08 December Friday

മോതിരം പോയത‌് അവിടെ, തപ്പുന്നത് ഇവിടെ; രാഹുലിനെതിരെ ട്രോള്‍ സുനാമി

ദിനേശ്‌ വർമUpdated: Tuesday Apr 2, 2019


‘മോതിരം കളഞ്ഞ‌ുപോയത‌് എവിടെയാണ‌് ?’
‘അത‌് അപ്പുറത്താണ‌്’
‘പിന്നെ, എന്തിനാണ‌്
ഇവിടെ തപ്പുന്നത‌് ?’
‘ഇവിടെ സ‌്ട്രീറ്റ‌് ലൈറ്റുണ്ട‌്.
വെളിച്ചമുണ്ടല്ലോ അതുകൊണ്ട‌ാണ‌്.’

കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട‌് മത്സരിക്കുമെന്ന പ്രഖ്യാപനം വന്നതോടെ സോഷ്യൽമീഡിയയിൽ രാഹുലിനെ കഥാപാത്രമാക്കി ട്രോൾ സുനാമി! രാഹുൽ എഴുന്നള്ളിച്ച മണ്ടത്തരങ്ങൾ, പറയുന്ന രാഷ‌്ട്രീയവും ചെയ്യുന്ന വിപരീത പ്രവൃത്തിയും, ശത്രുവിനെ സഹായിക്കുന്ന തന്ത്രങ്ങൾ.. തുടങ്ങി കോൺഗ്രസ‌് വന്നുപെട്ട പ്രതിസന്ധിയെ വരയ‌്ക്കുന്നതായിരുന്നു സോഷ്യൽ മീഡിയ പ്രതികരണം. രാഷ‌്ട്രീയ ലേഖനങ്ങളെപോലും വെല്ലുംവിധമുള്ള വിഷയാവതരണവും നർമം തുളുമ്പുന്ന കമന്റുകളും.

അമേഠിയും വയനാടും താരതമ്യപ്പെടുത്തുന്ന പോസ‌്റ്റുകളും ട്വീറ്റുകളും ട്രോളുകളും വലിയ ശ്രദ്ധ നേടി. രാഹുലും നെഹ‌്റു കുടുംബത്തിലെ മറ്റുള്ളവരും പതിവായി മത്സരിച്ച‌് ജയിച്ചിട്ടും അമേഠിയിലെ ജീവിത നിലവാരവും സൗകര്യങ്ങളും എത്രയോ പരിതാപകരമെന്ന‌് വ്യക്തമാക്കുന്ന ചിത്രങ്ങൾ. അതേസമയം, വയനാട‌് മണ്ഡലത്തിലെ ഏത‌് പ്രദേശമെടുത്താലും കേരളത്തിലാകെ നടക്കുന്നതിനെക്കാൾ ഒരുപടി കടന്നുള്ള വികസനമുന്നേറ്റമാണ‌് എന്ന വസ‌്തുതയുമുണ്ട‌്.  എൽഡിഎഫ‌് സർക്കാർ പിന്നോക്ക മേഖലകൾക്ക‌് നൽകുന്ന പരിഗണനയാണ‌് ഇത‌് വ്യക്തമാക്കുന്നത‌്. ബിജെപിക്കെതിരെയാണ‌് തങ്ങളുടെ യുദ്ധമെന്ന‌് നാഴികയ‌്ക്ക‌് നാൽപ്പതുവട്ടം വീമ്പിളക്കി ഒടുവിൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കേണ്ട ഗതികേടിലേക്ക‌് രാഹുൽ എത്തിയതിന്റെ ദുരവസ്ഥയും ട്രോളുകളിൽ നിറഞ്ഞു.

