20 April Saturday

'കണ്ണിലെ കൃഷ്ണമണി പോലെ പൊതുജനാരോഗ്യ മേഖലയെ കാക്കണമേ...'

കെ ടി കുഞ്ഞിക്കണ്ണൻUpdated: Friday Apr 3, 2020
ഇന്ന് കാലത്താണ് കാലിഫോർണിയായിൽ നിന്നുള്ള ഡോ.മീനാ പിള്ളയുടെ ഒരു വോയ്സ് ക്ലിപ്പ്  കേട്ടത്.കണ്ണിലെ കൃഷ്ണമണി പോലെ പൊതുജനാരോഗ്യ മേഖലയെ കാത്തുകൊള്ളേണമേയെന്ന അപേക്ഷയോടെയാണവർ ആ വോയ്സ് ക്ലിപ്പ് അവസാനിപ്പിക്കുന്നത് ... 
 
അമേരിക്കയിൽ ലക്ഷങ്ങളിലേക്ക് പടരുകയും അലക്ഷത്തിലേറെ പേരുടെ മരണത്തിനിടയാക്കുകയും ചെയ്തിരിക്കുന്ന കോവിഡ് ബാധയുടേതായ വേദനാകരമായസാഹചചര്യത്തെ കുറിച്ചാണവർ സംസാരിക്കുന്നത് ... 
ഹൃദയം പൊട്ടുന്ന വാക്കുകളിൽ അവർ പറയുന്നത് യുഎസിലെ ആരോഗ്യ സംവിധാനങ്ങളുടെ സ്വകാര്യവൽക്കരണവും താങ്ങാനാവാത്ത ചികിത്സാച്ചെലവുമാണ് ഭീതിദമായ തോതിലുള്ള രോഗവ്യാപനത്തിലേക്കും വർധിച്ച മരണനിരക്കിലേക്കും കാര്യങ്ങളിലെത്തിച്ചതെന്നാണ്. 
 
ഹെൽത്ത് ഇൻഷൂറൻസ് സംവിധാനങ്ങൾ വഴി അമേരിക്കയിലെ ചികിത്സാ സംവിധാനങ്ങളെല്ലാം കോർപ്പറേറ്റ് ഫാർമസ്യൂട്ടിക്കൽ കുത്തകകൾ കയ്യടക്കിയിരിക്കുകയാണ്.ഒരു കോവിഡ് പരിശോധനക്ക് ഇന്ത്യൻ രൂപയുടെ മൂല്യമനുസരിച്ച് 3 ലക്ഷത്തിലേറെ വരും. ആശുപത്രികളിലെ ചികിത്സയെന്നത് 15 ലക്ഷം രൂപയെങ്കിലും കയ്യിലില്ലാത്ത ഒരാൾക്ക് ആഗ്രഹിക്കാനാവാത്തതാണ്. അതു കൊണ്ട് തന്നെ സാധാരണക്കാർ രോഗലക്ഷണങ്ങൾ പ്രകടമായാൽ പോലും ടെസ്റ്റുകൾ നടത്തുകയോ ഹോസ്പിറ്റലൈസ് ചെയ്യപ്പെടുകയോ ചെയ്യുന്നില്ല ... പരിശോധന ഇല്ലായ്മയും ചികിത്സ സാധിക്കാത്തതുമാണ് അമേരിക്കയിലെ വർധിതമാകുന്ന രോഗപടർച്ചക്കും കൂടി വരുന്ന കോവിഡ് മരണങ്ങൾക്കും കാരണം ... ഹോളിവുഡ് താരങ്ങൾ, സ്പോർട്സ് താരങ്ങൾ ,വൻ വരുമാനമുള്ളവർ തുടങ്ങിയവരേ അവിടെ ഇൻഷൂറൻസ് പരിരക്ഷയിൽ വരുന്നുള്ളൂ... അല്പ വരുമാനക്കാർക്കും സാധാരണക്കാർക്കും അപ്രാപ്യമായ ഹെൽത്ത് സിസ്റ്റമാണ് അമേരിക്കയിലുള്ളത്.
 
