29 May Wednesday

പന്തളത്തെ സഹോദരന്മാർ.... അശോകൻ ചരുവിൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Mar 8, 2021

എന്തുകൊണ്ടാണ് കോൺഗ്രസ്സ് നേതാക്കൾ അടപടലം ബിജെപിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്? അവരെയെല്ലാം ആകർഷിച്ചു കൊണ്ടുപോകാനുള്ള ബിജെപിയുടെ സാമർത്ഥ്യത്തിനു പുറമേ ഇക്കാര്യത്തിൽ കോൺഗ്രസ്സിൻ്റെ ഭാഗത്ത് എന്തെങ്കിലും ദൗർബല്യം ഉണ്ടോ?. സ്വന്തം സഹോദരനടക്കം ബിജെപിയിലേക്ക്‌ പോകുന്ന ഈ സന്ദർഭത്തിൽ ഇത്തരം ചില ചോദ്യങ്ങൾ പന്തളം സുധാകരനെ പോലുള്ളവരുടെ മനസ്സിൽ ഉണ്ടാവുന്നത് നന്നായിരിക്കുമെന്ന്‌  അശോകൻ ചരുവിൽ എഫ്‌ ബി പോസ്‌റ്റിൽ പറഞ്ഞു.  

പോസ്‌റ്റ്‌ ചുവടെ
കോൺഗ്രസ്സ് നേതാവ് അഡ്വ.പന്തളം പ്രതാപൻ ബിജെപിയിൽ ചേർന്നതിൽ നടുക്കവും വ്യസനവും രേഖപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിൻ്റെ സഹോദരനും മുതിർന്ന നേതാവുമായ ശ്രി.പന്തളം സുധാകരൻ Pandalam Sudhakaran എഴുതിയ പോസ്റ്റ് വായിച്ചു. ഒരാൾ കക്ഷി മാറുന്നതിനെ സഹോദരബന്ധം കൊണ്ട് തടയുക എളുപ്പമല്ല. ഇവിടെ പന്തളം സുധാകരൻ്റെ നിസ്സഹായാവസ്ഥ എല്ലാവർക്കും ബോധ്യമാകും.

പക്ഷേ ഈ സന്ദർഭത്തിൽ ചില ചോദ്യങ്ങൾ പന്തളം സുധാകരനെ പോലുള്ളവരുടെ മനസ്സിൽ ഉണ്ടാവുന്നത് നന്നായിരിക്കും. എന്തുകൊണ്ടാണ് കോൺഗ്രസ്സ് നേതാക്കൾ അടപടലം ബിജെപിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്? അവരെയെല്ലാം ആകർഷിച്ചു കൊണ്ടുപോകാനുള്ള ബിജെപിയുടെ സാമർത്ഥ്യത്തിനു പുറമേ ഇക്കാര്യത്തിൽ കോൺഗ്രസ്സിൻ്റെ ഭാഗത്ത് എന്തെങ്കിലും ദൗർബല്യം ഉണ്ടോ? രാജ്യത്ത് പ്രതിപക്ഷത്തെ ഒട്ടും വിശ്വസനീയതയില്ലാത്ത കക്ഷിയായി കോൺഗ്രസ്സ് മാറിയിരിക്കുന്ന പശ്ചാത്തലത്തിൽ ഈ ചോദ്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്.

ഇന്ത്യയിൽ ബിജെപിസർക്കാരിനെതിരെ ഉയർന്നു വരുന്ന മതേതര ജനാധിപത്യ മുന്നണിയിൽ കോൺഗ്രസ്സ് ഉൾപ്പെട്ടു കാണുമ്പോൾ ജനങ്ങൾ ഭയപ്പെട്ടു പിന്മാറുന്നു എന്ന അവസ്ഥ ഇന്നുണ്ട്. സാമാന്യ ജനങ്ങൾ അവരെ വിശ്വസിക്കുന്നില്ല. കേരളത്തിലാകട്ടെ കാലത്ത് ബിജെപി പറയുന്നത് വൈകുന്നേരം ഏറ്റുപറയുന്ന കക്ഷിയായി കോൺഗ്രസ്സ് അധ:പതിച്ചിരിക്കുന്നു. കമ്യൂണിസ്റ്റ് വിരോധത്തിൻ്റെ മാത്രം ബലത്തിൽ പ്രവർത്തിക്കുന്ന ഒരു കക്ഷിയിൽ നിന്ന് നേതാക്കളും പ്രവർത്തകരും ബിജെപിയിലേക്ക് ഒഴുകുന്നതിൽ ഒട്ടും അത്ഭുതമില്ല.

ബിജെപിയിൽ നിന്ന് തങ്ങൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു തെളിയിക്കാൻ കോൺഗ്രസ്സിനു കഴിയുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. ദേശീയപ്രസ്ഥാനം ഉയർത്തിപ്പിടിച്ച മതേതര ജനാധിപത്യ മൂല്യങ്ങളേയും ഭരണഘടനയേയും ചോദ്യം ചെയ്തുകൊണ്ട് മതരാഷ്ട്രവാദം ഉയർന്നു വരുമ്പോൾ അതിനെ ചോദ്യം ചെയ്യാനും എതിർക്കാനും എന്ത് ആശയവും നിലപാടുമാണ് കോൺഗ്രസ്സിനുള്ളത്? ബിജെപിയെ പ്രമോട്ടുചെയ്യുന്ന കോർപ്പറേറ്റു മൂലധനമേധാവിത്തത്തെ ഇന്ത്യയിൽ അവതരിപ്പിച്ചത് കോൺഗ്രസ്സ് പാർടിയുടെ ഭരണമാണ് എന്നത് മറന്നുകൂടാ. അക്കാര്യത്തിൽ എന്തെങ്കിലും നിലക്ക് സ്വയംവിമർശനം നടത്താനോ നിലപാട് തിരുത്താനോ ഇനിയും കോൺഗ്രസ്സ് തയ്യാറായിട്ടില്ല.

കർഷകരെയടക്കം കൊള്ളയടിക്കുന്ന കോർപ്പറേറ്റു മൂലധനത്തെയും അതിൻ്റെ ശിങ്കിടിയായി നിൽക്കുന്ന മതരാഷ്ട്രവാദ ശക്തികളേയും എതിർക്കണമെങ്കിൽ അതിനാവശ്യമായ ആശയപരമായ നിലപാട് വേണം. ബദൽ സമീപനങ്ങൾ മുന്നോട്ടു വെക്കണം. കുട്ടിക്കളി വിട്ട് ഉൾക്കാഴ്ച നേടുന്ന നേതൃത്തം വേണം. അതൊന്നും ഇല്ലാതെ വെറുതെ കുത്തിയിരുന്ന് കരഞ്ഞിട്ട് കാര്യമില്ല.

അവിടെയാണ് ഇന്ത്യയിലെ ഇടതുപക്ഷ പാർടികൾ വ്യത്യസ്തമാകുന്നത്. അതുകൊണ്ടാണ് അവർ നയിക്കുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് അത്യന്തം പ്രിയപ്പെട്ടതാവുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top