രാഹുലിനെതിരെ അനുനിമിഷം പിറക്കുന്ന ട്രോളുകൾ തെരഞ്ഞെടുപ്പിനേയും സ്വാധീനിക്കുമെന്നുറപ്പാണ‌്. ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും സ്വാധീനമുള്ള മാധ്യമംതന്നെ സോഷ്യൽ മീഡിയ ആണെന്ന‌് ഇതുസംബന്ധിച്ച പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട‌്. മലയാളത്തിലെ മുഖ്യധാരാ പത്രങ്ങളെല്ലാം രാഹുലിന്റെ വരവിനെ അമിതമായി ആഘോഷിച്ചപ്പോഴും സോഷ്യൽമീഡിയ സഞ്ചരിച്ചത‌് വസ‌്തുതകളുടെ പിൻബലത്തോടെ. മോതിരം പോയിടത്ത‌് തപ്പാതെ വെളിച്ചമുള്ളയിടത്ത‌് തപ്പുന്നുവെന്ന ട്രോൾ വ്യാപകമായി കൈമാറ്റം ചെയ്യപ്പെട്ടു. രാഹുലിന്റെ അപക്വമായ തീരുമാനത്തോടൊപ്പം രാഷ‌്ട്രീയമായ അബദ്ധവും അതിൽ വരുന്നു.

ഏപ്രിൽ ഫൂൾ ട്രോളുകളിലും ട്വീറ്റുകളിലും രാഹുൽ തന്നെയായിരുന്നു മുഖ്യകഥാപാത്രം. തിങ്കളാഴ‌്ച പുലർച്ചെമാത്രം അരലക്ഷത്തോളം ഏപ്രിൽഫൂൾ ട്വീറ്റുകൾ ഇതേ വിഷയത്തിൽ കൈമാറ്റം ചെയ്യപ്പെട്ടു. വയനാട‌് യുഡിഎഫ‌് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ വൈകുന്തോറും സോഷ്യൽ മീഡിയ കളം പിടിക്കുകയായിരുന്നു. ‘നിങ്ങളുടെ ഒരു ‘നോ’ പറഞ്ഞു കേൾക്കാൻ കാതോർത്തിരിക്കുന്ന ഒരാളുണ്ട‌്.’ എന്നിട്ട‌് പുല്ലു കടിച്ചിരിക്കുന്ന സിദ്ദിഖിന്റെ (മീശമാധവൻ) ചിത്രവും. മിഥുനം സിനിമയിലെ ജഗതിയുടെ തേങ്ങ ഉടയ‌്ക്കൽ രംഗമാണ‌് ഈ സമയത്ത‌് വൻതോതിൽ ഓടിയത‌്. ‘തേങ്ങയുടയ‌്ക്ക‌് സാമി’ എന്ന ഡയലോഗുമായി വെപ്രാളപ്പെടുന്ന സിദ്ദിഖും കോൺഗ്രസ‌് നേതാക്കളും ലക്ഷക്കണക്കിനാണ‌് ഷെയർ ചെയ്യപ്പെട്ടത‌്.

വയനാട്ടിലെ കോൺഗ്രസ‌് പ്രവർത്തകരുടെ അവസ്ഥയും ട്രോളുകളിൽ കയറിക്കൂടി. കടയിൽച്ചെന്ന‌് മൈദ വാങ്ങുന്ന ഓരോ കോൺഗ്രസുകാരനോടും കടക്കാരൻ ചോദിക്കുന്നു; ‘തീരുമാനമായോ’? ഇളിഭ്യതയോടെ ഒരു ചിരിമാത്രം മറുപടി. പ്രഖ്യാപനം വന്നതോടെ ‘വെള്ളാനകളുടെ നാട്ടി’ലെ കുതിരവട്ടം പപ്പുവിന്റെ സീനായി നിറയെ. പ്രവർത്തനരഹിതമായി കിടക്കുന്ന റോഡ‌്റോളറിൽ കയറി ‘ഇപ്പൊ ശരിയാക്കിത്തരാം’ എന്നു പറയുന്ന പപ്പുവിന്റെ വേഷത്തിലാണ‌് രാഹുൽ. വയനാട്ടിൽ വന്ന‌് ഇപ്പൊ ശരിയാക്കിത്തരാം എന്ന‌് രാഹുൽ പറയുമ്പോൾ ‘ശരിയാക്കി’ യ അമേഠി വാട‌്സാപ്പിൽ നിറഞ്ഞുകവിയുകയാണ‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top