28 September Thursday

പെഗാസസ് എന്നു കേൾക്കുമ്പോൾ ഭീമ കൊറേഗാവ് കൂടി ഓർക്കണം... എസ്‌ സുദീപ്‌ എഴുതുന്നു

എസ്‌ സുദീപ്‌ Updated: Tuesday Jul 20, 2021
ജീവിച്ചിരിക്കുന്ന സ്റ്റാൻ സ്വാമിമാരുടെ ആത്മാവിൽ നിങ്ങൾ ഏതു പെഗാസസ്, ഏതു സ്പൈ വെയർ കയറ്റും?
ആത്മാവില്ലാത്ത മനുഷ്യർ(?) രാജ്യം മുഴുവൻ നേടിയാലും, സ്വന്തം പെഗാസസ് നഷ്ടമായാൽ പിന്നെന്തു പ്രയോജനം എന്ന് സ്റ്റാൻ സ്വാമിയുടെ ആത്മാവ് ചോദിക്കുന്നുണ്ട്... എസ്‌ സുദീപ്‌ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ്‌.
 
പെഗാസസ് ഫോൺ ചോർത്തൽ കേൾക്കുമ്പോൾ ഭീമ കൊറേഗാവ് കേസു കൂടി ഓർക്കണം.
ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ട് അനുസരിച്ച്, ഭീമ കൊറേഗാവ് കേസിൽ പ്രതിചേർക്കപ്പെട്ട രാജ്യത്തെ ഒമ്പത് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരുടെ കമ്പ്യൂട്ടറുകളിൽ പെഗാസസ് പ്രവർത്തിച്ചിരുന്നു.
 
ഭീമ കൊറേഗാവ് കേസിലെ ഇലക്ട്രോണിക് രേഖകൾ അമേരിക്കൻ ബാർ അസോസിയേഷൻ വഴി പരിശോധനയ്ക്ക് അയച്ചു. ഡിജിറ്റൽ കുറ്റകൃത്യങ്ങൾ കണ്ടെത്താൻ പേരെടുത്ത യുഎസിലെ ആർഡിൽ കൺസൽറ്റിംഗ് അവ പരിശോധിച്ചു.

കണ്ടെത്തൽ:
 
പ്രതികളുടെ കമ്പ്യൂട്ടറുകളിൽ അറസ്റ്റിന് രണ്ടു വർഷം മുമ്പു മുതൽ സൈബർ ആക്രമണം വഴി വ്യാജരേഖകൾ സ്ഥാപിച്ചുകൊണ്ടിരിക്കുകയായിരുന്നു. അറസ്റ്റിന് രണ്ടു ദിവസം മുമ്പുവരെയും സൈബർ ആക്രമണം നടന്നിരുന്നു.

രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരായ പ്രതികളുടെ കമ്പ്യൂട്ടറിൽ ഉണ്ടായിരുന്നതായി പറയുന്ന ആ രേഖകളാണ് പ്രതികൾക്കെതിരായ തെളിവ്!

ആ കേസിലാണ് മനുഷ്യാവകാശ പ്രവർത്തകനും എൺപത്തിനാലുകാരനുമായ സ്റ്റാൻ സ്വാമിയെന്ന ജസ്യൂട്ട് പാതിരിയെ മരണം വരെ വിചാരണത്തടവിലിട്ടത്‌!

അയിഷ സുൽത്താന ചാനലിൽ നടത്തിയതും രാജ്യദ്രോഹത്തിന്റെ ഏഴയലത്തുപോലും വരാത്തതുമായ ഒരു രാഷ്ട്രീയ വിമർശനത്തിന്റെ പേരിൽ, അവരുടെ വീട് റെയ്‌ഡ് ചെയ്തതും ലാപ്‌ടോപ്പ് എടുത്തു കൊണ്ടു പോയതും കൂടി ഇതിനോടു ചേർത്തു വായിക്കണം.
 
ലക്ഷദ്വീപ്‌ വിഷയത്തിൽ പ്രതികരിച്ച പൃഥിരാജിനെ ചോദ്യം ചെയ്യുമെന്ന ഭീഷണിയും ഓർക്കണം. എതിർക്കുന്നവരെയൊക്കെയും എങ്ങനെയും ക്രൂശിക്കുമെന്ന ഭീഷണി തന്നെ.

നാളെ നിങ്ങളെത്തേടിയും അവരെത്തും.
 
