20 April Saturday

കാത്തുനിന്നത്‌ ഇന്നത്തെ മന്ത്രി: പോയത്‌ സൈക്കിളിൽ...രാജാ ഹരിപ്രസാദ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

.കൊച്ചി> ""എനിക്കൊന്നും മനസ്സിലായില്ല... രവീന്ദ്രൻ മാഷ് എന്നെയും പിറകിലേറ്റി തിരികെ സൈക്കിൾ ചവിട്ടി... സ്വപ്ന തിയേറ്ററിനടുത്തുള്ള ബസ് സ്റ്റോപ്പിൽ ഇറക്കി വിടുമ്പോൾ ഞാൻ മാഷോടു ചോദിച്ചു, "ഒരു അപസർപ്പക കഥ പോലെയുണ്ട്, എന്താ വിഷയം?..''-രാജാ ഹരിപ്രസാദ്‌ ഫേസ്‌ബുക്കിൽ എഴുതിയത്‌.

പോസ്‌റ്റിന്റെ പൂർണ്ണരൂപം:

പ്രീഡിഗ്രി പരീക്ഷയുടെ മാർക്ക് ലിസ്റ്റ് വാങ്ങി കോളേജ് ഓഫീസിൽ നിന്ന് സയൻസ് ബ്ലോക്കിലെത്തുമ്പോൾ രവീന്ദ്രൻ മാഷ്(ഇന്നത്തെ വിദ്യാഭ്യാസമന്ത്രി) കാത്തു നിൽക്കുന്നുണ്ടായിരുന്നു, മാഷ് എന്റെ മാർക്ക് ലിസ്റ്റു വാങ്ങി കയ്യിൽ വെച്ചു, "നമുക്ക് ഒരിടം വരെ പോകാം" ....

എന്നെ സൈക്കിളിന്റെ പിറകിൽ കയറ്റിയിരുത്തി മാഷ് ആഞ്ഞു ചവിട്ടി...,
സെന്തോമസ്സിലെ കെമിസ്ട്രി വിഭാഗത്തലവനായിരുന്ന ജോൺ സാറിന്റെ വീട്ടിലായിരുന്നു ആ യാത്ര അവസാനിച്ചത്...
ജോൺ സാർ അന്ന് ലീവായിരുന്നു, വീട്ടിൽ തെങ്ങു കയറാൻ ആളു വന്നതിന്റെ പേരിൽ... അദ്ദേഹം രവീന്ദ്രൻ മാഷെയും എന്നെയും ഇളനീർ തന്ന് സൽക്കരിച്ചു, മാഷ് എന്റെ മാർക്ക് ലിസ്റ്റ് ജോൺ സാറിനു കൊടുത്തു, "കെമിസ്ട്രിയിൽ മാർക്കിത്തിരി കുറവാണല്ലേ?, നിന്റെ കുറുമ്പു കൊണ്ടാണ്" ... ജോൺ സാർ പറഞ്ഞു....

എനിക്കൊന്നും മനസ്സിലായില്ല... രവീന്ദ്രൻ മാഷ് എന്നെയും പിറകിലേറ്റി തിരികെ സൈക്കിൾ ചവിട്ടി... സ്വപ്ന തിയേറ്ററിനടുത്തുള്ള ബസ് സ്റ്റോപ്പിൽ ഇറക്കി വിടുമ്പോൾ ഞാൻ മാഷോടു ചോദിച്ചു, "ഒരു അപസർപ്പക കഥ പോലെയുണ്ട്, എന്താ വിഷയം?..."

മാഷ് പറഞ്ഞു, "ഒന്നുമല്ല ഹരീ, നീ പ്രീഡിഗ്രി തോൽക്കുമെന്ന് അയാൾ ഡിപ്പാർട്ട്മെന്റിൽ ബെറ്റു വെച്ചിരുന്നു... നീ തോൽക്കില്ലെന്ന് എനിക്കറിയാം, അതിനപ്പുറം നീ SFI യുടെ ഭാഗമായിപ്പോയതിന്റെ മാത്രം പേരിലാണ് അയാൾക്ക് നിന്നോടുള്ള വൈരാഗ്യമെന്നും എനിക്കറിയാം.... ആ ചൊറിച്ചിലൊന്നു തീർക്കണമെന്ന ഒറ്റ ഉദ്ദേശ്യമേ എനിക്കുണ്ടായിരുന്നുള്ളൂ..."

എതിർക്കാനും കുറ്റപ്പെടുത്താനും കുരിശിലേറ്റാനും ആളുകൾ വരി നിന്ന കാലത്തും സ്നേഹം കൊണ്ടെന്നെ പൊതിഞ്ഞു സൂക്ഷിച്ച കുറേ മനുഷ്യരുണ്ടായിരുന്നു... അവരുടെ കരുതലിലാണ് ഞാൻ വളർന്നത്, ഇന്നും ആ കരുതൽ എന്റെ തലയ്ക്കു മുകളിലുണ്ട്....

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top