29 January Sunday

തരവും തക്കവും നോക്കിയല്ല മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കേണ്ടത്

നീതീഷ് നാരായണന്‍Updated: Wednesday Dec 21, 2016

തരവും തക്കവും നോക്കിമാത്രമല്ല മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കേണ്ടതെന്നും  സ്വാതന്ത്രം അപഹരിക്കപ്പെടുന്ന എല്ലാവര്‍ക്കുമൊപ്പവും ആ ശബ്ദമുയരണമെന്നും നീതീഷ് നാരായണന്‍ . നദിയെന്നും കമല്‍ സി ചാവറയെന്നും അതിന് വിവേചനമില്ല. കാരായി രാജന്‍ എന്ന് കേള്‍ക്കുമ്പോള്‍ അത് ഒളിയിടം തേടി പോവുകയുമില്ല. മനുഷ്യാവകാശമെന്ന് അക്ഷരം തെറ്റാതെ എഴുതാന്‍ പോലും ശീലിച്ചിട്ടില്ലാത്തവര്‍. അവര്‍ക്ക് അഴിഞ്ഞാടാനുള്ള നാടാവരുത് കേരളമെന്നും നീതീഷ് ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. എസ്എഫ്ഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗവും ജെഎന്‍യു വിദ്യാര്‍ത്ഥിയുമാണ് നീതീഷ് നാരായണന്‍
പോസ്റ്റ് ചുവടെ


പണ്ടെങ്ങോ തൊണ്ടയില്‍ കുരുങ്ങിപ്പോയ ശബ്ദങ്ങളെയും മനുഷ്യാവകാശസമരത്തിലേക്ക് മോചിപ്പിക്കാം..

ഫഹദിനെ ഓര്‍മ്മയുണ്ടോ? ഉണ്ടാകാന്‍ വഴിയില്ല. കേരളത്തിലെ ശരാശരി മധ്യവര്‍ഗ്ഗബോധത്തിന്റെ 'അ'രാഷ്ട്രീയ തിരഞ്ഞെടുപ്പുകളെ അസ്വസ്ഥമാക്കുവാന്‍ മാത്രമൊന്നുമുള്ള പേരല്ലത്. ഒരു എട്ടുവയസ്സുകാരന്‍. കാസര്‍ഗ്ഗോഡുകാരന്‍. അച്ഛന്‍ സി പി എം പ്രവര്‍ത്തകന്‍. കുഞ്ഞുഫഹദിനെ കഴിഞ്ഞ വര്‍ഷം ഒരു ദിവസം രാവിലെ ബാഗും തോളിലേറ്റി സ്കൂളിലേക്ക് പൊകും വഴി ഒരു മതഭ്രാന്തന്‍ കൊന്നുകളഞ്ഞു. വിജയന്‍ എന്ന ആര്‍ എസ് എസ് പ്രവര്‍ത്തകനാണ് കരിക്ക് ചെത്തുന്ന ലാഘവത്തോടെ ഫഹദിന്റെ കൊച്ചുതല കുത്തിപ്പിളര്‍ന്നത്. നിരന്തരം ശശികലയുടെ പ്രസംഗം കേട്ട് ലഹരിപൂണ്ടിരുന്ന ഈ കൊലയാളിക്ക് 'മാനസികരോഗി' എന്ന പരിഗണന നല്‍കി സംഘപരിവാരത്തെ രക്ഷിക്കുകയായിരുന്നു യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തെ പോലീസ്. അന്നത്തെ ആഭ്യന്തരമന്ത്രി അതിനെ പരസ്യമായി ന്യായീകരിക്കുകയും ചെയ്തു. അതിലൊന്നും അതിശയമില്ല. എന്നാല്‍, മനുഷ്യാവകാശത്തിനായുള്ള ശബ്ദങ്ങളെ പ്രചോദിപ്പിക്കാനാകാത്തവിധം കൊല്ലപ്പെടേണ്ടവനായി തീരാന്‍ മാത്രം പാപഭരിതമായ ജന്മമായിരുന്നോ നമുക്ക് കുഞ്ഞുഫഹദിന്റേത്? എവിടെയായിരുന്നു നമ്മള്‍ നമ്മുടെ അലോസരങ്ങളെ ഒളിപ്പിച്ചുവെച്ചത്?

