05 December Tuesday

സ്വത്വവാദത്തെ കുറിച്ചുതന്നെ...പ്രഭാവർമ്മ എഴുതുന്നു

പ്രഭാവർമ്മUpdated: Thursday Jan 5, 2023

ഈ ഐക്യത്തെ ഛിദ്രമാക്കാനുള്ള എളുപ്പവഴി, തൊഴിലാളിയെ ബ്രാഹ്‌മണനെന്നും ക്ഷത്രിയനെന്നും നായരെന്നും ഈഴവനെന്നും ദളിതനെന്നും പറഞ്ഞ് ഭിന്നിപ്പിക്കലാണ്. മുതലാളിത്തം അതു ചെയ്യും. മുതലാളിത്തം അതു ചെയ്‌തോട്ടെ. തൊഴിലാളിവർഗ്ഗത്തിനു വേണ്ടി എന്നു പറഞ്ഞു നിലകൊള്ളുന്നവർ അതു ചെയ്യരുത്.

എണ്ണത്തിൽ കൂടുതലാണു തൊഴിലാളികൾ. ഇവരുടെ എല്ലാ സമരങ്ങളും ഇതുകൊണ്ടുതന്നെ വിജയിക്കേണ്ടതാണ്. എന്നാൽ വിജയിക്കുന്നില്ല. എന്തുകൊണ്ട്? എണ്ണത്തിൽ കൂടുതലായ തൊഴിലാളികളുടെ ഐക്യത്തെ എണ്ണമറ്റ ആയുധങ്ങൾകൊണ്ട് മുതലാളിത്തം, അതിന്റെ ഉയർന്ന രൂപമായ സാമ്രാജ്യത്വം തകർക്കും. ഇന്ത്യൻ സാഹചര്യത്തിൽ, സാമ്രാജ്യത്വം ആദ്യം ഉപയോഗിക്കാൻ നോക്കിയത് ബൂർഷ്വാ ദേശീയവാദമായിരുന്നു. എന്നാൽ, അതുകൊണ്ട് ഛിദ്രമാവുകയല്ല, മറിച്ച് ആസേതുഹിമാചലം ജനങ്ങൾ ഒരുമിക്കുകയാണുണ്ടാവുന്നത് എന്നു സാമ്രാജ്യത്വം തിരിച്ചറിഞ്ഞു. അപ്പോൾ കണ്ടെത്തിയ ആയുധമാണു വർഗ്ഗീയത. ഹിന്ദുവിനെ മുസ്ലീമിനെതിരെ, മുസ്ലീമിനെ ഹിന്ദുവിനെതിരെ, അങ്ങനെ മതാടിസ്ഥാനത്തിൽ വേർതിരിച്ചു പരസ്പരം തിരിച്ചുവിടുക. ആ തന്ത്രം വിജയിച്ചു. കത്തിക്കാളുന്ന വർഗ്ഗീയ കലാപങ്ങൾ... ഒടുവിൽ രാഷ്ട്രവിഭജനം. ഇതൊക്കെയാണ് അതു സൃഷ്ടിച്ചത്.

ഇതേ വിധത്തിൽ, തൊഴിലാളിവർഗ്ഗ ഐക്യം തകർക്കാൻ ജാതികളെയും ശത്രുക്കൾ ഉപയോഗിക്കും. ബ്രാഹ്‌മണനെന്നും നായരെന്നും ഈഴവനെന്നും ദളിതനെന്നും ചേരിതിരിക്കും. അതിൽപ്പെടുന്നവരുടെ ജാത്യാഭിമാനങ്ങളെ വിജ്രംഭിപ്പിക്കും. ഒപ്പം ഇതരജാതിക്കാർക്കെതിരെ തിരിക്കുകയും ചെയ്യും. ഈ ജാത്യാഭിമാന ജൃംഭണവും ജാതി പറഞ്ഞുള്ള ഭർത്സനവും സ്വത്വരാഷ്ട്രീയത്തിന്റേതാണ്, അഥവാ, ഐഡന്റിറ്റി പൊളിറ്റിക്‌സിന്റേതാണ്. ഇത് അടിസ്ഥാനപരമായും വർഗ്ഗ രാഷ്ട്രീയത്തിന്, അഥവാ ക്ലാസ് പൊളിറ്റിക്‌സിന് എതിരാണ്. ഈ തിരിച്ചറിവുള്ളതുകൊണ്ടാണ് സ്വത്വ രാഷ്ട്രീയത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനം പൂർണ്ണമായും നിരാകരിച്ചത്. ജാതി സ്വത്വരാഷ്ട്രീയം വന്നാൽ വർഗ്ഗരാഷ്ട്രീയമില്ല. അതില്ലാതായാൽ കമ്യൂണിസ്റ്റു പാർട്ടിയുമില്ല.

