25 April Thursday

മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കുളള സംവരണം: ഇടതുപക്ഷ സർക്കാരിൻ്റെ നിലപാട് ശരിയോ? ഒരു പരിശോധന

അജിത്ത് എം എസ്Updated: Saturday Nov 21, 2020
അജിത്ത് എം എസ്

അജിത്ത് എം എസ്

സംവരണേതര വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിനെപ്പറ്റി ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം തിരയുകയാണ് അജിത്ത് എം എസ് ഈ ഫേസ്‌ബുക്ക് പോസ്റ്റില്‍
.


പോസ്റ്റ് താഴെ:
 
1. "മുന്നോക്കക്കാരിലെ പിന്നോക്ക'ക്കാർക്ക് 10% സംവരണമോ അതെന്ത് സംഭവമാണ്?
2019 ജനുവരിയിൽ ഇന്ത്യൻ പാർലിമെൻ്റ് പാസാക്കിയ നൂറ്റിമൂന്നാമത് ഭരണഘടനാ ഭേദഗതിയാണത്. 'Economically Weaker Sections who are not covered under existing reservation' എന്നാണ് ഭരണഘടനാ ഭേദഗതിയിൽ ഉപയോഗിച്ചിരിക്കുന്ന വാക്യം. അതിനെ E W S എന്ന് ചുരുക്കപ്പേരിൽ വിളിക്കുന്നു. (ചിത്രം 1)
 
ചിത്രം 1

ചിത്രം 1

2. അപ്പോൾ ഈ സംവരണം മുന്നോക്കക്കാർക്ക് മാത്രമുള്ളതല്ലേ?
അല്ല, നിലവിൽ സംവരണം കിട്ടാത്ത എല്ലാവർക്കും ഇത് കിട്ടും. ഇതിനെ മലയാളത്തിൽ തർജ്ജമ ചെയ്തപ്പോൾ പറ്റിയ പിശകാണ്' ഈ സംവരണം മുന്നോക്കക്കാർക്ക് മാത്രമാണെന്ന തെറ്റിദ്ധാരണ ഉണ്ടാക്കിയത്. കേരളത്തിൽ ഉപയോഗിച്ച വാക്ക് തിരുത്തേണ്ടതാണ്. സംവരണേതര വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം എന്ന വാക്കാണ് ശരി.
 
3. ആർക്കൊക്കെയാണ് ഈ സംവരണം കിട്ടുക?
നമ്പൂതിരി, നായർ, അമ്പലവാസി, തുടങ്ങിയവർ, ജനറൽ വിഭാഗത്തിൽ ഉൾപ്പെടുന്ന ക്രിസ്ത്യാനികൾ, കേരളത്തിന് പുറത്തുള്ള സംവരണമില്ലാത്ത മുസ്ലീങ്ങൾ , ജാതിയോ മതമോ രേഖപ്പെടുത്താത്തവർ, തുടങ്ങിയവരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഇതിൻ്റെ ഗുണം കിട്ടും. ഉദാ: കേരള സർവകലാശാലയിൽ ഇതിൻ്റെ ഗുണം ആദ്യം കിട്ടിയവരിൽ ഒരാൾ ജാതി മതം എന്നിവ ചേർക്കാത്ത ഈഴവ സമുദായത്തിൽ പെട്ട വിദ്യാർത്ഥിക്കായിരുന്നു. (വിവരത്തിന് കടപ്പാട്: സുബിൻ ഡെന്നീസിൻ്റെ പോസ്റ്റ് )

4. അതെന്താ കേരളത്തിലെ മുസ്ലീങ്ങൾക്ക് ഈ സംവരണം കിട്ടാത്തത്? ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ മുസ്ലീങ്ങൾക്ക് കിട്ടുന്നത്?
കേരളത്തിൽ നിലവിൽ മുസ്ലീം വിഭാഗത്തിലെ എല്ലാവർക്കും 12 % സംവരണം ഉണ്ട്. ഇന്ത്യയിൽ മറ്റിടങ്ങളിൽ ചില പ്രത്യേക ജാതിയിൽപ്പെട്ട മുസ്ലീങ്ങൾക്ക് മാത്രമാണ് സംവരണമുള്ളത്.ഭൂരിപക്ഷം മുസ്ലീങ്ങൾക്കും ഇന്ത്യയിൽ സംവരണമില്ല. ഇപ്പോൾ ഈ സംവരണത്തിൻ്റെ ഗുണം നിലവിൽ സംവരണമില്ലാത്ത 8 കോടി മുസ്ലീങ്ങളിലെ സംവരണമില്ലാത്ത ദരിദ്രർക്ക് കിട്ടും എന്ന് കണക്കാക്കപ്പെടുന്നു.

