31 May Wednesday

ഒട്ടും പ്രിയമല്ലാത്ത തൊഗാഡിയക്ക്; നിങ്ങള്‍ക്ക് വേണമെങ്കില്‍ കമ്മ്യൂണിസ്റ്റുകാര്‍ ഭരിക്കുന്ന കേരളത്തിലേക്ക് വരാം, പക്ഷെ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 17, 2018

കൊച്ചി > വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ വധിക്കാന്‍ ശ്രമിക്കുന്നുവെന്ന് വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.  ആശുപത്രിയില്‍ വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു തൊഗാഡിയയുടെ വെളിപ്പെടുത്തല്‍. തൊഗാഡിയയുടെ തുറന്നു പറച്ചിലിനു പിന്നാലെ  സംഘപരിവാറിന്റെ ചതിയുടെ ചരിത്രത്തെകുറിച്ചുള്ള ചര്‍ച്ചകളാണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അത്തരത്തില്‍ ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തൊഗാഡിയയെ കേരളത്തിലേക്ക് ക്ഷണിച്ച് മിനേഷ് രാമനുണ്ണി എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

ഒട്ടും പ്രിയമല്ലാത്ത തൊഗാഡിയക്ക്,

താങ്കളുടെ സംഘ സഹോദരങ്ങള്‍ തന്നെ കൊല്ലാന്‍ ആളെ വിടുന്നുണ്ട് എന്നൊക്കെ കരഞ്ഞതായി അറിഞ്ഞു. ഫേക് എങ്കൗണ്ടറിനെപ്പറ്റി നിങ്ങളോളം അറിവുള്ള ഏതാനും ചില ആളുകളേ ഇപ്പോള്‍ രാജ്യത്തു കാണാന്‍ വഴിയുള്ളൂ എന്നതിനാല്‍ തടി രക്ഷിക്കലിനാവും ഇപ്പോള്‍ പ്രൊയോറിറ്റി എന്നു കരുതുന്നു.

ഒരു വഴി പറഞ്ഞു തരാം.

രാജസ്ഥാന്‍, ഗുജറാത്ത്,യു പി, മഹാരാഷ്ട്ര തുടങ്ങിയ ഏരിയകളില്‍ അധികം കറങ്ങി നടക്കാതെ നേരെ തെക്കോട്ട് കണ്ടം വഴി ഓടുക. അവിടെ നിങ്ങടെ കണ്ണില്‍ രാജ്യദ്രോഹികളായ കമ്മ്യൂണിസ്റ്റുകാര്‍ ഭരിക്കുന്ന കേരളം എന്ന സ്ഥലമുണ്ട്. അവിടെ വേണമെങ്കില്‍ വരാം. ഒരു കാര്യമുണ്ട്. വരുമ്പോള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി താന്‍ ചീറ്റിയിരുന്ന വിഷം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളെ അങ്ങു ഉപേക്ഷിക്കണം. ന്യൂനപക്ഷങ്ങളെ തീര്‍ത്തുകളയും, അവരെ യഥാര്‍ത്ഥ പൗരന്മാരായി അംഗീകരിക്കാന്‍ പറ്റില്ല, അവര്‍ ഭൂമി വാങ്ങുന്നത് തടയണം എന്നൊക്കെ തരത്തിലുള്ള മുന്‍കാല പ്രസംഗങ്ങള്‍ ഇവിടെ എടുത്താല്‍ അടി പാര്‍സ്സലായി കിട്ടും. ഇവിടെ പശു അമ്മയൊന്നുമല്ല. അടുത്തുള്ള ഹോട്ടലില്‍ നിന്ന് നല്ല ബീഫ് ഫ്രൈ കണ്ടാല്‍ ശൂലം എടുക്കാന്‍ ഓടരുത്. കഴിക്കുന്നവന്‍ കഴിച്ചോട്ടെ എന്നും പറഞ്ഞ് തിരിഞ്ഞു നടക്കണം. ജാതിയും മതവും പറഞ്ഞ് ആളെ തല്ലിക്കാം എന്നു കരുതരുത്. അപ്പാള്‍ താന്‍ ചോദിച്ചേക്കും സമയം പോകാന്‍ എന്തു ചെയ്യുമെന്ന്. വായിക്കാനൊക്കെ അറിയാമെങ്കില്‍ ശ്രീ നാരായണഗുരുവിന്റേയും അയ്യങ്കാളിയുടേയുമൊക്കെ ചരിത്രമുണ്ട്. അതൊക്കെ ഒന്നു വായിച്ചു നോക്കാം. എന്നിട്ട് ഇത്രയും കാലം താന്‍ ചീറ്റിയ വിഷമൊക്കെ തെറ്റായിരുന്നു എന്നു വിളിച്ചു പറയാം. ഹിന്ദു മത വിശ്വാസമനുസരിച്ച് ചിത്ര ഗുപ്തന്റെ ഗുഡ് ബുക്കില്‍ കയറാന്‍ ഒരവസരം കിട്ടിയതാന്നു കരുതിയാല്‍ മതി.

നിര്‍ബന്ധമില്ല.

ആലോചിച്ചിട്ട് സാവധാനം മതി.കളിക്കുന്നത് ആരോടാണു എന്ന ബോധമുണ്ടെങ്കില്‍ ആലോചിക്കാന്‍ അധികം സമയമില്ല എന്നു കൂടി താങ്കള്‍ക്കറിയാല്ലോ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top