06 June Tuesday

"ചിത്രങ്ങളിൽ ഇന്ന് അങ്ങ് മാത്രം ചിരിക്കുകയും, മറ്റുള്ളവരൊക്കെയും ഉള്ളുപിടഞ്ഞു തേങ്ങുകയുമാണ്'; പി ബിജുവിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച്‌ ജെയ്‌ക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 4, 2020

പിന്നീട് കോളേജിലേക്ക്‌ ആയിരങ്ങൾ ഒഴികെയെത്തിയ മാർച്ചിൽ പി.ബി തന്നെ നേതൃത്വമായി,പുറത്താക്കപ്പെട്ട അതെ കോളേജിലെ മുദ്രാവാക്യങ്ങളുടെ നടുവിലിരുന്നു തന്നെ സമരങ്ങളുടെ ചുവട്ടിൽ ഒപ്പു ചാർത്തിയ വിജയത്തിൽ പരീക്ഷയെഴുതി ഇറങ്ങി.എന്റെ ഡിഗ്രി സെർട്ടിഫിക്കറ്റുകളിൽ പതിഞ്ഞ പോയ നിറങ്ങളിൽ ഞങ്ങൾക്ക് ആർജവം നൽകി നിങ്ങളുടെ വിയർപ്പുപ്പ് മായാതെ പറ്റി നില്ക്കുന്നുണ്ട്. ജെയ്‌ക്‌ സി തോമസ്‌ എഴുതിയ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

'ഞങ്ങൾക്ക് അദ്ഭുതമായിരുന്നു ഞങ്ങളുടെ സെക്രട്ടറി '

ഏതു വാക്കുകളുടെ കടലാഴം എടുത്തെഴുതിയാലാണ് പി.ബിജു എന്ന ഞങ്ങളുടെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ട റിയുടെ ഓർമകളോടു നീതി പുലർത്താനാവുക. പാലക്കാടു ടൗൺ ഹാളിൽ ചേർന്ന സംസ്ഥാന സമ്മേളന നഗരിയിൽ നിലയ്ക്കാതെ പെയ്ത മുദ്രാവാക്യങ്ങളിൽ സ.കെ.വി.സുമേഷ് പറഞ്ഞു വെച്ചു ഞങ്ങൾക്ക് അദ്ഭുതമായിരുന്നു ഞങ്ങളുടെ സെക്രട്ടറി എന്ന്. ഒരു താല്കാലിക വിടവാങ്ങലിൽ വാക്കുകളിൽ,മുദ്രാവാക്യങ്ങളിൽ വിതുമ്പലും,വിറയലും ഉണ്ടായ നമ്മളിന്ന് എങ്ങനെ ഈ അസ്സാന്നിധ്യത്തെ,ഈ മണിക്കൂറിലെങ്കിലും നേരിടും.

പേരാമ്പ്രയിലെ വീട്ടിൽ ലാൻഡ്‌ഫോണിൽ വിളിച്ചു സ്റ്റുഡന്റ് മാസികയുടെ പണി ചെയ്തു തീർപ്പിച്ച ഞങ്ങളുടെ സെക്രെട്ടറിയുടെ കാർക്കശ്യം ഓർത്തെടുത്ത എസ്.കെ,എന്ന എസ്.കെ സജീഷ് ഓർമ്മകളുടെ കടലിരമ്പത്തേ നമ്മളെങ്ങനെ ഉള്ളിലൊതുക്കും.

