29 March Friday

രഹസ്യ ഗ്രൂപ്പില്‍ പങ്കാളിത്തം സമ്മതിച്ച് രാഹുല്‍; പി എം മനോജിനെതിരെ കേസ് കൊടുക്കുമെന്ന് ഭീഷണി: നേരിടുമെന്ന് മനോജ്‌

വെബ് ഡെസ്‌ക്‌Updated: Friday Feb 17, 2017

കൊച്ചി> ഇല്ലാത്ത ലവ് ജിഹാദിന്റെ മറവില്‍ വര്‍ഗീയ പ്രചാരണം നടത്താന്‍  സംഘപരിവാര്‍ നേതൃത്വത്തില്‍ രഹസ്യ മെസഞ്ചര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുവെന്ന് തെളിവുകള്‍ സഹിതം വാര്‍ത്ത കൊടുത്ത ദേശാഭിമാനിയ്ക്കെതിരെ വീണ്ടും രാഹുല്‍ ഈശ്വര്‍. ആ ഗ്രൂപ്പില്‍ താന്‍ അംഗമാണെന്ന് ഇപ്പോള്‍ സമ്മതിക്കുന്ന രാഹുല്‍ താന്‍ അവിടെ വര്‍ഗിയ വിദ്വേഷം വളര്‍ത്തുന്ന ഒന്നും പറഞ്ഞില്ലെന്നാണ് വാദിയ്ക്കുന്നത്. ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പി എം മനോജിനെതിരെ കേസ് കൊടുക്കുമെന്ന ഭീഷണിയും രാഹുല്‍ മുഴക്കുന്നു.

ദേശാഭിമാനി ഓണ്‍ലൈന്‍  വാര്‍ത്ത മുക്കിയതായി രാഹുല്‍ ഫേസ് ബുക്ക് പോസ്റ്റിട്ടിരുന്നു. എന്നാല്‍ ആ പോസ്റ്റിട്ട സമയത്തുതന്നെ ആ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് സഹിതം വായനക്കാര്‍ രാഹുലിന്റെ ആരോപണം പൊളിച്ചു . ആ വാദം പൊളിഞ്ഞതോടെ ദേശാഭിമാനി വാര്‍ത്ത പുന:സ്ഥാപിച്ചെന്ന വിചിത്രവാദവുമായാണ് ഇപ്പോള്‍  രാഹുലിന്റെ വരവ്.

ഗ്രൂപ്പിലെ പങ്കാളിത്തം സ്ഥിരീകരിച്ച രാഹുല്‍  'ഒരു മുസ്ലിം വിരുദ്ധ പരാമര്‍ശമെങ്കിലും എന്റെ ഭാഗത്തു നിന്ന് ഉണ്ടോ?' എന്ന് പുതിയ പോസ്റ്റില്‍ ചോദിയ്ക്കുന്നു.

കേരളത്തിലെ ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റി മുസ്ലീം യുവാക്കള്‍ വിവാഹം കഴിയ്ക്കുന്നുവെന്ന ഇല്ലാക്കഥയുണ്ടാക്കി അത് തടയാന്‍ ഉണ്ടാക്കിയ ഗ്രൂപ്പ് മതവൈരം വളര്‍ത്താനാണെന്ന് വ്യക്തം. അതില്‍ മുഖ്യപങ്കാളിയാകുന്ന ആരും ഈ മതവൈരം വളര്‍ത്തലിന് കൂട്ടുനില്‍ക്കുന്നു. രാഹുല്‍ ഈശ്വര്‍ ആ ഗ്രൂപ്പില്‍ സജീവ പങ്കാളിയാണെന്നാണ് ദേശാഭിമാനി വാര്‍ത്ത. ഇക്കാര്യം രാഹുല്‍ തന്നെ സ്ഥിരീകരിയ്ക്കുന്നു.ഗ്രൂപ്പിലെ ആളുകള്‍ തമ്മിലെ തര്‍ക്കം തീര്‍ക്കാന്‍ രാഹുല്‍ ഈശ്വര്‍ ഇടപെട്ടതിന്റെ സ്ക്രീന്‍ ഷോട്ട് വാര്‍ത്തയിലുണ്ട്. രാഹുലിന്റെതായി മറ്റ് പരാമര്‍ശമൊന്നും വാര്‍ത്തയിലില്ല.

