25 April Thursday

'അക്രമങ്ങള്‍ ഇവര്‍ക്ക് ജനാധിപത്യ പ്രതിഷേധമാണ്, വിദ്വേഷപ്രസംഗങ്ങള്‍ നിയതമായ അഭിപ്രായപ്രകടനങ്ങളും'; അമല്‍ ദാസ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Sunday May 1, 2022

'രാജ്യത്തിന്റെ പുരോഗതിക്ക് തടസം നില്‍ക്കുന്നത് ഞങ്ങളല്ല ഇവിടുത്തെ ന്യൂനപക്ഷവും സംഘടിത ഇടതുപക്ഷവും തൊഴിലാളി വര്‍ഗവുമാണെന്ന് അവര്‍ അലറിവിളിക്കും.രാഷ്ട്രീയത്തിന്റെ ഈ lumpenisation ( ക്രിമിനല്‍ വിഘടനം) നിയോലിബറല്‍ അല്ലെങ്കില്‍ തീവ്രമുതലാളിത്ത കാലത്തിന്റെ പ്രത്യേകത കൂടിയാണെന്നാണ് ഐജാസ് അഹ്മദ് പറയുന്നത് (Aijaz Ahmad, Liberal Democracy and Extreme Right) . കൂടിയ അളവിലുള്ള തൊഴിലില്ലായ്‌മയും, ചൂഷണവും, സ്ഥിരം തൊഴിലുകളുടെ അഭാവവും, സ്വകാര്യമേഖലയുടെ കയ്യേറ്റവും വലിയ അളവിലുള്ള അരക്ഷിതബോധം സൃഷ്ടിക്കുന്നു'  - അമല്‍ ദാസ് എഴുതുന്നു

 ഫേസ്‌ബുക്ക് കുറിപ്പ്

ലിബറല്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകങ്ങളായാണ് അഭിപ്രായം പറയാനും സംഘടിതമായി എതിര്‍ക്കാനുമുള്ള അവകാശങ്ങളെ പറയാറ്. തീവ്രമുതലാളിത്ത കാലത്തെ ഫാസിസ്റ്റ് വലതുപക്ഷം ഈ രണ്ട് സംഗതികളെ  തങ്ങളുടെ പ്രത്യയശാസ്ത്ര മേല്‍ക്കോയ്മക്കും രാഷ്ട്രീയാധികാര ലബ്ധിക്കും വേണ്ടി വളച്ചൊടിക്കുന്നു. വിദ്വേഷ പ്രസംഗങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനനുസൃതമായി നിലനില്‍ക്കുന്ന സാദാ അഭിപ്രായപ്രകടനമായി വ്യാഖ്യാനിക്കപ്പെടും. എതിര്‍ സ്വരങ്ങള്‍ക്ക് നേരെ ഉയര്‍ത്തുന്ന കൊലവിളികളും അക്രമങ്ങളും, പ്രകോപനങ്ങള്‍ക്ക് നേരെയുള്ള പ്രതിഷേധമായി മാത്രം കാണണം. ഇതിനായി സംഘപരിവാരം (തീവ്ര വലതുപക്ഷം പൊതുവില്‍) തെരുവിലിറക്കുന്ന ജനക്കൂട്ടം ജനാധിപത്യത്തില്‍ അനുവദനീയമായ പ്രതിഷേധ കൂട്ടായ്മകളാണത്രെ.

 കൊളോണിയല്‍ കാലം മുതല്‍ നിലവിലുള്ള പ്രാകൃത നിയമങ്ങള്‍- രാജ്യദ്രോഹം, സുരക്ഷ- ഉപയോഗിച്ച് വിമര്‍ശനമുയര്‍ത്തുന്നവരെയും രാഷ്ട്രീയ പാര്‍ട്ടികളെയും നേരിടുന്നത് നിയമവാഴ്ച മാത്രമാവും. കലാപങ്ങള്‍ അഴിച്ചുവിടുമ്പോള്‍ അധികാരത്തിലിരിക്കുന്ന സംഘ് നേതാക്കള്‍ മിണ്ടാതിരിക്കുന്നത് പൊതുസമാധാനം മുന്നില്‍ക്കണ്ടാണെന്ന വാദം സ്വീകാര്യത നേടുന്നു... ഇതൊക്കെ നമ്മുടെ നിത്യ യാഥാര്‍ഥ്യങ്ങളാണല്ലോ. പിസി ജോര്‍ജ് സംഭവവും ബിജെപി അധ്യക്ഷന്റെ പ്രസ്താവനയും പുതിയ എപ്പിസോഡ് മാത്രം.

ലിബറല്‍ രാഷ്ട്രീയത്തില്‍ തീവ്രവലതുപക്ഷം ഇടപെടുന്നത് നിയമം കയ്യിലെടുക്കുന്ന, സൗകര്യപ്രദമായി അതിനെ വളച്ചൊടിക്കുന്ന ഇത്തരം vigilante public ന്റെ സൃഷ്ടി വഴിയാണെന്ന് ശകുന്തള ബാനാജിയെ പോലുള്ളവരുടെ പഠനങ്ങള്‍ (Shakuntala Banaji, Vigilante Publics: Orientalism, Modernity and Hindutva Fascism in India) പറയുന്നു.  

