27 March Monday

'പുതിയ കാലത്ത് പേരിനു പിന്നിലെ മതം ചികഞ്ഞുള്ള ഗവേഷണമാണ് സംഘപരിവാറിന്റെ മുഖ്യ അജണ്ട'; മാധ്യമപ്രവര്‍ത്തകരെ വര്‍ഗീയമായി ആക്ഷേപിക്കുന്ന സംഘപരിവാറിനെ രൂക്ഷമായി വിമര്‍ശിച്ച് പി എം മനോജ്

വെബ് ഡെസ്‌ക്‌Updated: Thursday Nov 30, 2017

കൊച്ചി > സാമൂഹ്യമാധ്യമങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ വര്‍ഗീയമായി ആക്ഷേപിക്കുന്ന സംഘപരിവാര്‍ ശ്രമത്തെ രൂക്ഷമായി വിമര്‍ശിച്ച് ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പി എം മനോജ്. സംഘപരിവാര്‍ രാഷ്ട്രീയത്തെ തുറന്നു കാട്ടാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞു പിടിച്ചു ആക്രമിക്കുകയാണ്‌, ഇതിനു വേണ്ടി മാധ്യമപ്രവര്‍ത്തകരുടെ മതം ചികഞ്ഞുള്ള ഗവേഷണമാണ് സംഘപരിവാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് കാര്യങ്ങള്‍ പറയുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

അനശ്വര നടന്‍ സത്യന്റെ പേര് മാനുവേല്‍ സത്യനേശന്‍ നാടാര്‍ ആണ് എന്ന് ഇപ്പോള്‍ നമുക്കറിയാം. പക്ഷെ ആ പേര് തേടി ആരും പോയിരുന്നില്ല.
പ്രേം നസീര്‍ അബ്ദുള്‍ ഖാദര്‍ ആണ് എന്നോ ഷീല ആന്റണിയുടെയും ഗ്രേസിയുടെയും മകള്‍ ഷീല സെലിന്‍ ആണ് എന്നോ ഒരുത്തനും അന്വേഷിച്ചു കണ്ടെത്തി അവരെ അങ്ങനെ വിളിച്ചിരുന്നില്ല. പ്രമുഖ നടി ജയഭാരതി ഹരി പോത്തനെയും ആ ബന്ധം വേര്‍പിരിഞ്ഞ ശേഷം സത്താറിനെയും വിവാഹം ചെയ്തപ്പോള്‍ അവരുടെ മതം പറഞ്ഞുള്ള ചര്‍ച്ച ഒരിക്കലും കേരളത്തില്‍ ഉയര്‍ന്നിരുന്നില്ല.

മുംബൈയിലെ പാര്‍സി കുടുംബത്തില്‍ ജനിച്ച ഫിറോസ് ഗാന്ധി ഇന്ദിര പ്രിയദര്‍ശിനിയെ വിവാഹം ചെയ്തപ്പോഴോ അവരുടെ മകന്‍ സോണിയയെ വിവാഹം ചെയ്തപ്പോഴോ മതം പറഞ്ഞു വിവാദം സൃഷ്ടിക്കാന്‍ ഇന്ത്യയില്‍ ഒരു ശക്തിയും താല്പര്യപ്പെട്ടിരുന്നില്ല.
പുതിയ കാലത്ത് പേരിനു പിന്നിലെ മതം ചികഞ്ഞുള്ള ഗവേഷണമാണ് സംഘപരിവാറിന്റെ ഒരജണ്ട. മനുഷ്യന്റെ പേരിനും മതം വേണം എന്നാണു നിബന്ധന.

താന്‍ സ്വയം തെരഞ്ഞെടുക്കുന്നതെന്തോ അതാണ് തന്റെ പേര്, അങ്ങനെയാണ് താന്‍ വിളിക്കപ്പെടേണ്ടത് എന്നു തീരുമാനിക്കാനുള്ള പൗരന്റെ അവകാശത്തിന്മേലാണ് കടന്നു കയറ്റം.
ആര്‍ എസ് എസിനെതിരെ ശബ്ദിക്കാന്‍, സംഘത്തെ അലോസരപ്പെടുത്തുന്ന വിഷയങ്ങള്‍ സ്പര്‍ശിക്കാന്‍ 'അഹിന്ദു'ക്കള്‍ക്കു അവകാശമില്ല എന്ന പ്രഖ്യാപനമാണ് പുതിയ ബഹളത്തിന്റെ കാതല്‍. മത നിരപേക്ഷതയുടെ കഴുത്തിലാണ് കത്തി വെക്കുന്നത്.

