08 December Friday

ആര് വരുമെന്ന ചോദ്യം മാറിയിരിക്കുന്നു, ഇന്ന് കേരളത്തിലേക്ക് വരാൻ ആരാണ് ആഗ്രഹിക്കാത്തത് എന്നതാണ് ചോദ്യം: പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Friday Aug 11, 2023

വ്യവസായ വിപ്ലവം 4.0 ആണ് കേരളം ലക്ഷ്യമിടുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ്. 2023 വർഷത്തിൽ കേരളത്തിലെ വ്യവസായ മേഖലയിൽ നടന്ന മാറ്റങ്ങളും പുതു സംരംഭങ്ങളും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുകയായിരുന്നു മന്ത്രി.

രാജ്യത്തെ വ്യോമയാന-പ്രതിരോധ മേഖലയിലെ വ്യവസായങ്ങളുടെ ഹബ്ബാകാനുള്ള കേരളത്തിൻ്റെ ശ്രമങ്ങൾക്ക് മികച്ച പ്രോത്സാഹനം ലഭിച്ച വർഷമാണ് 2023 എന്നും നൂതന വ്യവസായ മേഖലയിൽ ഉജ്വലമായ നേട്ടം കൈവരിച്ചുകൊണ്ടാണ് കേരളം മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.

'ആഗോളഭീമന്മാരായ സഫ്രാൻ കേരളത്തിൽ യൂണിറ്റ് ആരംഭിച്ചു. കെൽട്രോണും ക്രാസ്‌നി ഡിഫൻസ് ടെക്നോളജീസും ചേർന്ന് പുതിയ സംരംഭം രൂപീകരിച്ചു. കണക്റ്റഡ് ഓട്ടോമേറ്റഡ്, ഡി-സ്പേസ്, ടിഎൻപി കൺസൽട്ടൻ്റ്സ് ഗ്രൂപ്പ് എന്നിവരും കേരളത്തിന്റെ വ്യവസായ രം​ഗവുമായി കൈകോർത്ത് പുതുപദ്ധതികൾ നടപ്പിലാക്കുന്നു. നീറ്റാ ജലാറ്റിൻ കൂടുതൽ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി'- മന്ത്രി പറഞ്ഞു.

ഇലക്ട്രിക് വെഹിക്കിൾ മേഖലയിൽ വിപ്ലവം സൃഷ്‌ടി‌ക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് ആറു മാസത്തിനകം ഇലക്ട്രിക് സ്‌കൂട്ടറുകൾ നിരത്തിലിറക്കും. കേരളത്തിലേക്ക് ആര് വരുമെന്ന ചോദ്യം മാറിയിരിക്കുന്നെന്നും ഇന്ന് കേരളത്തിലേക്ക് വരാൻ ആരാണ് ആഗ്രഹിക്കാത്തത് എന്നതാണ് ചോദ്യമെന്നും മന്ത്രി കുറിപ്പിൽ പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

