ഫാസിസ്റ്റ് ശക്തികൾക്ക് അധികാരം ലഭിച്ചാൽ എന്ത് സംഭവിക്കുമെന്നതിന്റെ നടുക്കുന്ന സൂചനയാണ് മുസാഫർ നഗറിൽ നിന്നും പുറത്തുവന്ന അധ്യാപികയുടെ വീഡിയോ എന്ന് മാധ്യമപ്രവർത്തകയും കലാ നിരൂപകയുമായ രേണു രാമനാഥ്. ഒരു അദ്ധ്യാപിക, ഒരു കുട്ടിയോടു ചെയ്യുന്ന പാതകമല്ല ആ ദൃശ്യത്തിലുള്ളത്. ഒരു ഹിന്ദു, അഹിന്ദുവിനോടു ചെയ്യുന്നതാണത്. ഇവർക്ക് ഒരിക്കൽ കൂടി ഭരണചക്രം കയ്യിൽ കിട്ടിക്കഴിഞ്ഞാൽ പിന്നെ ഇന്ത്യയിൽ അഹിന്ദുക്കളേയും, അഹിന്ദുക്കൾക്കു വേണ്ടി നിലകൊള്ളുന്ന ഹിന്ദുവായി ജനിച്ചവരേയും കാത്തിരിക്കുന്നത് എന്താണെന്നതിൻ്റെ സൂചന മാത്രമാണ് വീഡിയോ എന്നും ഭയം മാത്രമാണ് വീഡിയോ കാണുമ്പോൾ ഉണ്ടാകുന്നതെന്നും രേണു രാമനാഥ് ഫേസ്‌ബുക്കിൽ കുറിച്ചു. വലതുപക്ഷ, ഹിന്ദുത്വ ഫാസിസ്റ്റുകൾക്കെതിരായ പോരാട്ടം വിട്ടുവീഴ്ചയില്ലാതെ തുടർന്നു കൊണ്ടേയിരിക്കണമെന്നും രേണു കുറിയ്‌ക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം
മുസാഫർ നഗറിൽ നിന്നുള്ള ആ വീഡിയോ കണ്ട് ഉറക്കം നഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ ഞാനില്ല. അങ്ങനെ ഒരു വീഡിയോ കണ്ടാൽ ഉറക്കം നഷ്ടപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾക്ക് സാരമായെന്തോ കുഴപ്പമുണ്ട്. ഏതോ മൂഢസ്വർഗ്ഗത്തിലാണു നിങ്ങളിതു വരെ ജീവിച്ചിരുന്നത് എന്നാണതു കാണിക്കുന്നത്.
ദീർഘകാലത്തെ ദൽഹി ജീവിതത്തിനു ശേഷം എഴുപതുകളുടെ ഒടുവിൽ കേരളത്തിൽ തിരിച്ചെത്തിയ ഒരു അടുത്ത ബന്ധുവിൻ്റെ വാക്കുകളിലാണു ഞാൻ ആ അദ്ധ്യാപികയുടെ മുഖത്തു കാണുന്ന വെറുപ്പ് ആദ്യമായി അറിഞ്ഞത്. "ഈ മുസ്ലീങ്ങളുണ്ടല്ലോ...' എന്നാരംഭിക്കുന്ന അവരുടെ വാക്കുകൾ ആ ചെറിയ പ്രായത്തിൽ കാര്യങ്ങൾ മുഴുവൻ മനസ്സിലാവും മുമ്പ്, എന്നിൽ ഉണ്ടാക്കിയിരുന്ന അകാരണമായ നടുക്കവും ഭയവും അവിടെത്തന്നെയുണ്ട്. സംഘ് പരിവാർ എന്തെന്ന് കേരളീയർ മനസ്സിലാക്കിത്തുടങ്ങും മുമ്പേ, ഉത്തരേന്ത്യയിൽ നിന്ന് പകർന്നു കിട്ടിയ വർഗ്ഗീയവിഷവും പേറി നാട്ടിലെത്തിയിരുന്ന എൻ്റെ ബന്ധു, കിട്ടിയ അവസരങ്ങളിലെല്ലാം, ഉത്തരേന്ത്യയിൽ മുസ്ലീങ്ങൾ ഹിന്ദുക്കളുടെ നേരെ നടത്തുന്ന അതിക്രമങ്ങളെപ്പറ്റി ഞങ്ങളെയെല്ലാം ബോധവൽക്കരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. അതുകൊണ്ടായിരിക്കണം, അന്നു തന്നെ അച്ഛൻ എന്നെയും അനിയത്തിയെയും വിളിച്ചിരുത്തി രാഷ്ട്രീയപാഠങ്ങൾ പഠിപ്പിച്ചു തുടങ്ങിയത്.