ശിവപ്രസാദ് എന്ന ചെറുപ്പക്കാരന്‍ ഇന്നും തിരുവനന്തപുരത്ത് ജീവിച്ചിരിപ്പുണ്ട്. ഒരുപക്ഷേ അവന്റെ സ്മൃതിമണ്ഡപത്തിനരികെ തലകുനിച്ച് ഞങ്ങള്‍ നിന്നേനെ. അതില്ലാതാക്കിയത് മകനെ കൊല്ലാന്‍ വന്ന ആര്‍ എസ് എസ് കാരെ തടഞ്ഞതിന് വെട്ടേറ്റ് വീണ നാരായണന്‍ നായരുടെ ജീവത്യാഗം. ശിവന്റെ അച്ഛന്‍ ഒരു പെറ്റികേസില്‍ പോലും പ്രതിയായിരുന്നില്ല. ഒരു രാഷ്ട്രീയ സംഘര്‍ഷത്തിലും പങ്ക് ചേര്‍ന്നിട്ടുമില്ല. എന്നിട്ടും കൊന്നു. കൊന്നവര്‍ക്ക് കൊല്ലാന്‍ എസ് എഫ് ഐ / സി പി ഐ എം എന്ന ലേബല്‍ മതിയായിരുന്നത്രേ. എങ്കിലും പ്രിയരേ, നമുക്ക് നിശബ്ദരാകുവാന്‍ എന്നു മുതലാള് അവ കാരണങ്ങളായിത്തീര്‍ന്നത്.?

കാരായി രാജനെയും ചന്ദ്രശേഖരനെയും അറിയാതിരിക്കാന്‍ വഴിയില്ല. കൊലപാതക രാഷ്ട്രീയത്തിന്റെ മുഖം കാരായി രാജനെന്ന മനുഷ്യനെ നോക്കി വരച്ച പ്രൈം ടൈമുകള്‍ അത്ര പെട്ടന്ന് മറവിയുടെ കടലെടുക്കില്ല. നാട് കടത്തപ്പെട്ടവനാണ്. ഒരു വര്‍ഷത്തോളം ജയില്‍ വാസം. അതിനു ശേഷം കഴിഞ്ഞ നാല് വര്‍ഷത്തോളമായി ജന്മനാട്ടിലേക്ക് പോകാന്‍ അനുവധിക്കാതെ നീളുന്ന ശിക്ഷ. കൊലക്കേസിലെ പ്രതികളാണ്. കൊല്ലപ്പെട്ടത് തലശേരിയിലെ എന്‍ ഡി എഫ് പ്രവര്‍ത്തകന്‍ ഫസല്‍. ആര്‍ എസ് എസുകാരാണ് കൊലയ്കുപിന്നില്‍ എന്നാണ് ഫസല്‍ കൊല്ലപ്പെട്ടയുടനെ എന്‍ ഡി എഫ് നേതൃത്വം പറഞ്ഞത്. ഏതോ പാതിരാചര്‍ച്ചയുടെ തന്ത്രങ്ങള്‍ക്കപ്പുറം പ്രതിസ്ഥാനത്തേക്ക് സി പി ഐ എം വന്നു. കാരായിമാരെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. ഇനി നമുക്കാര്‍ക്കും ചര്‍ച്ച ചെയ്യാന്‍ മനസ്സുവരാത്ത ഇതിന്റെ ബാക്കി പറയാം. കണ്ണൂര്‍ ജില്ലയിലെ സംഘപരിവാരത്തിനകത്ത് ഉണ്ടായ പൊട്ടിത്തെറിയുടെ ഭാഗമായി ഫസലിനെ കൊന്നവരുടെ പേരു വിവരങ്ങള്‍ ഉള്‍പ്പടെ മുന്‍കാല ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. അതിലും നിന്നില്ല, കൊലയാളിസംഘത്തില്‍ ഉണ്ടായിരുന്നവന്‍ തന്റെ പങ്ക് സമ്മതിക്കുന്ന തെളിവുകള്‍ പുറത്തുവന്നു. പുനരന്വേഷണത്തിന് ഉത്തരവിടാന്‍ അന്നത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തയാറായില്ല. ഇത്രയെല്ലാമായിട്ടും, കൊന്നവര്‍ തന്നെ സമ്മതിച്ചിട്ടും പുനരന്വേഷണം എന്ന വാക്കു പോലും പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം ഇതുവരെ ഉച്ചരിച്ചിട്ടില്ല. നമ്മള്‍ എന്തു ചെയ്യുകയാണ്? എത്രയെളുപ്പമാണ് നമ്മള്‍ ചിലകാര്യങ്ങളില്‍ അലോസരപ്പെടാതിരിക്കാന്‍ തീരുമാനിക്കുന്നത്? നിശബ്ദതയുടെ തിരഞ്ഞെടുപ്പുകള്‍ക്ക് എന്തു വേഗം.

