21 June Friday

മാവേലി നാട് വാണീടും കാലം എന്നല്ല... വിമർശനങ്ങളുണ്ട്... പക്ഷെ വിവാദം മാത്രമായാലോ ? ആർ ജെ സലീം എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 26, 2019

ആർ ജെ സലീം എഴുതുന്നു...

ആർ ജെ സലീം

ആർ ജെ സലീം

ബൽറാമിന്റെ ഓടി നടന്നുള്ള ഇടതു നേതാക്കന്മാരുടെ പ്രൊഫൈലിലെ കമന്റിടലും അത് തുടരെ വാർത്തയാകുന്നതും യാദൃശ്ചികമാണ് എന്ന് നിങ്ങൾ കരുതുന്നുണ്ടോ ? സിപിഎമ്മിനെയും ഇടതു പക്ഷത്തേയും കൃത്യമായി ടാർഗറ്റ് ചെയ്യുന്ന കള്ള വാർത്തകളും വിവാദം ഉണ്ടാക്കാനുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ ആവേശവും വളരെ സാധാരണമാണ് എന്ന് നിങ്ങൾ കരുതുന്നുണ്ടോ ? ഉണ്ടെങ്കിൽ നിങ്ങളുടെ നിഷ്കളങ്കതയിൽ എനിക്ക് അസൂയയുണ്ട്.
.
ഇത് കൃത്യമായ സോഷ്യൽ മീഡിയ - മീഡിയ പ്ലാനിങ്ങിന്റെ ഭാഗമായുള്ള ഏർപ്പാടാണ് എന്ന് ഒന്ന് നിരീക്ഷിച്ചാൽ ആർക്കും മനസ്സിലാവുന്ന വിധം എവിടെന്റാണ് കാര്യങ്ങൾ. പാറ്റേൺ അത്ര വിസിബിളാണ്. എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി കോൺഗ്രസ് ഐടി സെല്ലിന്റെ ചുമതല ഏറ്റെന്നു കേട്ടിരുന്നു. നഞ്ചു കലക്കി മീൻ പിടിക്കൽ തന്നെയാവും ലക്ഷ്യം. വസ്തുതാപരമോ ഭരണപരമോ ആയ വിമർശനങ്ങളെക്കാൾ എങ്ങെനെയെങ്കിലും എതിര് പറയുക എന്നത് മാത്രമാകുന്നു അജണ്ടയെന്നു വ്യക്തം. അതും ഒറ്റയ്ക്കും തെറ്റയ്ക്കും വെവ്വേറെ നിന്ന് കുറ്റം പറയലല്ല, കൂട്ടമായി സംഘടിതമായാണ് ആക്രമണം.
.
ഇത്രകാലം കൊണ്ടുണ്ടാക്കിയെടുത്ത വിശ്വാസ്യത മുതലെടുത്തു വായനക്കാരെ വെറും പൊട്ടന്മാരാക്കുന്ന ഏർപ്പാടാണിത്. ഒരു ജനതയെന്ന നിലയ്ക്ക് നമ്മളെ ഏറ്റവുമധികം ബാധിക്കുന്ന കാര്യങ്ങളെയാണ് ഉത്തരവാദിത്തപ്പെട്ട വാർത്താ മാധ്യമങ്ങൾ അഡ്രസ് ചെയ്യേണ്ടത്. മലയാളത്തിന്റെ പ്രധാനപ്പെട്ടൊരു എഴുത്തുകാരിയെ തെറി വിളിക്കുകയും സൈബർ ബുള്ളിയിങ് നടത്താൻ ആളെക്കൂട്ടുകയും ചെയ്ത ഒരു ജനപ്രതിനിധിക്ക് കിട്ടുന്ന ലൈക്കിന്റെ എണ്ണമാണ് ഇവർക്ക് വാർത്ത, ജനങ്ങളുടെ പ്രശ്നങ്ങളല്ല.
.