1980തുകളിൽ പ്രസിഡൻ്റ് റീഗൺ കാലം മുതലാണ് എല്ലാ സാമൂഹ്യ പരിരക്ഷാ വ്യവസ്ഥകളെയും ഇല്ലാതാക്കുന്ന നിയോലിബറൽ നയങ്ങൾ അമേരിക്കയിൽ അടിച്ചേല്പിച്ചത്. റീഗനും താച്ചറും ചേർന്നാണല്ലോ എല്ലാവിധ ക്ഷേമ പ്രവർത്തനങ്ങളിൽ നിന്നും സാമൂഹ്യ സുരക്ഷാ പരിപാടികളിൽ നിന്നും ഭരണകൂടം പിന്മാറുന്ന, കെയ്ൻസിൻ്റെ ക്ഷേമരാഷ്ട്ര സങ്കല്പങ്ങൾക്ക് മരണം വിധിച്ച, 
കടുത്ത നിയോലിബറൽ പരിഷ്ക്കാരങ്ങൾ ലോകവ്യാപകമായി നടപ്പാക്കിയത്.നിയോലിബറലിസത്തിൻ്റെ വിളിപ്പേരുകളായിരുന്നല്ലോ റീഗണോമിക്സ്, താച്ചറിസം എന്നതെല്ലാം.
 
അമേരിക്കയിൽ റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും ഒരേ പോലെ നിയോലിബറൽ പരിഷ്ക്കാരങ്ങൾ നടപ്പാക്കി. സോവ്യറ്റ് യൂണിയൻ്റെ തകർച്ചയോടെ നിയോലിബറൽ പരിഷ്ക്കാരങ്ങൾക്ക് ഗതിവേഗം കൂടി.ലോകമെമ്പാടുമുള്ള 
ബൂർഷാ ഭരണവർഗ്ഗരാഷ്ടീയപാർട്ടികളിൽ ഇക്കാര്യത്തിലൊരു സമവായം തന്നെ രൂപപ്പെട്ടു. 
 
ചെലവ് ചുരുക്കലിൻ്റെ പേരിൽ എല്ലാ ജനോപകാരപ്രദമായ സേവനമേഖലകളിൽ നിന്നും സ്റ്റേറ്റ് പിന്മാറി.കാര്യക്ഷമതയുടെയും ലാഭകരമാക്കുന്നതിൻ്റെയും പേരിൽ എല്ലാത്തിനെയും വിപണിവൽക്കരിച്ചു. കടുത്ത സ്വകാര്യവൽക്കരണത്തിൻ്റേതായ തത്വശാസ്ത്രത്തെ മുറുകെ പിടിച്ചു കൊണ്ടുള്ള പരിഷ്കാരങ്ങൾ വളർച്ചയുടെയും വികസനത്തിൻ്റെയും പേരിൽ അടിച്ചേല്പിച്ചു.
 
ഇന്ത്യയിലും 1990കളോടെനരസിംഹറാവവു സർക്കാർ ആഗോളവൽക്കരന്ന നയങ്ങളിലൂടെ കടുത്ത ഉദാരണവൽക്കരണ സ്വകാര്യവൽക്കരണ നയങ്ങൾ പുത്തൻ സാമ്പത്തിക നയമെന്ന പേരിൽ അടിച്ചേല്പിച്ചു... നെഹറു വിൻ്റെ കമാൻ്റ് സോഷ്യലിസത്തിൽ നിന്നും റാവുവും മൻമോഹൻ സിംഗും സമ്പദ്ഘടനയെ കമ്പോളോന്മുഖമാക്കുന്ന പരിഷ്ക്കാരങ്ങൾ അടിച്ചേല്പിച്ചു.
 