ഒറ്റയ്ക്ക് പിടിച്ച് പോലീസ് വാഹനത്തിലിട്ട് കൂട്ടം കൂടിയടിക്കുന്നതിന്റെ വേദന ദില്ലിയില്‍ വച്ച് ഞാന്‍ അറിഞ്ഞിട്ടുണ്ട്. നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാത്തവിധം ശരീരം തകര്‍ന്ന് പോലീസുകാരാല്‍ തൂക്കിയെടുത്ത് കൊണ്ടുപോകപ്പെട്ട വി കെ നിഷാദ് എന്ന് പയ്യന്നൂരുകാരനെ വി ടി ബല്‍റാം എങ്ങനെ കാണാനാണ്. പയ്യന്നൂര്‍ കോളേജിനകത്തുവച്ച് ആദ്യം നിഷാദിനെ അടിച്ചു ചതച്ചു. അതുകഴിഞ്ഞ് ഒറ്റയ്ക്കൊരു വാഹനത്തിലിട്ട് സ്റ്റേഷന്‍ എത്തും വരെ കൂട്ടം ചേര്‍ന്ന് എല്ലെണ്ണിനുറുക്കി. പിന്നെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. നേരമൊക്കുമ്പോള്‍ വാ, സ്നേഹിക്കാന്‍ മനസ്സുവരുന്നില്ലേല്‍ വേണ്ട കോടതി നിരപരാധിയെന്ന് കണ്ട് കാപ്പ ഒഴിവാക്കിയ നിഷാദിനൊപ്പം ഒരു ചായ കുടിക്കാം. അവനും തോന്നട്ടെ, മനുഷ്യാവകാശത്തിന്റെ പരിധിയില്‍ ഒരിടം അവനും ഉണ്ടെന്ന്. മുപ്പത് വയസ്സിനിടെ മുന്നൂറ് ദിവസത്തിലധികം അവന്‍ ഉറങ്ങിയത് ഇരുമ്പഴിക്കുള്ളിലായിരുന്നത്രേ.