അക്രമങ്ങള്‍ ഇവര്‍ക്ക് ജനാധിപത്യ പ്രതിഷേധമാണ്. വര്‍ഗീയ വിഷം ചീറ്റുന്ന വിദ്വേഷപ്രസംഗങ്ങള്‍ നിയതമായ അഭിപ്രായപ്രകടനങ്ങളും. വികസനം, സാങ്കേതികവിദ്യയിലൂന്നിയ പുത്തന്‍ വിവര വിനിമയങ്ങള്‍ (വാട്‌സാപ്, ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്) ഒക്കെ മുന്നില്‍ കാട്ടി ഞങ്ങളും ആധുനിക ജനാധിപത്യവാദികളാണെന്ന് ഇവര്‍ വാദിക്കുന്നു. രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സം നില്‍ക്കുന്നത് ഞങ്ങളല്ല ഇവിടുത്തെ ന്യൂനപക്ഷവും സംഘടിത ഇടതുപക്ഷവും തൊഴിലാളി വര്‍ഗ്ഗവുമാണെന്ന് അവര്‍ അലറിവിളിക്കും.

രാഷ്ട്രീയത്തിന്റെ ഈ lumpenisation ( ക്രിമിനല്‍ വിഘടനം) നിയോലിബറല്‍ അല്ലെങ്കില്‍ തീവ്രമുതലാളിത്ത കാലത്തിന്റെ പ്രത്യേകത കൂടിയാണെന്നാണ് ഐജാസ് അഹ്മദ് പറയുന്നത് (Aijaz Ahmad, Liberal Democracy and Extreme Right) . കൂടിയ അളവിലുള്ള തൊഴിലില്ലായ്മയും, ചൂഷണവും, സ്ഥിരം തൊഴിലുകളുടെ അഭാവവും, സ്വകാര്യമേഖലയുടെ കയ്യേറ്റവും വലിയ അളവിലുള്ള അരക്ഷിതബോധം സൃഷ്ടിക്കുന്നു. നിലവിലെ തൊഴില്‍ സാധ്യതകള്‍ക്കപ്പുറം, നിയമ വ്യവസ്ഥക്കും സ്ഥാപിത രീതികള്‍ക്കും പുറമെയുള്ള അവസരങ്ങള്‍ പിടിച്ചെടുക്കാന്‍ ആളുകളെ ഈ അരക്ഷിതബോധം പ്രേരിപ്പിക്കും. വലിയ അളവിലുള്ള മത്സര മനോഭാവം തൊഴില്‍ മേഖലക്കകത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള സംഘാടനത്തെ ക്ഷീണിപ്പിക്കുന്നു.

 വര്‍ഗബോധത്തില്‍ അധിഷ്ഠിതമായ യൂണിയനുകള്‍ക്ക് പ്രസക്തി ഇല്ലാതാവും. പകരം ജാതി, മതം, വംശം പോലുള്ള വ്യംഗ്യാശയങ്ങള്‍ക്ക് പുറത്തുള്ള ഒഴുക്കന്‍ കൂട്ടായ്മകള്‍ രൂപപ്പെടുമത്രേ. അവ കേന്ദ്രീകൃതമായ സ്വഭാവമുള്ളതാവണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. പകരം ക്രിമിനല്‍ റാക്കറ്റ് രീതിയിലുള്ള അക്രമ സ്വഭാവം ഇവക്ക് കൈവരുന്നു. തീവ്രവലതുപക്ഷം ഇത്തരം ഗ്രൂപ്പുകളെ തങ്ങളുടെ പ്രത്യയശാസ്ത്രമേല്‍ക്കോയ്മ നിലനിര്‍ത്താനുള്ള ഉപകരണങ്ങളായി ഉപയോഗിക്കുകയും ചെയ്യും.

പതിറ്റാണ്ടുകള്‍ കൊണ്ട് നേടിയെടുത്ത തങ്ങളുടെ ഈ മേല്‍ക്കോയ്മയെ രാഷ്ട്രീയ വിളവെടുപ്പിനായി ഉപയോഗിക്കുകയാണ് സംഘപരിവാരം. തീവ്രമുതലാളിത്തത്തിന്റെ മൂലധന ഒഴുക്കിന് തടസം നില്‍ക്കാത്ത ഒരു രാഷ്ട്രീയ സമൂഹമാണ് അവരുടെ ലക്ഷ്യം. ഇന്ത്യയില്‍ മറ്റിടങ്ങളില്‍ എല്ലാം അവരതില്‍ വിജയിച്ചതായി കാണാം. കേരളമാണ് അതിനൊരു തടസ്സം. അബ്‌സ്ട്രാക്ട് ആയൊരു നവോത്ഥാന മതനിരപേക്ഷ സമൂഹമായതുകൊണ്ട് മാത്രമല്ല കേരളം ഒരു മാതൃകയാവുന്നത്. സംഘടിത ഇടതുപക്ഷത്തിന്റെയും തൊഴിലാളി, കര്‍ഷക സംഘടനകളുടെയും കരുത്തുറ്റ ചെറുത്തുനില്‍പ്പാണതിന് പിന്നിലെ പ്രധാന കാരണം.

വിദ്വേഷ പ്രസംഗങ്ങളും കൊലവിളികളും വഴി ഇന്ന് കേരളത്തില്‍  വര്‍ഗീയ ചേരിതിരിവുകളുണ്ടാക്കാന്‍ തീവ്രവലതുപക്ഷം (സംഘപരിവാരവും ന്യൂനപക്ഷ വര്‍ഗീയവാദികളും) കിണഞ്ഞു പരിശ്രമിക്കുകയാണ്. അതിനെതിരെ ഇടതുപക്ഷത്തോടൊപ്പം, സിപിഐമ്മിനൊപ്പം അണിചേരേണ്ടത് ഒരു രാഷ്ട്രീയ അനിവാര്യത തന്നെയാണ്.




ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top