അതിൻ്റെ ചുവട് പിടിച്ചു കേരളത്തിലും അന്നത്തെ കരുണാകര സർക്കാർ പൊതുജനാരോഗ്യ വിദ്യാഭ്യാസ മേഖലകളെ തകർക്കാനുള്ള പരിഷ്ക്കാരങ്ങൾക്കൊരുങ്ങി ... കേരളത്തിൻ്റെ വിഖ്യാതമായ ക്ഷേമരാഷ്ട്ര ഘടനയെ തകർക്കാനുള്ള നിർദേശങ്ങളാണ് അക്കാലത്തെ സംസ്ഥാന പ്ലാനിംഗ് ബോർഡിൻ്റെ വൈസ് ചെയർമാനായിരുന്ന ഡോ.വി രാമചന്ദ്രൻ അധ്യക്ഷനായ റിസോർഴ്സ് കമ്മിറ്റി (വിഭവ കാര്യ കമ്മിറ്റി) മുന്നോട്ട് വെച്ചത്.അനാദായകരമെന്ന് പറഞ്ഞു പൊതു സ്കൂളുകൾ അടച്ചുപൂട്ടാനും സർക്കാർ ചെലവ് ചുരുക്കുന്നതിൻ്റെ ഭാഗമായി എല്ലാ പൊതുസേവന മേഖലകളും പരിമിതപ്പെടുത്താനും ക്രമേണ സ്വകാര്യവൽക്കരിക്കാനുമാണ് വിഭവ കാര്യ കമ്മിറ്റി ശുപാർശ ചെയ്തത്.
 
 
സർക്കാർ ആശുപത്രികളിൽ ചികിത്സക്ക് cost recovery സ്കീം നടപ്പാക്കാനും 
ആരോഗ്യ ചികിത്സാമേഖലയെ വാണിജ്യവൽകരിക്കാനും നടപടികളാരംഭിച്ചു... 
 
ഒപി ശീട്ടിനും രോഗപരിശോധനക്കും  ലാബ്,എക്സറേ പരിശോധനക്കും എന്തിന് മോർച്ചറിയിൽ ശവം സൂക്ഷിക്കുന്നതിനും പോസ്റ്റ്മോർട്ടത്തിനും വരെ ഫീസ് നിർദ്ദേശിച്ചു ഉത്തരവിറക്കി കരുണാകരൻ സർക്കാർ ... അതിനെതിരെ ഉയർന്നു വന്ന ജനകീയ സമരങ്ങളെ പോലീസിനെ കയറൂരി വിട്ട് അടിച്ചമർത്തി... വിദ്യാർത്ഥികളും യുവജനങ്ങളും ചോര ചിന്തി സമരം ചെയ്തു...
 
അതെ,ഈവിധ ജനവിരുദ്ധ നയങ്ങൾക്കെതിരെ, നിയോലിബറൽ പരിഷ്ക്കാരങ്ങൾക്കെതിരെ ധീരമായ ചെറുത്ത് നില്പുകളുംപോരാട്ടങ്ങളും നടത്തി കൊണ്ടാണ് കേരളത്തിലെ ഇടതുപക്ഷ വിപ്ലവ ശക്തികൾ ആരോഗ്യ വിദ്യാഭ്യാസ മേഖലകളെ കാത്തത്... പിന്നീട് അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാറുകളാണ് കേന്ദ്ര സർക്കാറിൻ്റെ നിയോലിബറൽ പരിഷ്ക്കാരങ്ങളുടെ പരിമിതിക്കകത്ത് നിന്നു തന്നെവിസ്മയകരമായ രീതിയിൽ പൊതുജനാരോഗ്യ വിദ്യാഭ്യാസ മേഖലകളെ ജനോപകാരപ്രദമായ മായ രീതിയിൽ നിലനിർത്തിയതും വികസിപ്പിച്ചതും.

നിപ്പയെയും കോവിഡിനെയല്ലാമിന്ന് നമുക്ക് പ്രതിരോധിക്കാൻ കഴിയുന്നത് പൊതുജനാരോഗ്യ മേഖല ശക്തമായ സർക്കാർ സംവിധാനമായിനിലനിർത്താൻ കഴിഞ്ഞതുകൊണ്ടാണ്.. നാം കണ്ണിലെ കൃഷ്ണമണിയെ പോലെ അവയെ കാത്തത് കൊണ്ടാണ്... 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top