27 April Saturday

ഗിമ്മിക്കുകളിലൂടെ കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തിയ താങ്കളുടെ സഹോദരിയുടെ ശ്രമം അപഹാസ്യമാണ് രാഹുല്‍

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019

വയനാട്ടില്‍ പ്രതീക്ഷിച്ചത് പോലെ താങ്കള്‍ക്ക് എളുപ്പം ജയിച്ച് കയറാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെ താങ്കളുടെ പാര്‍ട്ടിയുടെ പ്രമുഖനേതാക്കളെല്ലാം വയനാട്ടിലെ ഏഴുമണ്ഡലങ്ങളില്‍ ക്യാമ്പ് ചെയ്തിരിക്കുകയാണ്.നവലിബറില്‍ നയങ്ങളെ പിന്തുണയ്ക്കുന്ന താങ്കളുടെ രാഷ്ട്രീയ പ്രസ്ഥാനം പിന്തുടരുന്ന സാമ്പത്തിക നയങ്ങളെ ഇടതുപക്ഷം ജനങ്ങളുടെ മുന്നില്‍ തുറന്നു കാണിക്കുകയാണ്‌; ഡിവൈഎഫ്ഐ വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് എഴുതുന്നു.

രാഹുല്‍ ഗാന്ധിക്കൊരു തുറന്ന കത്ത്


പ്രിയപ്പെട്ട രാഹുല്‍ ഗാന്ധിക്ക്,

ബിജെപി വിരുദ്ധ പോരാട്ടമെന്ന പേരിലാണ് വയനാട്ടില്‍ മത്സരിക്കാനുള്ള താങ്കളുടെ തീരുമാനം അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ അമേഠിയില്‍ മത്സരിക്കുന്നതിനൊപ്പം കോണ്‍ഗ്രസിന് ആകെ വിശ്വസിച്ച് മത്സരിക്കാവുന്ന ഒരു മണ്ഡലമെന്ന നിലയിലാണ് താങ്കള്‍ വയനാട് തിരഞ്ഞെടുത്തതെന്ന് താങ്കളുടെ പ്രിയസഹോദരി പ്രിയങ്കഗാന്ധിയുടെ ഇന്നലത്തെ
 പ്രസംഗത്തില്‍ നിന്നും കൂടുതല്‍ ബോധ്യമായി.

വയനാട്ടില്‍ ഇടതുമുന്നണിയുടെ കരുത്തനായ സ്ഥാനാര്‍ത്ഥി പിപി സുനീറില്‍ നിന്നും താങ്കള്‍ കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തില്‍ രാഷ്ട്രീയമെല്ലാം മാറ്റിവച്ച് കേവലം കുടുംബവൈകാരികതകള്‍ പ്രചരണരംഗത്ത് താങ്കളുടെ പ്രിയസഹോദരിക്ക് പറയേണ്ടി വന്നത് സഹതാപത്തോടെ മാത്രമാണ് കേട്ടുനിന്നത്. ഞങ്ങളുടെ നാട്ടിലെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ കെ.എസ്.യു സ്ഥാനാര്‍ത്ഥികള്‍ അവരുടെ സുഹൃത്തുക്കളെക്കൊണ്ട് ഫുട്ബോളിലും, കരാട്ടെയിലും പട്ടംപറത്തലിലുമെല്ലാം അഗ്രഗണ്യനാണ് നമ്മുടെ സ്ഥാനാര്‍ത്ഥിയെന്ന് ആദ്യവര്‍ഷ വിദ്യാര്‍ത്ഥികളുടെ കാമ്പയിന്‍ ക്ലാസില്‍ പറയിപ്പിക്കുന്ന ഓര്‍മ്മയാണ് സത്യത്തില്‍ പ്രിയങ്കാ ഗാന്ധിയുടെ പ്രസംഗം കേട്ടപ്പോള്‍ തികട്ടി വന്നത്. ഇത് താങ്കളുടെ സഹോദരിയുടെ പ്രസംഗം കേട്ട വിദ്യാര്‍ത്ഥി രാഷ്ട്രീയം പരിചയമുള്ള വയനാട്ടിലെ സാധാരണക്കാര്‍ക്കെല്ലാം തോന്നിയിരിക്കാം.

