20 April Saturday

പരിസ്ഥിതി സംരക്ഷണം: സിപിഐ എം നിലപാട് ചർച്ചകൾക്കും മാറ്റങ്ങൾക്കും തുടക്കമാകണമെന്ന്‍ പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019
കൊച്ചി>പരിസ്ഥിതി സംരക്ഷണത്തെ പ്രധാനമായി കാണാതെ കേരളത്തിനു നിലനിൽക്കാൻ കഴിയില്ലെന്ന സിപിഐ എം നടത്തിയ പ്രഖ്യാപനം ആഴത്തിലുള്ള ചർച്ചകൾക്കും മാറ്റങ്ങൾക്കും തുടക്കമാകണമെന്നു സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് പറഞ്ഞു.

1924 പ്രളയകാലത്ത് മനുഷ്യന്റെ കടന്നുകയറ്റങ്ങൾ ഇല്ലാതിരുന്നുവെന്നത് വസ്തുതയാണ്. പ്രകൃതിക്ക് ഇതൊന്നുമല്ലാത്ത കാരണങ്ങളും ഉണ്ടായെന്നു വരാം എന്ന് ഈ ചരിത്രവും പഠിപ്പിച്ചു. പക്ഷേ,  തുടർച്ചയായ പ്രളയങ്ങൾ മനുഷ്യനെ കൂടുതൽ പ്രതിക്കുട്ടിൽ നിർത്തുന്നു . ഓരോ മഴയും ഇന്നു നമ്മളെ ഭയപ്പെടുത്തുന്നു - 
ഇത് പുതിയ സമീപനം അനിവാര്യമാക്കുന്ന സാഹചര്യമാണ്. പാരിസ്ഥികമായ രാഷ്ട്രീയം പ്രാമുഖ്യമുള്ള ഒന്നായി മാറുന്നു. ഗാഡ്ഗിലോ കസ്തൂരി രംഗനോ അവസാന വാക്കാകണമെന്നില്ല. എന്നാൽ, ഇവരുൾപ്പെടെ നടത്തിയ പഠനങ്ങളെ പുനർ വായനക്ക് വിധേയമാക്കണം:-രാജീവ്‌ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇവിടെ:
അനുഭവങ്ങൾ നൽകുന്ന പാഠം ഉൾക്കൊള്ളുകയും അതിന്റെ അടിസ്ഥാനത്തിൽ അതേ വരെ സ്വീകരിച്ച നിലപാട് സ്വയം വിമർശനാത്മക വിലയിരുത്തലിനു വിധേയമാക്കലും പുതുക്കി പണിയലും പുരോഗമന രാഷ്ട്രീയത്തിനു അനിവാര്യമായ പ്രവർത്തന രീതിയാണ്. തുടർച്ചയായ രണ്ടു പ്രളയങ്ങൾ നൽകുന്ന പാഠം ഒരു സ്വയം വിലയിരുത്തൽ നിർബന്ധിതമാക്കുന്നുണ്ട്. ഇന്നലെകളിൽ സ്വീകരിച്ച നിലപാടുകൾ ചിലത് തെറ്റായിരുന്നുവെന്നും ചില നിഗമനങ്ങൾ പാളിപ്പോയിരുന്നെന്നും അനുഭവം പഠിപ്പിച്ചെന്നു വരും. അതുൾക്കൊള്ളുകയും തിരിഞ്ഞു നോക്കി തിരുത്തുകയുമാണ് പ്രധാനം.

പ്രകൃതിയെ കാണാതെ മനുഷ്യനെ മാത്രം കാണുന്നതും മനുഷ്യനെ കാണാതെ പ്രകൃതിയെ മാത്രം കാണുന്നതും രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന വിശകലന രീതിശാസ്ത്രങ്ങളാണ്. ഏതെങ്കിലും ഒരു റിപ്പോർട്ടിൽ എല്ലാം അടങ്ങിയിട്ടുണ്ടെന്നെ സമീപനവും അതിലൊന്നും തന്നെയില്ലയെന്ന നിഗമനവും അശാസ്ത്രീയമാണ്. നാം ഇതു വരെ പിന്തുടർന്നിരുന്ന രീതികളിൽ ഗുരുതരമായ തെറ്റുകളുണ്ടായിരുന്നുവെന്നും അതിൽ തിരുത്തലുകൾ വേണമെന്നും പ്രകൃതി പ്രളയത്തിലൂടെ നമ്മളെ പഠിപ്പിച്ചു. മനുഷ്യ സംഭാവനയാണ് പ്രധാന കാരണമെന്നും കാലം പഠിപ്പിച്ചു. 

1924 പ്രളയകാലത്ത് മനുഷ്യന്റെ കടന്നുകയറ്റങ്ങൾ ഇല്ലാതിരുന്നുവെന്നത് വസ്തുതയാണ്. പ്രകൃതിക്ക് ഇതൊന്നുമല്ലാത്ത കാരണങ്ങളും ഉണ്ടായെന്നു വരാം എന്ന് ഈ ചരിത്രവും പഠിപ്പിച്ചു. പക്ഷേ,  തുടർച്ചയായ പ്രളയങ്ങൾ മനുഷ്യനെ കൂടുതൽ പ്രതിക്കുട്ടിൽ നിർത്തുന്നു . ഓരോ മഴയും ഇന്നു നമ്മളെ ഭയപ്പെടുത്തുന്നു - 
ഇത് പുതിയ സമീപനം അനിവാര്യമാക്കുന്ന സാഹചര്യമാണ്. പാരിസ്ഥികമായ രാഷ്ട്രീയം പ്രാമുഖ്യമുള്ള ഒന്നായി മാറുന്നു. ഗാഡ്ഗിലോ കസ്തൂരി രംഗനോ അവസാന വാക്കാകണമെന്നില്ല. എന്നാൽ, ഇവരുൾപ്പെടെ നടത്തിയ പഠനങ്ങളെ പുനർ വായനക്ക് വിധേയമാക്കണം: ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ നടത്തിയ പഠനങ്ങളുടെ നിഗമനങ്ങളും വീണ്ടും വായിക്കേണ്ടി വരും. അവയെല്ലാം പ്രളയാനുഭവങ്ങളുടെ കൂടി അടിസ്ഥാനത്തിൽ വീണ്ടും പഠിക്കേണ്ടി വരും.

മരങ്ങൾ ഫാക്ടറിക്കായി വെട്ടുമ്പോൾ മണ്ണിനുണ്ടാകുന്ന ആഘാതത്തെ കുറിച്ച് ഏംഗൽസ് ഉത്കണ്ഠപ്പെട്ടിട്ട് ഒന്നര നൂറ്റാണ്ടിലധികമായി . പരിസ്ഥിതി സംരക്ഷണത്തെ  പ്രധാനമായി കാണാതെ കേരളത്തിനു നിലനിൽക്കാൻ കഴിയില്ലെന്ന സി പി ഐ (എം) നടത്തിയ പ്രഖ്യാപനം ആഴത്തിലുള്ള ചർച്ചകൾക്കും മാറ്റങ്ങൾക്കും തുടക്കമാകട്ടെ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top