5. പിന്നെന്തിനാണ് ജമാഅത്തെ ഇസ്ലാമിയും വെൽഫെയർ പാർട്ടിയും ഇതിനെ എതിർക്കുന്നത്?
ആരു പറഞ്ഞു എതിർക്കുന്നു എന്ന്. കേരളത്തിൽ മാത്രമേ എതിർപ്പുള്ളു. ഇന്ത്യയിൽ മറ്റിടങ്ങളിൽ അവർക്ക് ഒരു എതിർപ്പുമില്ല. ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറൽ മുഹമ്മദ് സലിം എഞ്ചിനീയർ ഇതിനെ അനുകൂലിച്ച് പ്രസ്താവനയും ഇറക്കിയിട്ടുണ്ട്. വെൽഫെയർ പാർട്ടി ഇന്ത്യയിൽ മറ്റൊരിടത്തും ഒരു സമരവും നടത്തുന്നില്ല. (ജമാ അത്തെ ഇസ്ലാമിയുടെ വെബ്‌സൈറ്റ് ചിത്രം: 2 )
ചിത്രം 2

ചിത്രം 2


6. അതൊരു ഇരട്ടത്താപ്പല്ലേ?
മലയാളത്തിൽ അങ്ങനെ പറയാം.
 
7. കേരളത്തിലെങ്ങനെയാണ് ,എപ്പോഴാണ് ഈ മുസ്ലീം / ഈഴവ etc സംവരണം വന്നത്?
: 1957ലെ ഇ എം എസിൻ്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ് ഇത് ക്വാട്ട നിശ്ചയിച്ച് നടപ്പിലാക്കിയത്. നിലവിലുണ്ടായിരുന്ന SC - ST സംവരണത്തോടൊപ്പം ഈഴവ, പിന്നോക്ക ഹിന്ദു, മുസ്ലീം തുടങ്ങിയ വിഭാഗങ്ങളുടെ സംവരണം കൂടി ശതമാനക്കണക്കിൽ ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്ത് നടപ്പിലാക്കുന്നത് ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ്.ഇന്ത്യയിൽ മറ്റിടങ്ങളിൽ OBC സംവരണം, അതും ഭാഗികമായി വരുന്നത് 90 കളിൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന് ശേഷമാണ്. മുസ്ലീങ്ങൾക്ക് 10% സംവരണം കേരളത്തിലും പിന്നീട് ബംഗാളിലും കമ്യൂണിസ്റ്റ് പാർട്ടിയാണ് കൊണ്ടു വന്നത്.

8. ഇ എം എസ് ജാതി സംവരണത്തെ എതിർത്തു എന്ന് പലരും പ്രചരിപ്പിക്കുന്നുണ്ടല്ലോ, ഭരണപരിഷ്ക്കാര കമ്മീഷനിൽ അങ്ങനെ എഴുതിയിട്ടുണ്ട് എന്നാണ് ആരോപണം. അത്. ശരിയാണോ?
ശരിയല്ല.കമ്മീഷൻ റിപ്പോർട്ടിൽ ജാതി സംവരണത്തെ അനുകൂലിക്കുകയാണ് ഇ എം എസ് ചെയ്യുന്നത്.ആ റിപ്പോർട്ടിൽ ഇ എം എസ് എഴുതിയതെന്താണെന്ന് അതേ പോലെ കൊടുക്കുന്നു.(പേജ് 97 -98 )

" We have considered the question of reservation of posts for backward classes. In this state 40 per cent of the posts in Government service are reserved for backward communities. This is in addition to the reservation of 10 percent for Scheduled caste and Scheduled Tribes. Within this 40 percent there is a "principle of sub-rotation" by which a certain percentage is reserved for a community or group of communities.
 
The system as it now exists has several disadvantages. Firstly there is a continuous clamour to include more and more communities in the list and the basis for the assessment of their backwardness is not entirely satisfactory. Secondly there are among the "backward classes" communities which are relatively advanced and those who are truly backward. The latter have a feeling that the benefit of the reservation generally goes to the former. The principle of sub-rotation has not met this to a satisfactory extension. Thirdly there is a consideration that such reservation inevitable brings down the quality and standard of the services. The most important point, however, is that the system creates a psychology amongst all the communities by which caste and communal consciousness is perpetuated.
 
On account of these it has been suggested by some that the criteria for backwardness should be economic rather than those based merely on communities. This suggestion looks attractive. But apart from the fact that over 80 percent of our people should be considered to be economically backward, it ignores the historical fact that economic backwardness in our country has in most cases be in the concomitant and result of social backwardness.
 
