23 June Sunday

കണ്ടത്തിൽ നിന്ന് കണ്ടത്തിലേക്ക് തിരിച്ചു പോക്കില്ല, നമുക്ക് പരിസ്ഥിതിയും വേണം വികസനവും..... കവി എസ് ജോസഫ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022

ഏ സി റൂമിലിരുന്നാണ് സിനിമാ പാട്ട് കവികൾ എഴുതുന്നത്. അല്ലാതെ കണ്ടത്തിലിരുന്നല്ല. കണ്ടത്തിൽ നിന്ന് കണ്ടത്തിലേക്ക് തിരിച്ചു പോക്കില്ല. നമുക്ക് പരിസ്ഥിതിയും വേണം വികസനവും വേണം എന്നതാണത്. ഞാൻ പാവപ്പെട്ടവർക്കും ദളിതർക്കും ആദിവാസികൾക്കും വേണ്ടി നിലകൊള്ളുന്ന ആളാണ്. എന്നാൽ സമ്പന്നരോടും ബുദ്ധനെപ്പോലെ സ്നേഹമേയുള്ളു. നാടോടികളെക്കുറിച്ചും ഭിക്ഷക്കാരെക്കുറിച്ചും ഞാൻ  കവിതകൾ എഴുതി. ഗ്രാമഭംഗിയും വനനീലിമയും ഇഷ്ടമാണ്. നല്ല വാസ്തുവിദ്യയും മെട്രോ സിറ്റിയും ഇഷ്ടമാണ്. നല്ല കാറുകൾ ഇഷ്ടമാണ്. ഇന്ത്യയിലെ വെൽ ഡിസൈൻഡ് സിറ്റിയായ ഗാന്ധിനഗർ ഇഷ്ടമാണ് - എസ് ജോസഫ് എഴുതുന്നുആദരണീയനായ , പ്രിയപ്പെട്ട  സിവിക് മാഷിനൊരു മറുപടി:

" അപ്പോഴും ഹാ, പോംവഴി പക്ഷേ മറ്റൊരു വിധമായിരുന്നെങ്കിൽ എന്നു നെടുവീർപ്പിട്ടവരുമുണ്ടായിരുന്നല്ലോ : ഇടശ്ശേരി, വൈലോപ്പിള്ളി ...."

വൈലോപ്പിള്ളിയുടെ ജലസേചനം, സർപ്പക്കാട്, യുഗപരിവർത്തനം എന്നീ കവിതകൾ മാറുന്ന ലോകത്തിന്റെ കണ്ണാടിയായിട്ടാണ് ഞാൻ വായിക്കുക. കടൽക്കാക്കകൾ, കാക്ക എന്നീ കവിതകളും അങ്ങനെ തന്നെ. I contradict myself  എന്നു പറഞ്ഞ വാൾട്ട് വിറ്റ്മാനെപ്പോലെ വൈരുദ്ധ്യം വൈലോപ്പിള്ളിക്കു മുണ്ടായിരുന്നു. മാറ്റത്തിന്റെ സങ്കീർണതകൾ അവതരിപ്പിക്കുകയായിരുന്നു വൈലോപ്പിള്ളി. അതേസമയം മാറ്റത്തെ അത്രയ്ക്ക് " അങ്ങട്  " എതിർത്തുമില്ല. മറ്റൊരു വിധം എന്നത് വിപ്ലവത്തിന്റെ രക്തച്ചൊരിച്ചിലിന് എതിരേയുള്ള പരാമർശം ആവാം. അത് ശരിയാണ്.

ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലത്തിലും വൈരുധ്യം ഉണ്ട്. പാലത്തിന്റെ പണി തീരുന്നിടം വരെ കവി കവിത എഴുതിയില്ല. പാലം പണി കഴിഞ്ഞപ്പോഴാണ് അദ്ദേഹം പാലത്തിൽ കേറി നിന്ന് പേരാറിന്റെ പോയ കാലത്തെപ്പറ്റി എഴുതുന്നത്. ആ എഴുത്ത് പാലം വേണമെന്നും മാഞ്ഞുപോകാതെ പ്രകൃതിയെ സംരക്ഷിക്കണമെന്നും നമ്മോടു പറയുന്നു. ഈ കവിതയിൽ വൈലോപ്പിള്ളിയെപ്പോലെ ഇടശ്ശേരിയുടെ വൈയക്തികതയിലും ഇടശ്ശേരിയുടെ സാമൂഹിക തലത്തിത്തിലുമുള്ള വൈരുദ്ധ്യം കാണാം. പരിസ്ഥിതി കവിയായ പി.പി.രാമചന്ദ്രനാണ് ഹരിതകം.കോം ആരംഭിച്ചത്. അദ്ദേഹമാണ് ആദ്യമായി. ടാബിൽ കവിത എഴുതുന്നത് കണ്ടത്. എനിക്കു മുമ്പേ സ്കൂട്ടറും കാറും വാങ്ങി. ഹരിതകം പുതിയ കവിതയുടെ ആർകൈവ്സ് ആയി.  

