26 April Friday

'ശരിയാ ജൂഡേ, മണിയാശാന്‍ ഒത്തിരി പള്ളിക്കൂടത്തിലൊന്നും പോയിട്ടില്ല'

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2016

കൊച്ചി> മന്ത്രിയായി നിയോഗിക്കപ്പെട്ട എം എം മണിയെ അപഹസിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട സംവിധായകന്‍ ജൂഡ് ആന്റണിയ്ക്ക് മറുപടിയുമായി ഇടുക്കിക്കാരന്‍ മാധ്യമപ്രവര്‍ത്തകന്‍. മാതൃഭൂമി ന്യൂസ്‌ ചാനല്‍ ന്യൂസ്‌ എഡിറ്റര്‍ ഹര്‍ഷനാണ് ഇടുക്കിയുടെ സമരചരിത്രം ഓര്‍മ്മിപ്പിച്ച് പോസ്റ്റിട്ടത്. എം എം മണിയ്ക്ക് വേണ്ടത്ര വിദ്യാ ഭ്യാസമില്ലെന്നു സൂചിപ്പിച്ചായിരുന്നു ജൂഡിന്റെ പോസ്റ്റ്‌. വെങ്കലപ്പാറ എസ്റ്റേറ്റില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ മരിയ്ക്കാതെ രക്ഷപ്പെട്ട കറുത്ത പാണ്ടിയ്ക്കൊപ്പം എം എം മണി ഇരിയ്ക്കുന്ന ചിത്രവും പോസ്റ്റിനോപ്പമുണ്ട്.

ഹര്‍ഷന്റെ മറുപടിയുടെ പൂര്‍ണരൂപം താഴെ:

ജൂഡേ....മാനേ..
കോട്ടും പൂട്ടീസും ഇട്ട് മല കേറിയവരല്ല ഇടുക്കിക്കാര്.ജോടിയ്ക്ക് വെല പറഞ്ഞ് സായിപ്പ് മല കേറ്റിയ അടിമകളുടേം ഗതികിട്ടാക്കാലത്ത് പട്ടത്തിന്‍്റെ ഒറപ്പില്‍ മല കേറിയ കുടിയേറ്റക്കാരടേം നാടാ മലനാട്.
കുരുമൊളകും ഏലോം കുടിയേറ്റക്കാര്‍ക്ക് കാശൊണ്ടാക്കിക്കൊടുത്തുതൊടങ്ങീട്ട് കാല്‍ നൂറ്റാണ്ടേ ആയിട്ടൊള്ളൂ.
അതു കഴിഞ്ഞിട്ടേ കൊള്ളാവുന്ന വിദ്യാഭ്യാസം മക്കള്‍ക്ക് കൊടുക്കാന്‍ കുടിയേറ്റക്കാരന് കഴിഞ്ഞിട്ടൊള്ളൂ.

വിദ്യാഭ്യാസം എന്നതാന്നറിയാത്തവരാരുന്നു കുടിയേറ്റക്കാരടെ ഒന്നാം തലമുറ. രണ്ടാം തലമുറയ്ക്ക് ആനയേം പോത്തിനേം പന്നിയേം
പേടിച്ച് മര്യാദയ്ക്ക് പള്ളിക്കൂടത്തീ പോകാന്‍ പറ്റിയില്ല.
അപ്പപ്പിന്നെ തോട്ടം തൊഴിലാളീടെ കാര്യം പറയണോ.
വന്നതില്‍ നിന്നത്രതന്നെ മലമ്പനി പിടിച്ച് ചത്തു.
പത്തുമുപ്പതുവര്‍ഷം മുമ്പ് വരെ കങ്കാണിമാര് ഏലത്തട്ടകൊണ്ട് പൊറം പൊളിയുന്ന പരുവത്തില്‍ തല്ലുവാരുന്നു ആ പാവങ്ങളെ.
പാണ്ടിപ്പറയനേം പള്ളനേം തല്ലിച്ചതയ്ക്കാന്‍ വല്ലാത്ത പൊളപ്പ് മൊതലാളിമാരടെ ഗുണ്ടകള്‍ക്കൊണ്ടാരുന്നു.
ഒത്തിരി പണ്ടത്തെ കാര്യവല്ല,സാറൊക്കെ വരമ്പേലോടുന്ന കാലത്തെ കേരളത്തിന്‍്റെ കാര്യവാ പറയുന്നെ,
അന്ന് അവര്‍ക്കെടേന്ന് എഞ്ചിനീയറിങ്ങ് പഠിത്തവൊള്ള ഒരു നേതാവിനെ കിട്ടാനില്ലാരുന്നു മാനേ.