It is exceedingly difficult to suggest a simple solution to this complicated problem. A certain amount of protection and encouragement to the backward classes is necessary for some time more to come so that they may get over the handicaps to which they have been subjected for centuries. The grievances of the economically backward sections of the so-called "forward classes" are also real. Their complaint is that under the garb of reservation, richer persons of less merit belonging to the backward communities are able to get better facilities in education and recruitment to services which are not available to persons of merit in the "forward classes" who are really poor. The object of these concessions is obviously economic upliftment which it is hoped will automatically lead to social upliftment. The concessions should, therefore, be given only to those who are really poor in the communities now described as backward. We are therefore of the view that the benefit of the reservation for backward classes should be given to those given only to those individuals who fall below a prescribed economic level. We suggest this as a first step towards the recognition of economic backwardness as the index for giving state protection."
 
അതായത് ഒരു കമ്മീഷൻ എന്ന നിലയ്ക്ക് സംവരണത്തെ കുറിച്ച് ഉയർന്ന അഭിപ്രായങ്ങളെ മൂന്ന് പ്രശ്നങ്ങളായി പറയുകയും അതിനു ശേഷം കമ്മീഷന്റെ അഭിപ്രായമായി

"But apart from the fact that over 80 percent of our people should be considered to be economically backward, it ignores the historical fact that economic lbackwardness in our country has in most cases be in the concomitant and result of social backwardness "
 
എന്ന നിർണായക വാദം അവതരിപ്പിക്കുകയുമാണ് ഇ എം എസ് ചെയ്യുന്നത്.(കടപ്പാട്: ശ്രീജിത് ശിവരാമൻ )

9. അപ്പോൾ ഇ എം എസ് സാമ്പത്തിക സംവരണം എന്ന ആശയം മുന്നോട്ട് വെച്ചിട്ടില്ലേ?
ഉണ്ട്. അത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദീർഘകാലത്തെ നയമാണ്. പ്രകടനപത്രികയിൽ അത് സൂചിപ്പിച്ചിട്ടുണ്ട്.നിലവിലുള്ള ജാതി സംവരണത്തെ ബാധിക്കാതെ തന്നെ മുന്നോക്കക്കാരിലെ ദരിദ്രർക്ക് 10 % സംവരണം കൊടുക്കണം എന്നതാണ് പാർട്ടി തീരുമാനം.

10. ദാരിദ്ര്യം എങ്ങനെ സംവരണത്തിൻ്റെ മാനദണ്ഡമാവും? സംവരണം ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയാണോ?
ഇത് ഇപ്പോഴത്തെ ഒരു തെറ്റിദ്ധരിപ്പിക്കൽ പ്രസ്താവനയാണ്. സംവരണത്തിന് പല മാനദണ്ഡങ്ങൾ ഉണ്ട്.സമൂഹത്തിലെ അവശ വിഭാഗങ്ങൾക്ക് സാമൂഹിക നീതി ഉറപ്പു വരുത്തുക എന്നതാണ് അതിൻ്റെ ലക്ഷ്യം അതിലൊന്ന് മാത്രമാണ് ജാതി സംവരണം. സംവരണം ജാതി നിർമ്മാർജ്ജന പദ്ധതിയല്ല.പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് ജാതി അടിസ്ഥാനത്തിൽ സംവരണമുണ്ട്. OBC സംവരണത്തിന് മാനദണ്ഡം സാമ്പത്തികം കൂടിയാണ്. വികലാംഗ സംവരണം വികലാംഗ നിർമ്മാർജ്ജന പദ്ധതിയല്ല, ലക്ഷദ്വീപ് സംവരണം ലക്ഷദ്വീപ് നിർമ്മാർജ്ജന പദ്ധതിയല്ല, സൈനികരുടെ ആശ്രിതർക്കുള്ള സംവരണം സൈനിക നിർമ്മാർജ്ജന പദ്ധതിയുമല്ല. സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെ കണ്ടെത്തി മുഖ്യധാരയിൽ കൊണ്ടുവരാനുള്ള വിവിധ വഴികളാണത്. . ഭരണഘടന മത ഗ്രന്ഥമല്ല, കാലാനുസൃതമായ മാറ്റങ്ങൾ ഭരണഘടനയിലും വരും. അതിനുള്ള വ്യവസ്ഥയും അംബേദ്കർ തന്നെയാണ് എഴുതിച്ചേർത്തത്.

11. സാമ്പത്തിക സംവരണം എന്ന ആശയം സി പി ഐ എം പോലെ ഒരു പാർട്ടി മുന്നോട്ട് വെക്കാമോ?
ഇന്ത്യയിലെ എല്ലാ പാർട്ടികളും അംഗീകരിക്കുന്ന നയമാണത്.എല്ലാ പാർട്ടിക്കാരും അനുകൂലിച്ച് വോട്ട് ചെയ്താണ് ഇത് നിയമമാക്കിയത്. പാർലിമെൻ്റിൽ ഈ ബില്ലിനെതിരെ എതിർത്ത് വോട്ട് ചെയ്തത് ആകെ മൂന്ന് അംഗങ്ങൾ മാത്രമാണ്.

