21 June Friday

കെ റെയിലിനെ അനുകൂലിക്കുന്നത് അടിസ്ഥാന മനുഷ്യനെന്ന നിലയിൽ; കവി എസ്‌ ജോസഫ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

കൊച്ചി> കെ റെയിലിനെ, മെട്രോ സൗകര്യങ്ങളെ, അതുപോലുള്ള ചില കാര്യങ്ങളെ അനുകൂലിക്കുന്നത് ഒരു അടിസ്ഥാന മനുഷ്യൻ എന്ന നിലയിലാണെന്ന്‌ കവി എസ്‌ ജോസഫ്‌. കെ റെയിലിനെ അനുകൂലിച്ച് ഫെയ്‌ബുക്കില്‍ ആദ്യം എഴുതിയ കുറിപ്പ്  വിശദീകരിച്ചുകൊണ്ട്‌ ചെയ്‌ത പോസ്റ്റിലാണ്‌ എസ്‌ ജോസഫ്‌ നിലപാട്‌ വ്യക്തമാക്കിയത്‌.

അടിസ്ഥാന മനുഷ്യരെ മുന്നോട്ട് അല്പമെങ്കിലും കൊണ്ടുപോയിട്ടുള്ളത് മീൻസ് ഓഫ് കമ്യൂണിക്കേഷനും മീൻസ് ഓഫ് കൺവെയൻസുമാണ്. ഈ രണ്ടു കാര്യങ്ങൾ പാവങ്ങളുടെ അവസ്ഥയെ കുറേയെങ്കിലും മെച്ചപ്പെടുത്തിയേക്കാം. ഉറപ്പൊന്നുമില്ല. പക്ഷേ എന്നേയും എന്നേ പോലുള്ളവരേയും നിരന്തരം പാർശ്വവൽക്കരിക്കുന്നവരോട് ഞാൻ ഇതല്ലാതെ മറ്റെന്ത് പറയാനാണ് - കവി ചോദിക്കുന്നു.
 
എസ്‌ ജോസഫിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണ രൂപം

കെ. റെയിലിനെ , മെട്രോ സൗകര്യങ്ങളെ , അതുപോലുള്ള ചില കാര്യങ്ങളെ  ഞാൻ അനുകൂലിക്കുന്നത് ഒരു അടിസ്ഥാനമനുഷ്യൻ എന്ന നിലയിലാണ്. 16 വിമാനങ്ങളിൽ കവിതയുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്താൽ ഞാൻ യാത്ര ചെയ്തിട്ടുണ്ട്. ട്രെയിൻ യാത്രകൾ ,ബസ് യാത്രകൾ വേറെ. ഈ സൗകര്യങ്ങളാണ് എന്നെ കവിയെന്ന നിലയിൽ വളരാൻ കുറേ സഹായിച്ചിട്ടുള്ളത്.

ആർനോൾഡ് ടോയിൻബി പറയുന്ന സഞ്ചാര മാർഗം ഇതാണ്. കപ്പലിൽ ഞാൻ പോയിട്ടില്ല.
ഇംഗ്ലീഷ് സംസാരിക്കാൻ ഇപ്പോഴും പ്രയാസമുളള എന്നെ പാഴ്ഭൂമി എന്ന എലിയറ്റിന്റെ കടിച്ചാൽ പൊട്ടാത്ത  കവിത വിവർത്തനം ചെയ്യാൻ സഹായിക്കുന്നത് ഇന്റർനെറ്റാണ്. ഈ സൗകര്യങ്ങൾ മഹാ പണ്ഡിതനായ  അയ്യപ്പണിക്കർക്ക് ലഭിക്കാതെ വന്നുതുകൊണ്ടാണ് ആ വിവർത്തനം വായിച്ചാൽ നമുക്കൊന്നും മനസ്സിലാവാത്തത്. അജ്ഞേയതയെ പേടിക്കുന്നു ചിലർ ചിലർ വാഴ്ത്തി നടക്കുന്നു എന്ന് ഇടശ്ശേരി പറഞ്ഞത് വേസ്റ്റ് ലാന്റിനെക്കുറിച്ചല്ല. അങ്ങനെ തോന്നിപ്പോകാം എന്നു മാത്രം.

ഓൺലൈനിൽ ധാരാളം പുസ്തകങ്ങൾ ലഭ്യമായതു കൊണ്ടാണ് എനിക്ക് ജിപ്സി ചരിത്രവും ചിത്രകലാചരിത്രവും ശില്പകലാ ചരിത്രവും എഴുതാൻ സാധിച്ചത്. ടോയിൽബി പറയുന്ന ആശയ വിനിമയ മാർഗവും പ്രധാനമാണ്. കേരളത്തിലിരുന്നു കൊണ്ട് ലോകത്തുള്ള പലരുമായും കുറച്ചെങ്കിലും ഞാൻ സംവദിച്ചിട്ടുണ്ട്. എഫ്ബി, വാട്സ് ആപ്പ് ഒക്കെ വരുന്നതിനുമുമ്പ് ഈ മെയിലുകളിലൂടെയാണ് ഞാൻ സംവദിച്ചിരുന്നത്. അങ്ങനെയാണ് ഇന്ത്യയിൽ ചിലസ്ഥലങ്ങളിലെങ്കിലും പോയി  കവിത ചൊല്ലാൻ പറ്റിയത്.

ആശയവിനിമയം ഇല്ലെങ്കിൽ നമ്മൾ എന്തു ചെയ്യും. തൊണ്ണൂറുകളിൽ തന്നെ ഞാൻ അല്പം കമ്പ്യൂട്ടർ സാക്ഷരത നേടിയിരുന്നു. 2001 ൽ കമ്പ്യൂട്ടർ ഉപയോഗിച്ചു. ബ്രണ്ണനിലെ  ലൈബ്രറിയനായ രാമൻ നായർ സാറാണ് കുറച്ചു കാര്യങ്ങൾ പറഞ്ഞു തന്നത്. 2005-ൽ ഒരു കമ്പ്യൂട്ടർ വാങ്ങി. അതിനു മുമ്പേ ഈ മെയിൽ ഉപയോഗിച്ചിരുന്നു. കേരളത്തിൽ താണ ജാതിക്കാരുടെ ജീവിതം, ദരിദ്രരുടെ ജീവിതം അങ്ങനെയല്ലാത്തവർക്ക് മനസിലാവില്ല. ഞാനത് അനുഭവിച്ചിട്ടുണ്ട്. എന്നേപ്പോലുള്ളവർക്ക് നഷ്ടപ്പെടാൻ പേരിൽ വാലില്ല. മതം നഷ്ടപ്പെട്ടാൽ ഒന്നുമില്ല. ജാതി നഷ്ടപ്പെട്ടാൽ ഏറെ സന്തോഷം.

അടിസ്ഥാന മനുഷ്യരെ മുന്നോട്ട് അല്പമെങ്കിലും കൊണ്ടുപോയിട്ടുള്ളത് മീൻസ് ഓഫ് കമ്യൂണിക്കേഷനും മീൻസ് ഓഫ് കൺ വെയൻസുമാണ്. ഈ രണ്ടു കാര്യങ്ങൾ പാവങ്ങളുടെ അവസ്ഥയെ കുറേയെങ്കിലും മെച്ചപ്പെടുത്തിയേക്കാം. ഉറപ്പൊന്നുമില്ല. പക്ഷേ എന്നേയും എന്നേ പോലുള്ളവരേയും നിരന്തരം പാർശ്വവൽക്കരിക്കുന്നവരോട് ഞാൻ ഇതല്ലാതെ മറ്റെന്ത് പറയാനാണ്?


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top