20 April Saturday

മി ലോഡ്‌, ഐ ആം എ കമ്യൂണിസ്റ്റ്‌’... കോടതിമുറിയിലും രാഷ്‌ട്രീയം വിടാത്ത കുറുപ്പ്‌ ചേട്ടൻ-പി രാജീവ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jun 8, 2020

കൊച്ചി> ഹൈക്കോടതി മുറിക്കുള്ളിൽ നിന്നുപോലും താൻ കമ്യൂണിസ്റ്റാണെന്ന്‌ മടികൂടാതെ പറഞ്ഞ അഭിഭാഷകനായിരുന്നു അഡ്വ.ജി ജനാർദ്ദനക്കുറുപ്പ്‌. ജന്മശതാബ്‌ദി ദിനത്തിൽ അദ്ദേഹത്തെപ്പറ്റിയുള്ള ഓർമ്മകൾ പങ്കുവെക്കുകയകയാണ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗവും ദേശാഭിമാനി ചീഫ്‌ എഡിറ്ററുമായ പി രാജീവ്‌.

ഫേസ്‌ബുക്കിൽ നിന്ന്‌:

കുറുപ്പേട്ടൻ ജീവിച്ചിരുന്നെങ്കിൽ ഇന്ന് നൂറ് വയസ്സാകുമായിരുന്നു. ജി ജനാർദന കുറുപ്പ് എന്ന പ്രിയപ്പെട്ട കുറുപ്പേട്ടൻ. എത്ര ജന്മദിനങ്ങളിൽ അദ്ദേഹത്തിൻ്റെ ഒപ്പം അടുത്തിരുന്ന് പിറന്നാൾ സദ്യ കഴിച്ചിരിക്കുന്നു. ചരിത്രവും സാഹിത്യവും രാഷട്രീയവും നാടകവും പിന്നെ നിയമവും കടന്നു വരുന്ന നീണ്ട വർത്തമാനങ്ങൾ ...

വിദ്യാർത്ഥി സംഘടന പ്രവർത്തന നാളിൽ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് അറസ്റ്റ് ചെയ്ത് ലോക്കപ്പിലടച്ചു. ഒരു രാത്രി നീണ്ട മർദ്ദനം 3 വാരിയെല്ലകൾ ഒടിച്ചു , ചെവിയുടെ ഇയർ ഡ്രമ്മിന് പൊട്ടലേറ്റു. കാൽവെള്ളയാകെ ചൂരലടിയുടെ മുറിവുകൾ . ആശുപത്രിയിൽ കാണാനെത്തിയ കുറുപ്പേട്ടൻ പൊട്ടിത്തെറിച്ചു. അങ്ങനെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പോലീസുകാർക്കെതിരെ സ്വകാര്യ അന്യായം. ഹൈക്കോടതിയിലും സെഷൻസിലും മാത്രം ഹാജരായിരുന്ന കാലമാണത്-.

കേസ് പഠിക്കുന്നതിന് ഞങ്ങൾ കുറുപ്പേട്ടൻ അന്ന് താമസിച്ചിരുന്ന കലൂർ ആസാദ് റോഡിലെ വീട്ടിൽ ഒത്തുചേരും. കേസ് പഠനത്തോടൊപ്പം അദ്ദേഹത്തിൻ്റെ അനുഭവങ്ങളുടെ കെട്ടഴിക്കും. സ്നേഹത്തോടെ അദ്ദേഹത്തിൻ്റെ സഹധർമ്മിണി ചായയും പലഹാരങ്ങളും തരും. മകൾ അംബിക ചേച്ചിയും ഉണ്ടാകും. കെ പി എ സി യുടെ രൂപീകരണ കാലം, ലോകസഭയിലേക്കുള്ള മത്സരം, മധ്യവയസ്കനായപ്പോൾ തുടങ്ങിയ ഹൈക്കോടതി പ്രാക്ടീസ് ,പ്രമാദമായ കേസുകൾ എന്നിങ്ങനെ എത്ര നേരം കേട്ടാലും മതിവരാതെ നർമ്മം നിറഞ്ഞ വർത്തമാനം - കേസ് വാദം കഴിഞ്ഞ് കോടതിയിൽ നിന്ന് മടങ്ങിയാൽ ബിടിഎച്ചിൽ കൊണ്ടു പോയി ചായയും വടയും വാങ്ങിത്തരും. അതിരില്ലാത്ത സ്നേഹം.