ഇന്ത്യയില്‍ ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ ജയിലില്‍ അടക്കപ്പെട്ട അഞ്ച് വര്‍ഷങ്ങളാണ് പിന്നിട്ടത്. അടിയന്തിരാവസ്ഥയേക്കാള്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍, പെണ്‍കുട്ടികള്‍ ഉള്‍പ്പടെ കഴിഞ്ഞ കോണ്‍ഗ്രസ് ഭരണകാലത്ത് കേരളത്തില്‍ ജയിലിലുണ്ടായിരുന്നെന്ന് പേരു വച്ച് കണക്ക് നിരത്താന്‍ എനിക്കാവും. നമ്മള്‍ അത് കണ്ടില്ല, ജനാധിപത്യം സൌകര്യത്തിനനുസരിച്ച് ഖദറില്‍ പുരട്ടി നാട്ടിലിറങ്ങുന്ന നാടകക്കാരനെ ഒരു ചോദ്യം കൊണ്ട് പോലും ഉപദ്രവിച്ചില്ല. സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കുനേരെ വെടിവെച്ചിരുന്നു. അപ്പഴും വെടിയുണ്ടയ്ക്കുപോലും തൊടാന്‍ പറ്റാത്ത വിധം നമ്മള്‍ മരവിച്ചുനിന്നു.


കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗര്‍ഭിണിയായ ആദിവാസി യുവതിയെ തടവിലിട്ടതും കുഞ്ഞ് മരിച്ചുപോയതും എന്തിന് നമ്മള്‍ ഓര്‍ത്തിരിക്കണം അല്ലേ? കോണ്‍ഗ്രസിന്റെ ഭരണകാലത്താണ്, ഭൂസമരത്തില്‍ പങ്കെടുത്തതിനാലാണ്, കമ്യൂണിസ്റ്റുകാര്‍ക്കൊപ്പം ചേര്‍ന്നതിനാണ്. ശൂലമുനയില്‍ ഗര്‍ഭസ്ഥശിശുവിനെ കോര്‍ത്തതുമാത്രം ബല്‍റാം പറയും. ജയില്‍ മുറിയില്‍ കൊല്ലപ്പെട്ട ആദിവാസിക്കുഞ്ഞിനെക്കുറിച്ച് ചോദിക്കരുത്. നമുക്കെന്തേ പ്രബുദ്ധ കേരളത്തിന്റെ കലണ്ടറില്‍ ആ കുഞ്ഞ് മരിച്ച ദിവസത്തെ ഒരു കറുത്ത മഷികൊണ്ട് രേഖപ്പെടുത്താനായില്ല? പ്രിയരേ, ഏതെല്ലാം പാതാളങ്ങളിലാണ് നമ്മിലെ രോഷത്തെ അന്നെല്ലാം നാം കുഴിച്ചുമൂടിയത്?

ജനാധിപത്യവേട്ടയാല്‍ ലഹരിപിടിച്ചിരിക്കുന്ന കേരളത്തിലെ തെമ്മാടിപ്പോലീസിനെതിരെ കലാപം നടത്തേണ്ട കാലം എന്നേ അതിക്രമിച്ചതാണ്. കഴിഞ്ഞ സര്‍ക്കാര്‍ അതിനെ അതിന്റെ എല്ലാ പ്രതിലോമതയോടും ഉപയോഗിക്കുകയായിരുന്നു. അതിന്റെ എല്ലാ വേട്ടകളെയും കൈയ്യടിച്ചു പാസാക്കുകയായിരുന്നു. യു എ പി എ പ്രയോഗിക്കപ്പെട്ടവരില്‍ സഖാവ് പി ജയരാജനും ഉള്‍പ്പെടും. ഒച്ചവയ്ക്കുന്നത് മോശമാണെന്ന് കരുതിയവര്‍ പലരും ഇതൊന്നും അത്ര വല്യ ഇഷ്യുവല്ലെന്ന് ഉറപ്പിച്ചു.