കേരള സർക്കാർ ആയിരം ദിനം പൂർത്തിയാക്കിയതിനോട് അനുബന്ധിച്ചു സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്ന എത്ര വാർത്തകൾ നിങ്ങൾ കണ്ടു ? അസ്വസ്ഥതയുടെ ആയിരം ദിനങ്ങൾ എന്നാണ് മനോരമ ഇത് റിപ്പോർട്ട് ചെയ്തത്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അത്രയും നാശം വിതച്ച പ്രളയത്തിൽ നിന്നും ഏറ്റവും ചുരുങ്ങിയ നഷ്ടങ്ങൾ മാത്രം വിട്ടുകൊടുത്തു കേരളത്തെ തിരിച്ചു പിടിച്ചൊരു സർക്കാരാണിത്. നിപ്പാ പനി, ഓഖി ചുഴലിക്കാറ്റ് അങ്ങനെ സമാനതകളില്ലാത്ത പ്രകൃതി ദുരന്തങ്ങൾ സമചിത്തതയോടെ നേരിട്ട ഭരണമാണ് നമ്മുടേത്. അതാണോ മനോരമയെ അസ്വസ്ഥപ്പെടുത്തുന്നത് ? പ്രഖ്യാപിച്ചു പൂർത്തിയാക്കിയതും പൂർത്തിയാക്കി കൊണ്ടിരിക്കുന്നതുമായ പദ്ധതികൾ എത്രയെങ്കിലും വേറെ.
.
ശബരിമല വിഷയത്തിൽ കോൺഗ്രസും സംഘപരിവാറും ഒരുമിച്ചു നാട് കുട്ടിച്ചോറാക്കാൻ റോഡിലിറങ്ങി ആക്രമണം അഴിച്ചു വിട്ടപ്പോഴും സ്ത്രീകളെ ആക്രമിച്ചപ്പോഴും തെറി വിളി ഘോഷയാത്ര നടത്തിയപ്പോഴും അതിനെ നിയമപരമായി തന്നെ നേരിട്ട് ആ സമരങ്ങളുടെയൊക്കെ കാറ്റഴിച്ചു വിട്ടു മനോരമയുടെ സ്വന്തം കോൺഗ്രസിനെയും അവരുടെ അനിയൻ ബിജെപിയെയും കേരളത്തെ കുട്ടിച്ചോറാക്കാൻ അനുവദിക്കാതിരുന്നതാണോ കണ്ടത്തിൽ പത്രത്തിന് അസ്വസ്ഥയുണ്ടാക്കിയത് ? ആയിരിക്കും. അതോ ഉമ്മൻചാണ്ടിയെ വീണ്ടും മുഖ്യന്റെ കസേരയിൽ ഇരുത്താനുള്ള വ്യഗ്രതയോ ?
.
പ്രളയ ശേഷമുള്ള പുനർനിർമാണ പ്രവർത്തനങ്ങളെക്കുറിച്ചു ഫ്രണ്ട് പേജിലാണ് മനോരമ പച്ചക്കള്ളം എഴുതിവിട്ടത്. ആ എഴുതിയതിൽ തന്നെ തകർന്ന വീടുകളുടെ എണ്ണത്തിലും ശതമാനത്തിലും തെറ്റുകളുടെ ഘോഷയാത്രയാണ്. ഒരു വെറും ഫോൺകോളിൽ പോലും കിട്ടുന്ന വിവരമാണ് ഇവിടെ ആദ്യ പേജിൽ തന്നെ മനപ്പൂർവ്വം തെറ്റിച്ചെഴുതി അതുവഴി ഇടതുപക്ഷത്തിന് താറടിക്കാൻ ഉപയോഗിച്ചത്.
.
പാലക്കാട് അതിഥി തൊഴിലാളികൾക്ക് വേണ്ടി നിർമിച്ച ഫ്ലാറ്റ് സമുച്ചയവും KSRTC ഇലക്ട്രിക് കാറുകൾ നിരത്തിലിറക്കിയതും ഭവന രഹിതരായ 312 കുടുംബങ്ങൾക്കുള്ള ഭവന സമുച്ചയം കൈമാറിയതും നിങ്ങൾ അറിഞ്ഞുവോ ? സാധ്യത വളരെ കുറവാണു. ആ ഇലക്ട്രിക് ബസുകളിൽ ഒരെണ്ണം നിന്നുപോയത് അറിഞ്ഞുകാണും. ഇത്ര വലിയൊരു പരിസ്ഥിതി സൗഹൃദ തീരുമാനം നടപ്പിലാക്കിയത് എന്തുകൊണ്ടായിരിക്കും ഇവർ ജനങ്ങളെ അറിയിക്കാതിരിക്കുന്നത് ? ബസ് നിന്നുപോകുന്നത് മാത്രം ഇവർക്കു വർത്തയാകുന്നത് എന്തുകൊണ്ടാണ്. അതാണ് ആദ്യമേ പറഞ്ഞത്, ഒന്നുമൊന്നും യാദൃശ്ചികമല്ല എന്ന്.