വയനാട്ടില്‍ താങ്കളുടെ പ്രധാന എതിരാളി ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സഖാവ് സുനീറാണ്. എന്നിട്ടും സുനീര്‍ പ്രതിനിധാനം ചെയ്യുന്ന ഇടതുപക്ഷത്തിനെതിരെയോ സംസ്ഥാനത്തെ ഇടതുസര്‍ക്കാരിനെതിരെയോ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ താങ്കളോ താങ്കളുടെ സഹോദരിയോ ഒരക്ഷരം പറഞ്ഞില്ലെന്നത് ഇടതുപക്ഷത്തിന്റെ പ്രാധാന്യത്തെയും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ താങ്കള്‍ തൃപ്തനാണെന്നതിന്റെയും സൂചനയായി മനസ്സിലാക്കുന്നു. എന്നാല്‍ താങ്കള്‍ അധ്യക്ഷനായ പാര്‍ട്ടി വിവിധ കാലങ്ങളില്‍ നടപ്പിലാക്കിയ നവലിബറല്‍ നയങ്ങളും ആസിയന്‍ കരാര്‍ പോലുള്ള അന്താരാഷ്ട്ര കരാറുകളുമാണ് രാജ്യത്തെ കര്‍ഷകരുടെ നട്ടെല്ലൊടിച്ചതെന്ന് ഇടതുപക്ഷം ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

നവലിബറില്‍ നയങ്ങളെ പിന്തുണയ്ക്കുന്ന താങ്കളുടെ രാഷ്ട്രീയ പ്രസ്ഥാനം പിന്തുടരുന്ന സാമ്പത്തിക നയങ്ങളെ ഇടതുപക്ഷം ജനങ്ങളുടെ മുന്നില്‍ തുറന്നു കാണിക്കുന്നുമുണ്ട്. ഇത്തരത്തില്‍ ഇടതുപക്ഷം ഉയര്‍ത്തുന്ന രാഷ്ട്രീയ വിഷയങ്ങള്‍ക്കൊന്നും മറുപടി പറയാതെ കുടുംബവൈകാരികതയെ സഹോദര സ്നേഹത്തിന്റെ പേരില്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന തിരഞ്ഞെടുപ്പു പ്രചരണ രീതി രാഷ്ട്രീയ പ്രബുദ്ധമായ കേരളത്തില്‍ വിലപ്പോകുമെന്ന് താങ്കളെയും സഹോദരിയെയും തെറ്റിദ്ധരിപ്പിച്ച കോണ്‍ഗ്രസ് നേതാക്കളെ എന്തായാലും തിരഞ്ഞെടുപ്പിന് ശേഷം താങ്കള്‍ ഒന്ന് ഉപദേശിക്കാന്‍ തയ്യാറാകേണ്ടതുണ്ട്.

28 വര്‍ഷം മുമ്പ് തിരുനെല്ലിയില്‍ താങ്കളുടെ പ്രിയപ്പെട്ട പിതാവിന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്തതിന്റെ വൈകാരികതയെ ഒരു മകന്റെ സ്ഥാനത്ത് നിന്ന് ഉള്‍ക്കൊള്ളുന്നു. അതിന്റെ സ്വകാര്യവേദനയെ അതേ അര്‍ത്ഥത്തില്‍ മനസ്സിലാക്കുന്നു. എന്നാല്‍ കഴിഞ്ഞ 28 വര്‍ഷത്തിനിടയില്‍ പലവട്ടം കേരളത്തില്‍ വന്നുപോയിട്ടും ഒരിക്കല്‍പോലും തിരനെല്ലിയില്‍ വന്ന് ഓര്‍മ്മ പുതുക്കാന്‍ പോകാത്ത താങ്കള്‍ ഈ തിരഞ്ഞെടുപ്പ് കാലഘട്ടം അതിനായി വിനിയോഗിച്ചത് എന്ത് സന്ദേശമാണ് കേരളത്തിലെ മതേതരവോട്ടര്‍മാര്‍ക്ക് നല്‍കിയതെന്ന് താങ്കള്‍ സ്വയം വിലയിരുത്തണം.



