26 April Friday

ഇന്ന് രാജീവ് ഗാന്ധിയുടെ ഓർമ്മദിനം; കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

ഇന്ന് പ്രഭാകരൻ ഇല്ലാതാക്കിയ രാജീവ് ഗാന്ധി മാത്രമല്ല പ്രഭാകരനും ഭൂമുഖത്തില്ല. പ്രഭാകരനെയും എൽടിടിയെയും നിഷ്ഠൂരമായി ഉന്മൂലനം ചെയ്‌ത രാജ്‌പക്സെ അധികാരത്തിൽ നിന്ന് പുറന്തള്ളപെട്ട് ജനകീയ പ്രക്ഷോഭത്തിന് മുന്നിൽ നിന്ന് ഒളിച്ചോടി പട്ടാള കേമ്പിൽ അഭയം തേടിയിരിക്കുകയാണ്. ശ്രീലങ്ക വംശീയതയും സാമ്പത്തിക തകർച്ചയും മൂലം അസ്ഥിരീകരണ ഭീകരതയിലാണ്. കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു.

ഇന്ന് രാജീവ് ഗാന്ധിയുടെ ഓർമ്മദിനമാണ്. എൽടിടിഇയുടെ പ്രതികാര ദൗത്യമേറ്റെടുത്ത ചാവേറുകളാണ് ശ്രീപെരുമ്പൂത്തുരിൽ 1991 മെയ് 21ന് തെരഞ്ഞെടുപ്പു പ്രചരണത്തിനെത്തിയ രാജീവിനെ അതിനിഷ്ഠൂരമായി വധിക്കുന്നത്. വംശീയ ഭീകരതയുടെ ഇരയായിട്ടാണ് രാജീവിന് ദാരുണമായ അന്ത്യം സംഭവിച്ചത്. അത്യന്തം ദുഃഖകരവും രോഷകജനകവുമായ രാജീവ് വധത്തിലേക്ക് എത്തിയ രാഷ്ട്രിയ സംഭവഗതികളും അതിന് പിറകിലെ ആഗോള താല്‌പര്യങ്ങളും ഇന്നേറെ ഗൗരവ്വത്തോടെ തന്നെ പരിശോധിക്കപ്പടേണ്ടതുണ്ടു്. അതിൻ്റെ പാഠങ്ങൾ വിലപ്പെട്ടതാണ്.

1980 തുകളോടെ ശ്രീലങ്കൻ സർക്കാർ തമിഴ് മേഖലകളെ ഉപരോധത്തിലാക്കിയതോടെയാണ് ഇന്ത്യ ശ്രീലങ്കയിൽ ഇടപെടുന്നത്. ദ്രാവിഡപാർടികളുമായുള്ള അക്കാലത്തെ കോൺഗ്രസ് ബന്ധം അതിന് കേന്ദ്ര സർക്കാറിനെ നിർബന്ധിച്ചുവെന്ന് പറയാം. തമിഴ് ജനതയോട് സിംഹള വംശീയതയെ പുൽകി കഴിയുന്ന ശ്രീലങ്കൻ ഭരണകൂടം കാണിക്കുന്ന വിവേചനങ്ങളോടും അടിച്ചമർത്തലുകളോടും ലോകമാകെ പ്രതിഷേധമുയർന്ന വന്ന സാഹചര്യവും ഇന്ത്യൻ ഇടപെടലുകൾക്ക് ന്യായമായി പറഞ്ഞിരുന്നു. പുലികളുടെ പ്രധാന താവള പ്രദേശവും പരിശീലന കേന്ദ്രവും തമിഴ്‌നാടായി മാറിക്കഴിഞ്ഞ അവസ്ഥയുമുണ്ടായിരുന്നല്ലോ.