.
പക്ഷെ പിണറായി വിജയൻ വെള്ളാപ്പള്ളി നടേശനെ കണ്ടത് എല്ലാവരും അറിഞ്ഞു കാണും. അതിന്റെ ബാക്കിയായി പണ്ട് പിണറായി വെള്ളാപ്പള്ളിയെ വിമർശിച്ചിട്ട പോസ്റ്റ് വീണ്ടും കുത്തിപ്പൊക്കിയതും കണ്ടുകാണും. വെള്ളാപ്പള്ളി കമ്മിറ്റി പ്രസിഡന്റായ ക്ഷേത്ര കേന്ദ്രം ശിലാസ്ഥാപന ചടങ്ങിനാണ് ഈ ഇവർ പരസ്പരം കണ്ടതെന്ന് മാത്രം ഇവർ മനപ്പൂർവ്വം പറയില്ല. സമുദായ നേതാവിന്റെ തിണ്ണ നിരങ്ങാൻ നാണമില്ലേ എന്നൊക്കെ വെളിവും വെള്ളിയാഴ്‌ചയുമില്ലാത്ത ചിലരൊക്കെ ഇന്നലെ ചോദിച്ചു കണ്ടിരുന്നു. ഏജ്‌ജാതി തോൽവികളാണ്. രാഷ്ട്രീയ വിമർശനം നടത്തുന്നവർ പരസ്പരം കാണുമ്പോൾ കമ്പും വടിയുമെടുത്തു തല്ലുകൂടണം എന്നൊക്കെ കരുതി വെച്ചിരിക്കുന്ന നിഷ്കളങ്ക ജന്മങ്ങളോട് എന്ത് പറയാനാണ്.
.
പാതിരപ്പള്ളിയിൽ സർക്കാരിന്റെ മരുന്നു നിർമാണക്കമ്പനിയായ കെഎസ‌്ഡിപിയിൽ 32.5 കോടി ചെലവിൽ പുതിയ പ്ലാന്റ‌് കൂടി മുഖ്യമന്ത്രി ഉദ‌്ഘാടനം ചെയ്ത വാർത്ത കണ്ടായിരുന്നോ എവിടെയെങ്കിലും ? കേരളത്തിലെ മനുഷ്യരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന ഇങ്ങനെയൊരു സംഗതിയുണ്ടായിട്ടു അത് ജനങ്ങൾ അറിയണ്ട എന്ന് മാധ്യമങ്ങൾ അങ്ങ് തീരുമാനിച്ചു. കടലാക്രമണ ഭീഷണിയിൽ ജീവിച്ചിരുന്ന നൂറുകണക്കിന് മൽസ്യ തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ നിർമിച്ച ഫ്ലാറ്റ് സമുച്ചയങ്ങളെക്കുറിച്ചുള്ള വാർത്ത കണ്ടായിരുന്നോ ? വെറും പദ്ധതി മാത്രമല്ല. നിർമാണം പൂർത്തിയാക്കി കൈമാറുകയാണ് ചെയ്തത്. തള്ളല്ല എന്ന് ചുരുക്കം.
.