എന്തായാലും അതിന്റെ പേരില്‍ താങ്കളെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. മറിച്ച് ഇത്തരം നാടകങ്ങള്‍ക്ക് താങ്കളെ വേഷം കെട്ടിക്കുന്ന താങ്കളുടെ പാര്‍ട്ടിയിലെ കേരളത്തിലെ ഉന്നതനേതാക്കളെയാണ് പഴിപറയേണ്ടത്. ഉത്തരേന്ത്യയില്‍ തിരഞ്ഞെടുപ്പ് കാലത്ത് ശിവഭക്തനും ഉത്തമബ്രാഹ്മണനുമെല്ലാമായി താങ്കളെ പരിചയപ്പെടുത്തുന്ന പ്രചരണഗിമ്മിക്ക് പോലുള്ളവ കണ്ട് ശീലിച്ചതിനാലാവും അവര്‍ ഇത്തരം നാടകങ്ങള്‍ക്ക് താങ്കളെ വിനിയോഗിച്ചത്.

വയനാട്ടുകാരനെന്ന നിലയില്‍ താങ്കളുടെ ക്ഷേത്രദര്‍ശന സമയത്ത് ഡി.സി.സി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണനെയെങ്കിലും ഒപ്പം കൂട്ടിയിരുന്നെങ്കില്‍ വിശ്വാസത്തെയും വിശ്വാസികളെയും സവര്‍ണ്ണവത്കരിക്കുന്ന ബി.ജെ.പിക്ക് ശക്തമായൊരു മറുപടിയായേനെ അതെന്ന് മാത്രം സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.

ബി.ജെ.പിയെ പ്രതിരോധിക്കാന്‍ എന്ന പേരിലാണല്ലോ താങ്കള്‍ വയനാട്ടില്‍ മത്സരിക്കുന്നത്. ഇടതുപക്ഷമല്ല ബി.ജെ.പിയാണ് പ്രധാന എതിരാളിയെന്ന് പറഞ്ഞാണ് താങ്കള്‍ വയനാട്ടില്‍ മത്സരിക്കുന്നത്. എന്നാല്‍ ഇവിടെ ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥിയില്ല, പകരം ബി.ഡി.ജെ.എസിന്റെ സ്ഥാനാര്‍ത്ഥിയാണ് വയനാട്ടില്‍ മത്സരിക്കുന്നത്. എന്നിട്ടും ഇടതുമുന്നണിയെ തോല്‍പ്പിക്കാന്‍ താങ്കളുടെ പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വത്തിലെയും സംസ്ഥാന നേതൃത്വത്തിലെയും മുതിര്‍ന്ന നേതാക്കളെല്ലാം വയനാട്ടില്‍ താങ്കളുടെ വിജയം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയാണ്.

വയനാട്ടില്‍ പ്രതീക്ഷിച്ചത് പോലെ താങ്കള്‍ക്ക് എളുപ്പം ജയിച്ച് കയറാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെ താങ്കളുടെ പാര്‍ട്ടിയുടെ പ്രമുഖനേതാക്കളെല്ലാം വയനാട്ടിലെ ഏഴുമണ്ഡലങ്ങളില്‍ ക്യാമ്പ് ചെയ്തിരിക്കുകയാണ്. ഇടതുപക്ഷമല്ല എതിരാളികള്‍ എന്ന് താങ്കള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മുഖ്യഎതിരാളിയായ മണ്ഡലത്തില്‍ എന്തിനാണ് ഇത്രയേറെ സന്നാഹങ്ങളോടെ താങ്കളുടെ പാര്‍ട്ടി നേതാക്കള്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് താങ്കള്‍ വിലയിരുത്തണം. ഇടതുപക്ഷത്തിന് ജയസാധ്യതയുള്ള ബി.ജെ.പിക്ക് പിന്നില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് മാധ്യമങ്ങള്‍ വിലയിരുത്തുന്ന പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ താങ്കളുടെ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിലും ഏകോപനത്തിലുമെല്ലാം സ്ഥാനാര്‍ത്ഥികള്‍ അടക്കം പരാതി പറഞ്ഞതായി വാര്‍ത്തകളുണ്ട്. കേരളത്തില്‍ താങ്കളുടെ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യതയുള്ളതായി മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ള രണ്ട് മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചവരുത്തി താങ്കളുടെ പാര്‍ട്ടിയുടെ പ്രധാനനേതാക്കള്‍ ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ വയനാട്ടില്‍ കേന്ദ്രീകരിച്ചിരിക്കുന്നതിനെക്കുറിച്ച് താങ്കളുടെ വിലയിരുത്തലെന്താണ്.

