26 April Friday

പരീക്ഷ പേടി മറികടക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് നാമോ 'ടിപ്പ്‌സ്' നല്‍കിയ പ്രധാന മന്ത്രി സ്വന്തം ഉദ്യോഗസ്ഥര്‍ക്ക് ചോദ്യപേപ്പര്‍ ചോരാതെ സൂക്ഷിക്കാനുള്ള വിദ്യകളും പറഞ്ഞു കൊടുക്കണം: പി എ മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Friday Mar 30, 2018

കൊച്ചി > പരീക്ഷ പേടി മറികടക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് നാമോ 'ടിപ്പ്‌സ്' അച്ചടിച്ചു നല്‍കിയ പ്രധാന മന്ത്രി സ്വന്തം ഉദ്യോഗസ്ഥര്‍ക്ക് ചോദ്യപേപ്പര്‍ ചോരാതെ സൂക്ഷിക്കാനുള്ള ചെപ്പടി വിദ്യകളും പഠിപ്പിച്ചു നല്‍കണമെന്ന് ഡിവൈഎഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസ്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹം കുറിപ്പെഴുതിയിരിക്കുന്നത്.


ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ചോദ്യപേപ്പര്‍ ചോര്‍ന്ന പരീക്ഷ നേരിടാന്‍
എന്തിനാണ് സാര്‍ 'നാമോ ടിപ്പ്‌സ്' ?
  -പി എ മുഹമ്മദ് റിയാസ്

രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ സുപ്രധാന സ്ഥാപനമായ സെന്ററല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ (സിബിഎസ്ഇ) അതിന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വിശ്വാസ്ത്യത പ്രതിസന്ധി നേരിടുകയാണ്. വര്‍ഷാന്ത്യ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോരുകയും അത് സാമൂഹ്യ മാധ്യമങ്ങളിലൂടെയടക്കം പ്രചരിപ്പിക്കപ്പെടുകയും ചെയ്ത സംഭവം, സിബിഎസ്ഇ യെ സംബന്ധിച്ചിടത്തോളം കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും ഓരോ പരീക്ഷ വീതം മാറ്റിവച്ചിരിക്കുകയാണ് ബോര്‍ഡ്. എന്നാല്‍ ഈ പരീക്ഷകളുടെത് മാത്രമല്ല മറ്റു വിഷയങ്ങളുടെ ചോദ്യപേപ്പറുകളും ചോര്‍ന്നിട്ടുണ്ട് എന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഡെല്‍ഹിയിലെ ഒരു സ്വകാര്യ ട്യൂഷന്‍ സെന്റര്‍ ഉടമയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്കു പിന്നിലെന്നാണ് പോലീസിന്റെയും സര്‍ക്കാരിന്റെയും ഭാഷ്യം. എന്നാല്‍ ബോര്‍ഡിലെ ഉന്നതരുടെ ഒത്താശയിലാതെ ചോദ്യപേപ്പറുകള്‍ ചോരുക അസാധ്യമെന്ന് സാമാന്യയുക്തിയുള്ളവര്‍ക്ക് തീര്‍ച്ച. പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലുമായി പരീക്ഷ എഴുതിയ 27 ലക്ഷം വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് അനിശ്ചിതമായി നില്‍ക്കുന്നത്. വിദ്യാഭ്യാസ മേഖലയെ സ്വയംഭരണത്തിന്റെ പേരു പറഞ്ഞ് സ്വകാര്യവത്ക്കരിക്കാന്‍ തിടുക്കം കാണിക്കുന്ന മോദി സര്‍ക്കാറിന് ഒരു പരീക്ഷ പോലും കുറ്റമറ്റ രീതിയില്‍ നടത്താന്‍ സാധിക്കാത്തത് അപലപനീയമാണ്. പരീക്ഷ പേടി മറിക്കടക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാമോ 'ടിപ്പ്‌സ്' അച്ചടിച്ചു നല്‍കിയ പ്രധാന മന്ത്രി സ്വന്തം ഉദ്യോഗസ്ഥര്‍ക്ക് ചോദ്യപേപ്പര്‍ ചോരാതെ സൂക്ഷിക്കാനുള്ള ചെപ്പടി വിദ്യകളും പഠിപ്പിച്ചാല്‍ നല്ലത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top