02 May Thursday

ഓരോ മതത്തെയും അറിയുന്നത് മതവിശ്വാസികളുടെ പെരുമാറ്റംകൊണ്ട്; എങ്ങും പേടിച്ച് ഓടിയിട്ടില്ല, നിലപാടില്‍ ഒരുമാറ്റവുമില്ല; ആക്ഷേപിച്ചവര്‍ക്ക് മറുപടിയുമായി ആര്‍ജെ സൂരജ്

വെബ് ഡെസ്‌ക്‌Updated: Thursday Dec 7, 2017

കൊച്ചി > മതവര്‍ഗീയവാദികളുടെ ഭീഷണിക്കും ആക്ഷേപങ്ങള്‍ക്കും ഇരയായ ആര്‍ജെ സൂരജ് പ്രതികരണവുമായി രംഗത്ത്. താന്‍ ഒരു മതവും പഠിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഓരോ മതത്തെയും കുറിച്ച് അറിയുന്നത് വിശ്വാസികളുടെ പെരുമാറ്റം മുന്‍നിര്‍ത്തിയാണെന്നും സൂരജ് പറയുന്നു.

മതങ്ങളിലെ രണ്ട് ശതമാനം വരുന്ന തീവ്രചിന്താഗതിക്കാരാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. 24 മണിക്കൂറിന് മുന്‍പ് തന്നെ ഹിന്ദുത്വവാദിയാക്കിയവര്‍ പിന്നീട് മതേതരനെന്ന് വിളിച്ചു. ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരെയും ക്യാംപയിന്‍ തുടര്‍ന്നപ്പോള്‍ അവിടുത്തെ ജോലിക്കാര്‍ക്കും താന്‍കാരണം ബുദ്ധിമുട്ടാകരുതെന്ന് കരുതി. പിന്നെ തന്റെ അച്ഛന്‍കൂടി പറഞ്ഞതിനാലാണ് മാപ്പ് പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്‌തത്. എന്നാല്‍ അതിനര്‍ത്ഥം താന്‍ ഒളിച്ചോടിയെന്നല്ലെന്നും സൂരജ് പറയുന്നു. ഇനി എനിക്ക് സംസാരിക്കാമല്ലോ എന്ന മുഖവുരയോടെയാണ് സൂരജ് എഫ്ബിയില്‍ പുതിയ വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

സൂരജിന്റെ വാക്കുകളിലേക്ക്;

'24 മണിക്കൂറുകള്‍ക്ക് മുന്‍പ് ഞാനൊരു ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ വന്ന ഭീകരനായിരുന്നു. 24 മണിക്കൂറിന് ശേഷം ഞാനൊരു മതേതരനാണ്. 24 മണിക്കൂറുകള്‍ക്ക് മുന്‍പ് എന്റെ ഇന്‍ബോക്സിലേക്ക് വന്ന മെസ്സേജുകള്‍ ഐ ഹേറ്റ് സൂരജ് എന്നായിരുന്നു. 24 മണിക്കൂറുകള്‍ക്ക് ശേഷം അത് ഐ സപ്പോര്‍ട്ട് സൂരജ് എന്നും തിരികെ ജോലിക്ക് കയറണം എന്നുമായി മാറി. എന്താണ് ഈ 24 മണിക്കൂറിനുള്ളില്‍ സംഭവിച്ചത്.

മലപ്പുറത്തെ ഫ്ളാഷ് മോബ് കളിച്ച പെണ്‍കുട്ടികളെ അശ്ലീലം പറഞ്ഞ് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. അവരെ പുശ്ചിച്ച് കൊണ്ടും അവര്‍ക്കെതിരായ രോഷം രേഖപ്പെടുത്തിക്കൊണ്ടും ഞാനൊരു വീഡിയോ അപ്ലോഡ് ചെയ്തു. അത് ഒരുപാട് തലങ്ങളില്‍ ചര്‍ച്ചയായി. മതത്തെ അധിക്ഷേപിച്ചു എന്ന തരത്തിലൊക്കെ മാറി.അതിന് മറുപടികളുണ്ടായി. അത് ഒരുപാട് പേരില്‍ തെറ്റിദ്ധാരണകളുണ്ടാക്കി. എനിക്കെതിരെ ശക്തമായുള്ള ക്യാംപെയ്നുണ്ടായി.