രാജ്യത്തെ വ്യോമയാന-പ്രതിരോധ മേഖലയിലെ വ്യവസായങ്ങളുടെ ഹബ്ബാകാനുള്ള കേരളത്തിൻ്റെ ശ്രമങ്ങൾക്ക് മികച്ച പ്രോത്സാഹനം ലഭിച്ച വർഷമാണ് 2023. വ്യോമയാന രംഗത്തെ ആഗോളഭീമന്മാരായ സഫ്രാൻ കേരളത്തിൽ യൂണിറ്റ് ആരംഭിച്ചു. റഷ്യയുമായി പ്രതിരോധമേഖലയിൽ ബന്ധം സ്ഥാപിക്കുന്നതിന് സഹായകമാകുന്ന സംയുക്ത സംരംഭവും കേരളത്തിൽ ആരംഭിച്ചു. കെൽട്രോണും ക്രാസ്നി ഡിഫൻസ് ടെക്നോളജീസും ചേർന്ന് രൂപീകരിച്ചിരിക്കുന്ന സംരംഭം വളരെ പ്രധാനപ്പെട്ട ചില കരാറുകൾ നേടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിന് പുറമെ പോർഷെ, ബി.എം.ഡബ്ല്യു, ഔഡി തുടങ്ങിയ ആഗോള വാഹനഭീമന്മാരുടെ കണക്റ്റഡ് ഓട്ടോമേറ്റഡ്, ഇലക്ട്രിക് വാഹനങ്ങളുടെ മേഖലയിൽ സാങ്കേതികവിദ്യാ ദാതാവ് കൂടിയായ ഡി-സ്പേസ് ലോകത്തിലെ തന്നെ മൂന്നാമത്തെ സെൻ്റർ ഓഫ് എക്സലൻസ് കേരളത്തിൽ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. കൺസൽട്ടൻസി രംഗത്തും നാം വലിയ നേട്ടങ്ങൾ കൈവരിക്കുകയാണ്. ആഗോളതലത്തിൽ തന്നെ പ്രമുഖ കൺസൽട്ടൻസി കമ്പനിയായ TNP കൺസൽട്ടൻ്റ്സ് ഗ്രൂപ്പ് ഈ വർഷം തന്നെ കേരളത്തിൽ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു.

കേവലമൊരു യൂണിറ്റ് എന്നതിനപ്പുറം മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേയും ഇന്ത്യയിലേയും പ്രവർത്തനങ്ങളുടെ ഓപ്പറേഷണൽ ഹെഡ് ക്വാർട്ടേഴ്സ് കേരളത്തിൽ സ്ഥാപിക്കാനാണ് ടി എൻ പി ഗ്രൂപ്പ് ആഗ്രഹിക്കുന്നത്. നീറ്റാ ജലാറ്റിൻ കൂടുതൽ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയത് കഴിഞ്ഞ ദിവസമാണ്. കമ്പനിയുടെ ചെയർമാൻ കേരളത്തിൽ നേരിട്ടെത്തിയാണ് ചർച്ചകളിൽ പങ്കെടുത്തത്.

ഇലക്ട്രിക് വെഹിക്കിൾ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡിന്റെ(കെ.എ.എൽ) നേതൃത്വത്തിൽ ആറു മാസത്തിനകം ഇലക്ട്രിക് സ്‌കൂട്ടറുകൾ നിരത്തിലിറക്കാൻ തീരുമാനമായിട്ടുണ്ട്. ഇതിനായി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഹന നിർമാണക്കമ്പനി ലോഡ്‌സ് മാർക് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നു കെ.എ.എൽ മട്ടന്നൂർ കിൻഫ്ര പാർക്കിൽ ആരംഭിക്കുന്ന ഇലക്ട്രിക് ടൂവീലർ നിർമാണ യൂണിറ്റിന്റെ കരാർ ഒപ്പുവച്ചു.

ഇ.വി രംഗത്ത് കേരളത്തിൻ്റെ യശസ്സുയർത്തിക്കൊണ്ട് തദ്ദേശീയമായി ലിഥിയം ടൈറ്റനേറ്റ് ബാറ്ററി വികസിപ്പിച്ചിരിക്കുകയാണ്. കെ- ഡിസ്ക് മുൻകയ്യെടുത്തു രൂപീകരിച്ച ഇവി ഡെവലപ്മെന്റ് ആൻഡ് മാനുഫാക്ചറിങ്ങ് കൺസോർഷ്യമാണിതിന് നേതൃത്വം നൽകിയത്. ഇങ്ങനെ നൂതന വ്യവസായ മേഖലയിൽ ഉജ്വലമായ നേട്ടം കൈവരിച്ചുകൊണ്ടാണ് കേരളം മുന്നോട്ടുപോകുന്നത്. കേരളത്തിലേക്ക് ആര് വരുമെന്ന ചോദ്യം മാറിയിരിക്കുന്നു. ഇന്ന് കേരളത്തിലേക്ക് വരാൻ ആരാണ് ആഗ്രഹിക്കാത്തത് എന്നതാണ് ചോദ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
-----
-----
 Top