26 April Friday

'ടീച്ചര്‍ പഴങ്കഥകളില്‍ ഊറ്റം കൊണ്ട് അവഹേളിക്കുന്നത് സാമൂഹ്യനീതിയെ'; സുഗതകുമാരിക്ക് മറുപടിയുമായി പി എസ് ശ്രീകല

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ കലാലയത്തിന്റെ അന്തരീക്ഷത്തെയാകെ വിമര്‍ശിച്ച കവയിത്രി സുഗതകുമാരിക്ക് മറുപടിയുമായി മുന്‍ അധ്യാപികയും സാക്ഷരതാമിഷന്‍ ഡയറക്ടറുമായ പി എസ് ശ്രീകല. മാതൃഭൂമി ദിനപത്രത്തില്‍ സുഗതകുമാരി എഴുതിയ ലേഖനത്തിന് മറുപടിയായാണ് പി എസ് ശ്രീകലയുടെ പ്രതികരണം. 'അധ്യാപകര്‍ യോഗ്യതാപരീക്ഷയുള്‍പ്പെടെയുള്ള  കടമ്പകള്‍ കടന്നാണ് സര്‍ക്കാര്‍ കോളേജുകളില്‍ എത്തുന്നത്,  യൂണിവേഴ്‌സിറ്റി കോളേജിലും അങ്ങനെതന്നെ. ടീച്ചര്‍ പറഞ്ഞിരിക്കുന്ന 'പുഷ്‌കല' കാലത്ത് അങ്ങനെയായിരുന്നില്ലല്ലോ. ഇന്ന് സര്‍ക്കാര്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ മെറിറ്റും സംവരണവും സാമൂഹ്യ നീതി ഉറപ്പാക്കുകയാണ്.  ആ 'പുഷ്‌കല' കാലത്ത് ഇങ്ങനെ ആയിരുന്നില്ലല്ലോ. ഇന്നത്തെ സാമൂഹ്യ നീതിയെയാണ് പഴം കഥകളില്‍ ഊറ്റം  കൊണ്ട് ടീച്ചര്‍ അവഹേളിക്കുന്നത്'-ഫേസ്ബുക്ക് കുറിപ്പില്‍ ശ്രീകല പറയുന്നു.

പി എസ് ശ്രീകലയുടെ പ്രതികരണം,പൂര്‍ണരൂപം


പ്രിയങ്കരിയായ സുഗതകുമാരി ടീച്ചര്‍,

അധ്യാപികയല്ലാത്ത താങ്കളെ സ്‌നേഹബഹുമാനങ്ങളോടെ ടീച്ചര്‍ എന്നു സംബോധന ചെയ്യുന്നവരാണ് ഇന്നും യൂണിവേഴ്‌സിററ്റി കോളേജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും. ടീച്ചറുടെ കവിതയെ സ്‌നേഹിക്കുന്നവരാണ് ഞങ്ങള്‍. ടീച്ചറുടെ വാക്കുകള്‍ കേള്‍ക്കാന്‍ ഇന്നും കാതോര്‍ക്കുന്നവരാണ് ഞങ്ങള്‍. പക്ഷേ, കവിതയിലെ നന്മ പലപ്പോഴും താങ്കളുടെ വാക്കുകളില്‍ നഷ്ടപ്പെട്ടുപോകുന്നല്ലോ ടീച്ചര്‍. ഇന്നത്തെ മാതൃഭൂമി ദിനപ്പത്രത്തിലെ പ്രതികരണം ടീച്ചര്‍ ഒരിക്കല്‍ കൂടി വായിക്കണമെന്നും സത്യത്തിനു നിരക്കാത്ത വാക്കുകള്‍ പിന്‍വലിക്കാന്‍ സന്മനസ്സ് കാണിക്കണമെന്നും  അഭ്യര്‍ത്ഥിക്കുന്നു.

