25 April Thursday

പ്രണയദിനത്തില്‍ ഒരു വേര്‍പാടിന്റെ കഥ..നവനീത് കൃഷ്ണന്‍ എഴുതുന്നു

നവനീത് കൃഷ്ണന്‍Updated: Thursday Feb 14, 2019
എല്ലാവരും പ്രണയദിനമാഘോഷിക്കുന്ന ഇന്ന് എനിക്കു പറയാനുള്ളത് ഒരു വേദനിപ്പിക്കുന്ന ഒരു കഥയാണ്. ചൊവ്വയില്‍നിന്നും ഒരു വേര്‍പാടിന്റെ കഥ.  
 
2018 ജൂണിലാണ് അതു സംഭവിച്ചത്. ചൊവ്വ കണ്ട ഏറ്റവും രൂക്ഷമായ കാറ്റ് അവിടെ ആഞ്ഞടിച്ച നാളുകള്‍. അക്കാലത്ത് അവിടെ ഭൂമിയില്‍നിന്നും ഒരു അതിഥി ഉണ്ടായിരുന്നു. ഓപ്പര്‍ച്യുണിറ്റി എന്ന റോവര്‍. ചൊവ്വയിലെ വിവരങ്ങള്‍ തിരക്കാന്‍ നാസ അയച്ച ഒരു കുഞ്ഞുപേടകം. പതിനഞ്ചു വര്‍ഷമായി അത് ചൊവ്വയില്‍ ഓടി നടക്കുകയായിരുന്നു. 2004 ജനുവരിയില്‍ തന്റെ സഹറോവറായ സ്പിരിറ്റിനൊപ്പം ചൊവ്വയിലെത്തിയതായിരുന്നു ഓപ്പര്‍ച്യുണിറ്റി. രണ്ടും ചൊവ്വയുടെ രണ്ടു വശങ്ങളിലായാണ് അവിടെയിറങ്ങിയത്. പരസ്പരം ഒരിക്കലും കാണാതെ ഏതാണ്ട് ഒരേ കാലത്ത് പര്യവേക്ഷണം നടത്തിക്കൊണ്ടിരുന്നു അവര്‍. എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്പിരിറ്റ് തന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. പിന്നീട് ഒറ്റയ്ക്കായിരുന്നു ഓപ്പര്‍ച്യുണിറ്റി.
 
2018 ജൂണില്‍ ഉണ്ടായ ശക്തമായ പൊടിക്കാറ്റില്‍പ്പെട്ടു ഓപ്പര്‍ച്യുണിറ്റി. അതിനു തൊട്ടുമുന്‍പു വരെ ഭൂമിയിലേക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നതാണ്. പക്ഷേ ആഴ്ചകളോളം നീണ്ടുനിന്ന പൊടിക്കാറ്റ് സൂര്യനെ പൂര്‍ണ്ണമായും മറച്ചു. ഇരുട്ടിലും തണുപ്പിലും നിന്ന ഓപ്പര്‍ച്യുണിറ്റിക്ക് തന്റെ ബാറ്ററികള്‍ ചാര്‍ജു ചെയ്യാന്‍ കഴിഞ്ഞില്ല. 
ഏതാനും ആഴ്ചകള്‍ക്കുശേഷം പൊടിക്കാറ്റ് അവസാനിച്ചു. അന്തരീക്ഷം തെളിഞ്ഞു. പക്ഷേ ഓപ്പര്‍ച്യുണിറ്റി റോവര്‍ മാത്രം ഉണര്‍ന്നില്ല. പേടകത്തെ ഉണര്‍ത്താനായി ആയിരത്തോളം കമാന്റുകള്‍ ഭൂമിയില്‍നിന്നും അയച്ചുനോക്കി. പക്ഷേ നിരാശയായിരുന്നു ഫലം. പിന്നീടിതുവരെ ഒരു സന്ദേശവും ഓപ്പര്‍ച്യുണിറ്റിയില്‍നിന്നും ഭൂമിയിലെത്തിയിട്ടില്ല.
 
