09 June Friday

ക്വാറന്റൈൻ ചെലവും സിംകാർഡും... ഡോ. കെ ടി ജലീൽ എഴുതുന്നു

കെ ടി ജലീൽUpdated: Thursday May 28, 2020
മു
ഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു ചില്ലിപ്പൈസ പോലും കൊടുക്കരുതെന്ന് പറഞ്ഞ മഹാൻമാരാണ് ഒരു മനസാക്ഷിക്കുത്തുമില്ലാതെ സർക്കാർ വിവിധ തലങ്ങളിൽ നൽകേണ്ട സാമ്പത്തിക സഹായത്തെ കുറിച്ച് ഗീർവാണം പറയുന്നത്. 

കോവിഡ്-19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പ്രത്യേക അക്കൗണ്ട് ആരംഭിച്ചത് 2020 മാർച്ച് 27 നായിരുന്നു. അന്നു മുതൽ ഇന്ന് വരെയുള്ള രണ്ടു മാസക്കാലയളവിൽ ഈ അക്കൗണ്ടിൽ ലഭിച്ച തുക 384.69 കോടി രൂപയാണ്. എന്നാൽ അതേ സമയം ഇതേ കാലയളവിൽ കോവിഡിനെ തുടർന്ന് ജനങ്ങൾക്കുണ്ടായ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ദൂരീകരിക്കാനുള്ള പ്രവർത്തനങ്ങൾക്കായി ദുരിതാശ്വാസ നിധിയിൽ നിന്നും 506.32 കോടി രൂപ ചിലവഴിച്ചു. സംസ്ഥാനത്തെ എല്ലാ  കുടുംബങ്ങൾക്കും (87 ലക്ഷം കുടുംബങ്ങൾ) ഭക്ഷ്യധാന്യ കിറ്റുകൾക്കൾ നൽകാൻ സിവിൽ സപ്ളൈസ് വകുപ്പിന് 350 കോടി രൂപയും, പ്രവാസികളുടെ വിവിധ ആശ്വാസ പദ്ധതികൾക്കായി നോർക്കയ്ക്ക് 8.5 കോടി രൂപയും, ഒരു തരത്തിലുള്ള ധനസഹായവും ലഭിക്കാത്ത കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി സഹകരണ വകുപ്പിന് 147.82 കോടി രൂപയുമാണ് മുഖ്യമന്ത്രിയുടെ പ്രത്യേക കോവിഡ് ദുരിതാശ്വാസ നിധിയിൽ നിന്നും ഇതുവരെയായി അനുവദിച്ചിട്ടുള്ളത്. 
 
സംസ്ഥാനത്തിൻ്റെ നികുതി വരുമാനം ലോക്‌ഡൗൺ കാരണം 80% നിലച്ച അവസ്ഥയിലാണ്. എന്നാൽ ചെലവാകട്ടെ അധികരിച്ച സ്ഥിതിയിലുമാണ്.സംസ്ഥാനത്തുള്ള എല്ലാ കോവിഡ് ബാധിച്ചവരുടെയും രോഗ ലക്ഷണങ്ങളുള്ളവരുടെയും ടെസ്റ്റിനുള്ള തുക ഉൾപ്പടെ മുഴുവൻ ചികിൽസാചെലവും സർക്കാർ തന്നെയാണ് വഹിക്കുന്നത്. ഒരു ടെസ്റ്റിന് തന്നെ നാലായിരത്തിലധികം രൂപയാണ് വരുന്നത്. ഒരാൾക്ക് തന്നെ രണ്ടിലധികം ടെസ്റ്റുകൾ നടത്തേണ്ടി വരുന്ന സാഹചര്യവും നിലനിൽക്കുന്നു. ഇതൊന്നുമറിയാത്തവരല്ല സർക്കാരിനെതിരെ അനാവശ്യ വിമർശനങ്ങളെയ്യുന്ന വലതുപക്ഷക്കാർ.
 