ബി.ജെ.പിയ്ക്കെതിരാണ് മത്സരമെന്ന താങ്കളുടെ നിലപാടില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഇത്തരം കാര്യങ്ങള്‍ക്ക് കൂടി കേരളത്തിലെ ജനങ്ങളോട് ഉത്തരം പറയാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്.താങ്കളും സഹോദരി പ്രിയങ്കാ ഗാന്ധിയും കേരളത്തില്‍ വന്നുപറഞ്ഞ രാഷ്ട്രീയമെന്താണ്. ഇവിടുത്തെ ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങളോട് സത്യസന്ധമായി പ്രതികരിക്കാന്‍ താങ്കള്‍ക്ക് സാധിച്ചിട്ടുണ്ടോ. രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട താങ്കളുടെ നിലപാട് മാത്രം പരിശോധിച്ചാല്‍ മതി താങ്കള്‍ എത്രമാത്രം ഉപരിപ്ലവമായിട്ടാണ് വയനാടിന്റെ വിഷയങ്ങള്‍ പഠിച്ചിരിക്കുന്നതെന്ന് വ്യക്തമാകാന്‍.

2009ല്‍ ചാമരാജ് നഗര്‍ജില്ലാ കളക്ടറാണ് രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തുന്നത്. കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പരാതി ഉയര്‍ന്നപ്പോള്‍ ആ വര്‍ഷം തന്നെ കളക്ടര്‍ പിന്‍വലിച്ചു. എന്നാല്‍ പിന്നീട് 2010ല്‍ കര്‍ണ്ണാടക ഹൈക്കോടതി ഉത്തരവിലൂടെ രാത്രിയാത്രാ നിരോധനം വീണ്ടും പുന:സ്ഥാപിച്ചു. ഈ ഘട്ടത്തിലെല്ലാം കേന്ദ്രം ഭരിക്കുന്നത് താങ്കളുടെ പാര്‍ട്ടിയായിരുന്നെന്ന് മനസ്സിലാക്കണം. 2011ല്‍ കേരളത്തില്‍ താങ്കളുടെ പാര്‍ട്ടി അധികാരത്തില്‍ വന്നു.

2013ല്‍ കര്‍ണ്ണാകയിലും താങ്കളുടെ പാര്‍ട്ടി അധികാരത്തില്‍ വന്നു. താങ്കളുടെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ കേന്ദ്രത്തിലും കേരളത്തിലും കര്‍ണ്ണാകയിലും നിലവിലിരുന്ന ഒരു വര്‍ഷക്കാലയളവില്‍ രാത്രിയാത്രാ നിരോധനം നീക്കാനുള്ള ഒരു ഇടപെടലും നടത്താന്‍ താങ്കള്‍ക്ക് സാധിച്ചില്ലെന്നതില്‍ വയനാട്ടുകാരോട് ഖേദം പ്രകടിപ്പിക്കുകയാണ് താങ്കള്‍ ആദ്യം ചെയ്യേണ്ടിയിരുന്നത്. 2013 ജൂലൈ മാസത്തില്‍ അന്ന് കേരളാ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പറഞ്ഞൊരു മറുപടിയുണ്ട്.

 (അതിന്റെ കോപ്പി ഈ പോസ്റ്റിനൊപ്പം ചേര്‍ക്കുന്നുണ്ട്.) രാത്രിയാത്രാ നിരോധനത്തിന്റെ പേരില്‍ വയനാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്നതിന് മുമ്പ് മിനിമം അതൊന്ന് വായിച്ചു നോക്കാനെങ്കിലും താങ്കള്‍ തയ്യാറേകണ്ടതായിരുന്നു. വയനാട് സ്ഥാനാര്‍ത്ഥിത്വത്തിന് താങ്കളെ വേഷം കെട്ടിയൊരുക്കിയ ഉമ്മന്‍ ചാണ്ടിയെങ്കിലും അതൊന്ന് താങ്കളോട് സൂചിപ്പിക്കുകയെങ്കിലും വേണമായിരുന്നു.