ടീച്ചര്‍ പരാമര്‍ശിച്ചിരിക്കുന്ന അധ്യാപകരും വിദ്യാര്ഥികളും  ഉള്‍പ്പെടുന്ന തലമുറയുടെ കാലം വെച്ച് ഇന്നിനെ അളക്കരുത് ടീച്ചര്‍. ടീച്ചര്‍ അഭിമാനിക്കുന്ന ആ 'പുഷ്‌കല' കാലത്ത് യൂണിവേഴ്‌സിറ്റി കോളേജ് പോലെയുള്ള കലാലയങ്ങള്‍ക്കുള്ളിലേക്ക് കടക്കാന്‍ എല്ലാ മനുഷ്യര്‍ക്കും സാധിക്കുമായിരുന്നില്ല ടീച്ചര്‍. അന്ന് യൂണിവേഴ്‌സിറ്റി കോളേജ്  ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ പഠിക്കാന്‍ കഴിവുണ്ടായിട്ടും അവസരം ലഭിക്കാതിരുന്ന ഒരു കൂട്ടം മനുഷ്യരുണ്ടായിരുന്നു എന്നതും ടീച്ചര്‍ ഓര്‍ക്കണം.  അവരുടെ പിന്‍ തലമുറയ്ക്കുള്‍പ്പെടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്ന അവസ്ഥ ഇന്ന് സര്‍ക്കാര്‍ കോളേജുകളില്‍ ഉണ്ട്,  യൂണിവേഴ്‌സിറ്റി കോളേജിലുമുണ്ട്.

ഇന്ന് സര്‍ക്കാര്‍ കോളേജ് അധ്യാപകര്‍ യോഗ്യതാപരീക്ഷയുള്‍പ്പെടെയുള്ള  കടമ്പകള്‍ കടന്നാണ് സര്‍ക്കാര്‍ കോളേജുകളില്‍ എത്തുന്നത്,  യൂണിവേഴ്‌സിറ്റി കോളേജിലും അങ്ങനെതന്നെ. ടീച്ചര്‍ പറഞ്ഞിരിക്കുന്ന 'പുഷ്‌കല' കാലത്ത് അങ്ങനെയായിരുന്നില്ലല്ലോ. ഇന്ന് സര്‍ക്കാര്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ മെറിറ്റും സംവരണവും സാമൂഹ്യ നീതി ഉറപ്പാക്കുകയാണ്.  ആ 'പുഷ്‌കല' കാലത്ത് ഇങ്ങനെ ആയിരുന്നില്ലല്ലോ. ഇന്നത്തെ സാമൂഹ്യ നീതിയെയാണ് പഴം കഥകളില്‍ ഊറ്റം  കൊണ്ട് ടീച്ചര്‍ അവഹേളിക്കുന്നത്.

സര്‍ക്കാര്‍ കോളേജുകളെയപ്പാടെ ടീച്ചര്‍  ആക്ഷേപിക്കുകയാണ്. എന്താണ് അതിനടിസ്ഥാനമെന്നു വ്യക്തമാക്കാമോ ടീച്ചര്‍?  സ്വകാര്യ കോളേജുകളില്‍ എന്ത് നടക്കുന്നെന്ന് ടീച്ചര്‍ അന്വേഷിച്ചിട്ടുണ്ടോ?  യൂണിവേഴ്‌സിറ്റി കോളേജടക്കമുള്ള സര്‍ക്കാര്‍ കോളേജുകള്‍  ചോരക്കളങ്ങളാണെന്ന് ആരാണ് ടീച്ചറെ ധരിപ്പിച്ചിരിക്കുന്നത്?  മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടി എത്തുന്ന മിടുക്കരായ വിദ്യാര്‍ത്ഥികളാണ് യൂണിവേഴ്‌സിറ്റി കോളേജ് അടക്കമുള്ള സര്‍ക്കാര്‍ കോളേജുകളിലുള്ളത്. അവിടെ പഠിച്ച് റാങ്ക് നേടുന്ന കുട്ടികള്‍ കപട പരീക്ഷയിലൂടെ വിജയിക്കുന്നുവെന്ന് ടീച്ചറുടെ നന്മ മനസ്സില്‍ തോന്നിയത് അത്യന്തം ക്രൂരമായിപ്പോയി.

