29 September Friday

തമിഴ്‌നാടിന്റെ തെറ്റായ കണക്ക് ഏറ്റെടുത്ത ഉമ്മൻ ചാണ്ടിയെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ

വെബ് ഡെസ്‌ക്‌Updated: Sunday Apr 7, 2019

പിങ്കോ ഹ്യൂമന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌:

ഡാം മാനേജ്മെന്റിലെ പിഴവും പ്രളയത്തിന് കാരണമായി എന്ന അമിക്കസ് ക്യൂറിയുടെ വാദങ്ങളൊക്കെ മുഖ്യമന്ത്രിയുടെ മറുപടിയിൽ ഒഴുകി കടലിൽ പോയതോടെ ഉമ്മൻ ചാണ്ടിയും കൂട്ടരും അമിക്കസ് ക്യൂറിയുടെ കയ്യിൽ നിന്ന് ബാറ്റൺ ഏറ്റെടുത്തിട്ടുണ്ട്.

ഇന്നലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ പത്രസമ്മേളനത്തിൽ ഡാമിൽ നിന്ന് ഒഴുക്കി വിട്ട ജലത്തിന്റെ കണക്കിൽ സർക്കാർ തിരിമറി നടത്തി എന്നാണ് ആരോപിച്ചത്. 2018 ഓഗസ്റ്റ് 15 ന് ഇടുക്കി ഡാമിൽ നിന്ന് 390 മില്യൺ ഘനമീറ്റർ ജലമാണ് പുറത്തേക്കൊഴുക്കിയതെന്നാണ് ഉമ്മൻ ചാണ്ടിയുടെ ആരോപണം. ആരോപണത്തിന് ആധാരമാക്കിയിട്ടുള്ളത് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച അഫിഡവിറ്റിലെ കണക്കാണ്. സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിന്റെ കണക്കിൽ നിന്നാണ് തമിഴ്നാടിന് ഈ കണക്ക് കിട്ടിയതെന്നാണ് അവരുടെ വാദം. എന്നാൽ ഇടുക്കി ഡാമിൽ നിന്നും ഓഗസ്റ്റ് 15 ന് 111 മില്യൺ ഘനമീറ്റർ ജലം മാത്രമാണ് പുറത്തേക്കൊഴുക്കിയത് എന്നാണ് കേരളസർക്കാർ ഏജൻസികളുടെ കണക്ക്. ഈ കണക്കിൽ തിരിമറി നടത്തി എന്നാണ് ഉമ്മൻ ചാണ്ടിയും കൂട്ടരും ഉന്നയിക്കുന്ന വാദം. ഈ ആക്ഷേപം രാവിലെ തന്നെ സംഘപരിവാരചാനലും രാത്രി ആയപ്പോൾ ഇസ്ലാമിക സംഘപരിവാരചാനലും ഏറ്റെടുത്തിട്ടുണ്ട്.

എന്താണ് വാസ്തവം

പ്രളയദിനങ്ങളിലെ ഇടുക്കി ഡാം ഓപ്പറേഷനെപ്പറ്റി കേന്ദ്ര ജല കമ്മീഷൻ റിപ്പോർട്ടിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇതോടൊപ്പമുള്ള പോസ്റ്ററിലേ ചിത്രം റിപ്പോർട്ടിലെ ബന്ധപ്പെട്ട പേജിന്റെ സ്ക്രീൻഷോട്ടാണ്. കേരളസർക്കാർ ഏജൻസികളുടെ കണക്കാണ് ശരിയെന്ന് അത് പരിശോധിച്ചാൽ മനസിലാകും. ഓഗസ്റ്റ് 15 ന് പരമാവധി ഔട്ഫ്ലോ 1500 ക്യൂമെക്സ് ( ഒരു സെക്കന്റിൽ 1500 ഘനമീറ്റർ ജലം) ആണെന്ന് ആ ഗ്രാഫിൽ നിന്ന് വ്യക്തം. അതും ഉച്ചയോടു കൂടിയാണ് 1500 ക്യൂമെക്സായി ഔട് ഫ്ലോ വർദ്ധിക്കുന്നത്. അതായത് ആ പരമാവധി ഔട്ഫ്ലോയിൽ ആ ദിവസം മുഴുവൻ ജലം പുറത്തേക്കൊഴുക്കിയാലും ആ ദിവസത്തെ പരമാവധി ഔട്ഫ്ലോ 130 മില്യൺ ഘനമീറ്ററിനപ്പുറം പോകില്ല. സംഭവം സിംപിൾ കണക്കാണ്.