കോടതിയിൽ വല്ലപ്പോഴും തല കാണിച്ചിരുന്ന കാലം. ജില്ലാ കേന്ദ്രങ്ങളിൽ സിഐടിയു നടത്തുന്ന പ്രക്ഷോഭം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ് വന്നു. സി ഐ ടി യു വിന് വേണ്ടി കുറുപ്പേട്ടനാണ് വാദിക്കുന്നത്. അദ്ദേഹത്തെ സഹായിക്കാൻ പറഞ്ഞതനുസരിച്ച് ഞങ്ങൾ രേഖകളും വകുപ്പുകളുമായി ദിവസങ്ങൾ വീണ്ടും ഒന്നിച്ച് ഇരുന്നു. കേസിൻ്റെ ദിവസം രാവിലെ കുറുപ്പേട്ടൻ്റെ പുതിയ കാറിൽ ഒന്നിച്ച് ഹൈക്കോടതിയിലേക്ക് പോയി. കോടതിയുടെ അടുത്ത് എത്തിയപ്പോൾ കുറുപ്പേട്ടൻ്റെ നിബന്ധന വന്നു. ' താൻ ഗൗണിട്ട് വന്നാലേ ഞാൻ ഹാജരാകൂ.

ഈ കാറിൽ പോയിട്ട് വാ ' കർശന നിർദ്ദേശത്തിൻ്റെ മുമ്പിൽ മറ്റു വഴികളില്ല.
അന്ന് താജുദ്ദീനുമൊന്നിച്ച് കോൺവെൻറ് ജംഗ്ഷനിൽ ഒരാഫീസുണ്ടായിരുന്നു. അവിടെ പോയി കോട്ടും ഗൗണുമിട്ട് തിരിച്ചു വന്നു. ചീഫ് ജസ്റ്റിസ് ദത്തുവിൻ്റെ ബഞ്ചിൽ ആദ്യം തന്നെ കേസ് വിളിച്ചു. കുറുപ്പേട്ടൻ്റെ പുറകിൽ കടലാസുകളുമായി നിന്നു. അദ്ദേഹത്തിൻ്റെ വാദം ആരോഹണ അവരോഹണങ്ങളിലൂടെ പോവുകയാണ്, ചിലപ്പോൾ ചില വിവരങ്ങൾക്കായി പതുക്കെ ചോദിക്കാം . ഞാൻ ചെവിയിൽ മർമ്മരം പോലെ പറയും . ഒരു ഘട്ടത്തിൽ ചീഫ് ജസ്റ്റിസ് ചിരിച്ചു കൊണ്ട് ചോദിച്ചു. " Mr Kurup, are you arguing on the basis of this whispering? കോടതിയിൽ ചിരി- കുറുപ്പേട്ടൻ്റ ഘനഗംഭീര ശബ്ദം മുഴങ്ങി. " My Lord , you Know this gentleman? He is a young Communist. I am also a Communist.'' പിന്നെ കമ്യൂണിസത്തെ കുറിച്ചായി വാദങ്ങൾ. ഹൈക്കോടതി മുറികളിൽ കമ്യൂണിസ്റ്റാണെന്ന് പറയുന്നതിന് പലരും മടിക്കും.എന്നാൽ അതൊന്നും ജി ജനാർദ്ദന കുറുപ്പ് എന്ന സീനിയർ അഭിഭാഷകന് ബാധകമല്ല. കുറുപ്പേട്ടൻ്റെ വിവരണം ചീഫും ആസ്വദിച്ചു. വാദം തുടർന്നു. അനുകൂല വിധി കിട്ടി. പിന്നെ ഒപ്പം കൂടാൻ സ്നേഹത്തോടെ നിർബന്ധിച്ചെങ്കിലും പൊതു പ്രവർത്തനത്തിൻ്റെ സജീവത കളിലേക്ക് മടങ്ങി.

പിന്നെയും പിറന്നാളുകളിലും യോഗങ്ങളിലും കണ്ടുമുട്ടി. മാനവികമായി എപ്പോഴും സംസാരിച്ചു. നമോവാകം..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top