സ്വകാര്യ കോളേജുകളിലും കേന്ദ്ര സര്‍വ്വകലാശാലകളിലും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അധികാരികള്‍ നടത്തുന്ന അതിക്രമങ്ങളും കുട്ടികള്‍ ആത്മഹത്യ ചെയ്യാന്‍ നിര്ബന്ധിതരാകുന്നതും ടീച്ചര്‍ കാണുന്നില്ലേ? യൂണിവേഴ്‌സിറ്റി കോളേജില്‍ ഇപ്പോള്‍ സംഭവിച്ച നടക്കാന്‍ പാടില്ലാത്ത കൃത്യത്തിന് ന്യായീകരണമായല്ല ഇത് പറയുന്നത്. ആ സംഭവത്തിന് ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടണം. പക്ഷേ,  അതിന്റെ പേരില്‍ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന കള്ളക്കഥകളില്‍ ടീച്ചറെപ്പോലൊരാള്‍ വീണുപോകാന്‍ പാടില്ലാത്തതാണ്.

യു ജി സി  സ്‌കെയില്‍ വാങ്ങുന്ന അധ്യാപകര്‍ കൃത്യമായ യോഗ്യത നേടി കഴിവ് തെളിയിച്ച് അധ്യാപന രംഗത്ത് നില്‍ക്കുന്നവരാണ്.  എന്തടിസ്ഥാനത്തിലാണ് അധ്യാപകരെ ടീച്ചര്‍ അടച്ചാക്ഷേപിക്കുന്നത്?ഇക്കൂട്ടത്തില്‍ ഏതെങ്കിലും അധ്യാപകന്റെ/ അധ്യാപികയുടെ ക്ലാസ് ടീച്ചര്‍ നേരില്‍ അറിഞ്ഞിട്ടുണ്ടോ? ആ 'പുഷ്‌കല' കാലത്ത് മരത്തണലില്‍ കവിത ചൊല്ലിയിരുന്ന അനുഭവം ടീച്ചര്‍ അനുസ്മരിക്കുന്നുണ്ടല്ലോ.  ഇപ്പോഴും യൂണിവേഴ്‌സിറ്റി കവിതയും പാട്ടും വറ്റിപ്പോയിട്ടില്ല ടീച്ചര്‍.  അധ്യാപകരോ കുട്ടികളോ അത് നിരോധിച്ചിട്ടുമില്ല.  കഴിഞ്ഞ രണ്ടു വര്‍ഷവും സര്‍വ്വകലാശാല കലോത്സവത്തില്‍ രണ്ടാം സ്ഥാനം യൂണിവേഴ്‌സിറ്റി കോളേജിനാണ് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. നിര്‍ദ്ധനരായ ഈ   കുട്ടികള്‍ കോളേജിലെ അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും സഹായത്തോടെയും അവര്‍ നല്‍കുന്ന പിന്തുണയിലുമാണ് ഈ അഭിമാനം നേടിത്തരുന്നത്.  അവരെ അഭിനന്ദിച്ചില്ലെങ്കിലും അധിക്ഷേപിക്കരുത് ടീച്ചര്‍.