എന്താണു ആർ എസ് എസ് എന്നും, എന്താണവരുടെ ആശയ- പ്രത്യയശാസ്ത്ര സംഹിതയെന്നും, എന്തുകൊണ്ടാണു അത് അപകടകരമാവുന്നതെന്നും, എന്തു കൊണ്ട് നാം സൂചിപ്പഴുതു പോലും കൊടുക്കാതെ, ആർ എസ്സ് എസ്സിനെയും ഹിന്ദുത്വപ്രത്യയശാസ്ത്രത്തെയും ചെറൂത്തു നിൽക്കണമെന്നും, അത് ഏട്ടിലോ, പ്രസംഗത്തിലോ മാത്രം ഒതുങ്ങുന്ന ഒന്നാവരുതെന്നും, ഊണിലും ഉറക്കത്തിലും, ഓരോ ജീവിത സന്ദർഭത്തിലും, പല വേഷത്തിലും ഭാവത്തിലും വന്നേക്കാവുന്ന ഹിന്ദുത്വപ്രത്യയശാസ്ത്രത്തിൻ്റെ പിടിയിൽ വീഴാതിരിക്കുക എന്നത് എങ്ങനെ ഒരു ജീവിതചര്യയാക്കണമെന്നും ആ ഇളം പ്രായത്തിൽ തന്നെ രാമനാഥൻ മാഷ് ഞങ്ങളെ പഠിപ്പിച്ചു തന്നു. ഒപ്പം ഈശ്വരൻ എന്നത് മനോഹരമായ ഒരു മനുഷ്യസങ്കല്പമാണെന്നും, അതൊരു സങ്കല്പം മാത്രമാണെങ്കിലും അതിനു സൗന്ദര്യമുണ്ടെന്നും, ആ സൗന്ദര്യം ആവോളം ആസ്വദിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും കൂടി ആ പാഠങ്ങളിൽ ഉണ്ടായിരുന്നു.
ആ പാഠങ്ങൾ ഉള്ളിൽ ശിലാലിഖിതം പോലെ കിടക്കുന്നതു കൊണ്ട് ഇന്നെനിക്ക് ഞെട്ടലില്ല. നടുക്കമില്ല. ഭയമുണ്ട്. ആ ഭയം ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. ഏറെ നാളുകളായി കൂടെയുള്ളതാണു. ഒരു അദ്ധ്യാപിക, ഒരു കുട്ടിയോടു ചെയ്യുന്ന പാതകമല്ല ആ ദൃശ്യത്തിലുള്ളത്. ഒരു ഹിന്ദു, അഹിന്ദുവിനോടു ചെയ്യുന്നതാണത്. ഇവർക്ക് ഒരിക്കൽ കൂടി ഭരണചക്രം കയ്യിൽ കിട്ടിക്കഴിഞ്ഞാൽ പിന്നെ ഇന്ത്യയിൽ അഹിന്ദുക്കളേയും, അഹിന്ദുക്കൾക്കു വേണ്ടി നിലകൊള്ളുന്ന ഹിന്ദുവായി ജനിച്ചവരേയും കാത്തിരിക്കുന്നത് എന്താണെന്നതിൻ്റെ സൂചന മാത്രമാണത്. മണിപ്പൂരിൽ നിന്നുള്ള വീഡിയോ കണ്ട ഉടനെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെപ്പറ്റി ആകുലപ്പെടുന്നതു പോലെ 'നിഷ്കളങ്ക'മാണു ഈ വീഡിയോ കണ്ട് ഉറക്കം നഷ്ടപ്പെടുന്നതും.