12. അതാരൊക്കെയാണ്?
മുസ്ലീം ലീഗിൻ്റെ രണ്ട് പാർലിമെൻ്റ് അംഗങ്ങളും ഒവൈസിയുമാണത്.
 
13. അപ്പോൾ മുസ്ലീം ലീഗ് മാത്രമാണ് ഇതിനെതിരെ നിലപാടുള്ള ഏക പാർട്ടി?
ചരിത്രമറിയാത്തവർക്ക് അങ്ങനെ തോന്നും. ഇന്ത്യയിൽ ആദ്യമായി മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് 10% സംവരണം നടപ്പിലാക്കിയ ഉത്തരവ് ഇറക്കിയത് 2006 ഫെബ്രുവരിയിൽ ലീഗ് ഭരിക്കുന്ന വിദ്യാഭ്യാസ വകുപ്പാണ്. ഉമ്മൻ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി. അന്ന് മുതൽ കോളേജ് പ്രവേശനത്തിന് ഈ 10% സംവരണം ഉണ്ട്. 14 വർഷമായി നടപ്പിലുള്ള കാര്യമാണത്.( ഉത്തരവ് ചിത്രം :3)
ചിത്രം 3

ചിത്രം 3


14. അപ്പോൾ ലീഗ് ഇതിനെതിരെ പ്രക്ഷോഭത്തിന് പോകുന്നതോ?
ഇരട്ടത്താപ്പ് എന്ന എന്ന് മലയാളത്തിൽ പറയാം

15. പാർലിമെൻ്റ് പാസാക്കി, എന്നാലും കേരളത്തിൽ EWS സംവരണം തിടുക്കത്തിൽ നടപ്പിലാക്കിയതാണെന്ന് പറയുന്നുണ്ടല്ലോ. എന്തിനായിരുന്നു ഈ തിടുക്കം?
ആരോപണം ശരിയല്ല,ഏറ്റവും വൈകി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. ഇന്ത്യയിലൊട്ടാകെ 32 ഇടങ്ങളിൽ , സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇത് നടപ്പിലാക്കിക്കഴിഞ്ഞു.രണ്ടിടത്ത് മാത്രമാണ് ഇനി ബാക്കിയുള്ളത്. അത് തമിഴ്‌നാടും കർണാടകയുമാണ്. ബംഗാളിലൊക്കെ മമതാ ബാനർജി സർക്കാർ കഴിഞ്ഞ ജൂലൈയിൽ ഇത് നടപ്പിലാക്കി .(ബംഗാൾ സർക്കാർ ഉത്തരവ് ചിത്രം: 4 )
ചിത്രം 4

ചിത്രം 4


16. അതെന്താ തമിഴ്നാടും കർണാടകയും ഇത് നടപ്പിലാക്കാഞ്ഞത്. അതേ മാതൃക കേരളത്തിലും ആവാമായിരുന്നില്ലേ?
:കർണാടകയിലും തമിഴ്നാട്ടിലും നടപ്പിലാക്കാതിരിക്കാൻ കാരണം അതത് സംസ്ഥാനങ്ങളിലെ സാമുദായിക വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. തമിഴ്നാട്ടിൽ നിലവിൽ തന്നെ 69 % സംവരണമുണ്ട്. കേരളത്തിൽ CPI M ആ രാഷ്ട്രീയം കളിച്ചില്ല എന്നത് അത് പാർട്ടിയുടെ ആർജ്ജവത്തെ കാണിക്കുന്നു.പാർട്ടി നയം എന്താണോ അത് നടപ്പിലാക്കി.

17. ഇത് നടപ്പിലാക്കുന്നതിന് മുമ്പ് വല്ല പഠനവും കേരള സർക്കാർ നടത്തിയിരുന്നോ?
ജസ്റ്റിസ് ശശിധരൻ നായർ കമ്മീഷനെ നിയമിക്കുകയും ആ റിപ്പോർട്ട് പരിഗണിക്കുകയും ചെയ്തതിന് ശേഷമാണ് നടപ്പിലാക്കിയത്. അത്തരമൊരു പഠനം നടത്തിയ ഏക സംസ്ഥാനവും കേരളമാണ്.

