06 June Tuesday

ഇത്തവണ പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത് അഭിമാനത്തോടെ ...എസ്‌ ശാരദക്കുട്ടി എഴുതുന്നു

എസ് ശാരദക്കുട്ടിUpdated: Saturday Apr 3, 2021

"അഞ്ചു വർഷം കഴിഞ്ഞു. തിരഞ്ഞെടുത്തു പോയ മന്ത്രിസഭയെ ഓർത്ത് തല കുനിക്കേണ്ടി വരുന്നില്ല. നേട്ടങ്ങളുടെ മുന്നിൽ തല ഉയർത്തി നിന്നാണ് ഇത്തവണ ഈ വരികൾഎഴുതുന്നത്. കേരളം തങ്ങൾ തിരഞ്ഞെടുത്ത മന്ത്രിസഭയെയും അതിന്റെ നേതൃത്വത്തെയും അഭിമാനത്തോടെ ഓർത്തു കൊണ്ടാണ് ഇത്തവണ പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്''-എസ്‌ ശാരദക്കുട്ടി എഴുതുന്നു.

2016ലെ പൊതു തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് മനോരമ ന്യൂസ്ചാനൽ അവരുടെ സ്റ്റുഡിയോയിൽ വെച്ചു നടത്തിയ വോട്ട് ടോക്കിൽ ഷാനി പ്രഭാകരനൊപ്പം ഞാനും കഥാകൃത്ത് ഉണ്ണി ആറുമാണ് ഒരു എപ്പിസോഡിൽ അതിഥികളായി സംസാരിച്ചത്..

അന്ന് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ അൽഗുൽത്തുകളിൽ കേരളം സഹി കെട്ടിരുന്ന സമയം . അഴിമതിയും ആർത്തിയും കേരളത്തെ വിഴുങ്ങിയ കാലം. അധികാരത്തിമിർപ്പു കണ്ട് കേരളം മാനക്കേടു കൊണ്ട്  തലകുനിച്ചിരുന്ന സമയം. ഭരണപക്ഷത്തിനിടയിലെ തന്നെ കുത്തിത്തിരിപ്പുകളും അച്ചടക്കമില്ലായ്മയും അത്രക്ക് വെളിപ്പെട്ട കാലം . ഭരണമാറ്റത്തിനു വേണ്ടി ജനങ്ങൾ അത്രക്ക് ആഗ്രഹിച്ച സമയം. അതൊന്നും മറക്കാനാവില്ല

അന്ന് ചോദ്യങ്ങൾക്കൊടുവിൽ ഷാനി ചോദിച്ചു ടീച്ചർക്ക് ആരു മുഖ്യമന്ത്രിയാകണം ? എനിക്ക് സംശയമുണ്ടായില്ല പിണറായി വിജയൻ എന്നു പറയാൻ . ഉണ്ണി ആറും അതു തന്നെ പറഞ്ഞു.

ഇന്ന് പുതിയൊരു തിരഞ്ഞെടുപ്പിന്റെ വക്കിൽ നിൽക്കുമ്പോൾ അന്നു പറഞ്ഞത് തെറ്റിപ്പോയെന്ന് പറയിപ്പിക്കാതിരുന്ന മുഖ്യമന്ത്രിയോട് നന്ദിയുണ്ട്.  കൂടുതലുറപ്പോടെ ഇടതു പക്ഷത്തിന് തുടർ ഭരണം കിട്ടണമെന്ന് ആത്മാഭിമാനത്തോടെ വീണ്ടും  പറയാൻ കഴിയുന്നത് വലിയ കാര്യമായിത്തനെ ഞാൻ കാണുന്നു. പിഴവുകൾ ഉണ്ടായിട്ടുണ്ടെങ്കിലും വലുതായ  നേട്ടങ്ങളുടെ മുന്നിൽ കുറവുകളെ മാത്രം ഹൈലൈറ്റ് ചെയ്യാനുള്ള കുബുദ്ധി തത്കാലമില്ല.

അഞ്ചു വർഷം കഴിഞ്ഞു. തിരഞ്ഞെടുത്തു പോയ മന്ത്രിസഭയെ ഓർത്ത് തല കുനിക്കേണ്ടി വരുന്നില്ല. നേട്ടങ്ങളുടെ മുന്നിൽ തല ഉയർത്തി നിന്നാണ് ഇത്തവണ ഈ വോട്ട് ടോക് എഴുതുന്നത്. കേരളം തങ്ങൾ തിരഞ്ഞെടുത്ത മന്ത്രിസഭയെയും അതിന്റെ നേതൃത്വത്തെയും അഭിമാനത്തോടെ ഓർത്തു കൊണ്ടാണ് ഇത്തവണ പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്.

മറ്റൊന്നു കൂടി . ഈ സമയത്ത് അല്ലെങ്കിൽ പിന്നെ എപ്പോൾ പറയാൻ? എനിക്ക് അവാർഡു കിട്ടാനാണ് , സാഹിത്യ അക്കാദമിയുടെ ഭരണ സമിതിയിൽ വരാനാണ് സർക്കാരിനെ പിന്തുണക്കുന്നത് എന്നൊക്കെ എന്നെ തുടരെ ആക്ഷേപിച്ചവരുണ്ട്. അവരോടുപറയട്ടെ .

എനിക്കൊരവാർഡും അക്കാദമികൾ തന്നിട്ടില്ല.  പ്രതിഫലത്തിനു വേണ്ടിയോ പ്രതിഫലം വാങ്ങിയോ സർക്കാരിനു വേണ്ടി ഒരു പണിയും ഞാൻ ചെയ്തു കൊടുത്തിട്ടില്ല.  പ്രഭാഷണങ്ങളും എഴുത്തുകളും അന്നുമുണ്ട് ഇന്നുമുണ്ട്. . ഒരു വിശിഷ്ട കസേരയുമില്ല. പുരസ്കാരവുമില്ല. . വേണ്ട താനും. അശ്ലീലമോഹങ്ങളില്ല എന്നതു മാത്രമേ എന്നെക്കുറിച്ച് എനിക്ക് ഉറപ്പുതരാനാകൂ. അതുകൊണ്ട് , കൂടുതലുറപ്പോടെ , കൂടുതൽ ശക്തമായി പറയുന്നു,

 LDF തുടരണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top