25 April Thursday

കാലവര്‍ഷക്കെടുതി: ദുരന്തത്തിലും വർഗീയത കലർത്തി സംഘപരിവാർ; കേരളത്തിന് സഹായം ചെയ്യരുതെന്ന് ആഹ്വാനം

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

കൊച്ചി > ദിവസങ്ങളായി തുടരുന്ന കാലവര്‍ഷക്കെടുതിയില്‍ വലയുന്ന കേരളത്തെ സഹായിക്കരുതെന്ന് സംഘപരിവാറുകാരുടെ ഓണ്‍ലൈന്‍ ക്യാമ്പെയ്ന്‍. ദുരിതത്തിലകപ്പെട്ടവര്‍ക്ക് ധനസഹായമെത്തിക്കാനായി രൂപപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്നാണ് ഇവരുടെ പ്രധാന ആഹ്വാനം. കേരളം ഈ ദുരിതം അർഹിക്കുന്നതാണെന്ന തരത്തിലും ദുരിതത്തിൽ ആഹ്ലാദം രേഖപ്പെടുത്തിയും ദുരിതബാധിത പ്രദേശങ്ങളെ വർഗീയമായി തരംതിരിച്ചുമാണ്‌ സംഘപരിവാർ ട്വീറ്റുകളിലധികവും. 

പ്രളയക്കെടുതിയലകപ്പെട്ട മനുഷ്യരുടെ മതവും ജാതിയും രാഷ്ട്രീയവും തിരഞ്ഞാണ് ഇവര്‍ സഹായം ചെയ്യരുതെന്ന് പറയുന്നത്. ഉത്തരേന്ത്യൻ  സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘപരിവാറുകാരാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് കൂട്ടായ്മകള്‍ ഇവര്‍ ഇതിനായി ഉപയോഗിക്കുന്നുണ്ട്. സംഘപരിവാര്‍ അനൂകൂല ഗ്രൂപ്പുകളിലാണ് വര്‍ഗീയ പോസ്റ്റുകള്‍ പ്രചരിപ്പിപ്പിക്കുന്നത്.



''മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുത്, കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ അത് നക്‌സലുകള്‍ക്കും ജെന്‍എയുവിലെ ഇടതുപക്ഷ വിദ്യാര്‍ഥി കൂട്ടായ്മയ്ക്കും നല്‍കും. അത് കൊണ്ട് ആരും കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യരുത്.'' ബാഗ്ലൂരിലെ സംഘപരിവാര്‍ അനുകൂലി ധനഞ്ജയ് ഉപാധ്യായ ട്വിറ്ററില്‍ ഈ വിധത്തിലാണ് ആഹ്വാനം ചെയ്തത്.

എന്നാല്‍ വര്‍ഗീയത മാത്രം പറഞ്ഞുകൊണ്ടാണ് ശങ്കരന്‍ നായര്‍ എന്നയാള്‍ കാലവര്‍ഷക്കെടുതിക്കെതിരെ രംഗത്ത് വന്നത്. ഇയാള്‍ അംഗമായ ഒരു സ്വകാര്യ ഗ്രൂപ്പില്‍ പറഞ്ഞത് ഇപ്രകാരമാണ്,
  ''പ്രളയദുരന്തം ബാധിച്ചത് ക്രിസ്ത്യാനികളും മുസ്ലിംകളും കൂടുതല്‍ ഉള്ള ജില്ലകളിലാണ്. ക്രിസ്ത്യന്‍ ഭൂരിപക്ഷ ജില്ലകളായ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, വയനാട് എന്നിവയും. മുസ്ലിം ഭൂരിപക്ഷ ജില്ലകളായ കോഴിക്കോട്, മലപ്പുറം എന്നിവയും പിന്നെയുള്ളത് കമ്യൂണിസ്റ്റുകള്‍ കൂടുതലുള്ള പാലക്കാടുമാണ്. ഇവിടെയുള്ളവരുടെ പ്രവൃത്തിയുടെ ഫലമായിട്ടാണ് പ്രളയമുണ്ടായത്. ഇക്കൂട്ടര്‍ തന്നെയാണ് ശബരിമല പ്രശ്‌നവും ഉണ്ടാക്കുന്നത്. ഇവര്‍ ഈ ദുരന്തം അര്‍ഹിക്കുന്നുണ്ട്.'' എന്നാണ് ഇയാള്‍ പോസ്റ്റ് ചെയ്തത്.

കേരളത്തിലെ ആര്‍എസ്എസ് വക്താവ് ടി ജി മോഹന്‍ദാസും സമാനമായ പ്രസ്താവനയുമായി രംഗത്ത് വന്നിരുന്നു. പ്രളയക്കെടുതിയെ തുടർന്ന്‌ തീവ്രമുസ്ലിം വിരുദ്ധ പ്രസ്താവനയായിരുന്നു ഇയാള്‍ ട്വിറ്ററില്‍ നടത്തിയത്. അതിന് ചുവട് പിടിച്ചാണ് മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘപരിവാറുകാരും കേരളത്തിനെതിരെ വാളെടുക്കുന്നത്.

പ്രളയദുരിതം നേരിടാന്‍ ഒരു മനസ്സോടെ മുന്നേറുന്നതിനിടെ വര്‍ഗീയ പ്രചരണവുമായി എത്തുന്നവരെ ഒറ്റപ്പെടുത്തണമെന്ന് സാമൂഹ്യമാധ്യമങ്ങളിലെ മറ്റ് ഉപയോക്താക്കള്‍ വ്യക്തമാക്കുന്നുണ്ട്. വര്‍ഗീയ വിദ്വേഷം നടത്തുവര്‍ക്കെതിരെ കടുത്ത ഭാഷയിലാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top