18. ആ പഠനം സമഗ്രമല്ല എന്ന് വിമർശനമുണ്ടല്ലോ
പഠനത്തിന് പരിമിതി ഉണ്ടെങ്കിൽ മറ്റൊരു പഠനം നടത്തി അത് പരിഹരിക്കണം. ഇന്ത്യയിൽ മറ്റൊരിടത്തും ഒരു കമ്മീഷനെ വെച്ച് പഠിച്ചിട്ടില്ല. അത് കൂടി ആലോചിക്കണം.EWS മാനദണ്ഡങ്ങൾ 3 വർഷം കൂടുമ്പോൾ പുതുക്കി നിശ്ചയിക്കുന്നതുമാണ്.

19 .കേരളത്തിൽ ഈ സംവരണവ്യവസ്ഥകൾ വളരെ ഉദാരമാക്കി എന്ന് പറയുന്നത് ശരിയാണോ?
ശരിയല്ല, EWS സംവരണം കിട്ടണമെങ്കിൽ കേന്ദ്രം തീരുമാനിച്ചത് ഒരു കുടുംബത്തിന്ന് വാർഷിക വരുമാനം 8 ലക്ഷം രൂപയാണ്. കേരളം അത് നേർ പകുതി, 4 ലക്ഷം രൂപയാക്കി. കേന്ദ്രത്തിൽ അഞ്ചേക്കർ വരെ സ്ഥലം ഉള്ളവർക്ക് സംവരണം ആവാം. കേരളം അതും പകുതിയാക്കി ,രണ്ടര ഏക്കർ. ഹൗസ് പ്ലോട്ട് ഗ്രാമത്തിൽ 50 സെൻ്റ് മുൻസിപ്പാലിറ്റിയിൽ 20 സെൻ്റ് കോർപ്പറേഷനിൽ 15 സെൻ്റ് എന്ന് കേരളം തീരുമാനിച്ചു.

20. വീടിൻ്റെ വിസ്തീർണത്തിന് കമ്മീഷൻ പരിധി വെച്ചില്ലല്ലോ, അത് ശരിയാണോ?
കേരള സാഹചര്യത്തിൽ ഇത് ശരിയാണ്.പല സംസ്ഥാനങ്ങളും ഈ രീതി സ്വീകരിച്ചിട്ടുണ്ട്.വീട് വെച്ച് മുടിയുന്നയാളാണ് മലയാളി. വീട് മാനദണ്ഡമാക്കിയാൽ അർഹതപ്പെട്ട പലരും പുറത്താവും. വീടിൻ്റെ സ്ക്വയർ ഫീറ്റ് OBC ക്രീമിലേയറിന് മാനദണ്ഡം ആക്കിയാൽ 1000 പോട്ടെ, 2000 സ്ക്വയർ ഫീറ്റ് ആണെങ്കിൽ തന്നെ നിലവിൽ OBC സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന എത്ര OBC ജാതിക്കാർക്ക് അത് കിട്ടുമെന്ന് ആലോചിച്ചു നോക്കുക.
 
21. പതിനഞ്ച് സെൻ്റ് സ്ഥലം എന്നൊക്കെ മാനദണ്ഡം ഉണ്ടോ?ഇക്കാര്യം ഇതിനെതിരെയുള്ള പോസ്റ്റുകളിൽ സൂചിപ്പിക്കാത്തതെന്താണ് ?
കോർപ്പറേഷനിൽ 15 സെൻ്റ്, മുൻസിപ്പാലിറ്റിയിൽ 20 സെൻ്റ് എന്നിവയാണ് പരിധി. ആ സത്യം മൂടിവെച്ചും അർദ്ധ സത്യങ്ങൾ പ്രചരിപ്പിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സർക്കാരിനെതിരെ തിരിക്കാനുള്ള ഗൂഢശ്രമമാണ് പലരും നടത്തുന്നത്. (EWS മാനദണ്ഡങ്ങൾ -
ചിത്രം5

ചിത്രം5

)
 

22. കേന്ദ്ര മാനദണ്ഡങ്ങൾ പകുതിയാക്കി, ശരി,എന്നാലും ഈ നാലു ലക്ഷം രൂപ വാർഷിക വരുമാനം. ഗ്രാമത്തിൽ രണ്ടര ഏക്കർ എന്നൊക്കെ പറയുന്നത് കൂടുതലല്ലേ?
ഉയർന്ന പരിധിയാണത്. ആ മാനദണ്ഡവും 3 വർഷം കൂടുമ്പോൾ പുതുക്കി നിശ്ചയിക്കും എന്ന് കേരള സർക്കാർ ഉത്തരവിൽ പറയുന്നുണ്ട്. ഒ ബി സി ക്രീമിലേയറിൻ്റെ മാനദണ്ഡം കൂടി ഇതിനോട് ചേർത്ത് പരിശോധിക്കേണ്ടതാണ്.
 