24 × 60 × 60 × 1500 ക്യുമെക്സ് = 129.6 മില്യൺ ഘനമീറ്റർ ജലം

അതായത്, ഇക്കാര്യത്തിൽ ജലകമ്മീഷന്റെ കണക്കുമായി പൊരുത്തപ്പെടുന്നത് കേരളത്തിന്റെ കണക്കാണ്. മാത്രമല്ല, ഉമ്മൻ ചാണ്ടിയും പളനിസ്വാമിയും പറയുന്നതു പോലെ ഓഗസ്റ്റ് 15 ന് 390 മില്യൺ ഘനമീറ്റർ ജലം ഒഴുക്കിയിരുന്നെങ്കിൽ എറണാകുളം ജില്ല ഇന്ന് ഓർമ്മ മാത്രമായേനെ.

ഇനി, ഒരു വാദത്തിനായി ജലകമ്മീഷനെ കേരളം തെറ്റിദ്ധരിപ്പിച്ചതാണെന്ന് തന്നെ സമ്മതിക്കാം. കണക്കുകൾ പിന്നീട് തിരുത്തിയതാണ് ജലകമ്മീഷന് നൽകിയത് എന്നൊക്കെ വാദിക്കാനും മടിയില്ലാത്തവരാണല്ലോ ഇവർ. കേരളസർക്കാർ പറയുന്ന കണക്കാണ് ശരി എന്ന് തെളിയിക്കുന്ന ചില രേഖപ്പെടുത്തലുകളുണ്ട്. ആ ദിവസം പബ്ലിക് സ്പെയ്സിൽ എഴുതപ്പെട്ട ചില കണക്കുകളുണ്ട്. അതൊന്ന് കാണാം.

താഴെ നൽകുന്ന ലിങ്കുകൾ നമ്മുടെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഓഗസ്റ്റ് 15ലെ വിവിധസമയങ്ങളിലെ ഫേസ്ബുക്ക് അപ്ഡേഷനുകളാണ്.

രാവിലെ 8 മണി :

http://bit.ly/2Vr1y7P

ഉച്ചക്ക് പന്ത്രണ്ട് മണി :

http://bit.ly/2Vs0Rv0

രാത്രി 10 മണി :

http://bit.ly/2VrVcow

ഈ അപ്ഡേറ്റുകൾ നോക്കിയാൽ മനസിലാകും എത്രയായിരുന്നു ആ ദിവസത്തെ സ്പില്ലെന്ന്. 850 ക്യൂമെക്സിൽ തുടങ്ങി രാത്രിയിൽ 1500 ക്യൂമെക്സിലേക്ക് ഉയർത്തുന്ന രീതിയിലാണ് ഈ അപ്ഡേഷനുകൾ. ഈ വിവരങ്ങളും സംസ്ഥാനസർക്കാരിന്റെ കണക്കിനെ സാധൂകരിക്കുന്നതാണ്. ഫേസ്ബുക്ക് പോസ്റ്റുകൾ എഡിറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യപ്പെടുത്താനാണ് അവയുടെ ലിങ്കുകൾ തന്നെ തന്നിട്ടുള്ളത്.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നമുക്ക് ഒന്നുറപ്പിക്കാം. തമിഴ്നാട് സർക്കാരിന്റെ അഫിഡവിറ്റിൽ ഈ വിവരം ഉണ്ടെങ്കിൽ തമിഴ്നാട് പരമോന്നതകോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഈ കേസ് ഏതെന്നറിയുമോ. മുല്ലപ്പെരിയാർ നമ്മുടെ സംസ്ഥാനത്തിന് സൃഷ്ടിച്ചേക്കാവുന്ന ആപത്തുകൾ മറികടക്കാനായി നമ്മൾ നടത്തുന്ന കേസാണ്. പ്രളയദിനങ്ങളിൽ മുല്ലപ്പെരിയാർ നേരത്തെ തുറക്കണമെന്ന് നമ്മൾ തമിഴ്നാടിനോട് ആവശ്യപ്പെട്ടു. അവർ അത് ചെവിക്കൊണ്ടില്ല. ഒടുവിൽ മഴ കനത്ത ഓഗസ്റ്റ് 14 ന് രാത്രിയാണ് അവർ ഡാം തുറന്ന് ജലം ഇടുക്കിയിലേക്കൊഴുക്കിയത്. ഇടുക്കിയിലെ ജലനിരപ്പ് നിയന്ത്രിക്കാൻ പെടാപ്പാട് പെട്ടിരുന്ന നമ്മുടെ ഉദ്യോഗസ്ഥരെ കൂടുതൽ പ്രതിസന്ധിയിലാക്കിയതാണ് ഈ നടപടി.