ശ്രീലങ്കയുടെ വ്യോമാതിർത്തി ലംഘിച്ച് നടത്തിയ ഇന്ത്യൻ ഇടപെടലുകൾക്കെതിരെ ശ്രീലങ്ക സാർവ്വദേശീയ വേദികളിൽ പരാതി ഉയർത്തുകയും അമേരിക്ക ഇന്ത്യക്ക് മേൽ സമ്മർദ്ദം ചെലുത്തുകയും ചെയ്‌ത സാഹചര്യത്തിലാണ് ജയവർധനെയും രാജീവും ചർച നടത്തുന്നതും കരാർ ഒപ്പിടുന്നതും. ആ കരാർ അനുസരിച്ചാണ് പ്രഭാകരനെ ഡൽഹിയിൽ വീട്ടുതടങ്കലിലാക്കിയതും ബലം പ്രയോഗിച്ച് കരാർ അംഗീകരിപ്പിക്കുന്നതും (പ്രഭാകരൻ്റെ സന്തത സഹചാരി കരുണ അമ്മൻ്റെ വെളിപ്പെടുത്തൽ).

അതിൻ്റെ തുടർച്ചയിലാണ് രാജീവ് പുലികളുടെ ടാർജറ്റാവുന്നത്. ഇന്ത്യയുടെ തടവിൽ നിന്ന് മോചിതനായ ശേഷം പ്രഭാകരൻ കരാറിനെ തള്ളിപ്പറയുകയും ഇന്ത്യക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും ചെയ്‌തടക്കം പിൽക്കാല ദുരന്തങ്ങളുടെ ചരിത്രമിന്ന് ജനാധിപത്യ മത നിരപേക്ഷ ശക്തികൾ പഠിക്കേണ്ടതുണ്ട്. വംശീയതയും വർഗീയതയുമായി സന്ധി ചെയ്യുന്നതും അവയെ ഉപയോഗിച്ച് രാഷ്‌ട്രീയാധികാരം കയ്യാളുന്നതുമായ നീക്കങ്ങൾ എന്തുമാത്രം വിനാശകരവും ആത്മഹത്യാപരവുമാണെന്ന തിരിച്ചറിവു വളരെ പ്രധാനമാണ്.

ഇന്ന് പ്രഭാകരൻ ഇല്ലാതാക്കിയ രാജീവ് ഗാന്ധി മാത്രമല്ല പ്രഭാകരനും ഭൂമുഖത്തില്ല. പ്രഭാകരനെയും എൽടിടിയെയും നിഷ്ഠൂരമായി ഉന്മൂലനം ചെയ്‌ത രാജ്‌പക്സെ അധികാരത്തിൽ നിന്ന് പുറന്തള്ളപെട്ട് ജനകീയ പ്രക്ഷോഭത്തിന് മുന്നിൽ നിന്ന് ഒളിച്ചോടി പട്ടാള കേമ്പിൽ അഭയം തേടിയിരിക്കുകയാണ്. ശ്രീലങ്ക വംശീയതയും സാമ്പത്തിക തകർച്ചയും മൂലം അസ്ഥിരീകരണ ഭീകരതയിലാണ്.

സിംഹള വംശീയതയെ അടിസ്ഥാനമാക്കിയ ശ്രീലങ്കൻ ഭരണകൂടത്തിൻ്റെ വിവേചന ഭീകരതയാണ് എന്നും തമിഴ് ജനതയിലും മുസ്ലിങ്ങളിലും അന്യവൽക്കരണം സൃഷ്‌ടിച്ചത്. വംശീയ വർഗീയ ഭീകരവാദത്തെ വളർത്തുന്നതും അതിനെ ഉപയോഗിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ തങ്ങളുടെ ആധിപത്യമുറപ്പിച്ചെടുക്കാനുള്ള അമേരിക്കൻ രാഷ്ട്രീയ സൈനിക നീക്കങ്ങളുടെയും ഇരയായിരുന്നു രാജീവ് എന്ന് തിരിച്ചറിയാൻ നമുക്ക് കഴിയേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top