25 April Thursday

പരാധീനതകളിൽ പതറാത്ത മിടുമിടുക്കി; സഖാവ് ഓമനക്കുട്ടന്റെ മകൾ സുകൃതിയെ എന്തു പറഞ്ഞാണ് അഭിനന്ദിക്കുക?: തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 9, 2020

നാട്‌ നടുങ്ങിയ  പ്രളയനാളുകളിൽ വ്യാജവാർത്തകൾ നൽകി വേട്ടയാടിയതാണ്‌ ഓമനക്കുട്ടനെന്ന സഖാവിനെ. ദുരിതാശ്വാസക്യാമ്പിൽ പണപിരിവു നടത്തിയെന്ന്‌ പറഞ്ഞ്‌ മാധ്യമങ്ങളും തൽപര്യകക്ഷികളും  അധിക്ഷേപിച്ച അതേ  ഓമനക്കുട്ടനെ ഇന്ന്‌ തെളിമയാർന്ന ചിരിയോടെ മാധ്യമങ്ങൾ വീണ്ടും ആഘോഷിക്കുകയാണ്‌.  ഓമനക്കുട്ടനെന്ന സുകൃതിയുടെ അച്‌ഛനെ. കഷ്‌ടപാടുകൾക്കിടയിലും മികച്ച റാങ്കിൽ എംബിബിഎസ്‌ പ്രവേശനം നേടിയ മകൾ  സൃകൃതിയെ  മാധ്യമങ്ങൾക്ക്‌ മുന്നിൽ ചേർത്ത്‌ പിടിച്ചു തലയുയർത്തി നിൽക്കുകയാണ്‌ ആ അച്‌ഛൻ .

മന്ത്രി തോമസ്‌ ഐസകിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

സഖാവ് ഓമനക്കുട്ടന്റെ മകൾ സുകൃതിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ആലപ്പുഴ എത്തിയാലുടൻ നേരിൽ കാണും. പരാധീനതകളിൽ പതറാതെ,   സർക്കാർ മെഡിക്കൽ കോളജിൽ മെരിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ ആ മിടുമിടുക്കിയെ എന്തു പറഞ്ഞാണ് അഭിനന്ദിക്കുക? എന്തു സമ്മാനം കൊടുത്താലാണ് ആ പ്രയത്നത്തിനുള്ള അംഗീകാരമാവുക?.

സുകൃതി ഇന്ന് സഖാക്കളുടെയും നാടിന്റെയും മകളാണ്.  ആ ചെറിയ വീട്ടിലേയ്ക്ക് ഒരുപാടുപേരുടെ അനുമോദനങ്ങൾ ഒഴുകി നിറയുന്നു. ഫേസ് ബുക്ക് സ്ട്രീമിലാകെ സഖാക്കളുടെ അഭിനന്ദനങ്ങൾ. സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കൊടുമുടിയിലാണ് ഓമനക്കുട്ടന്റെ കുടുംബവും സഖാക്കളും.

മാധ്യമപ്രവർത്തനത്തിന്റെ രണ്ടു മുഖങ്ങൾ കാണുകയാണ് സ.ഓമനക്കുട്ടനും കുടുംബവും. ഒരെഴുപതു രൂപാ കുംഭകോണം മെനഞ്ഞ് ഈ സഖാവിന്റെ ചോര വീഴ്ത്താൻ തുനിഞ്ഞിറങ്ങിയ അതേ മാധ്യമങ്ങളാണ് ഇന്ന് സുകൃതിയുടെ നേട്ടം കൊണ്ടാടുന്നത്.

തമാശയെന്തെന്നു വെച്ചാൽ, അന്ന് ഓമനക്കുട്ടനെ വേട്ടയാടാനിറങ്ങിയവർക്ക് ചെറിയ തോതിൽ അംനേഷ്യ ബാധിച്ചോ എന്നൊരു സംശയം. മറ്റാരോ ചെയ്ത കൃത്യമാണെന്ന മട്ടിലാണ് വാർത്ത. "അന്ന് കല്ലെറിഞ്ഞവർ അറിയുക" എന്ന ടിപ്പണിയിൽ ഒരു തലക്കെട്ടും കണ്ടു. ആ തലക്കെട്ടെഴുതിയ സബ് എഡിറ്ററോടു പറയട്ടെ, "അനിയാ, നിങ്ങളുടെ ഡെസ്കിൽ നിന്നാണല്ലോ ആ കല്ലുകൾ പറന്നത്".

ഇല്ലാത്ത കഥയുടെ പേരിൽ പൊടുന്നനെ വിവാദനായകനാകുമ്പോൾ ആരുമൊന്നു ഭയക്കും. പക്ഷേ, അന്നും സഖാവ് ഓമനക്കുട്ടൻ ഭയന്നില്ല. സർക്കാർ കേസു പിൻവലിച്ചപ്പോഴും റവന്യൂ സെക്രട്ടറിയും ജില്ലാ കളക്ടറുമടക്കമുള്ളവർ ക്ഷമ പറഞ്ഞപ്പോഴും നിസംഗഭാവത്തിലായിരുന്നു ആ സഖാവ്.

ഇന്നവർ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ ഒരു മുഹൂർത്തം സൃഷ്ടിക്കുന്ന ആഹ്ലാദത്തിന്റെ പാരമ്യത്തിലാണ്. നിറഞ്ഞ മനസോടെ ആ സന്തോഷത്തിൽ പങ്കുചേരുന്നു. സുകൃതി മോൾക്ക് അഭിവാദ്യങ്ങൾ, അനുമോദനങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top