'സര്‍ക്കാര്‍ കോളേജുകളില്‍ മാത്രമല്ലേയുള്ളൂ ഈ ലജ്ജാകരമായ അവസ്ഥ' എന്ന് ടീച്ചര്‍ പരിതപിക്കുകയാണ്.  എന്താണ് ലജ്ജാകരം?  മെറിറ്റടിസ്ഥാനത്തില്‍ മിടുക്കരായ കുട്ടികള്‍ പഠിക്കാനെത്തുന്നതോ?  ജാതിമത വ്യത്യാസമില്ലാതെ അവര്‍ ഒത്തുചേരുന്നതോ?  പി എസ് സി പരീക്ഷയിലൂടെ യോഗ്യരായ അധ്യാപകര്‍ പഠിപ്പിക്കുന്നതോ? സാമൂഹ്യ നീതി ഉറപ്പാക്കുന്നതോ?  ഉയര്‍ന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ പ്രവേശനം നേടി മികച്ച അധ്യാപകരുടെ കൂടി സഹായത്താല്‍ പഠിച്ച് റാങ്കുള്‍പ്പെടെ ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികള്‍ കപട പരീക്ഷയിലൂടെയാണതു നേടുന്നത് എന്ന് പറയുന്ന 'നന്മമനസ്സ്' എന്തായാലും എനിക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല  ടീച്ചര്‍.

പല സ്വകാര്യ - സ്വാശ്രയ കോളേജുകളിലെ പരീക്ഷാരീതിയും,  അധ്യാപകരുടെ മികവും മറ്റു സമ്പ്രദായങ്ങളും കേരള സര്‍വ്വകലാശാല സിണ്ടിക്കേറ്റ് അംഗമായിരുന്ന എനിക്ക് നേരില്‍ അറിയാം ടീച്ചര്‍.  ഒരു സംവാദത്തിന് തയ്യാറാണെങ്കില്‍ ടീച്ചര്‍ ഉന്നയിച്ചിരിക്കുന്ന ഓരോ ആരോപണവും ശുദ്ധനുണയാണെന്ന് തെളിവ് നല്‍കി സ്ഥാപിക്കാന്‍ ഞാന്‍ തയ്യാറാണ്.

കുറ്റകൃത്യങ്ങള്‍  ഇല്ലാത്തൊരു സമൂഹത്തിലല്ലല്ലോ ടീച്ചര്‍ നമ്മള്‍ ജീവിക്കുന്നത്. ഈ സമൂഹത്തില്‍ നിന്നാണ് കുട്ടികള്‍  എല്ലാ കോളേജിലും എത്തുന്നത്.  ഈ സമൂഹത്തിലാണ് അവര്‍ ജീവിക്കുന്നത്.  ആര്‍ത്തിയും ലാഭക്കൊതിയും ചേര്‍ന്ന് രൂപപ്പെടുത്തുന്ന മനുഷ്യത്വരഹിതമായ അസ്വസ്ഥത എല്ലാരിലുമെന്ന പോലെ കുട്ടികളിലുമുണ്ട്. നന്മ - തിന്മകളുടെ സ്വാധീനം അവരില്‍ ഏറിയും കുറഞ്ഞും ഉണ്ടാവും.  കുറ്റവാസനകള്‍ തിരുത്തിക്കാനും സ്വയം തിരുത്താനും തയ്യാറാവലാണ് ആവശ്യം. 

'അഭിമാനമായിരുന്നു' യൂണിവേഴ്‌സിറ്റി കോളേജ് എന്ന് ടീച്ചര്‍ പറയുന്നു. അത് ഭൂതകാലമല്ലേ ടീച്ചര്‍.  വര്‍ത്തമാനത്തിലേക്ക് വരൂ,  നേരിനെ നേരായി അംഗീകരിക്കൂ. യൂണിവേഴ്‌സിറ്റി കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയും അധ്യാപികയുമായ എനിക്ക് വസ്തുതകള്‍ പകര്‍ന്നുതരുന്ന ആര്‍ജ്ജവത്തോടെ പറയാന്‍ കഴിയും, അഭിമാനമാണ് യൂണിവേഴ്സിറ്റി കോളേജ്. ഞങ്ങള്‍ക്ക് അഭിമാനമാണ് കേരളത്തിലെ സര്‍ക്കാര്‍ കോളേജുകള്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top