'ഇത്രയും സ്ക്രീന്‍ ഷോട്ടുകള്‍ ചോര്‍ന്നിട്ടും, ഒരു മോശം, ഒരു വര്‍ഗ്ഗീയ പരാമര്‍ശം, ഒരു മുസ്ലിം വിരുദ്ധ കാര്യം ഈ രഹസ്യ ഗ്രൂപ്പില്‍ എങ്കിലും പറയുന്നുണ്ടോ ??' എന്നാണു മറ്റൊരു ചോദ്യം.

അതാത് പ്രദേശത്തെ മുസ്ളിംകള്‍ പ്രേമം നടിച്ച് ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റുന്ന ലൌ ജിഹാദ് പരസ്പരം അറിയിക്കുകയും കഴിയുന്ന സഹായങ്ങള്‍ ചെയ്ത് കൊടുക്കുകയും ആണ് ലക്ഷ്യമെന്നു ഗ്രൂപ്പ് പറയുന്നു .'ഹിന്ദു പെണ്‍കുട്ടികള്‍ മുസ്ളീം യുവാക്കളുമായി സംശയകരമായ് സാഹചര്യത്തില്‍ ബസ് കയറുന്നത് കണ്ടു. ഉടന്‍ ഇടപെടണം' എന്ന മട്ടിലുള്ള അറിയിപ്പുകളും ഗ്രൂപ്പിലുണ്ട്. (സ്ക്രീന്‍ ഷോട്ട് കാണുക).

ദേശാഭിമാനിക്കെതിരെ നടത്തിയ വ്യാജപ്രചരണം പൊളിഞ്ഞതോടെ ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പി എം മനോജിനെതിരെ കേസ് കൊടുക്കുമെന്ന ഭീഷണിയും രാഹുലിന്റെ പുതിയ സന്ദേശത്തിലുണ്ട്. കേസ് കൊടുക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്യുന്നതായി പി എം മനോജ്‌ അറിയിച്ചു. സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ഇടയാക്കുന്ന തരത്തിലുള്ള ഒരു രഹസ്യ ഗ്രൂപ്പിന്റെ സാന്നിധ്യവും പുറമേക്ക് ഗാന്ധിയനായി നടിക്കുന്ന രാഹുല്‍ ഈശ്വറിന്റെ അതിലെ പങ്കാളിത്തവുമാണ് പത്രം പുറത്തുകൊണ്ടുവന്നത്. അതില്‍ അഭിമാനമുണ്ട്. ഗ്രൂപ്പിന്റെ സാന്നിധ്യവും അതിലെ തന്റെ പങ്കാളിത്തവും സ്വയം സ്ഥിരീകരിച്ചതിനു രാഹുലിനോട് നന്ദിയുമുണ്ട് മനോജ്‌ പ്രതികരിച്ചു.

ഈ വിഷയത്തിലെ മറ്റ് വാര്‍ത്തകള്‍ :

സംഘി രഹസ്യ ഗ്രൂപ്പിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ പുറത്ത്: മുഖംമൂടി പൊളിഞ്ഞ് രാഹുല്‍ ഈശ്വര്‍

രഹസ്യ സംഘി ഗ്രൂപ്പില്‍ അനുമതിയില്ലാതെയും ചിലരെ ചേര്‍ത്തു: വര്‍ഗീയ വിഷത്തില്‍ മനം മടുത്തു ചിലര്‍ ഗ്രൂപ്പുവിട്ടു; തെളിവ് പുറത്ത്

'സംഘി രഹസ്യ ഗ്രൂപ്പ്' ദേശാഭിമാനി വാര്‍ത്ത പിന്‍വലിച്ചതായി രാഹുല്‍ ഈശ്വറിന്റെ വ്യാജ പ്രചാരണം, മറുപടിയുമായി വായനക്കാര്‍


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top