23. OBC - ക്രീമിലേയറോ അതെന്താണ്?
നിലവിൽ സംവരണം ലഭിച്ചു കൊണ്ടിരിക്കുന്ന ഈഴവ മുസ്ലീം പിന്നോക്ക ഹിന്ദു തുടങ്ങിയ വിഭാഗങ്ങളിലെ സമ്പന്നരെ കണ്ടെത്തി ഒഴിവാക്കി, അതിലെ ദരിദ്രർക്ക് സംവരണം ലഭിക്കാനുള്ള പദ്ധതിയാണത്. ഇതില്ലെങ്കിൽ കോടീശ്വരൻമാരായ യൂസഫലിക്കും വെള്ളാപ്പള്ളിക്കും വരെ സംവരണം കിട്ടും. ആ സമുദായത്തിലെ ദരിദ്രർ പിന്തള്ളപ്പെട്ട് പോവുകയും ചെയ്യും.
 
24. എന്താണ് അതിൻ്റെ മാനദണ്ഡം?
നിലവിൽ ശമ്പളവരുമാനം 8 ലക്ഷം രൂപ .കാർഷിക വരുമാനം 8 ലക്ഷം രൂപ എന്നിങ്ങനെ 16 ലക്ഷം രൂപ വരെ വാർഷിക വരുമാനം ആവാം. മുന്നോക്ക സംവരണത്തിനായി തീരുമാനിച്ച തുകയുടെ നാലിരട്ടിയാണത്. ഭൂസ്വത്ത് പന്ത്രണ്ടര ഏക്കർ വരെയായാലും OBC സംവരണം കിട്ടും. EWS മാനദണ്ഡത്തിൻ്റെ അഞ്ചിരട്ടിയാണത് .

25. ലളിതമായി ഒന്നു പറഞ്ഞു തരൂ
എന്നു വെച്ചാൽ മുന്നോക്കക്കാരിലെ ദരിദ്രന് സംവരണം മാസവരുമാനം മുപ്പത്തിമൂവായിരത്തിൽ താഴെ വേണം. ഒരു ലക്ഷത്തി മുപ്പത്തിമൂവായിരം രൂപ വരെ വരുമാനം ഉണ്ടായാലും OBC ക്രീമിലേയറിൽ പെടില്ല. സംവരണം കിട്ടും.
 
26. എന്നാലും ഈ ക്രീമിലെയർ ഒരു അനീതിയല്ലേ?' ഒരു പിന്നോക്കക്കാരൻ കഷ്ടപ്പെട്ട് കുറച്ച് പൈസ ഉണ്ടാക്കി എന്ന് വെച്ച് അവനെ സംവരണത്തിൽ നിന്ന് ഒഴിവാക്കാമോ? അവന്‍റെ തലമുറ വർഷങ്ങളായി പിന്നോക്കാവസ്ഥ അനുഭവിച്ചു വരുന്നതല്ലേ?
ശരിയാണത്. ഒഴിവാക്കാൻ പാടില്ല. പക്ഷേ പിന്നോക്കക്കാരിലെ പാവപ്പെട്ടവർക്ക് അതിൻ്റെ ഗുണം ആദ്യം കിട്ടണം. പാവപ്പെട്ടവർ ഇല്ലെങ്കിൽ അതേ സമുദായത്തിലെ ക്രീമിലേയറിന് അതായത് സമ്പന്നർക്ക് അത് കൊടുക്കണം.

27. നല്ല നിർദ്ദേശമാണല്ലോ. ഇതാരെങ്കിലും മുന്നോട്ട് വെച്ചിട്ടുണ്ടോ?
ഉണ്ട്.സി പി ഐ എം എന്ന പാർട്ടിയുടെ നയമാണത്.

28. ഈ മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ എങ്ങനെ കണ്ടെത്തും? എങ്ങനെയാണ് ഈ 10% ഇതിന് വല്ല കണക്കുമുണ്ടോ?
നിലവിൽ കേന്ദ്ര നിയമം 10% സംവരണമാണ് ശതമാനമാണ്. ഭൂരിപക്ഷ സംസ്ഥാനങ്ങളിലും അത് 10% ആണ്. പരിഷത്തിൻ്റെ 2006 ലെ കേരള പഠന റിപ്പോർട്ടിൽ മുന്നോക്കക്കാരിലെ ദരിദ്രർ 34.5 % ആണ് . അതിനോടു കൂടി മതം,/ജാതി രേഖപ്പെടുത്താത്തവരെ കൂടി കൂട്ടണം. 2006 ന് ശേഷം വർദ്ധിച്ച ദാരിദ്ര്യ നിരക്ക് കൂടി പരിഗണിക്കണം. പത്തു ശതമാനത്തിന് മുകളിലേ വരൂ.(പരിഷത്തിൻ്റെ കണക്ക് :ചിത്രം 6 )
ചിത്രം 6

ചിത്രം 6


29. അങ്ങനെയെങ്കിൽ ഇതെല്ലാ ജാതി / മത വിഭാഗത്തിലെ ദരിദ്രർക്കും കൊടുക്കണ്ടേ?
മറ്റ് ജാതിമത വിഭാഗങ്ങൾക്ക് ദരിദ്രരോ സമ്പന്നരോ എന്ന് പോലും നോക്കാതെ സംവരണം ഉണ്ടല്ലോ. ഈഴവർക്ക് 14% മുസ്ലീമിന് 12% അങ്ങനെ.

