24 September Sunday

'തല്ലേണ്ടവർ തല്ലിക്കോളും; മർമ്മ വിദ്വാന്‍ ഉമ്മറത്തിരിയ്ക്കട്ടെ'

ഷഫീഖ് സല്‍മാന്‍Updated: Tuesday Dec 18, 2018

ഷഫീഖ് സല്‍മാന്‍

ഷഫീഖ് സല്‍മാന്‍

മർമ്മ വിദ്വാനായ നായർ ഉമ്മറത്ത് നാലും കൂട്ടി മുറുക്കിയിരിക്കുന്ന നേരത്താണ് അയലത്തെ ഗോമാതാവ് മുറ്റത്തെ വാഴയെ വെട്ടി വിഴുങ്ങുന്ന കാഴ്ച കണ്ടത്. മൂപ്പര് ആ ഇരിപ്പിൽ നിന്ന് ശകലം പോലും ഇളകാതെ കെട്ട്യോളെ നീട്ടി വിളിച്ചു, എവിടെപ്പോയെടാ ഇവിടത്തെ കമ്മ്യൂണിസ്റ്റുകാരൻമാരൊക്കെ എന്ന ഭാവത്തിൽ. ശകലം തിരക്കിലായതു കൊണ്ടു ഗോമാതാവിനെ ഓടിക്കാനുള്ള കർമ്മം മൂപ്പത്തി നായരെത്തന്നെ ഏൽപിച്ചു. ചൂരൽ കയ്യിലെടുത്ത് മടിച്ചു മടിച്ചു മൂപ്പരു പശുവിന്റെ അടുത്ത് ചെന്നു. ആദ്യം അഭ്യർത്ഥിച്ചു. ഗോമാതാവിന് മൈന്റില്ല. അതുകഴിഞ്ഞ് മർദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഗോമാതാവിനതു കേട്ടു പുച്ഛത്തോട് പുച്ഛം. ആഹാ അത്രക്കായോ എന്നു പറഞ്ഞു അരിശം പൂണ്ട നായര് ചൂരൽ വീശാനോങ്ങി. ദൈവമേ! അവിടെ മർമ്മമാണ്. ഗോമാതാവ് ദിവംഗതയാകും. വേറൊരു ഭാഗത്ത് പെടയ്ക്കാൻ നോക്കിയപ്പോൾ അവിടേയും മർമ്മം. ദാ, അപ്പുറത്തും മർമ്മം. എല്ലായിടത്തും മർമ്മം. നായരു നിന്നു വിയർത്തു. ഗോമാതാവ് ചിരിയടക്കി വാഴ ഫിനിഷാക്കുന്ന തിരക്കിലാണ്.

ആ സമയത്താണ് നായരെ പത്നി ഒരു അലർച്ചയോടെ പാഞ്ഞു വന്നത്. മൂപ്പത്തി ഒന്നും നോക്കിയില്ല. ചൂരൽ പിടിച്ചു വാങ്ങി ഗോമാതാവിന്റെ ചന്തിയിലും മുതുകത്തും ചറപറാ അങ്ങു പെടച്ചു. പുച്ഛമൊക്കെ കൈ വെടിഞ്ഞു പശു കരഞ്ഞു കൊണ്ടോടി. വാഴ കഷ്ടിച്ചു ബാക്കിയായി. നിങ്ങടെ കോപ്പിലെ മർമ്മം എന്നു കെട്ട്യോനെ രണ്ടു ചീത്ത വിളിച്ചു മ്പടെ ഹീറോ സ്ഥലം വിട്ടു. നടന്നതു എന്താണെന്ന് പിടികിട്ടാതെ പശു ചത്തോ എന്ന് അന്തം വിട്ട് മർമ്മ വിദ്വാൻ നായർ അവടെത്തന്നെ നിൽപ്പാണ്.

കേരളത്തിലെ പോസ്റ്റ്മോഡേൺ മർമ്മ വിദ്വാൻമാരിങ്ങനെയാണ്. കടുത്ത ഫാസിസ്റ്റ് വിരുദ്ധരൊക്കെയാണെന്നാണ് വയ്പ്. പക്ഷേ, മേലനങ്ങിയൊന്നും ചെയ്യാൻ വയ്യ. ഇനി ചെയ്യണമെന്നു വച്ചാൽ തന്നെ കയ്യിലുള്ള തിയറികൾ കൊണ്ട് അതിനു സാധിക്കില്ല. ആ തിയറികൾ കൊണ്ട് 'ദാ ഞാൻ വൻ സൈദ്ധാന്തികനാണ്ടാ' എന്ന ബഡായി പറയാമെന്നല്ലാതെ വേറെ ഉപകാരമൊന്നുമില്ല. അതുകൊണ്ട് തല്ലേണ്ടവർ, അതറിയുന്നവർ, അതിനാവശ്യമായ സൈദ്ധാന്തിക പിൻബലമുള്ളവർ അതു കയറി ചെയ്യുക. പകരം, ഈ ഉപയോഗശൂന്യരായ മർമ്മവിദ്വാൻമാരോട് തർക്കിച്ചു ഊർജം നഷ്ടപ്പെടുത്തേണ്ടതില്ല. അവരപ്പുറത്ത് വനിതാ മതിൽ മർമ്മങ്ങളൊക്കെയെണ്ണി മുറുക്കിത്തുപ്പി മൂലയിലിരുന്നോളും. പാവത്തുങ്ങൾ. പോട്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top