വിദേശത്തു നിന്ന് വരുന്ന രോഗ ലക്ഷണമുള്ളവരെ സർക്കാർ നിയന്ത്രിത കോറണ്ടൈനിൽ പാർപ്പിക്കാനും ബാക്കിയുള്ളവരെ ഹോം കോറണ്ടൈനിൽ വിടാനുമായിരുന്നു സംസ്ഥാനത്തിൻ്റെ നേരത്തെയുള്ള തീരുമാനം. എന്നാൽ കേന്ദ്ര സർക്കാർ വിദേശത്തു നിന്നെത്തുന്ന മുഴുവൻ പേരെയും അവരവരുടെ ചെലവിൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ ചെയ്യണം എന്ന് ഉത്തരവിറക്കി. രോഗ ലക്ഷണമുള്ളവരുടെയും രോഗികളുടെയും മുഴുവൻ ചികിൽസാ ചെലവും കേരള സർക്കാരാണ് ഇപ്പോൾ തന്നെ വഹിക്കുന്നത്. സാമ്പത്തിക ശേഷിയില്ലാത്ത മുഴുവൻ ആളുകളുടെയും ക്വാറന്റൈൻചെലവും സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. ഒരു സിം കാർഡ് മാത്രമാണ് ഗവൺമെൻ്റ് നൽകുന്നതെന്നും ബാക്കിയെല്ലാം നാട്ടുകാരാണ് വഹിക്കുന്നതെന്നുമുള്ള ദുഷ്പ്രചരണത്തിലെ പൊള്ളത്തരം ക്വാറന്റൈൻചെലവ് സാമ്പത്തിക ശേഷിയുള്ളവർ വഹിക്കണമെന്ന് പറഞ്ഞപ്പോൾ വെളിവായത് ഏതായാലും നന്നായി. സർക്കാർ, മടങ്ങിയെത്തുന്ന പ്രവാസികൾക്കായി ഒന്നും ചെയ്തിട്ടില്ലെന്ന് ഇനിയാരും പറയില്ലെന്നും ട്രോളില്ലെന്നും നമുക്ക് പ്രതീക്ഷിക്കാം. 
 
മലയാളക്കരയെ കോവിഡ് വ്യാപന കേന്ദ്രമാക്കാനും മരണഗന്ധം കൊണ്ട് നിറക്കാനും ആഗ്രഹിച്ചവരാണ് ഇപ്പോൾ മദമിളകി ചിന്നം വിളിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളും വിവിധ മത സമുദായ സംഘടനകളും വാഗ്ദാനം ചെയ്ത ക്വാറന്റൈൻസൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയാതെ പോയത് ശുചിമുറികളോടു കൂടിയ ഒറ്റമുറികൾ തന്നെ കോറണ്ടൈന് വേണമെന്ന കേന്ദ്ര ഗവൺമെൻ്റിൻ്റെ നിബന്ധന മൂലമാണ്. ഏറ്റവും നല്ല ഡോർമെട്രി സംവിധാനങ്ങളുള്ള കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് ഹൗസ് പോലും കോവിഡ് കെയർ സെൻ്ററാക്കാൻ സാധിക്കാതെ പോയതും അതുകൊണ്ട് തന്നെയാണ്. രോഗലക്ഷണമുള്ളവർക്ക് ചികിൽസ ലഭ്യമാക്കിയും രോഗബാധിതരെ കോവിഡ് മുക്തരാക്കിയും കേരളം മുന്നേറുകയാണ്. മതഭ്രാന്തിൻ്റെ മടിത്തട്ടിൽ ജനിച്ചു വീണ കേരളത്തിലെ ഏക രാഷ്ട്രീയാധിഷ്ടിത മത സംഘടനയും അവരുടെ പ്രസിദ്ധീകരണങ്ങളും ആപത്ത് കാലത്ത് പോലും മതവും വർണ്ണവും നോക്കി കാര്യങ്ങൾ വിശകലനം ചെയ്യുന്നത് കാണുമ്പോൾ തികഞ്ഞ അവജ്ഞയാണ് തോന്നുന്നത്. ഇവരിൽ നിന്നൊന്നും 'ഇസ്ലാമിനെ' മനസ്സിലാക്കാൻ ആർക്കും ഇടവരുത്തരുതേ എന്നാണ് എൻ്റെ പ്രാർത്ഥന. കുറ്റങ്ങളും കുറവുകളും പറയാനും പ്രചരിപ്പിക്കാനും  ആരെയൊക്കെ ശട്ടംകെട്ടി കളത്തിലിറക്കി ഓട്ടൻതുള്ളൽ നടത്തിച്ചാലും സത്യം സൂര്യശോഭയോടെ തെളിഞ്ഞ് നിൽക്കുകതന്നെ ചെയ്യും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top