30. ഈ EWS സംവരണത്തിൽ കയറുന്നവർക്ക് മെറിറ്റ് കുറവാണ് എന്ന് വാദമുണ്ടല്ലോ. വളരെ താഴ്ന്ന റാങ്ക് ഉള്ളവർക്കാണ് ഇതിൽ കിട്ടുന്നത്. അത് ശരിയാണോ?
ഇത് പണ്ട് സവർണർ ഉന്നയിച്ച കേവല മെറിറ്റ് വാദമാണ്.വളരെ താഴെയുള്ള റാങ്കുള്ളവർക്കാണ് E W S സംവരണം കിട്ടുന്നത് എന്നത് അവരിലെ ദരിദ്രരുടെ സാമൂഹിക പിന്നോക്കാവസ്ഥയാണ് സൂചിപ്പിക്കുന്നത്. E W S സംവരണം ആവശ്യമാണ് എന്നതിൻ്റെ ഒരു വ്യക്തമായ സൂചനയാണ് ഇപ്പോഴത്തെ റാങ്ക് പട്ടികകൾ.

ഉദാ: MBBS റാങ്ക് പട്ടികയിൽ സീറ്റ് കിട്ടിയ അവസാന റാങ്ക് കൊടുക്കുന്നു. മുസ്ലീം - 1474, ഈഴവ 1576,
SC - 3200, EWS - 8461. എല്ലാ ലിസ്റ്റിലും EWS പിന്നിലാണ്. എന്നു വെച്ചാൽ മുന്നോക്കക്കാരിലെ എല്ലാവരും ഒരേ കൾച്ചറൽ കാപ്പിറ്റൽ ഉള്ളവരല്ല എന്നാണർത്ഥം.

31. അപ്പോൾ ഈ EWS കാരുടെ താഴ്ന്ന റാങ്ക് ചൂണ്ടിക്കാണിച്ച് പരിഹസിക്കരുത് എന്നാണോ?
: അല്ല, പരിഹസിക്കണം. മെറിറ്റും റാങ്കും പരിഗണിക്കാതെ താഴ്ന്ന ജാതിക്കാർക്ക് സംവരണം കിട്ടുന്നു ' എന്ന് പണ്ട് പരിഹസിച്ചിരുന്നവരാണ് മുന്നോക്കക്കാരിൽ ഭൂരിഭാഗവും. അതിനേക്കാൾ താഴ്‌ന്ന റാങ്കോട് കൂടിയാണ് നിങ്ങൾ ഉദ്യോഗത്തിലും കോളേജ് പ്രവേശനത്തിലും ചേരാൻ പോകുന്നത് എന്ന വിവരം അവരെ ഒന്നറിയിച്ചു കൊടുക്കേണ്ടത് ചരിത്ര പരമായ നീതിയാണ്.

32. 10% EWS സംവരണം എന്ന് പറയുമ്പോഴും നടപ്പിലാക്കിയത് 20 % ആണ് എന്ന് ചിലർ ആരോപിക്കുന്നുണ്ടല്ലോ.
തെറ്റിദ്ധരിപ്പിക്കുന്ന വാദമാണത്. പി എസ് സി യിൽ 9, 19, 29, 39, 49 ,59, 69, 79, 89, 99 എന്നീ ടേണുകളാണ് മാറ്റി വെച്ചത്. 10 ശതമാനം എന്നാൽ 100 ൻ്റെ 10 എണ്ണം. ഇത് കൊടുത്തത് സംവരണ വിഭാഗങ്ങളുടെ പങ്കിൽ നിന്നല്ല.ജനറൽ വിഭാഗത്തിൻ്റെ ടേണിൽ നിന്നാണ്. സംവരണ ടേണുകൾക്ക് ഒരു നഷ്ടവും വരില്ല. ആകെ സീറ്റിൻ്റെ 10% സംവരണ സീറ്റ് നഷ്ടപ്പെടുത്താതെ ജനറൽ സീറ്റിൽ നിന്ന് കൊടുത്തു എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ജനറൽ വിഭാഗത്തിൻ്റെ 10% അല്ല ,സംവരണ സീറ്റുകൾ കൊടുക്കുന്നത് ജനറൽ വിഭാഗത്തിൽ നിന്നാണ് എന്നാണതിൻ്റെ അർത്ഥം. ഉത്തരവ് വ്യക്തമാണ്. (ചിത്രം 7 )
ചിത്രം 7