നമ്മൾ ജീവൻമരണപ്പോരാട്ടം നടത്തുന്നതിനിടെയിലും ജലരാഷ്ട്രീയം കളിക്കുകയായിരുന്നു തമിഴ്നാട്. പരമാവധി ജലം സംഭരിച്ചാലും മുല്ലപ്പെരിയാറിന് കേടുപാടുകൾ പറ്റില്ലെന്ന് തെളിയിക്കാൻ ശ്രമിക്കുകയായിരുന്നു തമിഴ്നാട്. ആ നെറികേടിനെയാണ് നമ്മൾ കോടതിയിൽ ചോദ്യം ചെയ്തത്. കോടതിയിൽ നമ്മുടെ വാദത്തെ പ്രതിരോധിക്കാനാണ് തമിഴ്നാട് ഈ കള്ളക്കണക്ക് സമർപ്പിച്ചത്. ഇടുക്കി ഡാം തുറന്ന ഓഗസ്റ്റ് 10 മുതൽ 15 വരെ ഒഴുക്കിക്കളഞ്ഞ ജലത്തിന്റെ അളവിനെ 15ന് മാത്രം ഒഴുക്കിയ ജലമായി കാണിച്ചാണ് ഈ തട്ടിപ്പ് നടത്താൻ അവർ ശ്രമിച്ചത്.

തമിഴ്നാടിന്റെ ഈ തട്ടിപ്പ് കണക്ക് പൊക്കിക്കാണിച്ച് കേരളസർക്കാരിനെ വെല്ലുവിളിക്കുന്നവരെ നാം എന്താണ് ചെയ്യേണ്ടത്. പ്രളയാനന്തര പുനർനിർമ്മാണത്തിൽ ധനശേഖരണത്തെ തകർക്കാൻ ശ്രമിച്ച അതേ മനോഭാവമാണ് ഇവിടെയും കാണുന്നത്. നമ്മുടെ സംസ്ഥാനതാൽപര്യം ബലികഴിച്ചും കേരളസർക്കാരിനെതിരെ വ്യാജ ആരോപണം ഉന്നയിക്കുകയാണ് ഉമ്മൻ ചാണ്ടിയും കൂട്ടരും. കേരളത്തിന്റെ വാദത്തെ ചെറുക്കാൻ തമിഴ്നാട് തട്ടിക്കൂട്ടിയ കണക്കിന് ഈ മണ്ണിൽ നിന്ന് പിന്തുണ നൽകണമെങ്കിൽ ഇവരൊക്കെ എത്രത്തോളം നിരാശരാണെന്ന് ചിന്തിച്ചു നോക്കൂ. ഏത് ചെകുത്താനെ കൂട്ടുപിടിച്ചും ഈ സർക്കാരിനെ പ്രതിസന്ധിയിലാക്കുക എന്നതാണ് ഇവരുടെ നയം.

ഇന്നലെ മുഖ്യമന്ത്രി പറഞ്ഞതു പോലെ ചിലർക്ക് വോട്ടിൽ മാത്രമാണ് കണ്ണ്. നമ്മളെ പ്രളയത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച തമിഴ്നാട്ടിലെ ഉദ്യോഗസ്ഥരെ വെള്ളപൂശാൻ അവിടുത്തെ സർക്കാർ പലതും ചെയ്യും. കേരളമണ്ണിൽ നിന്ന് അതിന് ഓശാന പാടാൻ തയ്യാറാകുന്നവരെ എന്ത് ചെയ്യണമെന്ന് നിങ്ങൾ തീരുമാനിക്കുക.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top