദാർഡ്യം പ്രഖ്യാപിക്കുകയാണ്

ഉത്തരേന്ത്യയിൽ ദളിത് ഭാരതബന്ദിൽ പങ്കെടുത്തവരെ കൊലപ്പെടുത്തിയത് സിറ്റിംഗ് ജഡ്ജി അന്വേഷിക്കുക, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, പട്ടികജാതിപട്ടികവർഗ പീഡന നിരോധന നിയമം പൂർവ്വസ്ഥിതിയിലാക്കാൻ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തുക എന്നീ മുദ്രാവാക്യങ്ങളാണ് ഹർത്താലിന് കാരണമായി ഉയർത്തുന്നത്. തീർച്ചയായും പട്ടികജാതിപട്ടികവർഗ ക്ഷേമത്തിനായും ആ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾക്കെതിരെയും നിലപാടെടുക്കുന്ന പുരോഗമനവാദികള്‍ക്ക് ഈ മുദ്രാവാക്യത്തോട് ഐക്യദാർഢ്യപ്പെടാനാവും.

പട്ടികജാതിപട്ടികവര്‍ഗങ്ങള്‍ക്കെതിരായ അതിക്രമം തടയാനുള്ള നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി വിധിയ്‌ക്കെതിരെ രാജ്യത്താകമാനം നടക്കുന്ന ദളിത്‌ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന ബിജെപി സര്‍ക്കാരുകളുടെ നടപടിയ്‌ക്കെതിരെ ഏപ്രില്‍ 10ന്‌ രാജ്‌ഭവന്റെ മുന്നിലും, ജില്ലകളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ മുന്നിലേക്കും സിപിഐ എമ്മും മാര്‍ച്ച്‌ സംഘടിപ്പിക്കുന്നുണ്ട്.

ഭരണഘടനാദത്തമായ നിയമാവകാശം സംരക്ഷിക്കാനുള്ള പോരാട്ടമാണ്‌ ദളിത്‌ വിഭാഗങ്ങള്‍ രാജ്യത്താകമാനം സംഘടിപ്പിക്കുന്നത്‌. 12 പേര്‍ ഇതിനകം പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തില്‍ നടക്കുന്ന ഈ പ്രതിഷേധത്തില്‍ എന്‍റെ പിന്തുണയും നിങ്ങള്‍ക്കൊപ്പമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top