കഴിഞ്ഞ ദിവസമാണ് അവസാനമായി ഒരു ശ്രമം നടത്തിയത്. ഓപ്പര്‍ച്യുണിറ്റിക്കുവേണ്ടി അയച്ച അവസാന കമാന്റ്. പക്ഷേ അതിനും മറുപടിയുണ്ടായില്ല. സല്യൂട്ട് യൂ ഓപ്പര്‍ച്യുണിറ്റി. ഓപ്പര്‍ച്യുണിറ്റിയുടെ പ്രവര്‍ത്തനം എന്നെന്നേയ്ക്കുമായി അവസാനിച്ചതായി ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചു.
 
ഓപ്പര്‍ച്യുണിറ്റി ഒരു മഹാവിജയമായിരുന്നു എന്നു പറയാം. വെറും 90ദിവസമാണ് ഓപ്പര്‍ച്യുണിറ്റിയുടെയും സ്പിരിറ്റിന്റെയും പ്രവര്‍ത്തന കാലയളവായി നിശ്ചയിച്ചിരുന്നത്. മൂന്ന് മാസങ്ങള്‍ പൂര്‍ത്തിയായാല്‍ പദ്ധതി വിജയം. പക്ഷേ മൂന്ന് മാസമല്ല, അതിന്റെ എത്രയോ ഇരട്ടി. അതേ, നീണ്ട പതിനഞ്ചു വര്‍ഷം. അത്രയും കാലമാണ് ഓപ്പര്‍ച്യുണിറ്റി ചൊവ്വയുടെ ഉപരിതലത്തില്‍ ഓടിനടന്ന് നമുക്കുവേണ്ടി വിവരങ്ങള്‍ ശേഖരിച്ചത്. 

പല റെക്കോഡുകളും ഓപ്പര്‍ച്യുണിറ്റി തിരുത്തിക്കുറിച്ചു. ഭൂമിക്കു പുറത്ത് മറ്റൊരു ഗോളത്തില്‍ ഇറങ്ങി പര്യവേക്ഷണം നടത്തിയവരില്‍ ഏറ്റവും കൂടുതല്‍ കാലം വിജയകരമായി പ്രവര്‍ത്തിച്ചത് ഓപ്പര്‍ച്യുണിറ്റിയാണ്. ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച പേടകവും മറ്റൊന്നില്ല. 45.16 കിലോമീറ്റര്‍. പതിനഞ്ചോളം വര്‍ഷങ്ങള്‍ കൊണ്ട് ഓപ്പര്‍ച്യുണിറ്റി സഞ്ചരിച്ച ദൂരമാണിത്. 31ഡിഗ്രി വരെ ചരിവുള്ള പ്രതലത്തിലൂടെ ഓടിക്കയറുകയും ചെയ്തു ഇതിനിടയ്ക്ക് പേടകം.

കഴിഞ്ഞില്ല നേട്ടങ്ങള്‍! ചൊവ്വയില്‍നിന്നും രണ്ടുലക്ഷത്തിലധികം ചിത്രങ്ങളാണ് ഇക്കാലയളവില്‍ ഓപ്പര്‍ച്യുണിറ്റി ഭൂമിയിലെത്തിച്ചത്.  അതു പനോരമ ചിത്രങ്ങളും ത്രിമാനചിത്രങ്ങളും ഉള്‍പ്പടെ. ചൊവ്വയുടെ സൗന്ദര്യം ഭൂമിയിലെത്തിച്ചതിന്റെ ക്രഡിറ്റ് ഓപ്പര്‍ച്യുണിറ്റിക്കും സഹപേടകം സ്പിരിറ്റിനും ഉള്ളതാണ്. ഹേമറ്റൈറ്റ് എന്ന ധാതുവിനെ ചൊവ്വയില്‍ കണ്ടെത്താനായതും വലിയൊരു നേട്ടമായി കണക്കാക്കുന്നു. ചൊവ്വയില്‍ വെള്ളമുണ്ടായിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു ഈ കണ്ടെത്തല്‍. 
 
അതേ, ഒരു സംശയവും വേണ്ട. ഓപ്പര്‍ച്യുണിറ്റിയെ ഒരു മഹാവിജയം എന്നുതന്നെ വിളിക്കണം. തനിക്കു കിട്ടിയ 'അവസരം' അതിന്റെ എല്ലാ അര്‍ത്ഥത്തിലും വിനിയോഗിച്ച ഒരു ദൗത്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top