മുംബൈയിൽ നിന്ന് വന്ന മുതിർന്ന നാടകപ്രവർത്തകനായ സുനിൽ ഷാൻ ബാഗ് ഇന്ന് സ്കൂൾ ഓഫ് ഡ്രാമയുടെ ക്യാമ്പസിൽ വെച്ചു പറഞ്ഞു - ഇൻ കേരളാ, യൂ ആർ ലിവിങ്ങ് ഇൻ എ ഹെവൻ ! ഈജിപ് ഷ്യൻ നാടകകൃത്തായ ആൽഫ്രഡ് ഫരാഗിൻ്റെ 'അൽ ജനാ അൽ തബ് രീസി ആൻ്റ് ഹിസ് സർവൻ്റ് ക്വഫാ' എന്ന അറബി നാടകത്തിൻ്റെ മലയാള പരിഭാഷ 'കാഫില' (കാരവാൻ / സാർത്ഥവാഹകസംഘം) എന്ന പേരിൽ ഡ്രാമാ സ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി സംവിധാനം ചെയ്യാനെത്തിയതാണു സുനിൽ ഷാൻബാഗ്. എന്തു കൊണ്ട് ഒരു ഈജിപ്ഷ്യൻ നാടകകൃത്തിൻ്റെ കൃതിയെടുത്തു എന്നതിനെപ്പറ്റി സംസാരിക്കുന്ന കൂട്ടത്തിൽ അദ്ദേഹം പറഞ്ഞു - മുംബൈയിലെങ്ങും അടുത്ത കാലത്തൊന്നും, മുസ്ലീം പശ്ചാത്തലത്തിലുള്ള ഒരു നാടകം അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്ന്. നമുക്കത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാവാം. നമുക്കത് വിശ്വസിക്കാതിരിക്കാം. ഏയ്, അതൊക്കെ വെറുതെ പറയുന്നതാവും, അങ്ങനെയൊക്കെ ഉണ്ടാവോ എന്ന് ആശ്ചര്യപ്പെടാം.
സുനിൽ ഷാൻ ബാഗ് ഒന്നു കൂടി പറഞ്ഞു - കുട്ടികളോടു ഞാൻ തമാശ പറയും, സത്യത്തിൽ ഞാൻ കേരളത്തിൽ വന്നത് നാടകം സംവിധാനം ചെയ്യാനൊന്നുമല്ല, ബീഫ് കഴിക്കാനാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം / അവകാശം രാജ്യത്തിൻ്റെ ഭൂരിപക്ഷം പ്രദേശത്തും ഇല്ലാതായിക്കഴിഞ്ഞു എന്ന യാഥാർത്ഥ്യത്തെയും നമുക്ക് കണ്ടില്ലെന്ന് നടിക്കാം.
സുർജിത്ത് ഭവനിലെ സെമിനാർ ദൽഹി പോലീസ് തടഞ്ഞതിനെപ്പറ്റി കേട്ടില്ലെന്നു നടിച്ച് 'അല്ല, ഫാസിസത്തെ എതിർക്കുകയെന്നു പറയുമ്പോൾ നമ്മൾ എല്ലാ ഫാസിസത്തെയും എതിർക്കണമല്ലോ...' എന്ന് വഴുവഴുക്കുന്നവർക്കും വേണമെങ്കിൽ താൽക്കാലിക നടുക്കം രേഖപ്പെടുത്തി, ഇന്നെനിക്കുറക്കമില്ല എന്ന് പോസ്റ്റിട്ടു പോയി കിടന്നുറങ്ങാം.
എന്നെ സംബന്ധിച്ച് ഈ വീഡിയോ ആയാലും, മണിപ്പൂരിൽ നിന്നുള്ള വീഡിയോ ആയാലും, തരുന്ന സന്ദേശം ഒന്നേ ഒന്നു മാത്രമാണു. വലതുപക്ഷ, ഹിന്ദുത്വ ഫാസിസ്റ്റുകൾക്കെതിരായ പോരാട്ടം വിട്ടുവീഴ്ചയില്ലാതെ തുടർന്നു കൊണ്ടേയിരിക്കുക. അല്ലെങ്കിൽ നാളെ എനിക്കും ഈ നാട്ടിൽ ഇടമില്ലാതെയാകാം. ഞാനും ഇല്ലാതാക്കപ്പെടാം.
രേണു രാമനാഥ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..