ചിത്രം 7


 
33. പൊതു വിഭാഗത്തിൽ സംവരണ വിഭാഗങ്ങൾക്ക് മൽസരിക്കാനുള്ള 10% നഷ്ടമാവില്ലേ?
നഷ്ടമാവും. 22% SC - ST സംവരണം മാത്രമുള്ളപ്പോൾ 28% OBC സംവരണം കൂടി 1957 ലെ സർക്കാർ കൊണ്ടുവന്ന് ആകെ സംവരണം 50% ആക്കിയപ്പോൾ SC ST വിഭാഗത്തിന് 28% സീറ്റിൽ മൽസരിക്കാനുള്ള സാധ്യത ഇല്ലാതായി. അത് പോലെ ഒരു സംഭവമാണ് ഇതും. 40 % ജനറലും 60% സംവരണവും. സ്വാഭാവികമാണത്. ഇങ്ങനെയല്ലാതെ അത് നടപ്പിലാക്കാൻ കഴിയില്ല.
 
34. ഈ കേന്ദ്ര നിയമം വരുന്നതിന് മുമ്പ് തന്നെ ദേവസ്വം ബോർഡിൽ ഇടതുപക്ഷം ഈ മുന്നോക്ക സംവരണം നടപ്പിലാക്കിയില്ലേ ? അതെന്തിനാണ്?
മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10% സംവരണം കൊടുക്കണം എന്നത് പാർട്ടി നയമാണ്.ദേവസ്വം ബോർഡിൽ അത് നടപ്പിലാക്കാൻ ഭരണഘടനാ ഭേദഗതി വേണ്ട. അതു കൊണ്ട് സർക്കാർ നടപ്പിലാക്കി.

അതോടൊപ്പം 40% പിന്നോക്ക ജാതിക്കാർക്ക് സംവരണം കൊണ്ടുവന്നു. ഈഴവ 17% SC 10% എന്ന അനുപാതത്തിൽ പിന്നോക്ക വിഭാഗങ്ങൾക്കെല്ലാം കൂടി ചരിത്രത്തിൽ ആദ്യമായി ദേവസ്വം ബോർഡിൽ 40% സംവരണം കിട്ടി. അക്കാര്യം ആരും കാണില്ല. അതിനെക്കുറിച്ച് എഴുതുകയുമില്ല. ഇപ്പോൾ മുന്നോക്കക്കാർക്ക് അമിത പ്രാതിനിധ്യം ഉണ്ടെന്ന് കരുതി അവരിലെ ദരിദ്രർക്ക് പ്രാതിനിധ്യം ഉണ്ടാവണമെന്നില്ല. അതാണ് ഇതിൻ്റെ യുക്തി.
(ചിത്രം 8)
ചിത്രം 8

ചിത്രം 8


35. എന്തൊക്കെയായാലും ഇടതുപക്ഷം സാമ്പത്തിക സംവരണത്തെ അനുകൂലിക്കുക എന്നത് ശരിയാണോ?
സിപിഐ എം ജാതി പാർട്ടിയല്ല, മത പാർട്ടിയല്ല, സ്വത്വവാദി പാർട്ടിയുമല്ല . സമ്പദ് വ്യവസ്ഥയ്ക്കനുസരിച്ച് ലോകത്തെ കാണുകയും വ്യാഖ്യാനിക്കുകയും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വർഗ്ഗ വ്യത്യാസം കുറയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പാർട്ടിയാണ് . പാർട്ടി ജാതിയെ തിരിച്ചറിഞ്ഞു എന്നതിൻ്റെ സൂചനയാണ് പാർട്ടി 57 ൽ OBC സംവരണം നടപ്പിലാക്കിയത്.സാമ്പത്തിക അന്തരം പിന്നോക്കാവസ്ഥയ്ക്ക് കാരണമാവുന്നു എന്ന തിരിച്ചറിവാണ് , നിലവിൽ സംവരണമില്ലാത്തവർക്ക് 10 % സംവരണം നൽകാനുള്ള ഇപ്പോഴത്തെ തീരുമാനം.
 
36. അപ്പോൾ സി പി ഐ എമ്മിൻ്റേയും ഇടതുപക്ഷ സർക്കാരിൻ്റെയും നടപടി ശരിയാണ് എന്നാണോ അനുമാനിക്കേണ്ടത്?
: 100 % ശരിയായ നിലപാടാണത്. ചരിത്രം അത് തെളിയിക്കുക തന്നെ ചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top