കര്‍ഷകരുടെ കണ്ണീരൊപ്പുമെന്ന താങ്കളുടെ സഹോദരിയുടെ പുല്‍പ്പള്ളിയിലെ പ്രസംഗം കേട്ടപ്പോള്‍ സത്യത്തില്‍ എത്രമാത്രം ആത്മാര്‍ത്ഥതയില്ലാതെയാണ് നിങ്ങളെല്ലാം ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങളെ പരിഗണിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. 1991-1996 കാലത്ത് മന്‍മോഹന്‍ സിങ്ങ് നടപ്പിലാക്കിയ ഉദാരവത്കരണ നയങ്ങളും, 2009-2014 മന്‍മോഹന്‍ സിങ്ങ് സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത ആസിയാന്‍ കരാറും ജീവിതം തര്‍ത്ത ഒരു ജനതയുടെ നെഞ്ചില്‍ ചവിട്ടി നിന്നാണ് കര്‍ഷകരുടെ കണ്ണീരൊപ്പുമെന്ന് താങ്കളുടെ പ്രിയസഹോദരി പറഞ്ഞത്.

ആസിയന്‍ കരാറാണ് വയനാട്ടിലെ കര്‍ഷകരുടെ പ്രധാന ഉപജീവനമാര്‍ഗ്ഗമായിരുന്ന കുരുമുളകിന്റെയും കാപ്പിയുടെയും റബ്ബറിന്റെയും വിലയിടിവിന്റെ തീവ്രതവര്‍ദ്ധിപ്പിച്ചത്. പുല്‍പ്പള്ളിയിലെ കര്‍ഷകരുടെ ജീവിതം ദുരിതസമാനമാക്കിയത് കുരുമുളകിന്റെ വിലയിടിവായിരുന്നു. ഈയൊരു സാഹചര്യത്തില്‍ കര്‍ഷകരുടെ കണ്ണീരൊപ്പുമെന്ന് പറഞ്ഞതിലൂടെ താങ്കളുടെ പ്രിയസഹോദരി എന്താണ് അര്‍ത്ഥമാക്കിയത്.

യഥാര്‍ത്ഥത്തില്‍ നവലിബറല്‍ നയങ്ങളില്‍ നിന്നും പിന്നോട്ട് പോകുമെന്നും ആസിയന്‍ കരാര്‍ ഉള്‍പ്പെടെയുള്ള കര്‍ഷകദ്രോഹപരമായ അന്താരാഷ്ട്ര കരാറുകളില്‍ നിന്നും പിന്‍വാങ്ങുമെന്നുമായിരുന്നില്ലെ താങ്കളുടെ പ്രിയസഹോദരി പുല്‍പ്പള്ളിയിലെ കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കേണ്ടിയിരുന്നത്. അതിന് മുമ്പായി പുല്‍പ്പള്ളിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ മരണത്തിന്റെ പേരില്‍ ആത്മാര്‍ത്ഥമായ കുറ്റസമ്മതം നടത്താനും തയ്യാറാകേണ്ടിയിരുന്നില്ലെ.

2001-2008 കാലയളവില്‍ 150ഓളം കര്‍ഷകര്‍ ആത്മഹത്യചെയ്ത പുല്‍പ്പള്ളി-മുള്ളംകൊല്ലി മേഖലയിലെ കര്‍ഷകരോട് ഉപരിപ്ലവമായി ആത്മാര്‍ത്ഥ തൊട്ടുതീണ്ടാതെ കര്‍ഷകരുടെ കണ്ണീരൊപ്പുമെന്ന് പറയുമ്പോള്‍ താങ്കളുടെ പ്രിയസഹോദരി മന്‍മോഹന്‍ സിങ്ങിന്റെ സാമ്പത്തിക നയങ്ങളെ തള്ളിപറയുക കൂടി ചെയ്യേണ്ടിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ മന്‍മോഹന്‍ സിങ്ങിന്റെ നവലിബറല്‍ നയങ്ങളെ ഉപേക്ഷിക്കില്ലെന്ന് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ഒരു തുറന്ന സ്വതന്ത്ര കമ്പോള സമ്പദ് വ്യവസ്ഥയ്ക്കായി പരിശ്രമിക്കുമെന്നാണ് പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്നത്. ഓപ്പണ്‍ ലിബറല്‍ മാര്‍ക്കറ്റ് ഇക്കോണമിയാണ് രാജ്യത്തെയും പുല്‍പ്പള്ളിയിലെയും കര്‍ഷകരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കിയത്. ഈ നയത്തെ തള്ളിപ്പറഞ്ഞ് എങ്ങനെയാണ് കര്‍ഷകരുടെ കണ്ണീരൊപ്പുകയെന്ന് പറഞ്ഞ് പോകാനായിരുന്നു താങ്കളുടെ സഹോദരി തയ്യാറാകേണ്ടിയിരുന്നത്.