250 പേരുള്ള രണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നടത്തിയ ക്യാംപെയ്ന്‍ ഒരു സമൂഹത്തെ മുഴുവന്‍ തെറ്റിദ്ധരിപ്പിക്കുകയുണ്ടായി. ആ സമൂഹം മുഴുവന്‍ എനിക്കെതിരെ തിരിഞ്ഞു. ജോലി ചെയ്യുന്ന റേഡിയോ സ്റ്റേഷന്റെ റേറ്റിംഗ് തന്നെ ഇടിച്ച് താഴ്ത്തി. മുസ്ലീം രാജ്യത്തെ നിയമത്തിന് എതിരായി സംസാരിച്ചുവെന്ന് പരാതികള്‍ പോയി. ഒരു മാസം മുന്‍പ് തുടങ്ങിയ ആ സ്ഥാപനം പൂട്ടുമെന്നും 15ഓളം ചെറുപ്പക്കാരുടെ ജോലി പോകുമെന്നുമുള്ള സ്ഥിതിയുണ്ടായി. അതോടെ മാപ്പ് പറഞ്ഞ് ഞാന്‍ പ്രശ്നം പരിഹരിച്ചു.

ഇപ്പോഴും മലപ്പുറത്തെ ഫ്‌ളാഷ്‌മോബ് വിഷയത്തിലെ നിലപാടില്‍ യാതൊരു മാറ്റവുമില്ല. താന്‍ മാപ്പ് പറഞ്ഞതില്‍ വിഷമിക്കുന്നവര്‍ തനിക്കെതിരെ ക്യാംപെയ്ന്‍ നടന്നപ്പോള്‍ എവിടെയായിരുന്നു. ചില തീവ്രഹിന്ദുക്കള്‍ നാണമില്ലേ എന്ന് ചോദിച്ച് രംഗത്ത് വരുന്നുണ്ട്. അത് എന്നോടുള്ള സ്നേഹം കൊണ്ടല്ല. നേരത്തെ അവരെ വിമര്‍ശിച്ചതിലുള്ള ദേഷ്യം തീര്‍ക്കുകയാണ്. വിമര്‍ശിക്കുമ്പോള്‍ മതം പഠിച്ചിട്ട് വാ എന്നാണ് ചിലര്‍ പറയുന്നത്.

ഞാനേതായാലും മതം പഠിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഒരു മതത്തിലും താല്‍പര്യവുമില്ല. മതം പഠിച്ചെന്ന് പറയുന്നവര്‍ വിളിക്കുന്നത് പരനാറി എന്നൊക്കെയാണ്. ഇത് ഇസ്ലാം മതത്തില്‍ മാത്രമല്ല, ഹിന്ദുമതത്തിലും മറ്റ് മതത്തിലുമുണ്ട്. ഏല്ലാ മതത്തിലും രണ്ട് ശതമാനം അടിയുറച്ച വിശ്വാസികളുണ്ട്. അവര്‍ ഇത്തരം കാര്യത്തിന് പോവില്ല. മതമെന്ന ലഹരിയാണോ വിശ്വാസമാണോ ജീവിതരീതിയാണോ വേണ്ടതെന്ന് ഓരോ വ്യക്തിയും തീരുമാനിക്കണം. 

ഇസ്ലാം മതം സമാധാനത്തിന്റെയും ക്ഷമയുടേയും മതമാണെന്നാണ് പറയുന്നത്. വേശ്യാ സ്ത്രീ നായയ്ക്ക്  വെള്ളം കൊടുക്കുന്നത് കണ്ട് അവരുടെ പാപം ദൈവം പൊറുത്തുവെന്നാണ് കഥ. ആ മതത്തിന്റെ ആള്‍ക്കാരാണോ മൂന്ന് പെണ്‍കുട്ടികളുടെ ഡാന്‍സിന്റെ പേരില്‍ ഇത്രയധികം കോലാഹലമുണ്ടാക്കുന്നത്. എല്ലാ മതത്തിലും രണ്ട് ശതമാനം തീവ്രവാദികളുമുണ്ട്. ലോകം മുഴുവന്‍ ഒരു മതമാക്കിയാല്‍ എല്ലാവര്‍ക്കും ഭക്ഷണവും മെച്ചപ്പെട്ട ജീവിതവും ലഭിക്കുമെന്ന് കരുതുന്നുണ്ടോ. എന്ത് നേട്ടത്തിന് വേണ്ടിയാണ് ഈ അസഹിഷ്‌ണുത.