പോലീസ് മാറിയിട്ടില്ല. സമയമുണ്ടെങ്കില്‍ നമുക്കൊന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പോകാം. എന്റെ ഒരു സഹപാഠി ഒരു കൊലക്കേസില്‍ അവിടെ തടവിലാണ്. ആര്‍ എസ് എസ് കാര്‍ മെനഞ്ഞ കള്ളക്കഥ. നിരപരാധിയെന്ന് തെളിയിക്കപ്പെട്ട് അവന്‍ പുറത്തിറങ്ങുന്ന ദിവസത്തേക്കായി ഒരു മുദ്രാവാക്യമെങ്കിലും കാത്തുവെക്കാന്‍ നമ്മിലെത്രപേരുണ്ടാകും? പോലീസിന്റെ അടിയേറ്റ് ചോരവാര്‍ന്നൊലിക്കുന്ന എസ് എഫ് ഐ യുടെ കാസര്‍ഗ്ഗോഡ് ജില്ലാ സെക്രട്ടറിയുടെ മുഖം ആഴ്ചകള്‍ക്ക് മുന്‍പ് ചിലരെങ്കിലും കണ്ടിട്ടുണ്ടാകണം. കഴിഞ്ഞ ദിവസം സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ കണ്ണടിച്ചു തകര്‍ത്തതും ഇതേ പോലീസ്. ് കമല്‍ സി ചവറയ്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുവാനുള്ള നീക്കം പോലീസ് ഗുണ്ടായിസത്തില്‍ കുറഞ്ഞ ഒന്നുമല്ല. എഴുതാനും വരക്കാനുമൊന്നും ഏമാന്മാരുടെ അനുവാദം കാത്ത് കിടക്കാനാകില്ല. കമലിനു നേരെ അപമര്യാദയായി പെരുമാറിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കണം. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അനുമതിയോടെ ആരംഭിച്ചതാണ് നദിക്കെതിരായ വേട്ട. അത് അവസാനിപ്പിക്കണം. മുതലെടുപ്പിന് ഒരു പോലീസ് ഉദ്യോഗസ്ഥനും ധൈര്യം വരരുത്. കേരള പോലീസിനെ ബാധിച്ചിരിക്കുന്നത് ജനാധിപത്യ വിരുദ്ധതയുടെ മനോരോഗമാണ്. ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമായി തന്നെ പോലീസ് തുടരും. അതിനെ അടക്കിനിര്‍ത്തുവാന്‍ ഒരു സംസ്ഥാന സര്‍ക്കാറിന് സാധിക്കണം. യു എ പി എ ചുമത്തില്ല എന്നതുള്‍പ്പടെയുള്ള നയങ്ങള്‍ പുരോഗമനപരമാണ്. പോലീസ് വിവേചനരഹിതമായി ചാര്‍ത്തിയ രാജ്യദ്രോഹകുറ്റം ഉള്‍പ്പടെ പിന്‍വലിപ്പിക്കാനുള്ള നീക്കം മര്യാദയാണ്. എന്നാല്‍ അവിടെയും അവസാനിപ്പിക്കരുത്. കാക്കിക്കടിയില്‍ കാവിയണിഞ്ഞവര്‍ ചിലരെങ്കിലും ഇപ്പഴും സേനയില്‍ ഉണ്ട്. മനുഷ്യാവകാശമെന്ന് അക്ഷരം തെറ്റാതെ എഴുതാന്‍ പോലും ശീലിച്ചിട്ടില്ലാത്തവര്‍. അവര്‍ക്ക് അഴിഞ്ഞാടാനുള്ള നാടാവരുത് കേരളം. പ്രതിരോധത്തിന്റെ നേതൃത്വമാകണം ഇടതുപക്ഷ സര്‍ക്കാര്‍. തരവും തക്കവും നോക്കിമാത്രം മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കില്ല. സ്വാതന്ത്രം അപഹരിക്കപ്പെടുന്ന എല്ലാവര്‍ക്കുമൊപ്പമാണ്. നദിയെന്നും കമല്‍ സി ചാവറയെന്നും അതിന് വിവേചനമില്ല. കാരായി രാജന്‍ എന്ന് കേള്‍ക്കുമ്പോള്‍ അത് ഒളിയിടം തേടി പോവുകയുമില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top