 മറിച്ച് ഗിമ്മിക്കുകളിലൂടെ കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തിയ താങ്കളുടെ സഹോദരിയുടെ ശ്രമം അപഹാസ്യമാണ്.വയനാട്ടിലെ വിദ്യാഭ്യാസമെല്ലാം സൗജന്യമാക്കുമെന്ന് താങ്കളുടെ സഹോദരി പറഞ്ഞപ്പോള്‍ വയനാട്ടുകാര്‍ പഞ്ചവടിപ്പാലം പോലുള്ള ആക്ഷേപഹാസ്യ സിനിമകള്‍ ഓര്‍ത്തുപോയിരിക്കണം. ഇത്തരത്തില്‍ ഗിമ്മിക്കുകളിലൂടെ കബിളിപ്പിക്കാന്‍ വയനാട് അമേഠിയല്ലെന്ന് താങ്കളും സഹോദരിയും ഓര്‍മ്മിക്കണമായിരുന്നു. വയനാട്ടിലെ ചികിത്സാ സൗകര്യങ്ങളുടെ അഭാവമെന്നെല്ലാം താങ്കള്‍ പറഞ്ഞത് താങ്കളുടെ പരിഭാഷകന്‍ ബുദ്ധിപൂര്‍വ്വം വിട്ടുകളഞ്ഞിരുന്നു. എന്നാല്‍ താങ്കളുടെ സഹോദരി അമേഠിയില്‍ പറയേണ്ട കാര്യം ഇവിടെ മാറിപ്പറഞ്ഞ് പോയത് പരിഭാഷക തുറന്നു പറഞ്ഞപ്പോള്‍ വിദ്യാഭ്യാസവും യൂണിഫോമും പുസ്തകങ്ങളും ഉച്ചയൂണുമെല്ലാം സൗജന്യമായി കിട്ടുന്ന ഞങ്ങളുടെ നാട്ടിലെ കുട്ടികള്‍ ആര്‍ത്ത് ചിരിച്ചത് ആരെങ്കിലും താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നോ.

എന്തായാലും പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി വയനാട് നിങ്ങള്‍ക്കൊരു പാഠശാലയാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ജനകീയ ബദലിന്റെ സൃഷ്ടിപരമായ വികസനത്തിന്റെ നിരവധി മാതൃകകള്‍ വയനാട്ടിലുണ്ടെന്ന് താങ്കള്‍ ഇതിനകം മനസ്സിലാക്കിയിട്ടുണ്ടാകുമല്ലോ. വയനാട്ടില്‍ പരാജയപ്പെട്ടാലും അമേഠിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ താങ്കള്‍ക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. കേരള മോഡലിന്റെ ജനപക്ഷ രാഷ്ട്രീയം ഭാവിയില്‍ അമേഠിയിലും താങ്കളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലും താങ്കള്‍ക്ക് അനുഭവപാഠമാകട്ടെയെന്ന് ആശംസിക്കുന്നു. കുടുംബവൈകാരികതയും പഴയ തഴമ്പുമൊന്നുമല്ല ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ജീവല്‍പ്രശ്നങ്ങളാണ് രാജ്യം അഭിമുഖീകരിക്കുന്ന പ്രധാനരാഷ്ട്രീയ പ്രശ്നങ്ങളെന്ന് സമയം കിട്ടുമ്പോള്‍ താങ്കള്‍ പ്രിയസഹോദരി പ്രിയങ്കയ്ക്ക് പറഞ്ഞ് കൊടുക്കണം.

കുടുംബവൈകാരികതയുടെ ചൊല്‍ക്കാഴ്ചകള്‍ അമേഠിയിലേത് പോലെ വയനാട്ടില്‍ ഏല്‍ക്കില്ലെന്ന് സഹോദരിക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാതിരുന്ന കേരളത്തിലെ ഫാന്‍സ്‌ക്ലബ്ബ് ഭാരവാഹികളുടെ ചെവിക്കൊരു കിഴുക്ക് കൊടുക്കാനെങ്കിലും താങ്കള്‍ മറക്കരുത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top