ഇടത് വാർത്തകൾ ഇടയ്ക്കിടെ നൽകി ഒരു സാമാന്യം വിസിബിലിറ്റി ഉണ്ടാക്കി തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇവർ തനിരൂപം കാട്ടിത്തുടങ്ങും. ന്യൂസ് 18 ആദ്യ കാലങ്ങളിൽ സ്വതന്ത്ര നിലപാട് ഉള്ളതായി തോന്നിപ്പിച്ചിരുന്നു. പക്ഷെ അതുവെറും ഗ്രൗണ്ട് പിടിത്തം മാത്രമായിരുന്നെന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ അവരുടെ വാർത്തകൾ കണ്ടാൽ മനസിലാവും. മുഖ്യമന്ത്രി വീണ്ടും ലക്ഷങ്ങൾ മുടക്കി ഹെലികോപ്റ്റർ യാത്ര നടത്തിയെന്നൊക്കെ റിപ്പോർട്ട് ചെയ്തു കഷ്ടപ്പെട്ട് ഒരു വിവാദമുണ്ടാക്കാൻ അവർ ശ്രമിക്കുന്നുണ്ട്. ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ സമയം യാത്രയിൽ നഷ്ടപ്പെടുത്താനുള്ളതല്ല എന്നൊക്കെ തിരിച്ചു പറയണമെന്നുണ്ട്. പക്ഷെ ആരോടാണ്. എന്തിനാണ്. അജണ്ട വ്യക്തമാണ്. അംബാനിയുടെ ചാനൽ നല്ല വാർത്ത നൽകുമെന്ന് കരുതിയ എന്റെ ഭാഗത്തും തെറ്റുണ്ട്.
.
സ്‌കൂളുകൾ ഹൈട്ടെക് ആകുന്നു, സർക്കാർ ആസ്പത്രികൾ സ്വകാര്യ ആസ്പത്രികളേക്കാൾ കെട്ടിലും മട്ടിലും മെച്ചപ്പെടുന്നു, ആയിരം ദിനങ്ങളിലെ ഒരു ലക്ഷം നിയമനങ്ങൾ പൂർത്തിയാവുന്നു, പൂർത്തിയായ ഗെയിൽ പൈപ് ലൈൻ പദ്ധതി, പൂർത്തിയാവുന്ന കൂടംകുളം ലെെന്‍ വലിക്കല്‍ പദ്ധതി അങ്ങനെ നേട്ടങ്ങൾ എത്രയെങ്കിലും എണ്ണാം. നമ്മുടെയൊക്കെ നികുതിപ്പണം കൊണ്ട് നടന്നുപോകുന്ന സ്ഥാപനങ്ങളാണ് പൊതുമേഖലാ സ്ഥാപനങ്ങൾ. കഴിഞ്ഞ യൂഡിഎഫ് സർക്കാരിന്റെ കാലത്തു നഷ്ടത്തിലായിരുന്ന, അഴിമതി കാരണം നഷ്ടത്തിലാക്കിയ എത്ര പൊതുമേഖലാ സ്ഥാപനങ്ങളാണ് ചിട്ടയായ പ്രവർത്തനത്തോടെ ലാഭത്തിലേക്ക് വന്നതെന്ന് എത്ര മാധ്യമങ്ങൾ നിങ്ങളോടു പറഞ്ഞു ? പ്രളയ പുനർ നിർമാണം തുരങ്കം വെച്ചതല്ലാതെ ഇവർ എന്ത് സഹായമാണ് കേരളത്തിനും ഇവിടത്തെ ജനങ്ങൾക്കും സർക്കാർ ശ്രമങ്ങൾക്കും നൽകിയത് ?
.
വെറുതെയൊന്നു മന്ത്രിമാരുടെയും എമ്മെല്ലെമാരുടെയും മുഖ്യമന്ത്രിയുടെയും ഫേസ്ബുക്ക‌് പേജിൽ കയറിയാൽ തന്നെ നടത്തിയെടുത്ത, നടന്നുകൊണ്ടിരിക്കുന്ന, വിജയിച്ച അനേകം വെൽഫെയർ പദ്ധതികളുടെ അപ്‌ഡേറ്റുകൾ കാണാം. വെറുതെ വീഡിയോ പ്ലാൻ പറഞ്ഞു പറ്റിക്കുകയല്ല, നടന്ന കാര്യങ്ങളാണ് പങ്കുവെയ്ക്കുന്നത്. വാർത്തകൾക്കായി ഫേസ്ബുക്കും തുറന്നിരിക്കുന്ന മാധ്യമങ്ങൾ ഇതൊന്നും കാണാത്തത് യാദൃശ്ചികമാണോ ? ആണെന്ന് കരുതുന്നുണ്ടെങ്കിൽ നിങ്ങളുടെ നിഷ്കളങ്കതയിൽ എനിക്ക് ശരിക്കും അസൂയയുണ്ട്.