അന്നേരം ആരും ശേഷിച്ചെന്നു വരില്ല.
സ്റ്റാൻ സ്വാമിയുടെ ആത്മാവ് ഇതൊക്കെയും കാണുന്നുണ്ട്.
ജീവിച്ചിരിക്കുന്ന സ്റ്റാൻ സ്വാമിമാരുടെ ആത്മാവിൽ നിങ്ങൾ ഏതു പെഗാസസ്, ഏതു സ്പൈ വെയർ കയറ്റും?
ആത്മാവില്ലാത്ത മനുഷ്യർ(?) രാജ്യം മുഴുവൻ നേടിയാലും, സ്വന്തം പെഗാസസ് നഷ്ടമായാൽ പിന്നെന്തു പ്രയോജനം എന്ന് സ്റ്റാൻ സ്വാമിയുടെ ആത്മാവ് ചോദിക്കുന്നുണ്ട്.

*
പെഗാസസ് വിവാദം പുറത്തുവിട്ടത് വാഷിംഗ്ടൺ പോസ്റ്റ്, ഗാർഡിയൻ, ഇന്ത്യയിലെ ദ വയർ എന്നിവരൊക്കെ ചേർന്നാണ്.
ഒരു സ്വതന്ത്ര ഡിജിറ്റൽ ന്യൂസ് പ്ലാറ്റ്ഫോം ആണ് ദ വയർ.
 
അതിന്റെ സ്ഥാപക എഡിറ്റർമാരിൽ ഒരാൾ സിദ്ധാർത്ഥ് വരദരാജനാണ്. ദ ഹിന്ദുവിൽ നിന്നു രാജിവച്ച പത്രാധിപർ. അദ്ദേഹത്തിന്റെയടക്കം ഫോൺ ചോർത്തപ്പെട്ടു എന്നതിനൊപ്പം സുപ്രീം കോടതി ജഡ്ജിയുടെ വരെ ഫോൺ ചോർത്തിയതായി ആരോപിക്കപ്പെടുന്നു.
ദ വയർ പോലുള്ള മാദ്ധ്യമങ്ങൾ നിലനിൽക്കണം. നിലനിർത്തേണ്ടത് ജനാധിപത്യവിശ്വാസികളുടെ ചുമതലയാണ്.
ദ വയറിന് വരിസംഖ്യയില്ല. വെബ് പേജിൽ മുകളിൽ സപ്പോർട്ട് എന്ന ഐക്കൺ ക്ലിക്ക് ചെയ്ത് നമുക്ക് പണം നൽകാം.
ജനാധിപത്യത്തെയും സ്വതന്ത്ര മാദ്ധ്യമങ്ങളെയുമൊക്കെ നിലനിർത്തേണ്ടത് അങ്ങനെയൊക്കെ കൂടിയാണ്.

*
എന്താണ് ഭീമ കൊറേഗാവ് കേസ് എന്നുകൂടി അറിയുക.
മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവിൽ വച്ചാണ് പേഷ്വയുടെ സൈന്യത്തെ ദളിത് സൈന്യം തോല്പിക്കുന്നത്.
അതിന്റെ നൂറാം വാർഷികാഘോഷമായിരുന്നു 2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവിലെ എൽഗാർ പരിഷത്.
 
പിറ്റേന്ന് അക്രമം നടന്നു. ആ അക്രമവുമായും പ്രധാനമന്ത്രിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന രേഖപ്പെടുത്തിയതായി പറയപ്പെടുന്ന ഇ-മെയിലുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റ്.
മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന സർക്കാരും കേന്ദ്രത്തിൽ എൻ ഡി എ യും ഭരിക്കുമ്പോഴാണ് കേസ്. മഹാരാഷ്ട്ര പൊലീസ് തുടക്കമിട്ടു, എൻഐഎ ഏറ്റെടുത്തു.
 
ഗൂഢാലോചനയൊക്കെ എഴുതി ഒപ്പിട്ട് ഇ-മെയിലായി അയച്ച്, കൈവശം തെളിവായി സൂക്ഷിച്ച്, പൊലീസ് വരുമ്പോൾ ഇന്നാ പിടിച്ചോ എന്നു പറയുന്ന കുറ്റവാളികളുടെ ആ മഹാമനസ്കതയുണ്ടല്ലോ, അതാണ് സാറേ മെയിൻ...

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top