20 April Saturday

എല്‍ഡിഎഫ് സര്‍ക്കാരും സംവരണ നയവും...പുത്തലത്ത് ദിനേശന്‍ എഴുതുന്നു

പുത്തലത്ത് ദിനേശന്‍Updated: Tuesday Nov 21, 2017

സംവരണത്തെപ്പറ്റി വിപുലമായ ചര്‍ച്ചകള്‍ കേരളത്തില്‍ നടന്നുവരികയാണ്. ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ നടപടിയെത്തുടര്‍ന്നാണ് ഇത് സജീവമായിട്ടുള്ളത്. ഇക്കാര്യത്തില്‍ പ്രകടനപത്രികയില്‍ മുന്നോട്ടുവെച്ച കാഴചപ്പാട് പ്രായോഗികമാക്കുന്നതിനുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയത്.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടന പത്രികയില്‍ സംവരണത്തെക്കുറിച്ച് നാല് ഖണ്ഡികകളാണ് ഉള്ളത്. അത് ഇങ്ങനെയാണ്.

579. 'സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തുന്നതിനുള്ള സംവരണത്തെ അട്ടിമറിക്കുന്നതിനുള്ള പരിശ്രമമാണ് ആര്‍.എസ്.എസ് നടത്തിക്കൊണ്ടിരിക്കുന്നത്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും വിദ്യാഭ്യാസപരമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഇന്നുള്ള തോതില്‍ സംവരണം തുടരുമെന്ന നയത്തില്‍ എല്‍ഡിഎഫ് ഉറച്ചുനില്‍ക്കുന്നു. ഒരോ സമുദായത്തിനും അര്‍ഹതപ്പെട്ട സംവരണാനുകൂല്യം മുഴുവന്‍ അവര്‍ക്ക് തന്നെ കിട്ടുമെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അതോടൊപ്പം മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുകയും വേണം. ഈ രണ്ടു കാര്യങ്ങളും നടപ്പില്‍ വരാന്‍ ഉചിതമായ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. ഇത്തരമൊരു ഭരണഘടനാ ഭേദഗതി നടപ്പില്‍ വരുത്തുവാന്‍ എല്‍ഡിഎഫ് പരിശ്രമിക്കുന്നതായിരിക്കും.

580. എസ്.സിഎസ്.ടി സംവരണം സ്വകാര്യമേഖലയിലേക്കും വ്യാപിപ്പിക്കാന്‍ പരിശ്രമിക്കും.

581. ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന ആവശ്യം ന്യായയുക്തമാണെന്ന് എല്‍.ഡി.എഫ് കരുതുന്നു. ഇതു പ്രായോഗികമായി നടപ്പിലാക്കുമ്പോള്‍ നിലവിലുള്ള പട്ടികജാതി വിഭാഗങ്ങള്‍ അനുഭവിച്ചുവരുന്ന ആനുകൂല്യണ്‍ങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്‍ണ്ടതാണ്. ഇക്കാര്യം അവരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്ത് അഭിപ്രായസമന്വയം ഉണ്ടാക്കാന്‍ നടപടികള്‍ സ്വീകരിക്കും.

582. വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട നാടാര്‍ സമുദായത്തിലെ സംവരണം സംബന്ധിച്ച ആക്ഷേപം സംബന്ധിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കും. '

ഈ കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ദേവസ്വം ബോര്‍ഡില്‍ ഹിന്ദു വിഭാഗത്തില്‍ പെട്ടവരെ മാത്രമേ നിയമിക്കുവാന്‍ കഴിയുകയുള്ളൂ. ഭരണഘടന അനുവദിച്ചിട്ടുള്ള 50 ശതമാനം സംവരണത്തില്‍ കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സംവരണ ക്വാട്ടയായ 18 ശതമാനം അവശേഷിക്കുന്നുണ്ട്. ഈ ക്വാട്ട സാധാരണ നിലയില്‍ പൊതുവിഭാഗത്തിലേക്കാണ് പോകേണ്ടത്. അതിനാല്‍ ഈ ക്വാട്ടയുടെ പ്രയോജനം സാമൂഹ്യമായും സാമ്പത്തികമായും മുന്നില്‍ നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ലഭിക്കാനാണ് ഇടയാവുക.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തി സംവരണം അനുഭവിക്കുന്ന പിന്നോക്കപട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കായി 8 ശതമാനം കൂടി സംവരണം നല്‍കികൊണ്ട് അവര്‍ക്കുള്ള സംവരണ ക്വാട്ട ഉയര്‍ത്തുന്നതിനുള്ള ഇടപെടലാണ് നടത്തിയത്. അല്ലാതെ സംവരണവിഭാഗങ്ങള്‍ക്കുള്ള അവസരങ്ങള്‍ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ അല്ല. അത് സര്‍ക്കാര്‍ നയവുമല്ല.

ഇതോടൊപ്പം പ്രകടന പത്രികയില്‍ പറഞ്ഞതുപോലെ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി 10 ശതമാനം നീക്കി വെയ്ക്കുകയാണ് ഉണ്ടായത്. 50 ശതമാനം സംവരണം എന്ന ഭരണഘടനാ തത്വം മുറുകെപിടിച്ചുകൊണ്ടാണ് ഇത് ചെയ്തിട്ടുള്ളത്. പ്രകടന പത്രികയില്‍ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെ സംബന്ധിച്ച് പറഞ്ഞ കാര്യം യാഥാര്‍ത്ഥ്യമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

ഇതിലൂടെ പൊതു മത്സര വിഭാഗത്തില്‍ പോകുമായിരുന്ന തൊഴില്‍ അവസരങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ചെയ്തിട്ടുള്ളത്. നിലവില്‍ സംവരണം അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇതുകൊണ്ട് കുറവ് ഉണ്ടാകുന്നില്ല എന്നുമാത്രമല്ല വര്‍ദ്ധിക്കുകയാണ് ചെയ്തിട്ടുള്ളത്. സംവരണത്തെ ഇല്ലാതാക്കാനല്ല, പ്രകടന പത്രികയില്‍ പറഞ്ഞത് പോലെ സാമൂഹ്യമാറ്റങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് അതിനെ ഫലപ്രദമായി നടപ്പിലാക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്.

സംവരണ കാര്യത്തില്‍ ഇപ്പോള്‍ ചെയ്തിട്ടുള്ള നടപടി ചിലര്‍ പറയുന്നതുപോലെ ഒരു ഗൂഢ പദ്ധതിയല്ല. മറിച്ച് വന്‍ ജനപിന്തുണ നേടിയ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യം പ്രായോഗികമാക്കുന്നതിനുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയത് എന്നതല്ലേ യാഥാര്‍ത്ഥ്യം?

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top