.
വിമർശനങ്ങൾ ഇല്ലേയില്ലല്ലാത്ത മാവേലി നാട് വാണീടും കാലം എന്നൊന്നുമല്ല പറയുന്നത്. വിമർശനങ്ങൾ തീർച്ചയായുമുണ്ട്. പക്ഷെ കാര്യമാത്ര പ്രസക്തമായ ഒരു വിമർശനം ഈ മാധ്യമങ്ങൾ എന്നാണ് ഉന്നയിച്ചു കണ്ടിട്ടുള്ളത് ? വിവാദങ്ങളിൽ നിന്ന് താല്പര്യം ഒഴിഞ്ഞിട്ട് വേണ്ടേ വിമർശനം ഉന്നയിക്കാൻ. ചില ഇടതു പ്രൊഫൈലുകളിൽ സർക്കാരിന്റെ ആയിരം ദിനങ്ങൾ ആഘോഷമാക്കിയതിന്റെ വിമർശനം കണ്ടു. പാഴ്‌ചിലവാണ് എന്നും ഇവർ ആരോപിക്കുന്നു.

ശക്തമായി തന്നെ വിയോജിക്കുന്നു. സസ്‌റ്റെയിനബിൾ ഡെവലെപ്മെന്റ് ഇവിടെ നടക്കുന്നുണ്ട് എന്ന് ജനങ്ങൾ അറിയണം. അവരെ അറിയിക്കരുത് എന്ന് മുൻ നിര മാധ്യമങ്ങൾ എല്ലാംകൂടി തീരുമാനിക്കുമ്പോൾ അവരെ അറിയിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. ഞാൻ കൂടി തിരഞ്ഞെടുത്ത സർക്കാരിന്റെ പ്രവർത്തനങ്ങൾ എന്തൊക്കെയാണ് എന്ന് എനിക്കറിയണം.
.
ഇതുവരെ ഇടതും വലതുമൊക്കെ മാറി മാറി പിടിച്ചുകൊണ്ടു വിസിബിലിറ്റി ഉണ്ടാക്കിയ ചില പ്രൊഫൈലുകൾ സംഘികളെപ്പോലും നാണിപ്പിക്കുന്ന രീതിയിൽ രാഷ്ട്രീയ വിടുവായത്തം പറയുന്നു. തനി നിറം കാട്ടി തുടങ്ങുന്നു. യാദൃശ്ചികമല്ല ഈ കാണുന്നതൊന്നും. കൃത്യമായ പ്രൊപ്പഗാണ്ടയാണ്‌ മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും ന്യൂസ് 18 ഉം തുടങ്ങിയ മാധ്യമങ്ങൾ നടപ്പിലാക്കുന്നത്.
.
തിരഞ്ഞെടുപ്പിന് വെറും രണ്ടു മാസം മാത്രം ശേഷിക്കെ പൊതുവികാരത്തെ സ്വാധീനിക്കാൻ ഇവർ പഠിച്ച പണി പതിനെട്ടും പയറ്റും.ഈ വ്യാജന്മാരുടെ കുഴിയിൽ വീണു പോകരുത് . നിങ്ങളെ ഇവരുടെ പ്രൊപ്പഗാണ്ടയിൽ വീഴിക്കാൻ ഇവർ ചെയ്യാവുന്നതെല്ലാം ചെയ്യും. ജാഗ്രതയോടെ ഇരിക്കുക. ഇതിന്റെ കൂടിയ ഇനങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. ഇപ്പോഴും സ്വബോധം ബാക്കിയുള്ള മനുഷ്യരോടാണ്.

NB : പോസ്റ്റ് കോപ്പി ലെഫ്റ്റാണ്. ആർക്കും പകർത്താം. കടപ്പാട് തരണമെന്നുമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top