രണ്ട് ശതമാനം വരുന്ന വിശ്വാസികളെക്കൂടി കരിവാരിത്തേച്ച് കൊണ്ടാണ് ബാക്കിയുള്ളവര്‍ ഇങ്ങനെയൊക്കെ കാണിച്ചത്. ഒരു സമുദായത്തെ മൊത്തം മോശം പറയിച്ചത്. ഇംഗ്ലീഷ് മാധ്യമങ്ങള്‍ പോലുമിത് വാര്‍ത്തയാക്കി. തനിക്ക് ലഭിച്ചത് അത്രയധികം കോളുകളാണ്. വാളുമായി നില്‍ക്കുന്നവര്‍ക്കിടയിലേക്കാണ് വെട്ടിക്കൊള്ളൂ എന്ന് പറഞ്ഞ് ഇറങ്ങിച്ചെന്നത്. തെറ്റിദ്ധരിക്കപ്പെട്ടവരാണ് അത്തരമൊരു അവസരമുണ്ടാക്കിയത്.

24 മണിക്കൂറിന് ശേഷം വിശ്വാസികളായിട്ടുള്ളവര്‍ ക്ലിയറായിട്ടുള്ള ഒരു പിക്ചര്‍ കൊടുത്തു. അതോടെ ബാക്കി ഭൂരിപക്ഷംപേരും തെറ്റ് തിരുത്തി പിന്തുണയുമായി വന്നു. ഇത്രയേ ഉള്ളൂ കാര്യം. ഇത്തരം വിഷയങ്ങളില്‍ ആ മതത്തിന് ഉള്ളില്‍ നിന്നുകൊണ്ട് തന്നെ വിവരമുള്ളവര്‍ പറഞ്ഞ് കൊടുക്കണം. ആ തിരുത്തല്‍ വലിയ തിരുത്തലായിരിക്കും. തീവ്രചിന്താഗതിക്കാരാണ് മതത്തെ നശിപ്പിക്കുന്നത്.

ജോലി നശിപ്പിച്ചു എന്നുള്ള പ്രചാരണം വെറുതേയാണ്. റേഡിയോയിലെ ജോലിയും സ്റ്റേജ് ആങ്കറിംഗും പാഷന്‍ മാത്രമാണ്. വൈകുന്നേരത്തെ ദോഹ ജംഗ്ഷന്‍ എന്ന പരിപാടി മാത്രമാണ് ചെയ്യുന്നത്. അതിനിടെയാണ് തനിക്കും റേഡിയോയ്ക്കും എതിരെ ക്യാംപെയ്ന്‍ നടക്കുന്നത്. എന്നെ വേണ്ടെങ്കില്‍ എനിക്കും വേണ്ട എന്ന് തോന്നി സ്വയം മാറി നിന്നതാണ്. ഞാന്‍ തിരിച്ച് പോകും. വാഴപ്പിണ്ടി നട്ടെല്ലാണ് എന്ന് പറയുന്ന പരിഹാസമൊക്കെ കണ്ടു. പറയുന്നവര്‍ ഈ ഒരു വിഷയത്തിലൂടെ കടന്ന് പോയാല്‍ മതി. നിസ്സാരമാണെന്ന് മനസ്സിലാകും.

മതത്തിലെ തീവ്രചിന്താഗതിക്കാരെ കണ്ടാണ് മതവിശ്വാസം ഇല്ലാതായത്. എല്ലാവരേയും മനുഷ്യനായി കാണുക എന്നതേ ഉള്ളൂ. ഞാന്‍ തകര്‍ന്നടിഞ്ഞ് നില്‍ക്കുന്ന ആളല്ല. അങ്ങെനെ തകരുന്ന ആളല്ല ഞാന്‍. ഞാന്‍ കാരണം സ്ഥാപനം ബുദ്ധിമുട്ടുന്നുവെങ്കില്‍ അത് പരിഹരിക്കണം എന്ന് പറഞ്ഞത് അച്ഛനാണ്. അതാണ് അത്തരമൊരു വീഡിയോ പുറത്തിറക്കിയത്. മതത്തെ വക്രീകരിക്കുന്നത് അതിനുള്ളിലുള്ളവര്‍ തന്നെയാണ്. അത് മനസ്സിലാക്കുന്നതും തിരുത്തുന്നതും നന്നായിരിക്കുമെന്നും സൂരജ് പറയുന്നു.

മലപ്പുറത്ത് ഫ്‌‌ളാഷ്‌‌‌‌‌‌‌‌‌‌‌മോബ് കളിച്ച മുസ്ലീം പെണ്‍കുട്ടികളെ അധിക്ഷേപിച്ചവരെ വിമര്‍ശിച്ചതിന്റെ പേരിലാണ് ആര്‍ജെ സൂരജിന് സംഘടിത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്. സൂരജിനെതിരായ ക്യാംപെയ്ന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെ വരെ തേടിയെത്തിയപ്പോള്‍, അദ്ദേഹത്തിന് മാപ്പ് പറയേണ്ടതായും വന്നിരുന്നു. ഇതിനു പിന്നാലെയാണ് സൂരജിന്റെ വിശദീകരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top