ബ്രാഹ്‌മണനായ ഒരു മുതലാളിയെ സങ്കൽപ്പിക്കുക. ബ്രാഹ്‌മണനായ ഒരു തൊഴിലാളിയെയും. ഈ തൊഴിലാളിയോട് ഈ മുതലാളി പറയുമോ, പണി ചെയ്യുന്നതായി അഭിനയിച്ചാൽ മതി, പണിയൊന്നും ചെയ്യണ്ട; കൂടുതൽ കൂലി തരാമെന്ന്? ഇല്ല. ഇതേപോലെയാണ് ദളിത് സമൂഹത്തിൽ നിന്ന് ഒരാൾ മുതലാളിയായാലും സ്ഥിതി. മുതലാളിത്തത്തിന്റെ ലാക്ക് ഒരിക്കലും ജാതിയിലല്ല, മറിച്ച് ലാഭത്തിലാണ്. ഏതു ജാതിയിൽപ്പെട്ട മുതലാളിക്കും ഒരേ താൽപര്യം. അതു മുതലാളിത്ത താൽപര്യം. ഏതു ജാതിയിൽപ്പെട്ട തൊഴിലാളിക്കും ഒരേ താൽപര്യം. അതു തൊഴിലാളിവർഗ്ഗ താൽപര്യം. അവിടെ ജാതിയില്ല. ഇതാണ് തൊഴിലാളിവർഗ്ഗ ഐക്യത്തിന് അടിവരയിടുന്നത്.

ഈ ഐക്യത്തെ ഛിദ്രമാക്കാനുള്ള എളുപ്പവഴി, തൊഴിലാളിയെ ബ്രാഹ്‌മണനെന്നും ക്ഷത്രിയനെന്നും നായരെന്നും ഈഴവനെന്നും ദളിതനെന്നും പറഞ്ഞ് ഭിന്നിപ്പിക്കലാണ്. മുതലാളിത്തം അതു ചെയ്യും. മുതലാളിത്തം അതു ചെയ്‌തോട്ടെ. തൊഴിലാളിവർഗ്ഗത്തിനു വേണ്ടി എന്നു പറഞ്ഞു നിലകൊള്ളുന്നവർ അതു ചെയ്യരുത്. Agent provocateur എന്ന് ഇംഗ്ലീഷിൽ പറയുമല്ലൊ. ആ റോൾ എടുക്കരുത്.

കമ്യൂണിസ്റ്റു പാർടി anti brahmin അല്ല. anti brahminist ആണ്. ബ്രാഹ്‌മണനെ ഒടുക്കുക എന്നതല്ല, ബ്രാഹ്‌മണ്യ വ്യവസ്ഥയെയും അതിന്റെ അവശിഷ്ടങ്ങളെയും ഒടുക്കുക എന്നതാണ്. ബ്രാഹ്‌മണരിലെയടക്കം പണിയെടുത്തു ജീവിക്കുന്ന മുഴുവനാളുകളുടെയും, വർഗ്ഗ ഐക്യനിര പടത്തുയുർത്തുകയാണ് കമ്യൂണിസ്റ്റുകാർ ചെയ്യുന്നത്. അതിൽ ബ്രാഹ്‌മണനും ദളിതനുമൊക്കെ തോളോടുതോൾ ചേർന്നുനിൽക്കും. ഇവരെ പരസ്പരം ചേരിതിരിച്ച് ആയുധം കൊടുത്തുവിടലല്ല, കമ്യൂണിസ്റ്റുകാർ ചെയ്യുക.