സംഘപരിവാറിന്റെ രാഷ്ട്രീയത്തെ തുറന്നു കാട്ടാന്‍ ശ്രമിക്കാറുള്ള മാധ്യമ പ്രവര്‍ത്തകരെ തെരഞ്ഞു പിടിച്ചു ആക്രമിക്കുന്നതിന്റെ ഒരുദാഹരണമായിരുന്നു ഏഷ്യാനെറ്റിലെ മാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെതിരായ സംഘടിത ആക്രമണം. ഷാഹിന നഫീസയും അതേ മാതൃകയിലുള്ള ആക്രമണം നേരിട്ടു. ഇപ്പോഴിതാ, ഷാനി പ്രഭാകറിനെതിരെ തിരിഞ്ഞിരിക്കുന്നു. ഇവരൊന്നും സി പി ഐ എമ്മിനെയോ ഇടതു പക്ഷത്തെയോ വിമര്‍ശനത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരല്ല. അതി ശക്തമായ ആക്ഷേപവും ആക്രമണവും സി പി ഐ എമ്മിന് നേരെ എല്ലാ ഘട്ടത്തിലും നടത്താറുള്ളവര്‍ തന്നെയാണ്. അതിന്റെ പേരില്‍ വിമര്ശിക്കപ്പെട്ടിട്ടും ഉണ്ട്.

ഇന്നുണ്ടാകുന്നത്, മാധ്യമ പ്രവര്‍ത്തകരെ ഒറ്റതിരിച്ചു ഭീഷണിപ്പെടുത്തിയും മതം പറഞ്ഞു കീഴ്‌പ്പെടുത്തിയും നാവടക്കാനുള്ള ആസൂത്രിത നീക്കമാണ്. അത് സംഘടിതമാണ്. അതിനു പിന്നില്‍ 'സംഘ ശക്തി' ഉണ്ട്.
മൈക്കും കൊണ്ട് ഇടിച്ചു ചെന്ന് ദേഹത്തു കുത്തി നടത്തുന്ന മാധ്യമ പ്രവര്‍ത്തനത്തിനോട് മാറി നില്‍ക്കാന്‍ പറയുന്ന ശൈലി അംഗീകരിക്കില്ലെന്ന് ഒരു പത്ര പ്രവര്‍ത്തക നേതാവ് 'പ്രഖ്യാപിക്കുന്നതു' കേട്ടു.

ഷാഹിന വേട്ടയാടപ്പെടുമ്പോള്‍ ഒരു ചെറുവിരല്‍ അനക്കാന്‍ മടിച്ച, വനിതാ മാധ്യമ പ്രവര്‍ത്തകരെ വര്‍ഗീയ ശക്തികള്‍ വളഞ്ഞിട്ടാക്രമിക്കുമ്പോള്‍ തൊണ്ടയില്‍ തൊണ്ടു കയറ്റി വെക്കുന്ന താങ്കളുടെയൊന്നും അംഗീകാരം അധികം ആരും സ്വീകരിക്കാത്തതാണ് നല്ലത്. ഈ മേഖല പിന്നെയും കെട്ടു പോകും.

സോഷ്യല്‍ മീഡിയയില്‍ മാധ്യമപ്രവര്‍ത്തകരെ വര്‍ഗീയമായി ആക്ഷേപിക്കുന്ന രീതിയെ അപലപിക്കാനും എതിര്‍ക്കാനും തോല്‍പ്പിക്കാനും കെല്‍പ്പുള്ള മത നിരപേക്ഷ വര്‍ഗീയ വിരുദ്ധ സമൂഹം ഈ കേരളത്തില്‍ ഉണ്ട്. ആര്‍ എസ് എസിന്റെ ആക്രമണത്തെ വിമര്‍ശിക്കാന്‍ കമാല്‍ വരദൂരിനു എന്ത് കാര്യം എന്ന ചോദ്യം ആ സമൂഹത്തില്‍ ഉയരില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top