സി.എം.എസ്സ് കോളേജിൽ നിന്ന് ഒന്നാം വർഷത്തിന്റെ ഒടുവിൽ തന്നെ പുറത്താക്കപ്പെട്ടു,60 ദിവസത്തോളം സമരം ചെയ്തു നിസഹായതയുടെ പാരമ്യതയിൽ നിന്ന ഞങ്ങൾക്കു അങായിരുന്നില്ലേ അതിജീവനത്തിന്റെ തുരുത്ത്‌.പുറത്താക്കപ്പെട്ടു കഴിഞ്ഞത് കൊണ്ട് മറ്റേതെങ്കിലും കോളേജിൽ പോയി മറ്റൊരു കോഴ്സ് ചെയ്യാനായി പരാജയപെട്ടു പോവുമായിരുന്ന ഞാനും,ഞങ്ങളുടെ യൂണിറ്റ് കമ്മിറ്റിയും രണ്ടു മാസകാലത്തിലെ വഴിവക്കിൽ ബക്കറ്റിൽ പിരിച്ച പണവുമായി നടത്തിയ സമരവും,റോഡരികിൽ കിടന്നു തീർത്ത 60 ദിനങ്ങളും,കാലിന്റെ ബുദ്ധിമുട്ടിലും വേച്ചു നടന്നു ഓരോ വാഹനവും കടന്നു പോവുമ്പോൾ പൈസ ബക്കറ്റ് നീട്ടി വാങ്ങിയ രാഹുലും,ദേശാഭിമാനി കാന്റീൻ വരെ പോയിരുന്നു ഒരു നേരമെങ്കിലും കഴിച്ചിരുന്ന ഉച്ചയൂണും എന്റെയൊപ്പമിരുന്നവരുടെ ആശങ്കയോളം എത്തിയ അന്വേഷണങ്ങൾക്കും,നിസ്സഹായതകൾക്കും ഒരുത്തരമായതു അങ്ങ് മാത്രമായിരുന്നില്ലേ.

ഉറപ്പാക്കപ്പെട്ട ഡിസ്സ്മിസ്സൽ ഉത്തരവും,പിടിച്ചു 60 ദിവസത്തെ കുത്തിയിരിപ്പിനൊടുവിൽ ഞങ്ങളുടെ യൂണിറ്റ് സെക്രട്ടറി ദീപുവാണ് അങ്ങയെ ഫോണിൽ വിളിക്കുന്നത് ‘ഇഷ്യൂ ടേക്ക് അപ്പ് ചെയ്യൂ,മൂവേമെന്റ് ഉണ്ടാക്കൂ’
കേരളത്തിലെ എസ്സ്.എഫ്.ഐ ക്കു സുപരിചിതമായ മറുപടി അന്നാദ്യമായി ഞങ്ങൾ തികഞ്ഞ അപരിചിത്വത്തോടെ കേട്ടിരുന്നു.

തോൽക്കാതെ മുൻപോട്ടു പോയ സമരത്തിൽ ഗതി മാറി,ഒരു ഘട്ടമെത്തി പലരും തള്ളുന്ന ഗതിയിൽ,ഇപ്പോഴും ക്ലാസ് ആരംഭിച്ച ആദ്യം ദിനം കേരളം ശ്രദ്ദിച്ച പ്രതികരണം ഉണ്ടായി.തിരുവനന്തുപരം ആർട്സ് കോളേജിനു മുൻപിൽ പി.ബിജുവിന്റെ വലതു വശം നിന്ന് അന്നത്തെ പാർട്ടി സെക്രട്ടറി പറഞ്ഞത് വിദ്യാർത്ഥിയെ തിരിച്ചെടുക്കാതെ ഒത്തുതീർപ്പില്ല എന്നായിരുന്നു.

ചുവന്ന ബ്ലൗസുമണിഞ്ഞു കുമരകത്തും,തിരുവാർപ്പിൽ നിന്നും തിരുവാതിക്കൽ നിനോമൊക്കെയുള്ള കർഷക തൊഴിലാളി സ്ത്രീകൾ സി.എം.എസ്സ് കോളേജിൽ ഞങ്ങളുടെ സമരമുന്പിൽ നിന്നും ഉച്ചത്തിൽ വിളിച്ചു കോര സാറെ ഓർത്തോളൂ,അരിവാൾ ഞങ്ങൾ കൈകളിലെന്തും.