വൈക്കം സത്യഗ്രഹമടക്കം വിജയിച്ചത് ക്ഷേത്ര നടവഴികളിലൂടെ നടക്കാൻ അനുവാദമില്ലാതിരുന്നവരുടെ ഏകപക്ഷീയവും ജാതി അടിസ്ഥാനത്തിലുള്ളതുമായ വേർതിരിവാർന്ന സമരം കൊണ്ടല്ല. ആ സ്വാതന്ത്ര്യമുള്ളവരും ഇല്ലാത്തവരും ചേർന്ന വിവിധ സമുദായങ്ങളിലെ radical elements ഒരുമിച്ചതുകൊണ്ടാണ്. പാലിയം സത്യഗ്രഹത്തിലും ഗുരുവായൂർ സത്യഗ്രഹത്തിലുമൊക്കെ നാം ഇതാണു കണ്ടത്. ആ ഒരുമ ഇല്ലായിരുന്നുവെങ്കിൽ സവർണ ജാതി പ്രമാണിമാർക്ക് അടിച്ചമർത്തൽ എളുപ്പമായേനേ. അന്നുണ്ടായ പുരോഗമന സ്വഭാവമുള്ളവരുടെ പൊതുവായ ആ ഒരുമയുണ്ടല്ലൊ, അതാണ് സമൂഹത്തെ മുമ്പോട്ടുനയിക്കുന്നത്. അതിനെ എന്തു പറഞ്ഞായാലും തകർക്കരുത്. കേരളം ഒട്ടൊക്കെ കൈയൊഴിഞ്ഞ ജീർണതയെ അതു പറഞ്ഞുതന്നെ പരസ്പര സ്പർദ്ധയാക്കി തിരിച്ചുകൊണ്ടുവരരുത്.

കേരളത്തിലെ ജാതിവ്യവസ്ഥയുടെ നട്ടെല്ലൊടിച്ചതും വിഷദംഷ്ട്രകൾ പിഴുതു മാറ്റിയതും ഏതെങ്കിലും ഒരു പ്രത്യേക ജാതിയല്ല, 1957 ൽ അധികാരത്തിൽവന്ന കമ്യൂണിസ്റ്റു മന്ത്രിസഭയാണ്. മണ്ണിൽ പണിയെടുക്കുന്നവന് മണ്ണ് സ്വന്തമാണ് എന്നു വ്യവസ്ഥ ചെയ്ത കാർഷികബന്ധ നിയമവും ഭൂപരിഷ്‌ക്കരണവുമൊക്കെയാണ് ജാതിവ്യവസ്ഥയുടെ വിഷപ്പല്ലു തകർത്തത്. ഭൂപ്രമാണിയുടെ മുമ്പിൽ ഓച്ഛാനിച്ചു നിന്നിരുന്ന പണിയെടുക്കുന്നവന്റെ കൈ മുഷ്ടി ചുരുട്ടിയുയർന്നത് ആ ഭൂപ്രമാണിക്ക് തന്നെ തന്റെ കുടിലിൽ നിന്ന് കുടുംബത്തോടെ പിഴുതെറിയാനുള്ള അധികാരം ആ ഗവൺമെന്റ് എന്നേക്കുമായി തകർത്തുകളഞ്ഞു എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ചെയ്ത ജോലിയ്ക്ക് കൂലി ചോദിച്ചു വാങ്ങാമെന്ന ആത്മാഭിമാനത്തിലേക്ക് തൊഴിലാളിയെ ഉയർത്തിയത് ജാതിപ്രസ്ഥാനമല്ല. ജാതികൾക്കതീതമായ പുരോഗമനപരമായ സമരമുന്നേറ്റങ്ങളുടെ ഫലമായി ഉയർന്നുവന്ന കമ്യൂണിസ്റ്റു പ്രസ്ഥാനവും അതിന്റെ ഗവൺമെന്റുമാണ്. ഇതൊന്നും മനസ്സിലാക്കാതെ, പുരോഗമന പ്രസ്ഥാനങ്ങളെപ്പോലും ജാതി പറഞ്ഞു ഭിന്നിപ്പിക്കാൻ ഇന്നു നോക്കുന്നത് കമ്യൂണിസ്റ്റു വിരുദ്ധമാണ്, കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനു വളരാൻ വളക്കൂറുള്ള മണ്ണൊരുക്കിയ ശ്രീനാരായണ പ്രസ്ഥാനമടക്കമുള്ള നവോത്ഥാന സംരംഭങ്ങൾക്കുപോലും വിരുദ്ധമാണ്.

ബൂർഷ്വാ യുക്തിവാദത്തിന്റെ സ്വാധീനത്തിൽപെട്ട് സ്വത്വരാഷ്ട്രീയത്തിലേക്കു പോയാൽ വർഗ്ഗ രാഷ്ട്രീയത്തിന്റെ നിരാകരണമാണു സത്യത്തിൽ സംഭവിക്കുക. മാർക്‌സിസ്റ്റ് വിചാരരീതി ശരിയായി സ്വാംശീകരിച്ചാൽ തീരുന്ന പ്രശ്‌നം മാത്രമാണിത്.

(ഫേസ്‌ബുക്കിൽ നിന്ന്‌)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top