27 April Saturday

കണ്ണും ക്രൂരതയും തമ്മിലെന്ത് ബന്ധം? മാധ്യമങ്ങളുടെ 'കണ്ണില്ലാത്ത ക്രൂരതയോട്' റിജോയ്‌യുടെ വിയോജിപ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Dec 12, 2020

കൊച്ചി > നെടുമ്പാശേരിയില്‍ പട്ടാപ്പകല്‍ ചുട്ടുപൊള്ളുന്ന റോഡിലൂടെ നായയെ കാറിനുപിന്നില്‍ കെട്ടി വലിച്ചുകൊണ്ടുപോയ ക്രൂരത വലിയ നടുക്കമാണുണ്ടാക്കിയത്. ആ ക്രൂരത അടയാളപ്പെടുത്താന്‍ ചില പ്രമുഖ മാധ്യമങ്ങള്‍ ഉപയോഗിച്ച വാക്കുകള്‍ക്കെതിരെയും പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. 'കണ്ണില്ലാത്ത ക്രൂരത' എന്ന പ്രയോഗം ഭിന്നശേഷിക്കാരോടുള്ള അവഹേളനമാണെന്ന തിരിച്ചറിവും തിരുത്തും ഉണ്ടാകാന്‍ ഈ ദൗര്‍ഭാഗ്യകരമായ സംഭവം കാരണമാകട്ടെയെന്ന് സാമൂഹ്യമാധ്യമ ചര്‍ച്ചകള്‍ ആഹ്വാനം ചെയ്യുന്നു.

പ്രത്യക്ഷമായ പ്രവൃത്തികള്‍ മാത്രമല്ല, കാലങ്ങളായി സമൂഹത്തില്‍ തുടരുന്ന തെറ്റായ പ്രയോഗങ്ങളും അപലപിക്കേണ്ടതും ചെറുക്കേണ്ടതുമാണ്. ഭിന്നശേഷി സൗഹൃദമായ സാമൂഹ്യ, കുടുംബ അന്തരീക്ഷത്തെക്കുറിച്ച് വാചാലരാവുകയും പ്രതിബന്ധങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും ചെയ്യേണ്ട മാധ്യമങ്ങള്‍ അങ്ങനെ ആകുന്നില്ലെന്നത് ദുഃഖകരമാണെന്ന് കെ കെ റിജോയ് പറയുന്നു. കാഴ്ചയുടെ പരിമിതകളെ ഉള്‍ക്കാഴ്ചകൊണ്ട് മറികടന്ന റിജോയ് സാമൂഹ്യമാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാണ്. രഞ്ജിത്ത് ശങ്കര്‍--ജയസൂര്യ ചിത്രമായ പ്രേതം 2ല്‍ വേഷമിടുകയും ചെയ്തിരുന്നു മഞ്ചേരി സ്വദേശിയായ റിജോയ്.

'കണ്ണില്ലാത്ത ക്രൂരത! നായയെ കാറില്‍ കെട്ടി വലിച്ചയാള്‍ അറസ്റ്റില്‍, കാര്‍ പിടിച്ചെടുത്തു'--എന്ന ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ വാര്‍ത്താ തലക്കെട്ടിനെ രൂക്ഷമായി റിജോയ് വിമര്‍ശിക്കുന്നു. ഈ കണ്ണും ക്രൂരതയും തമ്മില്‍ എങ്ങനെയാണ് പരസ്പര പൂരകങ്ങള്‍ ആകുന്നത്? എന്ന ചോദ്യം തന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ റിജോയ് മുന്നോട്ടുവെയ്‌ക്കുന്നു.

വലിയ മാറ്റം ഇനിയും ഉണ്ടാകേണ്ടതുണ്ട്. വിദ്യാലയങ്ങളിലും ചുറ്റുവട്ടത്തും അവസരം ചോദിച്ചെത്തുന്ന സിനിമാ ലൊക്കേഷനിലും അധിക്ഷേപം നേരിടേണ്ടി വരുന്നുണ്ട്. അവിടെയെല്ലാം ചേര്‍ത്തുപിടിക്കുന്നവരുമുണ്ട്. ബ്ലൈന്‍ഡ് ആണ് താന്‍. ജീവതത്തെ ആര്‍ജവത്തോടെ നേരിടാനാണ് ശ്രമിക്കുന്നത്. സിനിമകള്‍ തീയറ്ററുകളിലെത്തി ആസ്വദിക്കുന്നു. സിനിമയില്‍ അഭിനയിക്കുന്നു, ഡബ്ബിങ് ചെയ്യുന്നു. ടിവി ഷോകളില്‍ പങ്കെടുക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള ഭിന്നശേഷി അധിക്ഷേപിക്കാനും മാറ്റിനിര്‍ത്താനുമുള്ള കാരണമല്ലെന്ന ബോധ്യം എല്ലാവരിലേക്കും എത്തിക്കാന്‍ സജീവമായ ഇടപെടലുകള്‍ ഇനിയും ആവശ്യമാണ് --റിജോയ് പറഞ്ഞു.

രാഷ്ട്രീയ നേതൃത്വവും ഉന്നത ഉദ്യോഗസ്ഥരും സാധാരണക്കാരും ഇതില്‍ പലപ്പോഴും ശ്രദ്ധാലുക്കളല്ല. ഡിസ്ലെക്‌സിയ ഉള്ള കുട്ടികളെ പരോക്ഷമായി അധിക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രതികരണം ഇത്തരത്തിലുള്ളതാണെന്ന് റിജോയ് പറഞ്ഞു. ഇത്തരം അധിക്ഷേപ പ്രയോഗങ്ങള്‍ ഉപയോഗിക്കുന്നവരുടെ ചിന്തയ്ക്കാണ് ഉള്‍ക്കാഴ്ച നഷ്ടപ്പെട്ടത് എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കാനാണ് ശ്രമിക്കുന്നത്. മാധ്യമങ്ങളിലടക്കം അതിന്റെ പ്രതിഫലനവും തിരുത്തുകളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും റിജോയ് പറഞ്ഞു.


 

"കണ്ണില്ലാത്ത ക്രൂരത! നായയെ കാറിൽ കെട്ടി വലിച്ചയാൾ അറസ്റ്റിൽ, കാർ പിടിച്ചെടുത്തു" ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ വെബ്...

Posted by Rejoy K K on Friday, 11 December 2020

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top