അന്നൊരിക്കൽ സി.എം.എസ്സിലെ പൂർവ വിദ്യാർത്ഥി കൂടിയായിരുന്ന ഇന്നത്തെ ജില്ലാ ഗവ പ്ലീഡർ സ.വി.ജയപ്രകാശ് തന്റെ കോളേജ് കാലമോർത്തു വൈകാരികത നിറഞ്ഞ പ്രഭാഷണം നടത്തുമ്പോൾ ഒപ്പം പി.ബി ഉണ്ടായിരുന്നു.

പിന്നീട് കോളേജിലേക്ക്‌ ആയിരങ്ങൾ ഒഴികെയെത്തിയ മാർച്ചിൽ പി.ബി തന്നെ നേതൃത്വമായി,പുറത്താക്കപ്പെട്ട അതെ കോളേജിലെ മുദ്രാവാക്യങ്ങളുടെ നടുവിലിരുന്നു തന്നെ സമരങ്ങളുടെ ചുവട്ടിൽ ഒപ്പു ചാർത്തിയ വിജയത്തിൽ പരീക്ഷയെഴുതി ഇറങ്ങി.എന്റെ ഡിഗ്രി സെർട്ടിഫിക്കറ്റുകളിൽ പതിഞ്ഞ പോയ നിറങ്ങളിൽ ഞങ്ങൾക്ക് ആർജവം നൽകി നിങ്ങളുടെ വിയർപ്പുപ്പ് മായാതെ പറ്റി നില്ക്കുന്നുണ്ട്.

കോഴിക്കോട് ഒരു സമര കേന്ദ്രമാവണം,എന്ന് പറഞ്ഞു കോട്ടയം വിട്ട ഞങ്ങളുടെ സെക്രട്ടറിയെ പിന്നീട് കേരളം ഞെട്ടലോടെ കാണുന്നത് കോഴിക്കോട് വെസ്റ്റ് ഹിൽ എഞ്ചിനീയറിംഗ് കോളേജിന്റെ മുൻപിൽ ബിജിത് ഉൾപ്പടെയുള്ള എസ്.എഫ് ഐ പ്രവർത്തകർ ചോര തെറിച്ച ശിരസ്സുമായി കൊണ്ടുപോവുന്ന സ.പി.ബിജുവിനെയാണ്.

ഡി.വൈ.എസ്.പി രാധാകൃഷ്ണ പിള്ളയുടെ തോക്കിൽ നിന്നും നേർക്കു നേരെ തീ തുപ്പിയ വെടിയുണ്ടകൾ പ്രവഹിച്ച,സമര മുഖത്താണ്.ആ സമര മുഖത്ത് പിറ്റേ നാളിൽ എത്തിയത് സ.വി.എസ്സും,പിണറായിമായിരുന്നു. ഇഷ്യൂ ടേക്ക് അപ്പ് ചെയ്യാൻ,മൂവേമെന്റ് ഉണ്ടാക്കാൻ ആവർത്തിച്ച് പറഞ്ഞ ആ മനുഷ്യൻ അടിമുടി ഒരു സമരമായിരുന്നു.

മുഖ്യമന്ത്രി മുതൽ പഞ്ചായത്ത്‌ അംഗം വരെയുള്ളതിനു ഇല്ലാത്തൊരു ആകർഷണീയതയും,കരുത്തും സംഘടനയ്ക്കും,സംഘടനാ പ്രവർത്തനത്തിനും ഉണ്ടെന്നു ജീവിതം കൊണ്ടാദ്യം പറഞ്ഞു തന്നൊരാൾ കടന്നു പോവുകയാണ്. ചിത്രങ്ങളിൽ ഇന്ന് അങ്ങ് മാത്രം ചിരിക്കുകയും, മറ്റുള്ളവരൊക്കെയും ഉള്ളുപിടഞ്ഞു തേങ്ങുകയുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top