സച്ചിമാഷ് ലോകം മുഴുവനും വിമാനങ്ങളിൽ പറന്നു നടന്ന് ഇന്ത്യയിൽ ഏറ്റവും അറിയപ്പെടുന്ന കവിയായി. ഞാനും പരിസ്ഥിതി കവിയാണ്. മലയാളത്തിലെ 90 കൾ മുതലുള്ള എല്ലാ കവികളിലും പരിസ്ഥിതി ബോധം അതിശക്തമാണ്. എം.എ റഹ്മാൻ മാഷിന്റെ എം.ടി.യെക്കുറിച്ചുള്ള ഡോക്യുമെന്ററിയിൽ എം.ടിയുടെ വീടിന്റെ മുന്നിലുള്ള നിളയിൽ നിന്ന് മണൽ ലോറിയിൽ കയറ്റിക്കൊണ്ടു പോകുന്നതു കാണാം. നിളയെ  ചപ്രം ചിപ്രം ചവിട്ടി മെതിച്ചില്ലേ ? ഞങ്ങൾ കവിതകൾ എഴുതി. എന്നാൽ പക്ഷികൾ മരക്കൊമ്പിലിരുന്നും പാടും കറണ്ട് കമ്പിക്കാലിലിരുന്നും പാടും. ഏ.സി റൂമിലിരുന്നാണ് സിനിമാ പാട്ട് കവികൾ എഴുതുന്നത്. അല്ലാതെ കണ്ടത്തിലിരുന്നല്ല. കണ്ടത്തിൽ നിന്ന് കണ്ടത്തിലേക്ക് തിരിച്ചു പോക്കില്ല. നമുക്ക് പരിസ്ഥിതിയും വേണം വികസനവും വേണം എന്നതാണത്. ഞാൻ പാവപ്പെട്ടവർക്കും ദളിതർക്കും ആദിവാസികൾക്കും വേണ്ടി നിലകൊള്ളുന്ന ആളാണ്. എന്നാൽ സമ്പന്നരോടും ബുദ്ധനെപ്പോലെ സ്നേഹമേയുള്ളു. നാടോടികളെക്കുറിച്ചും ഭിക്ഷക്കാരെക്കുറിച്ചും ഞാൻ  കവിതകൾ എഴുതി.

ഗ്രാമഭംഗിയും വനനീലിമയും ഇഷ്ടമാണ്. നല്ല വാസ്തുവിദ്യയും മെട്രോ സിറ്റിയും ഇഷ്ടമാണ്. നല്ല കാറുകൾ ഇഷ്ടമാണ്. ഇന്ത്യയിലെ വെൽ ഡിസൈൻഡ് സിറ്റിയായ ഗാന്ധിനഗർ ഇഷ്ടമാണ്. കടലിനോട് ചേർന്ന് വീടുവയ്ക്കരുത്. കടലിൽ നിന്ന് അരക്കിലോ മീറ്ററെങ്കിലും അകലം വേണം. സഹ്യപർവതത്തിൽ പ്രളയം ബാധിച്ചത് പ്രകൃതിയെ മാനിക്കാത്തതു കൊണ്ടു കൂടിയാണ്. അവിടെ ആദിവാസികൾ പറയുന്നത് കേൾക്കുകയാണ് വേണ്ടത്. നൂറ്റാണ്ടുകളായി ജീവിച്ചുള്ള പരിചയം അവർക്കുണ്ട്. വൈലോപ്പിള്ളിയെപ്പോലെ ഇടശ്ശേരിയെപ്പോലെ എനിക്കും വൈരുദ്ധ്യം ഉണ്ട്. അവരുടെ പരമ്പരയിലെ ഒരു കവിയാണ് ഞാനും.

സിവിക് മാസ്റ്റിന്റെ പോസ്റ്റ്

" വികസന മൗലികവാദത്തോടൊപ്പം കവികളും കഥാകൃത്തുക്കളും? അശോകൻ ചരുവിൽ മുതൽ എസ് ജോസഫ് വരെ ആദ്യമായാണോ ? പ്രാഥമിക നിരീക്ഷണം പറയാം: കൊളോണിയൽ ആധുനികതയുടെയും വികസന സങ്കല്പത്തിൻ്റെയും  സാംസ്കാരിക രംഗത്തെ ആദ്യകാല             നിരുപാധിക വക്താക്കൾ ചന്തുമേനോൻ മുതൽ വയലാറും തോപ്പിൽ ഭാസിയും വരെ (ഹാ മനുഷ്യൻ , വിജുഗിഷുവായ മനുഷ്യൻ! ഗോളങ്ങളെടുത്തമ്മാനമാടും....) അപ്പോഴും ഹാ, പോംവഴി മറ്റൊരു വിധമായിരുന്നെങ്കിൽ എന്നു നെടുവീർപ്പിട്ടവരുമുണ്ടായിരുന്നല്ലോ :         
ഇടശ്ശേരി, വൈലോപ്പിള്ളി .... കൊളോണിയൽ ആധുനികതയെ ആദ്യമായി  തള്ളിപ്പറയാൻ ശ്രമിച്ചത് സാക്ഷാൽ ഒ.വി വിജയൻ ..  
ഈ വഴിക്കൊരാലോചന നടത്തിയിട്ടുള്ളവർ ഇതൊരു സംവാദമാക്കുമൊ ?"


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top