26 April Friday

ശബരിമല വിധിക്കെതിരെ സംസ്ഥാനം നിയമം കൊണ്ടുവരണമെന്ന് പറയുന്ന പാർടിയുടെ എംപിയാണ്; ഇപ്പോൾ നിയമ നിർമ്മാണത്തിനില്ലെന്നാണ്‌ മറുപടി

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019

ശബരിമലയെ കലാപഭൂമിയാക്കി മാറ്റി സുപ്രീം കോടതി വിധി നടപ്പിലാകുമെന്ന ഭരണഘടനാപരമായ നിലപാട് സ്വീകരിച്ച ഇടതുപക്ഷ സർക്കാരിനെതിരെ യുദ്ധം നയിച്ചവർ എവിടെയെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം പി രാജീവ്‌. ഫേസ്‌ബുക്ക്‌ കുറിപ്പിലാണ്‌ പി രാജീവ്‌ കോൺഗ്രസിന്റെയും ബിജെപിയുടെയും ഒളിച്ചുകളി തുറന്നുകാട്ടിയിരിക്കുന്നത്‌. കോൺഗ്രസ്‌ എം.പി ശശി തരൂരാണ്‌  ശബരിമല വിധി മറികടക്കാൻ കേന്ദ്രസർക്കാർ നിയമം കൊണ്ടുവരുമോ എന്ന്‌ ചോദിച്ചിരിക്കുന്നത്‌. നിയമ നിർമാണം നടത്താൻ തൽക്കാലം കഴിയില്ലെന്നും വിഷയം കോടതിയുടെ പരിഗണനയിലാണെന്നുമാണ്‌ ബിജെപിയുടെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ മറുപടി.

പി രാജീവിന്റെ ഫേസ്‌ബുക്ക്‌ കുറിപ്പ്‌ :

ചോദ്യവും ഉത്തരവും നോക്കൂ. സംസ്ഥാനം നിയമം കൊണ്ടു വന്ന് സുപ്രീം കോടതി വിധി മറികടക്കണമെന്ന് പറയുന്ന പാർടിയുടെ എംപിയാണ് കേന്ദ്രം നിയമം കൊണ്ടു വരുമോ എന്ന ചോദ്യം ഉന്നയിക്കുന്നത്. ഏതറ്റം വരെയും പോയി ശബരിമലയിലെ ആചാരം സംരക്ഷിക്കാൻ ,സുപ്രീം കോടതി വിധിയെ മറികടക്കുന്ന നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച പാർടിയുടെ മന്ത്രിയാണ് മറുപടി നൽകിയിരിക്കുന്നത്. സുപ്രീം കോടതി വിധിയിൽ നിയമനിർമ്മാണ സഭക്ക് ഒന്നും ചെയ്യാനില്ലെന്നാണ് ഒറ്റ വാചക മറുപടിയുടെ ലളിത മലയാളം.

ശബരിമലയെ കലാപഭൂമിയാക്കി മാറ്റി, സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന ഭരണഘടനാപരമായ നിലപാട് സ്വീകരിച്ച ഇടതുപക്ഷ സർക്കാരിനെതിരെ യുദ്ധം നയിച്ചവർ എവിടെ?

സുപ്രീം കോടതി മൗലികാവകാശമാണെന്നു വിധിച്ച കാര്യത്തിൽ നിയമനിർമ്മാണം അസാധ്യമാണെന്ന് അറിയാൻ ഭരണഘടന യുടെ ആർട്ടിക്കിൾ 13 വായിച്ചാൽ മതി. ഭരണഘടന ഭേദഗതി. എന്തുകൊണ്ട് സാധ്യമല്ലെന്ന് അറിയാൻ കേശവാനന്ദ ഭാരതി കേസിലെ വിധിയും ആർട്ടിക്കിൾ 14 അടിസ്ഥാന ശിലയാണെന്ന സുപ്രീം കോടതി വിധികളും വായിച്ചാൽ നന്നായിരിക്കും.

സുപ്രീം കോടതിയുടെ പരിഗണനയിൽ ആണെന്നതു കൊണ്ട് മറുപടി പറയുന്നില്ലെങ്കിൽ അതേ വിഷയത്തിൽ ഇതേ നിയമവകുപ്പ് അവതരണാനുമതി നൽകിയതെങ്ങനെയെന്നുകൂടി ചോദിക്കാമായിരുന്നു. രാം മാധവിന്റെ പ്രസ്താവനയെങ്കിലും കണ്ടിട്ടു കയറെടുത്താൽ മതിയായിരുന്നു!.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top