ഒണ്ടാരുന്നു കേട്ടോ കൊറച്ചു പരിഷ്കാരികള്.
കോട്ടയത്തൂന്നും കൊച്ചീരാജ്യത്തൂന്നും കേറിയ തോട്ടം നടത്തിപ്പുകാരായ നാടന്‍ സായിപ്പമ്മാര്.അവരടെ കൂട്ടത്തീന്ന് ഏതായാലും തൊഴിലാളിയ്ക്ക് ഒരു നേതാവിനെ കിട്ടത്തില്ലല്ലോ.
പിന്നെ സര്‍ക്കാരുദ്യോഗസ്ഥമ്മാരും പോലീസുകാരും മാനേജരമ്മാരും ഒണ്ടാരുന്നു.അക്കൂട്ടത്തീന്ന് ആരെ കിട്ടാനാ.അപ്പപ്പിന്നെ വര്‍ഗ്ഗസ്നേഹോം ചങ്കൂറ്റോം തന്നെയാരുന്നു നേതാവിന്‍്റെ മാനദണ്ഡം.അതിപ്പോ ഐഎന്‍ടിയുസി നേതാവായ കുപ്പുസാമിയാട്ടെ സിഐടിയു നേതാവായ മണിയാശാനാട്ടെ,അത് മാത്രവാരുന്നു മാനദണ്ഡം.

ഇടുക്കിയെ മിടുക്കിയാക്കിയത് വിദ്യാഭ്യാസവൊള്ള മൊതലാളിമാരല്ല,
വിദ്യാഭ്യാസവില്ലാത്ത തൊഴിലാളികളാ.
അവരടെ നേതാവും മന്ത്രിയാകട്ടടോ.
വല്ലപ്പഴുവേ ഹെെറേഞ്ചിനൊരു മന്ത്രിയെ കിട്ടാറൊള്ളു.
പണ്ടും മന്ത്രിയെ കിട്ടീട്ടൊണ്ട്.
എഐടിയുസി നേതാവാരുന്ന കെ ടി ജേക്കബ് മണിയാശാനുമുന്നേ മന്ത്രിയായിട്ടൊണ്ട്.
ജേക്കബിനേം മണിയാശാനെ വിളിയ്ക്കുന്നപോലെ ജേക്കബാശാനേന്ന് വിളിച്ചത് പള്ളിക്കൂടത്തീ പഠിപ്പിച്ചിട്ടല്ല,
പാവപ്പെട്ടവന്‍്റെ ജീവിതം പഠിച്ചിട്ടും പഠിപ്പിച്ചിട്ടുവാ.

അപ്പം മാനേ...പറഞ്ഞുവന്നത് എന്നാന്നുവച്ചാ..കാലത്തിനൊപ്പം കോലം മാറാത്ത ചെലര്‍ക്കൂടെ ഒള്ളതാ ഈ ലോകം.കൊലക്കുറ്റത്തിന് കോടതികേറിയതിന്‍്റെ കാരണവറിയാന്‍ മാനൊരു കാര്യം ചെയ്യണം.സംസ്ഥാനത്തിന്‍്റെ ഡിജിപി ആരുന്ന കൃഷ്ണന്‍ നായരടെ ആത്മകഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശഃ അച്ചടിച്ച് വന്നിരുന്നു,പറ്റിയാ തപ്പിപ്പിടിച്ചൊന്നു വായിക്കണം.
വിദ്യാഭ്യാസം മാത്രവല്ല വിവരോം വേണ്ടേ.
ആ കാലത്തേക്കുറിച്ചും ചരിത്രത്തേക്കുറിച്ചും കൊറച്ചൊക്കെ വെളിച്ചം കിട്ടും.

പിന്നെ ഒന്നൂടെ...
ഈ കുറിപ്പിന്‍്റെ കൂടൊള്ള പടം കണ്ടോ..?
മണിയാശാന്‍്റൊപ്പം ഇരിയ്ക്കുന്ന ആ മനുഷ്യന്‍്റെ പേര് കറുത്തപാണ്ടിയെന്നാ.
വെങ്കലപ്പാറ എസ്റ്റേറ്റില്‍
പൊട്ടംകുളം മൊതലാളിയ്ക്കുവേണ്ടി പോലീസ് നടത്തിയ വെടിവെപ്പില്‍ എമ്പത്തിരണ്ടിലേ ഡിസംബര്‍ അഞ്ചിന് ഊര് പൊകഞ്ഞ കാമരാജിന്‍്റെ സമരസഖാവാ.
വേറൊരു സമരസഖാവാ മണിയാശാന്‍.ഇപ്പഴും ഇവര് സഖാക്കളാടോ..
അപ്പ മാന്‍ പഠിയ്ക്ക്...ജീവിതം.

(ഇത് ജൂഡിന് വേണ്ടി മാത്രവെഴുതിയ പോസ്റ്റാന്ന് ജൂഡ് വേണേ കരുതിയ്ക്കോട്ടെ,
പക്ഷേ..ഇത് നെറോം ജാതീം വിദ്യാഭ്യാസോം സൗന്ദര്യോം സമ്പത്തും മാത്രം നോക്കി ആളെ അളക്കുന്ന എല്ലാര്‍ക്കും വേണ്ടി എഴുതിയതാ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top